ബംഗാള്‍ മാതൃകയില്‍ കേരളത്തിനും പ്രത്യേക സാമ്പത്തിക സഹായ പാക്കേജ് കേന്ദ്ര സര്‍ക്കാറിന്റെ സജീവ പരിഗണനയില്‍. പ്രതിരോധ മന്ത്രി എ.കെ.ആന്റണിയാണ് ഇന്നലെ ഗസ്റ്റ് ഹൗസില്‍ പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ ഇക്കാര്യമറിയിച്ചത്.
കേരളത്തെ സഹായിക്കാന്‍ പ്രത്യേക പാക്കേജ് വേണമെന്ന് യു.ഡി.എഫ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതാണ് സജീവമായി പരിഗണിക്കുന്നത്. ഏഴു വര്‍ഷമായി യു.പി.എ സര്‍ക്കാര്‍ കേരളത്തെ രാഷ്ട്രീയത്തിനതീതമായി നിര്‍ലോഭം സഹായിക്കുന്നുണ്ട്. ഡസന്‍ കണക്കിനു പദ്ധതികള്‍ക്കാണ് അനുമതി നല്കിയിരിക്കുന്നത്. ബംഗാളിനെ പോലെ തന്നെ കേരളത്തിനും സാമ്പത്തിക പ്രതിസന്ധി മറി കടക്കാന്‍ പ്രത്യേക പാക്കേജ് വേണമെന്ന് തന്നെയാണ് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തുന്നതെന്ന് അദ്ധേഹം പറഞ്ഞു.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ രമ്യമായ പ്രശ്ന പരിഹാരത്തിനു കേന്ദ്രശ്രമം തുടരുമെന്ന് ആന്റണി പറഞ്ഞു. പ്രധാനമന്ത്രിയും കേന്ദ്ര ജലവിഭവ വകുപ്പും മന്ത്രിയും ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. തമിഴ്നാടുമായുള്ള ചര്‍ച്ച മാറ്റി വെക്കേണ്ടി വന്നെങ്കിലും ഇനിയും ഇതിനുള്ള ശ്രമം തുടരും. ഫെഡറല്‍ സംവിധാനത്തില്‍ കല്‍പിക്കാന്‍ കേന്ദ്രസര്‍ക്കാറിനാകില്ല. സുപ്രീം കോടതിയാണിത് ചെയ്യേണ്ടത്. പ്രശ്നം വഷളാക്കി കേരളംതമിഴ്നാട് ഏറ്റമുട്ടലുണ്ടാകരുത്. ലക്ഷക്കണക്കിന് മലയാളികള്‍ തമിഴ്നാട്ടിലുണ്ട്, ലക്ഷോപലക്ഷം തമിഴന്മാര്‍ കേരളത്തിലുമുണ്ട്. ഇവരെ പ്രശ്നങ്ങള്‍ ബാധിക്കരുത്. പാക്കിസ്താനിലെ സൈനിക നീക്കങ്ങള്‍ ഇന്ത്യ നിരീക്ഷിച്ചു വരികയാണെന്നും ആണവായുധ സുരക്ഷയുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്നും ആന്റണി ചൂണ്ടിക്കാട്ടി.






