Random Posts

Tuesday, December 13, 2011

മലയാളികള്‍ക്ക് തമിഴ്‌ സിനിമയില്‍ വിലക്ക്? കൊച്ചടിയാനില്‍ നിന്നും അസിന്‍ പുറത്ത്; മേജര്‍ രവി കായലില്‍ ചാടുന്നു


മുല്ലപ്പെരിയാര്‍ പ്രശ്‌നം തെന്നിന്ത്യന്‍ സിനിമയിലും സജീവചലനങ്ങള്‍ സൃഷ്ടിക്കുന്നു. പ്രശ്‌നത്തിന്റെ പേരില്‍ മലയാളികള്‍ക്ക് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്താന്‍ തമിഴ് സിനിമാലോകം തീരുമാനിച്ചതായി സൂചനയുണ്ട്. രജനികാന്തിന്റെ പുതിയ ചിത്രമായ കൊച്ചടിയാനില്‍ നിന്ന് മലയാളിയായ അസിനെ ഒഴിവാക്കിയേക്കുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു. അതേസമയം ഒരു തമിഴ് ചിത്രത്തിലേക്ക് കരാര്‍ ചെയ്തിരുന്ന മലയാളിയായ സംഗീത സംവിധായകനെ ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് മലയാളിയായ സംഗീത സംവിധായകനെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയതായി വിവരം ലഭിച്ചത്. ഇതോടെയാണ് മലയാളികള്‍ക്ക് തമിഴ് സിനമാലോകം ഭ്രഷ്ട് കല്‍പ്പിച്ചിരിക്കുകയാണെന്ന സംശയം ബലപ്പെടുന്നത്.

മലയാളികളെ ഒരുകാരണവശാലും തമിഴ് സിനിമയില്‍ സഹകരിപ്പിക്കരുതെന്ന് തമിഴ്‌നാട്ടിലെ പ്രാദേശിക സംഘടനയായ ഹിന്ദു മക്കള്‍ കക്ഷി(എച്ച് എം കെ) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പുതിയ രജനി ചിത്രത്തില്‍ അസിന്‍ നായികയാകുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് ശക്തമായ താക്കീതുമായി എച്ച് എം കെ രംഗത്തെത്തിയത്. അസിനെ അഭിനയിപ്പിച്ചാല്‍ ഷൂട്ടിംഗ് ലൊക്കേഷനിലേക്കും രജനികാന്തിന്റെ വീട്ടിലേക്കും പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് എച്ച് എം കെ ജനറല്‍ സെക്രട്ടറി കെ കണ്ണന്‍ പറഞ്ഞു. ഏതായാലും മുല്ലപ്പെരിയാര്‍ വിഷയം സിനിമാലോകത്തേക്ക് കൂടി വ്യാപിച്ചിരിക്കുകയാണ്. ഇതിനിടയില്‍ പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രിയെ കാണാനുള്ള ശ്രമം മലയാള താരസംഘടനയായ അമ്മ ഉപേക്ഷിച്ചതായി സൂചനയുണ്ട്.

ജയലളിതയുമായുള്ള പഴയ സൗഹൃദം ഉപയോഗിച്ച് നടി സുകുമാരിയാണ് ഇത്തരമൊരു നീക്കത്തിന് മുന്‍കൈയെടുത്തത്. എന്നാല്‍ മലയാള സിനിമാക്കാരെ കാണാന്‍ ജയലളിത കൂട്ടാക്കുന്നില്ലെന്നാണ് സൂചന. പ്രശ്‌നം കേരളത്തിന്റെ മാത്രം പ്രശ്‌നമല്ലെന്നും ഇതൊരു ദേശീയ പ്രശ്‌നമായി ഉയര്‍ത്തിക്കാട്ടാന്‍ കഴിയണമെന്നും നടന്‍ സുരേഷ്‌ഗോപി പറഞ്ഞശേഷമാണ് ജയലളിതയെ കാണുന്നതു സംബന്ധിച്ച് മലയാള താരങ്ങള്‍ക്കിടയില്‍ അഭിപ്രായസമന്വയം ഉണ്ടായത്. പിന്നാലെ പ്രശ്‌നപരിഹാരത്തിനായി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ കാണാന്‍ സിനിമാപ്രവര്‍ത്തകര്‍ ശ്രമിക്കുന്നുണ്ടെന്ന് തുടര്‍ന്ന് നടന്‍ ദിലീപ് വ്യക്തമാക്കുകയും ചെയ്തു. മുല്ലപ്പെരിയാറിന്റെ പേരില്‍നടക്കുന്ന സമരങ്ങള്‍ അക്രമാസക്തമായാല്‍ നേട്ടമല്ല നഷ്ടമേ ഉണ്ടാകൂവെന്നും സമാധാനത്തോടെ വേണം പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാനെന്നും ദിലീപ് അഭിപ്രായപ്പെട്ടു.

സിനിമയിലായാലും രാഷ്ട്രീയത്തിലായാലും പരസ്പരം എതിര്‍ക്കുന്നവര്‍ മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ഒറ്റക്കെട്ടാണെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ് പറഞ്ഞു. ഡാമിന്റെ പേരില്‍ ബഹളമുണ്ടാക്കുകയല്ല, സമാധാനപരമായി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്. തുടര്‍ന്നായിരുന്നു പ്രതിനിധി സംഘം ചെന്നൈയ്ക്കു പോകാന്‍ തീരുമാനിച്ചത്. എന്നാല്‍ പ്രശ്‌നം വഷളായതോടെ നീക്കം ഉപേക്ഷിക്കുകയായിരുന്നു.

പ്രശ്‌നം എത്രയുംവേഗം പരിഹരിച്ചില്ലെങ്കില്‍ കൊച്ചിയിലെ വെണ്ടുരുത്തി പാലത്തിന് മുകളില്‍ നിന്ന് ചാടുമെന്നാണ് പട്ടാളചിത്രങ്ങളെടുത്ത് പ്രശസ്തനായ സംവിധായകന്‍ മേജര്‍ രവിയുടെ പ്രഖ്യാപനം. അണ പൊട്ടിയാലുള്ള വെള്ളപ്പാച്ചിലില്‍ നിന്ന് രക്ഷപ്പെടാന്‍ പരിശീലിയ്ക്കുക മാത്രമാണ് മലയാളിയുടെ മുന്നിലുള്ള പോംവഴിയെന്ന് വെളിവാക്കാനും കൂടിയാണ് സംവിധായകന്‍ അപകടം പതിയിരിക്കുന്ന കൃത്യത്തിന് തുനിയുന്നത്. മുന്‍ പട്ടാളക്കാരന്‍ എന്ന നിലയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പൊതുജനത്തിന് മാതൃകയും ധൈര്യവും നല്‍കാന്‍ അടിയൊഴുക്കുള്ള കായലിലേക്ക് ചാടിയുള്ള ഷോ കൊണ്ട് കഴിയുമെന്നും അദ്ദേഹം കരുതുന്നു.



മൂന്നോ നാലോ ഡമ്മികള്‍ കായലിലേക്കിട്ട് പുറകെ ചാടി അവയെ വീണ്ടെടുക്കുക എന്നതാണ് പ്രതീകാത്മക രക്ഷപ്പെടുത്തലിലെ പ്രധാന ഐറ്റം.കായലിലേക്ക് ചാടിയ ശേഷം ഒരു കിലോമീറ്റര്‍ നീന്തുമെന്നും സംവിധായകന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കായല്‍ച്ചാട്ടത്തിന് സിനിമ മേഖലയില്‍ ഉള്ളവരുടെ തല്‍സമയ സാന്നിധ്യവും പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പരിപാടിയുടെ തിയതി ഒരാഴ്ചക്കകം പൊതു ജനങ്ങളോട് പ്രഖ്യാപിക്കും. കഴിഞ്ഞ ദിവസം ഇക്കാര്യം പ്രഖ്യാപിച്ച് പ്രസിദ്ധീകരിച്ച പോസ്റ്റിനു ഫേസ് ബുക്കില്‍ ഒട്ടേറെപ്പേര്‍ പിന്തുണയുമായി എത്തിയിട്ടുണ്ട്.