പത്തനംതിട്ട: ചുറ്റും വളഞ്ഞ നൂറുകണക്കിന് പരാതിക്കാര്‍ക്ക് നടുവില്‍ ക്ഷമയോടെ, സൗഹാര്‍ദത്തോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഓരോ പരാതിയും കേട്ടു. ഉച്ചഭക്ഷണം വെടിഞ്ഞ് ഏറിയ സമയവും നിന്നുകൊണ്ട് അക്ഷീണനായി അദ്ദേഹം ജനങ്ങള്‍ക്കു നടുവില്‍ തുടരുമ്പോള്‍ അധികൃതരുടെ സകലപ്രതീക്ഷകളും തകിടം മറിയുകയായിരുന്നു. പത്തനംതിട്ടയില്‍ ഇന്നലെ നടന്ന ജനസമ്പര്‍ക്കവേദിയില്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി നല്‍കാന്‍ ജനപ്രവാഹമായിരുന്നു. അവശരും, വികലാംഗരും, രോഗികളം, ബുദ്ധിമാന്ദ്യം സംഭവിച്ചവരും, സാധാരണക്കാരും, കുട്ടികളും എല്ലാം പരാതിക്കാരില്‍ ഉണ്ടായിരുന്നു. പോലീസിന്റെ തിരക്ക് നിയന്ത്രണങ്ങളെല്ലാം പൊളിഞ്ഞു. ക്ഷമയോടെ, സൗമനസ്യത്തോടെ പരാതികേട്ട മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ചുറ്റും ജനസാഗരം പരാതിയും ഉയര്‍ത്തിപ്പിടിച്ച് നിന്നു.
മുഖ്യമന്ത്രിയെ സഹായിച്ച് മന്ത്രി അടൂര്‍പ്രകാശ്, അഡ്വ.കെ.ശിവദാസന്‍ നായര്‍ എം.എല്‍.എ., ആന്റോ ആന്റണി എം.പി, നഗരസഭാ ചെയര്‍മാന്‍ അഡ്വ. എ. സുരേഷ്‌കുമാര്‍ എന്നിവരും പരാതികള്‍ സ്വീകരിച്ചെങ്കിലും തിരക്കിന് കുറവുണ്ടായില്ല. തിങ്കളാഴ്ച രാവിലെ തന്നെ ജനസമ്പര്‍ക്കപരിപാടി നടന്ന പത്തനംതിട്ട മാക്കാംകുന്ന് സെന്റ്സ്റ്റീഫന്‍സ് പള്ളികണ്‍വെന്‍ഷന്‍ സെന്റര്‍ ജനങ്ങളെക്കൊണ്ട് നിറഞ്ഞു. മുന്‍ നിശ്ചയിച്ചപ്രകാരം 9.30ന് തന്നെ മുഖ്യമന്ത്രി വേദിയിലെത്തി. ഉദ്ഘാടന ചടങ്ങുകള്‍ 10.10ന് അവസാനിച്ചു. ഉടന്‍തന്നെ മുഖ്യമന്ത്രി ധനസഹായ വിതരണം നടത്തി. ആംബുലന്‍സില്‍ എത്തിയ രോഗികളുടെ പരാതികേട്ട് ചികിത്സാധനസഹായം അനുവദിച്ചു. അതിന്‌ശേഷം വികലാംഗര്‍ക്കായി ഒരുക്കിയിരുന്ന ഭാഗത്ത് എത്തി മുഖ്യമന്ത്രി അവരില്‍ നിന്ന് നേരിട്ട് പരാതി സ്വീകരിച്ചു. അപ്പോഴേയ്ക്കും പുതിയതായി പരാതി നല്‍കാന്‍ എത്തിയവര്‍ മുഖ്യമന്ത്രിക്ക് ചുറ്റും വളഞ്ഞു. വേദിയും പരാതിക്കാരെകൊണ്ട് നിറഞ്ഞു
വന്‍ജനക്കൂട്ടമാണ് പരാതിയുമായി എത്തിയത്. അവരില്‍ ഏറെയും സ്ത്രീകളായിരുന്നു. എല്ലാ വകുപ്പ് മേധാവികളും വേദിക്ക് അരികില്‍ ഉണ്ടാകുമെന്ന് ജില്ലാ ഭരണകൂടം നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പരാതി സ്വീകരിച്ചപ്പോള്‍ പല മേധാവികളെയും പലതവണ മൈക്കിലൂടെ വിളിച്ചുവരുത്തുകയായിരുന്നു. കെ.എഫ്.സി.മാനേജര്‍, ജില്ലാ സാമൂഹ്യക്ഷേമഓഫീസര്‍ എന്നിവര്‍ക്കായി പലതവണ മൈക്ക് അനൗണ്‍സ്‌മെന്റ് ഉണ്ടായി. ഉച്ചയ്ക്ക്‌ശേഷം റവന്യു വകുപ്പ്മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും എത്തി പരാതികള്‍ സ്വീകരിച്ചു തുടങ്ങി. വികലാംഗര്‍ ഉള്‍പ്പെടെയുള്ള പലര്‍ക്കും വൈകീട്ട്‌വരെ പരാതി നല്‍കാന്‍ കഴിഞ്ഞില്ല. ഇവരെ വേദിയില്‍ എത്തിക്കാന്‍ എന്‍.സി.സി. കേഡറ്റുകള്‍ സഹായിച്ചെങ്കിലും പോലസുകാര്‍ കൈയും കെട്ടിമാറി നിന്നു. പലരും പോലീസിന്റെ സഹായംതേടിയെങ്കിലും അവര്‍ മുന്‍കൈയെടുത്തില്ല.
പ്രധാനവേദിയില്‍ ഫാന്‍, കുടിവെള്ളം എന്നിവ ഒരുക്കിയിരുന്നെങ്കിലും നിരവധി സ്ത്രീകള്‍ തളര്‍ന്നുവീണു. ഇവര്‍ക്ക് ഡോക്ടര്‍മാര്‍ ഡ്രിപ്പ് നല്‍കിയശേഷം ജനറല്‍ആസ്പത്രിയിലേക്ക് മാറ്റി. 40, 400 പരാതികളാണ് നവംബര്‍ 30വരെ ലഭിച്ചത്. തിങ്കളാഴ്ച മാത്രം പുതിയതായി 6000ത്തോളം പരാതികള്‍ ലഭിച്ചു. വൈകീട്ട് അഞ്ച്മണിവരെ 5242പരാതികളാണ് ലഭിച്ചത്. അതിന്‌ശേഷവും നൂറ് കണക്കിന് പരാതികള്‍ ലഭിച്ചു. നിശ്ചയിച്ചിരുന്ന 9.30ന് തന്നെ മുഖ്യമന്ത്രി വേദിയില്‍ എത്തി. 40 മിനുട്ടുകൊണ്ട് ഉദ്ഘാടനച്ചടങ്ങുകള്‍ അവസാനിപ്പിച്ചു. ഓരോ പരാതിയും വായിച്ച്, പരാതിക്കാരനോട് സംസാരിച്ച് കളക്ടറുടെ അഭിപ്രായം തേടിയാണ് നടപടികള്‍ എടുത്തത്. മുഖ്യമന്ത്രി ഉച്ചഭക്ഷണവും കഴിക്കാതെ പരാതി സ്വീകരിക്കുന്നത് തുടര്‍ന്നു. ഇടയ്ക്ക് ഇളനീര്‍ കഴിച്ചു. പരാതി നല്‍കാന്‍ എത്തിയവര്‍ക്കായി സൗജന്യ ഭക്ഷണം ഒരുക്കിയിരുന്നു.
ദേശീയ കുടുംബക്ഷേമ പദ്ധതിയിലേക്ക് നല്‍കിയ 1500 അപേക്ഷകളും ജനസമ്പര്‍ക്ക പരിപാടിയില്‍ തീര്‍പ്പാക്കി. 1.50 കോടി രൂപയുടെ ധനസഹായം വിതരണംചെയ്തു. കൂടാതെ ജില്ലയിലെ അഞ്ച് താലൂക്കുകളിലായി 85 ലക്ഷം രൂപയുടെ ധനസഹയവും വിതരണംചെയ്തു. 1567 പേര്‍ക്ക് വിവിധ ക്ഷേമപെന്‍ഷനുകള്‍ അനുവദിച്ചു. കര്‍ഷതൊഴിലാളി പെന്‍ഷന്‍ 342 പേര്‍ക്ക്, വാര്‍ദ്ധക്യകാല പെന്‍ഷന്‍916, വികലാംഗ പെന്‍ഷന്‍120, വിധവാ പെന്‍ഷന്‍124, അവിവാഹിതരായ 50 വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍8, തൊഴില്‍രഹിത വേതനം 57 എന്നിങ്ങനെയാണ് പെന്‍ഷന്‍ അനുവദിച്ചത്.സാധുക്കളായ വിധവകളുടെ പെണ്‍മക്കളുടെ വിവാഹധനസഹായം 46 പേര്‍ക്ക് നല്‍കി. കൃഷിവകുപ്പിന്റെ യൂത്ത് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി 497 യുവജനങ്ങള്‍ക്കായി 24,85,000 രൂപ വിതരണം ചെയ്തു.
കാലവര്‍ഷക്കെടുതിയില്‍ വീട് ഭാഗികമായി നഷ്ടപ്പെട്ട 277 പേര്‍ക്കും പൂര്‍ണമായി വീട് നഷ്ടപ്പെട്ട 14 പേര്‍ക്കും ധനസഹായം നല്‍കി. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയിലൂടെ ഏറ്റവുമധികം ഗുണം ലഭിച്ചത് നിത്യരോഗികളായി മാസങ്ങളായി കഴിയുന്ന നിരവധിപേര്‍ക്കാണ്. ആംബുലന്‍സിലാണ് പലരും പരാതിയുമായി എത്തിയത്. ആശ്വാസം പകര്‍ന്ന് മുഖ്യമന്ത്രി രോഗികള്‍ക്കരികില്‍ ആംബുലന്‍സിനുള്ളിലും എത്തി. ഓരോരുത്തരുടെയും രോഗാവസ്ഥയും സാമ്പത്തിക ബുദ്ധിമുട്ടുകളും ക്ഷമയോടെ കേട്ടു. തീരുമാനവും എടുത്തു. ചികിത്സാധനസഹായം ഉടന്‍ നല്കാന്‍ ഉത്തരവും നല്കി. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി നടന്ന വേദിയുടെ അരികില്‍ ആംബുലന്‍സ് എത്തിക്കാനുള്ള സൗകര്യം അധികൃതര്‍ ഒരുക്കിയിരുന്നു. അത്യാവശ്യഘട്ടത്തില്‍ പ്രവര്‍ത്തിക്കാന്‍ ഒരു ചെറിയ ആശുപത്രിയും സജ്ജീകരിച്ചു സ്‌റ്റേജില്‍ ബെഡ്ഡുകളും ഡ്രിപ് സ്റ്റാന്‍ഡുകളും ഒരുക്കിയിരുന്നു.
നീണ്ടക്യൂവിലും തിരക്കിലുംപെട്ട് തളര്‍ന്നുവീണവരെ വളണ്ടിയര്‍മാര്‍ അപ്പോള്‍തന്നെ സ്ട്രച്ചറില്‍ എത്തിക്കുകയും ചെയ്തു. സ്‌റ്റേജില്‍ ഒന്‍പത് ബെഡ്ഡുകള്‍ സജ്ജീകരിച്ചിരുന്നു. മൂന്നുഷിഫ്റ്റിലായാണ് ജീവനക്കാര്‍ ജോലിചെയ്തത്. മൂന്നു ഡോക്ടര്‍മാര്‍, നാല്സ്റ്റാഫ് നഴ്‌സ്, ജൂനിയര്‍ പബ്ലിക് നഴ്‌സ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ ഓരോ ഷിഫ്റ്റിലും ഡ്യൂട്ടിയിലുണ്ടായിരുന്നു. മുഖ്യമന്ത്രി പരാതികേട്ട സ്‌റ്റേജിനുപിറകിലായി പ്രഥമ ശുശ്രൂഷ നല്‍കാന്‍ താത്കാലിക സംവിധാനവുമൊരുക്കിയിരുന്നു. തിരക്കില്‍ അമര്‍ന്ന് ശ്വാസംകിട്ടാതെയാണ് കൂടുതല്‍ രോഗികളും എത്തിയത്. ക്ഷീണിച്ച് തളര്‍ന്നുവീണവരും കുറവായിരുന്നില്ല. ഹൃദയാഘാതം ഉണ്ടാകുന്നവര്‍ക്കുവേണ്ടിയുള്ള ഡിഫിലേറ്റര്‍, എല്ലാതരത്തിലുള്ള ഇന്‍ജക്ഷനുകളും വീല്‍ചെയര്‍ തുടങ്ങിയ ഉപകരണങ്ങളുമെല്ലാം താത്കാലിക ആശുപത്രിയില്‍ സജ്ജീകരിച്ചിരുന്നു. ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. ടി.അനിതാകുമാരിയുടെ നേതൃത്വത്തിലാണ് ഇവിടെ രോഗികളെ പരിശോധിച്ചത്
ചലനശേഷി നഷ്ടപ്പെട്ടവരും പരസഹായമില്ലാതെ നടക്കാന്‍ കഴിയാത്തവരും ആംബുലന്‍സിലും സ്‌ട്രെച്ചറിലും എത്തിയാണ് ദൈന്യാവസ്ഥ മുഖ്യമന്ത്രിയോടു വിവരിച്ചത്. പശുവിന് പുല്ലരിയാന്‍ പോയപ്പോള്‍ വീണ് ചലനശേഷി നഷ്ടപ്പെട്ട് മൂന്നര വര്‍ഷമായി കിടപ്പിലായ കുമ്പളത്താമണ്‍ പറവതേത്ത് പി.ജി. തോമസിനും ഭാര്യ ശോശാമ്മയ്ക്കും പെന്‍ഷനും തോമസിന് വീല്‍ചെയറും നല്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. തൊണ്ടയില്‍ ക്യാന്‍സര്‍ ബാധിച്ച് സംസാരിക്കാന്‍ കഴിയാത്ത ചെങ്ങറ പരുത്തിയില്‍ പി.എം. ഫിലിപ്പോസിന് (50) 25,000 രൂപ ചികിത്സാ ധനഹായം ലഭിച്ചു. ഫിലിപ്പോസ് ഏഴുവര്‍ഷമായി ചികിത്സയിലാണ്. ഫിലിപ്പോസിന്റെ അച്ഛന്റെ സഹോദരി ശോശാമ്മയ്ക്ക് പെന്‍ഷന്‍ നല്കാനും ഉത്തരവായി. ശോശാമ്മയും ഫിലിപ്പോസിന്റെ സംരക്ഷണയിലാണ് കഴിയുന്നത്. മരത്തില്‍നിന്നു വീണ് നാലുമാസമായി ചലനശേഷി നഷ്ടപ്പെട്ടു കഴിയുന്ന വള്ളിക്കോട് പുഷ്പവിലാസത്തില്‍ പ്രസന്നകുമാറിന് 25,000 രൂപ അനുവദിച്ചു.
അടൂരില്‍ വച്ച് കെ.എസ്.ആര്‍.ടി.സി. ബസ്സിടിച്ച് കാലിന് ഗുരുതരമായി പരിക്കേറ്റ വള്ളിക്കോട് മന്നത്തേത്ത് കിഴക്കേതില്‍ രാജീവ്കുമാറിനും (22) ചികിത്സാസഹായം അനുവദിച്ചു. തൊണ്ടയില്‍ ക്യാന്‍സര്‍ ബാധിച്ച വെച്ചൂച്ചിറ വെച്ചൂര്‍ വീട്ടില്‍ രാജേന്ദ്രന് (52) 25,000 രൂപ അനുവദിച്ചു. വികലാംഗനായ താഴെ വെട്ടിപ്രം സ്വദേശി സി.വി. വര്‍ഗിസിന്റെ (64) 3,30,000 രൂപയുടെ വായ്പയില്‍ പലിശയിളവ് നല്കാനും നിര്‍ദേശിച്ചു. പെരുമ്പെട്ടി തോട്ടത്തില്‍ ടി.കെ. രാജമ്മയ്ക്കും തിരുവല്ല കുറ്റൂര്‍ കുളഞ്ഞിയില്‍ മറിയാമ്മ ശാമുവേലിനും ഓമല്ലൂര്‍ മേപ്പുറത്ത് വീട്ടില്‍ എം.കെ. ശശിക്കും മുഖ്യമന്ത്രിയുട ദുരിതാശ്വാസ നിധിയില്‍നിന്ന് ഓരോ ലക്ഷം രൂപ വീതം അനുവദിച്ചു.
പരാതിച്ചൂളയില്‍ നിന്ന മുഖ്യമന്ത്രിക്ക് ആശംസയുടെ കുളിരുമായി ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനി ജനസമ്പര്‍ക്ക പരിപാടിയുടെ വേദിയിലെത്തിയത് കൗതുകമായി. പരാതിയുമായി നിന്ന ആയിരങ്ങള്‍ക്ക്, വൈകീട്ട് ഏഴിനുശേഷം വേദിയിലേക്കുവന്ന വലിയ തിരുമേനിയെക്കണ്ട് അതിശയമായി. പിന്നീട് തിരുമേനിയുടെ പരാതിയെന്തെന്നറിയാനുള്ള കൗതുകവും. ഞാന്‍ വന്നത് പരാതി പറയാനല്ല; ഒരു പ്രഖ്യാപനം നടത്താനാണ്. ഈ ഇരിക്കുന്നത് വെറും രാഷ്ട്രീയക്കാരനല്ല, 'രാഷ്ട്രീയ വിശുദ്ധ'നാണെന്ന് മുഖ്യമന്ത്രിയുടെ കൈപിടിച്ച് തിരുമേനി പറഞ്ഞു. ഇനിയും ഞങ്ങളുടെ പരാതികള്‍ കേള്‍ക്കാന്‍ ആരോഗ്യത്തോടെ ഇരിക്കണമെങ്കില്‍ ആഹാരം കഴിക്കണമെന്ന ഉപദേശവും മുഖ്യമന്ത്രിക്ക് തിരുമേനി നല്‍കിയപ്പോള്‍ വേദിയില്‍ കൂട്ടച്ചിരിയായിരുന്നു






