Random Posts

Friday, December 9, 2011

പാലക്കാടന്‍ കാറ്റും ആര്‍ദ്രമായി: ജനസമ്പര്‍ക്കപരിപാടി ആയിരങ്ങള്‍ക്ക് കാരുണ്യസ്പര്‍ശമായി


പാലക്കാട്: സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പതിവുനിസംഗതയും ചുവപ്പുനാടയുടെ കുരുക്കുകളും അഴിഞ്ഞപ്പോള്‍ പാലക്കാട് ജില്ലയിലെ നിരാലംബരും നിസഹായകരുമായി ആയിരങ്ങള്‍ക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്കപരിപാടിയിലൂടെ തെല്ലൊരാശ്വാസം. ലോകത്തൊരു ഭരണാധികാരിക്കും എത്തിപ്പിടിക്കാന്‍ കഴിയാത്ത തരത്തിലാണ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ജനസമ്പര്‍ക്കപരിപാടി പുരോഗമിക്കുന്നത്. ഇന്നലെ പാലക്കാട് നടന്ന ജനസമ്പര്‍ക്കപരിപാടി മാത്രം ഉദാഹരണം. പാല്‍പുഞ്ചിരിയുമായി ഇന്നലെ ജനക്കൂട്ടത്തിലെത്തിയ രാഹുല്‍ എന്ന കുരുന്നിനെ ശ്രദ്ധിക്കുക.

പാല്‍പുഞ്ചിരി മായുംമുമ്പേ പ്രതീക്ഷകള്‍ക്കുമേല്‍ കരിനിഴല്‍ വീണ രാഹുലും കുടുംബവും കനിവിനായാണ് കിലോമീറ്ററുകള്‍ താണ്ടി മുഖ്യമന്ത്രിയെ കാണാനെത്തിയത്. കളിചിരികള്‍ അറിയാതെ സ്‌ട്രെച്ചറിന്റെ താളക്രമത്തില്‍ ശരീരം ചലിപ്പിച്ച പതിനൊന്നുകാരന്‍ രാഹുലിന്റെ ചികിത്സ ചെലവിന് ഒരു കൈസഹായത്തിനാണ് മുഖ്യനെ കാണാന്‍ ഇവരെത്തിയത്. തിരക്കിനിടയിലും കുടുംബത്തിന്റെ അവസ്ഥ നേരിട്ടറിഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉടന്‍ തന്നെ 10,000 രൂപ അനുവദിച്ചു.

ചികിത്സയ്ക്കായി വീടും പുരയിടവും പണയം വച്ച് ജീവിതം ചോദ്യചിഹ്‌നമായി മാറിയ ഒറ്റപ്പാലം കടമ്പൂര്‍ കുന്നത്ത് വീട്ടില്‍ രാമചന്ദ്രന്‍-സീതാലക്ഷ്മി ദമ്പതികള്‍ മകന്റെ ചികിത്സയ്ക്കു വേണ്ടി പൊരിവെയിലത്ത് കാത്തിരിക്കുകയായിരുന്നു. ഞരമ്പ് സംബന്ധമായ അസുഖത്തെ തുടര്‍ന്ന് രാഹുല്‍ കിടപ്പിലായിട്ട് 10 വര്‍ഷത്തിലേറെയായി. പട്ടിണിയിലും പരിവട്ടത്തിനുമിടയിലും കുടുംബത്തിന് പ്രതീക്ഷയായി പിറന്ന രാഹുല്‍ മുട്ടുകുത്തി നടക്കും വരെ കളിയും ചിരിയുമായി കഴിഞ്ഞു. എന്നാല്‍ പിന്നീട് ജീവിതം തകിടം മറിയുകയായിരുന്നു.

ഞരമ്പിന് തകരാര്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ തന്നെ ചികിത്സ തുടങ്ങിയെങ്കിലും രോഗം ശരീരത്തെ മുഴുവന്‍ ബാധിച്ചു. 75 ശതമാനത്തിലേറെ അംഗവൈകല്യം സംഭവിച്ച കുഞ്ഞിന് ഇപ്പോള്‍ എല്ലാ കാര്യത്തിനും രക്ഷിതാക്കള്‍ വേണം. കോഴിക്കോട്, തൃശൂര്‍ മെഡിക്കല്‍ കോളജുകളില്‍ ചികിത്സിച്ചെങ്കിലും പുരോഗതിയുണ്ടായില്ല. എന്നാല്‍ സ്വന്തമായി ഉണ്ടായിരുന്ന ഒന്‍പത് സെന്റ് സ്ഥലവും ചികിത്സിക്കാന്‍ വേണ്ടി പണയപ്പെടുത്തുകയായിരുന്നു. ചികിത്സയുടെ ഭാഗമായി ആയുര്‍വേദം പരീക്ഷിച്ചെങ്കിലും രോഗം കൂടുതലാകുകയായിരുന്നുവെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. ഉഴിച്ചില്‍ കഴിഞ്ഞതോടെ രാഹുലിന്റെ ഇരുകൈകാലുകളിലേയും എല്ലുകള്‍ തനിയെ പൊട്ടുന്ന അവസ്ഥയും ഉണ്ടായി. ഇത് കുടുംബത്തിന് താങ്ങാവുന്നതിലപ്പുറമായി മാറി.

ബേക്കറി ജോലിക്കാരനായ രാജേന്ദ്രന്‍ മകന്റെ ചികിത്സക്കായി മുട്ടാത്ത വാതിലുകളില്ല. തുടര്‍ന്നാണ് ജനസമ്പര്‍ക്ക പരിപാടിയില്‍ എത്തിയതും ആശ്വാസം കണ്ടെത്തിയതും. അടിയന്തരമായി 10,000 രൂപയ്ക്കു പുറമെ വായ്പയെടുത്തു നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവരോട് നടപടി സ്വീകരിക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

പഠനത്തിന്റെ ആവേശം മാറും മുമ്പേ വിധി തളര്‍ത്തിയ വിഷ്ണുവിനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി താങ്ങായി എത്തി. എസ്എസ്എല്‍സി പഠിക്കുന്നതിനിടെയാണ് പനിയുടെ രൂപത്തിലെത്തിയ വിധി വിഷ്ണുവിനെ തളര്‍ത്തിയത്. ജീവിതക്കിടക്കയില്‍ കഴിയാന്‍ വിധിക്കപ്പെട്ട പതിനേഴുകാരന്‍ വിഷ്ണുവിന് മുഖ്യമന്ത്രിയുടെ സാമീപ്യം അറിയാന്‍ കഴിഞ്ഞില്ലെങ്കിലും കുടുംബത്തിനും കണ്ടുനിന്ന ആയിരകണക്കിന് ജനങ്ങള്‍ക്കും സാന്ത്വനമായി. പാലക്കാട് കള്ളിക്കാട് മുരുകദാസ്-ജയലക്ഷ്മി ദമ്പതികളുടെ ഏക മകനാണ് വിഷ്ണു പുതിയ പറമ്പ് ഗവ.ഹൈസ്‌കൂളില്‍ വിദ്യാര്‍ഥിയായിരുന്നു. 2010 ജനുവരി എട്ടിനാണ് കുടുംബത്തിന്റെ പ്രതീക്ഷകള്‍ക്ക് കരിനിഴല്‍ വീഴ്ത്തിയ അത്യാഹിതമുണ്ടായത്.പനിയായിരുന്നു തുടക്കം. പറളി ഗവ.ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ മെഡിക്കല്‍ ഷോപ്പില്‍ മരുന്ന് വാങ്ങുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.

പഠിക്കാന്‍ മിടുക്കനായ വിഷ്ണുവിനെ വീട്ടില്‍ എത്തിച്ചെങ്കിലും ബോധം നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് പാലക്കാട്ടെ വിവിധ ആശുപത്രികളില്‍ മാറിമാറി ചികിത്സിച്ചെങ്കിലും രോഗം ശമിച്ചില്ല. തലച്ചോറില്‍ രക്തം കട്ടപിടിച്ചതാണ് കാരണമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. കോയമ്പത്തൂരിലെ ആശുപത്രിയില്‍ നിന്ന് സിടി സ്‌കാന്‍ എടുക്കുകയും 48 മണിക്കൂറിനുള്ളില്‍ ബോധം ലഭിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും 45 ദിവസം കിടന്നിട്ടും ബോധം വന്നില്ല. തുടര്‍ന്ന് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ വീണ്ടും ചികിത്സയിലായി. കുടുംബമാകട്ടെ സാമ്പത്തികമായി ഞെരുക്കത്തിലായി. മുരുകദാസിന് തറവാട്ടില്‍ നിന്നും ഭാഗിച്ചു കിട്ടിയ അഞ്ച് സെന്റ് സ്ഥലവും അതില്‍ പണിതുയര്‍ത്തിയ വീടും വിഷ്ണുവിനായി ചെലവഴിച്ചു.

മകന്റെ ചികിത്സക്കായി വീടും മറ്റും വിറ്റതിനാല്‍ ഇപ്പോള്‍ വാടക വീട്ടിലാണു താമസം. ധനസഹായം ലഭിക്കണമെങ്കില്‍ സ്വന്തമായി റേഷന്‍ കാര്‍ഡ് വേണം. എന്നാല്‍, റേഷന്‍ കാര്‍ഡും ഇവര്‍ക്കില്ല. കല്ലേക്കാട് മാര്‍ഗദീപ്തി ട്രസ്റ്റിന്റെ കീഴില്‍ പകുതി വാടകയാണ് കുടുംബത്തില്‍ നിന്നു വാങ്ങുന്നത്. സ്വകാര്യ സ്ഥാപനത്തില്‍ താല്‍ക്കാലിക ജീവനക്കാരനായിരുന്ന വിഷ്ണുവിന്റെ അച്ഛന്‍ മരുകദാസ് ഇപ്പോള്‍ കൂലിപ്പണി ചെയ്താണ് കുടുംബം പോറ്റുന്നത്. മകന്റെ ചികിത്സക്കായി ഇപ്പോള്‍ നാട്ടുകാരുടെ സഹായം മാത്രമാണ് ആശ്രയം.തിരക്കിനിടയിലും രോഗാവസ്ഥയും ദുരിതങ്ങളും കണ്ടും കേട്ടും അറിഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടിയന്തരമായി 10,000 രൂപയും പെന്‍ഷനും അനുവദിക്കാന്‍ തീരുമാനിച്ചു. വീടിന്റെ കാര്യം പരിഗണിക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

പതിനെട്ട് വയസ്സായിട്ടും ജീവിതം എന്തെന്നറിയാത്ത ഉണ്ണിക്കൃഷ്ണന്റെ മുന്നില്‍ ദൈവതുല്യനായി എത്തിയതും ഇതേ മുഖ്യമന്ത്രി തന്നെ. ഇന്നലെ വികടോറിയ കോളജ് ഗ്രൗണ്ടില്‍ നടത്തിയ ജനസമ്പര്‍ക്ക പരിപാടിയിലാണ് മുഖ്യമന്ത്രി ആദ്യം പരിഗണിച്ചത് ഉണ്ണിക്കൃഷ്ണന്റെ പരാതിയായിരുന്നു. നെന്മാറ അയിലൂര്‍ ഹരിദേവന്‍ നമ്പൂതിരി എന്ന ശാന്തിക്കാരന്റെയും ശ്യാമളയുടെയും ഏക മകനാണ് എം.ഇ ഉണ്ണിക്കൃഷ്ണന്‍. വല്ലങ്ങി ശിവക്ഷേത്രത്തിലെ ശാന്തിക്കാരനായ ഹരിദേവന്‍ നമ്പൂതിരിക്ക് ആറ്റുനോറ്റുണ്ടായ ഉണ്ണിക്ക് ജന്മനാതന്നെ ശാരീരിക വൈകല്യങ്ങള്‍ ഉണ്ടായിരുന്നു. ഒരുകാര്യം പോലും ഒറ്റയ്ക്കു ചെയ്യാന്‍ സാധിക്കാതിരുന്ന ഉണ്ണിക്കൃഷ്ണന് സംസാരിക്കാനും കഴിയില്ല. സ്വന്തമായി വീടും റേഷന്‍ കാര്‍ഡും കുടുംബത്തിന് ഇല്ല. നാട്ടുകാരുടെയും വീട്ടുകാരുടെയും സഹായത്തോടെ ഇതുവരെ ചികിത്സ നടത്തിയത്. കളിയും ചിരിയുമായി ജീവിതം മുന്നോട്ട് പോകേണ്ട കുടുംബത്തില്‍ ഏക മകന്റെ അവസ്ഥയില്‍ കുടുംബം പ്രയാസപ്പെടുകയാണ്. കുടുംബത്തിന്റെയും ഉണ്ണിക്കൃഷ്ണന്റെയും ദയനീയാവസ്ഥ നേരില്‍ കണ്ടറിഞ്ഞ മുഖ്യമന്ത്രി ചികിത്സാ ധനസഹായമായി 25000 രൂപ ഉടന്‍ അനുവദിച്ചു. കൂടാതെ ബിപിഎല്‍ റേഷന്‍ കാര്‍ഡ് അനുവദിക്കാനും വികലാംഗ ക്ഷേമബോര്‍ഡില്‍ നിന്നു ഭവന നിര്‍മാണ ധനസഹായം നല്‍കാനും നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഉണ്ണിക്കൃഷ്ണനും അമ്മ ശ്യാമളയ്ക്കും പെന്‍ഷന്‍ നല്‍കാനും ഉമ്മന്‍ ചണ്ടി നിര്‍ദേശിച്ചു.

പട്ടിക അവസാനിച്ചിട്ടില്ല. ചെര്‍പ്പുളശ്ശേരി കാറല്‍മണ്ണ തെക്കുമുറിയില്‍ കൈലാസത്തില്‍ അനൂപിനും അമ്മ കല്യാണിക്കുട്ടിക്കും ആശ്വാസമേകിയതും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാക്കുകള്‍.തലയിലെ ഞരമ്പുകള്‍ക്കുള്ള തകരാര്‍ മൂലം ശരീരം മുഴുവന്‍ തളര്‍ന്നു കിടക്കുകയാണ് ഇരുപത്തിരണ്ടുകാരനായ അനൂപ്. പലയിടത്തും ചികിത്സിച്ചിട്ടും രോഗം ഭേദമായില്ല. 14 വര്‍ഷം മുമ്പ് പിതാവ് വിജയന്‍ മരിച്ചതോടെ മകന്റെ ജീവിതം കല്യാണിക്കുട്ടിയുടെ ചുമലിലായി. തുടര്‍ന്ന് അനൂപിനെ അമ്മ തന്നെയാണ് നോക്കിയിരുന്നത്. ജീവിതം കരുപ്പിടിപ്പിക്കാന്‍ ബുദ്ധിമുട്ടുന്നതിനിടയിലും മകന്റെ ചികിത്സാ ചെലവ് നടത്തിയത് നാട്ടുകാരുടെയും മറ്റും സഹായം ഒന്നു കൊണ്ടുമാത്രമാണ്. കുടുംബത്തിന്റെ ദയനീയത കണ്ട് നാട്ടുകാര്‍ മുന്‍ കൈയെടുത്ത് ആര്‍ഡി ഏജന്‍സി ലഭ്യമാക്കിക്കൊടുക്കുകയും ചെയ്തിരുന്നു. മകനെ നോക്കാന്‍ ആളില്ലാത്തതിനാല്‍ ബുദ്ധിമുട്ട് മനസ്സിലക്കി നാട്ടുകാര്‍ ഇവര്‍ക്കുള്ള നിക്ഷേപ തുക വീട്ടിലെത്തി നല്‍കിയിരുന്നു. ബുദ്ധിമുട്ടിനിടയിലും മകള്‍ ദിവ്യയെ വിവാഹം കഴിപ്പിച്ചയക്കുകയും ചെയ്തിരുന്നു. കഷ്ടതയിലും ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന കല്യാണികുട്ടിക്ക് മുഖ്യമന്ത്രിയുടെ സാമീപ്യം ആശ്വാസമായി. അനൂപിന് ചികിത്സാ സഹായം 25,000 രൂപയും പെന്‍ഷനും അനുവദിച്ചു. കൂടാതെ കല്യാണിക്കുട്ടിക്കും പെന്‍ഷന്‍ നല്‍കാനും ഉമ്മന്‍ ചാണ്ടി ഉത്തരവിടുകയായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദിവസമാണെന്നും സര്‍ക്കാരിനോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടാണെന്നും അവര്‍ ഹൃദയം തുറന്നുപറഞ്ഞു.

ചികിത്സാസഹായം തേടി മാത്രമായിരുന്നില്ല ജനസമ്പര്‍ക്ക പരിപാടിയിലേക്ക് ഒഴുക്ക്. 'സര്‍, ഞങ്ങളുടെ സ്‌കൂള്‍ അടച്ചുപൂട്ടല്ലേ.. സ്ട്രച്ചറില്‍ കിടക്കുന്ന രോഗികളെ ആശ്വസിപ്പിക്കുന്നതിനിടയിലാണ് യൂണിഫോമിലെത്തിയ വിദ്യാര്‍ഥികളുടെ അപേക്ഷ. എല്‍എന്‍ പുരം എജെബിഎസ്, സിഎംഎംഎജെബി എസ് മുരുകണി, കല്ലേപ്പുള്ളി പിഎഎംഎംയുപി സ്‌കൂള്‍ എന്നീ വീദ്യാലയങ്ങള്‍ പൂട്ടാനുള്ള നീക്കത്തിനെതിരെയാണ് പരാതിയുമായി മുഖ്യമന്ത്രിയുടെ അടുത്തെത്തിയത്. മൂന്നു സ്‌കൂളുകളിലുമായി 750 വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. കോടതിവരെ എത്തിയ വിഷയത്തില്‍ ബന്ധപ്പെട്ട സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് തദ്ദേശസ്ഥാപനങ്ങള്‍ പ്രമേയം പാസിക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഇക്കാര്യത്തില്‍ അടിയന്തര നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടുള്ള നിവേദനം കുരുന്നുകള്‍ മുഖ്യമന്ത്രിക്കു കൈമാറി. ജനസമ്പര്‍ക്കത്തില്‍ സര്‍ക്കാര്‍ വകുപ്പുകളെ ഭൂരിഭാഗം അപേക്ഷകരും കയ്യൊഴിഞ്ഞപ്പോള്‍പരാതി തീര്‍ക്കേണ്ട ഉത്തരവാദിത്വം മുഴുവന്‍ മുഖ്യമന്ത്രിക്കായി.

ഉച്ചയ്ക്ക് 12 നു മുന്‍പു തന്നെ സര്‍ക്കാര്‍ വകുപ്പുകളുടെ 58 കൗണ്ടറുകളിലും തിരക്കൊഴിഞ്ഞു. നേരത്തെ ലഭിച്ച പരാതികളില്‍ വിവിധ വകുപ്പുകള്‍ നല്‍കിയ മറുപടിയില്‍ 99 ശതമാനം പരാതിക്കാരും തൃപ്തരായില്ല.പിന്നീട് കൗണ്ടറിലെത്തി ടോക്കണ്‍ നമ്പര്‍ കൈപ്പറ്റി എല്ലാവരും മുഖ്യമന്ത്രിയെകണ്ട് പരാതി സമര്‍പ്പിച്ചു. ഈ സമയമത്രയും ഒരോ കൗണ്ടറിലും ഉദ്യോഗസ്ഥരും പരാതിക്കാരെ തേടി ഇരിപ്പായിരുന്നു. ഇതിനിടെ ചില സഹായ അപേക്ഷകളില്‍ ഉദ്യോഗസ്ഥരുടെ വീഴ്ചകളും പരാതിക്കിടയാക്കി. ഉദ്യോഗസ്ഥര്‍ നല്‍കിയ മറുപടി പോരാഞ്ഞ് മുഖ്യമന്ത്രിയുടെ അടുത്തെത്തിയവരെ പരിഹരിക്കാം, പരിഗണിക്കാം എന്ന വാക്കുകളാല്‍ അപേക്ഷ സ്വീകരിച്ച് മുഖ്യമന്ത്രി സ്‌നേഹത്തോടെ മടക്കിഅയച്ചു. ഇതിനിടെ മുഖ്യമന്ത്രി വിളിച്ചിട്ടുപോലും ജില്ലാ തല ഉദ്യോഗസ്ഥര്‍ക്ക് തിരക്കുകാരണം അദ്ദേഹത്തിന്റെ അടുത്തെത്താനായില്ല.

സര്‍ക്കാര്‍ ജോലി തേടി പൊലീസ് കസ്റ്റഡിയില്‍ മരിച്ച സമ്പത്തിന്റെ ഭാര്യയും ഉമ്മന്‍ചാണ്ടിയെകാണാനെത്തി. ഷീല വധക്കേസ് പ്രതി പൊലീസ് കസ്റ്റഡിയില്‍ മരിച്ച സമ്പത്തിന്റെ ഭാര്യ സരിത, അമ്മ ഉണ്ണാമലഅമ്മാള്‍ എന്നിവരാണ് മുഖ്യനെ കാണാനെത്തിയത്. പരാതി അദ്ദേഹം സ്വീകരിച്ചു. ആദിവാസികളും കിട്ടിയ അവസരം പാഴാക്കിയില്ല. ഗൂളിക്കടവ് ഊരിലെ ആദിവാസി ഭൂമി തട്ടിയെടുക്കാന്‍ വനംവകുപ്പ് ശ്രമിക്കുന്നുവെന്ന പരാതിയെക്കുറിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ടു നല്‍കാന്‍ ജില്ലാകലക്ടര്‍ കെ.വി.മോഹന്‍കുമാറിനോട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ചു. സ്ഥലം സന്ദര്‍ശിച്ചു റിപ്പോര്‍ട്ടു നല്‍കാനാണു നിര്‍ദേശം. നല്ലശിങ്കയിലെ ആദിവാസിഭൂമി കൈയേറിയെന്ന പരാതിയില്‍ നടപടിയെടുക്കാനും നിര്‍ദേശിച്ചു.

പിറന്നമണ്ണിന്റെ ഉടമാവകാശം പതിച്ച് കിട്ടാനാണ് മുഖ്യമന്ത്രിയുടെ കരുണ തേടി ഗൂളിക്കടവ് ഊരിലെയും നല്ലശിങ്കയിലെയും ആദിവാസികള്‍ ഇന്നലെ പാലക്കാട്ടു നടന്ന ജനസമ്പര്‍ക്ക പരിപാടിയിലെത്തിയത്. സ്ത്രീകളും കുട്ടികളുമുള്‍പ്പടെ എഴുപത്തഞ്ചോളം പേര്‍സംഘത്തിലുണ്ടായിരുന്നു. ഊരുമുപ്പന്‍ തോതി, അട്ടപ്പാടി സംരക്ഷണ സമിതി കണ്‍വീനര്‍ എം.സുകുമാരന്‍ എന്നിവരാണ് സംഘത്തിനു നേതൃത്വം നല്‍കിയത്. അതിരാവിലെ ഊരില്‍ നിന്നും മലയിറങ്ങി ഉച്ചയോടെ ജനസമ്പര്‍ക്കപരിപാടി നടക്കുന്ന പന്തലിലെത്തിയെങ്കിലും മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ രാത്രി ഏഴുമണി കഴിഞ്ഞു. അരനൂറ്റാണ്ട് മുന്‍പുണ്ടായ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് പുനരധിവസിപ്പിക്കപ്പെട്ടതോടെയാണ് മലവാരത്തിലെ കൃഷിയിടങ്ങള്‍ നിക്ഷിപ്ത വനഭൂമിയാക്കി സര്‍ക്കാര്‍ കയ്യടക്കിയത്. ദീര്‍ഘനാള്‍ നീണ്ട പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ മലവാരത്ത് തിരികെയെത്തിയ ആദിവാസികള്‍ കൃഷിതുടര്‍ന്നു.

മൂന്നാറില്‍ കയ്യേറ്റമൊഴിപ്പിക്കുന്നതിന്റെ മറവില്‍ ഇവരെ കുടിയിറക്കാനും ശ്രമമുണ്ടായി. കൃഷിനശിപ്പിച്ചും കുടില്‍ തീയിട്ടും വസ്തുവഹകള്‍ കേടുവരുത്തിയുമാണ് വനം ഉദ്യോഗസ്ഥര്‍ കയ്യേറ്റമൊഴിപ്പിച്ചത്. വസ്തുവഹകള്‍ നശിപ്പിക്കപ്പെട്ടതിന് നഷ്ടപരിഹാരം തീരുമാനിച്ചുവെങ്കിലും നാല് വര്‍ഷം കഴിഞ്ഞിട്ടും നല്‍കിയില്ല. പട്ടയമുള്ള എട്ട് കുടുംബങ്ങള്‍ ഉള്‍പ്പെടെ 54 പേരാണ് ഭൂമിയില്‍ കൃഷിചെയ്തുവരുന്നത്. ആദിവാസികളുടെ കൈവശമുള്ള ഭൂമി വനഭൂമിയല്ലെന്ന് റവന്യു രേഖകള്‍ പറയുന്നു. ഭൂമി നിക്ഷിപ്തമാക്കിയതിനും രേഖകളില്ല. നിക്ഷിപ്തമാക്കപ്പെട്ടാല്‍ പോലും വനാവകാശ നിയമപ്രകാരം ആദിവാസികള്‍ക്ക് അനുവദിച്ച് കിട്ടേണ്ടതാണ്. നിയമങ്ങളേറെയുണ്ടായിട്ടും സ്വന്തം മണ്ണിന്റെ ഉടമാവകാശം അംഗീകരിച്ച് കിട്ടാത്തതിലുള്ള ഇവരുടെ സങ്കടം മുഖ്യമന്ത്രി കേട്ടു.ഇതുസംബന്ധിച്ച് നേരത്തെ പരാതി നല്‍കിയിരുന്നെങ്കിലും വനംവകുപ്പുമായി ചര്‍ച്ചചെയ്യണമെന്ന മറുപടിയാണ് ലഭിച്ചത്. അതെത്തുടര്‍ന്നാണ് മുഖ്യമന്ത്രിയെക്കണ്ടു നേരിട്ടു പരാതി നല്‍കാന്‍ തീരുമാനിച്ചത്.

മുഖ്യമന്ത്രിയെ കാണാനെത്തിയ രോഗികളെ സഹായിച്ച് യുവ എംഎല്‍എമാര്‍. ഷാഫി പറമ്പില്‍, വി.ടി.ബല്‍റാം എന്നിവര്‍ സ്ട്രച്ചറില്‍ രോഗികളെ വാഹനത്തിലേറ്റാന്‍ ഒരു കൈ സഹായം നല്‍കി. പരമാവധി രോഗികളെ മുഖ്യമന്ത്രിക്കു മുന്നിലെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു മണ്ണാര്‍ക്കാട് എംഎല്‍എ അഡ്വ.എന്‍.ശംസുദീന്‍. വേദിയില്‍ പ്രസംഗിക്കാന്‍ അവസരം കിട്ടിയ എം.ഹംസ എംഎല്‍എ മുഖ്യമന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ചത് ജില്ലയ്ക്ക് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് എന്ന ആവശ്യത്തിലേക്കായിരുന്നു. സി.പി. മുഹമ്മദ് എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും പരമാവധി പേരെ മുഖ്യമന്ത്രിക്കു മുന്നിലെത്തിച്ച് സഹായം വാങ്ങിക്കൊടുക്കാന്‍ ഉല്‍സാഹിച്ചു. പാലക്കാടന്‍ കാറ്റും അപ്പോള്‍ ആര്‍ദ്രമായി വേദിയെ തഴുകുന്നുണ്ടായിരുന്നു