ഏഴിമല നാവിക അക്കാദമിയുടെ രണ്ടാംഘട്ട വികസനത്തിന് 140 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കിയതായി പ്രതിരോധമന്ത്രി എ.കെ. ആന്‍റണി പത്രലേഖകരെ അറിയിച്ചു.
ഇപ്പോള്‍ ഏഴിമലയില്‍ 750 കാഡറ്റുകള്‍ക്ക് പരിശീലനം നല്‍കാനാണ് സൗകര്യമുള്ളത്. രണ്ടാം ഘട്ട വികസനം പൂര്‍ത്തിയായാല്‍ 1200 കാഡറ്റുകളെ പ്രവേശിപ്പിക്കാനാവും. അതോടെ ലോകത്തിലെ തന്നെ മികച്ച ആദ്യത്തെ മൂന്ന് അക്കാദമികളിലൊന്നായി ഏഴിമല മാറും. നാവികസേനയുടെ ശേഷി ഇനിയും കൂട്ടാനുണ്ട്. ഇതിന്റെ ഭാഗമായി പുതിയ കപ്പലുകളും മുങ്ങിക്കപ്പലുകളും വിമാനങ്ങളും വാങ്ങുന്നുണ്ട്. സൈനികരുടെ എണ്ണവും കൂട്ടണം. അതിന്റെ ഭാഗമായാണ് ഏഴിമലയിലെ രണ്ടാംഘട്ട വികസനം.
ഇരിണാവിലെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് അക്കാദമി 2014-15ല്‍ യാഥാര്‍ഥ്യമാവും. മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് തീരസുരക്ഷ കര്‍ശനമാക്കുന്നത്. കടല്‍കൊള്ളക്കാരുടെ ശല്യവും ഏറുന്നുണ്ട്. പാകിസ്താനിലെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഇന്ത്യ ജാഗ്രത പാലിക്കുന്നുണ്ട്. ഇപ്പോഴും ഭീകരവാദികളുടെ 42 താവളങ്ങള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. പാകിസ്താനില്‍ കെട്ടുറപ്പുള്ള സര്‍ക്കാരും സമാധാനവും ഉണ്ടാവണമെന്നതാണ് ഇന്ത്യയുടെ ആഗ്രഹം. അവിടത്തെ സ്ഥിതിഗതികള്‍ ആശങ്കാജനകമാണെന്നാണ് റിപ്പോര്‍ട്ട്. പാകിസ്താനിലെ ആണവനിലയങ്ങളുടെ സുരക്ഷയെച്ചൊല്ലിയാണ് ഇന്ത്യയുടെ ആശങ്ക- ആന്‍റണി പറഞ്ഞു.
ഇന്ത്യയിലെ 44 സൈനിക ആസ്പത്രികള്‍ ഘട്ടംഘട്ടമായി സുപ്പര്‍സ്‌പെഷാലിറ്റികളായി ഉയര്‍ത്താന്‍ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതില്‍ കണ്ണൂരിലെ ആസ്പത്രിക്ക് മുന്‍ഗണന നല്‍കും. താന്‍ പ്രതിരോധ മന്ത്രിയായശേഷം കേരളത്തില്‍ ഏഴ് സ്ഥാപനങ്ങള്‍ക്ക് തുടക്കമിട്ടുകഴിഞ്ഞു. മലബാര്‍, വിശേഷിച്ച് കണ്ണൂര്‍ ഇന്ന് ഇന്ത്യയുടെ സൈനികഭൂപടത്തില്‍ സവിശേഷ പ്രാധാന്യം നേടിയിട്ടുണ്ട്-അദ്ദേഹം പറഞ്ഞു.
കണ്ണൂരിലെ 122 ഇന്‍ഫന്‍ട്രി ബറ്റാലിയന്‍ പ്രാദേശികസേന കോഴിക്കോട്ടേക്ക് മാറ്റാന്‍ എടുത്ത തീരുമാനം താന്‍ മരവിപ്പിച്ചിട്ടുണ്ട്. കണ്ണൂരിലെ ജനപ്രതിനിധികളുടെയും സംഘടനകളുടെയും അപേക്ഷയെത്തുടര്‍ന്നാണീ നടപടി. പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാനുള്ള ഉദ്ദേശ്യമൊന്നും പ്രതിരോധമന്ത്രാലയത്തിനില്ല.
എല്ലാം വളരെയേറെ സുതാര്യമാവുന്ന ഇക്കാലത്ത് മാധ്യമങ്ങളുടെ ഉത്തരവാദിത്വം കൂടുതലാണ്. വാര്‍ത്തകളുടെ നിജസ്ഥിതി ഉറപ്പുവരുത്താന്‍ എല്ലാവരും ശ്രദ്ധിക്കണം. സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക്കുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ഒരു നീക്കവും ഇല്ല-ആന്‍റണി പറഞ്ഞു.






