Random Posts

Monday, December 5, 2011

അരുണ്‍ കുമാറിന്റെ അനധികൃത നിയമനം: എം.എ ബേബിയും കുടുങ്ങും


തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ മകന്‍ വി.എ. അരുണ്‍കുറിനെ ഐ.എച്ച്.ആര്‍.ഡിയില്‍ അഡീഷണല്‍ ഡയറക്ടറായി നിയമിച്ചതും ഐ.സി.ടി. അക്കാദമി ഡയറക്ടറാക്കിയതും ക്രമവിരുദ്ധമാണെന്നു സൂചിപ്പിക്കുന്ന രേഖകള്‍ നിയമസഭാ സമിതിക്ക് ലഭിച്ചു. ക്രമം വിട്ടുളള നിയമനങ്ങള്‍ അന്നത്തെ വിദ്യാഭ്യാസമന്ത്രി എം.എ ബേബി അംഗീകരിക്കുകയായിരുന്നുവെന്നും നിയമസഭാസമിതി കണ്ടെത്തി. വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള നിയമസഭാ സമിതിയുടെ സിറ്റിംങ്ങിലാണ് രേഖകള്‍ സമിതിക്ക് ലഭിച്ചത്.

ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ.എം. എബ്രഹാം, ഐ.എച്ച്.ആര്‍.ഡി. ഡയറക്ടര്‍ സയീദ് അന്‍വര്‍, സസ്‌പെന്‍ഷനില്‍ കഴിയുന്ന മുന്‍ ഡയറക്ടര്‍ ഡോ.സുബ്രഹ്മണി എന്നിവര്‍ ഇന്നലെ സമിതിക്ക് മുമ്പാകെ ഹാജരായി. നിയമസഭയില്‍ അഴിമതിയാരോപണം ഉന്നയിച്ച പി.സി. വിഷ്ണുനാഥിന്റെ മൊഴി അടുത്ത 14ന് എടുക്കും. തുടര്‍ന്ന് അരുണ്‍കുമാറിന്റെ വിശദീകരണവും കേട്ടശേഷം അന്വേഷണം പൂര്‍ത്തിയാക്കി സമിതി റിപ്പോര്‍ട്ട് നല്‍കുമെന്നാണ് കരുതുന്നത്. പിണറായി വിജയനെ ഉപേക്ഷിച്ച് വി.എസ് അച്യുതാനന്ദനൊപ്പം മുന്‍ വിദ്യാഭ്യാസമന്ത്രികൂടിയായ സിപിഎം കേന്ദ്രകമ്മിറ്റിയംഗം എം.എ ബേബി കൂട്ടുകൂടിയെന്ന ആരോപണത്തിന് ബലംപകരുന്ന തെളിവുകാളാണ് ഇതിലൂടെ പുറത്തുവരുന്നത്.

ഐ.സി.ടി. അക്കാദമി ഡയറക്ടറായി അരുണ്‍കുമാറിനെ നിയമിച്ചത് എം.എ. ബേബിയുടെ അറിവോടെയാണെന്ന് മുന്‍ ഡയറക്ടര്‍ സുബ്രഹ്മണി യാണ് നിയമസഭാ സമിതിക്കു മൊഴി നല്‍കിയത്. സൊസൈറ്റി രജിസ്റ്റര്‍ ചെയ്യാനായി ഐ.സി.ടി. ഡയറക്ടറെന്ന നിലയില്‍ അരുണ്‍കുമാറിനെ ചുമതലപെ്പടുത്തുന്ന കത്ത് ഇദ്ദേഹം എം.എ. ബേബിക്ക് നല്‍കിയിരുന്നു. ഈ നിര്‍ദ്ദേശം ബേബി അംഗീകരിച്ച് കത്തില്‍ ഒ്പ്പിട്ടു. ഇതിന്റെ രേഖകളും സമിതിക്ക് ലഭിച്ചിട്ടുണ്ട്. ഐ.എച്ച്.ആര്‍.ഡി. ജോയിന്റ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍ എന്നീ തസ്തികകളിലേക്ക് അരുണ്‍കുമാറിനെ നിയമിക്കുന്നതിന് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുകയായിരുന്നു.ഈ തസ്തികകളില്‍ നിയമനം ലഭിക്കാന്‍ അദ്ധ്യാപനപരിചയം ആവശ്യമായിരുന്നു.

അതേസമയം അരുണ്‍കുമാര്‍ ഐ.എച്ച്.ആര്‍.ഡിയുടെ കട്ടപ്പനയിലെ കോളേജില്‍ പ്രിന്‍സിപ്പല്‍ ആയിരുന്നെങ്കിലും അവിടെ ക്‌ളാസ് എടുത്തിരുന്നില്ല. അക്കാദമിക് ആക്ടിവിറ്റി പരിചയം ഉണ്ടെന്ന് കാട്ടിയാണ് നിയമനം നല്‍കിയത്. ഒന്നാംക്‌ളാസ് എം.ടെക് ബിരുദവും എട്ടുവര്‍ഷത്തെ അദ്ധ്യാപന പരിചയവും എന്നത് ഐ.എച്ച്.ആര്‍. ഡി. ജോയിന്റ് ഡയറക്ടര്‍, പ്രിന്‍സിപ്പല്‍ എന്നീ സ്ഥാനങ്ങളിലെ പരിചയം എന്നാക്കി മാറ്റുകയായിരുന്നു. ആറുപേര്‍ ഇന്റര്‍വ്യൂവിന് എത്തിയിരുന്നു. അരുണ്‍കുമാറിനായിരുന്നു ഒന്നാംറാങ്ക്. അഭിമുഖത്തിനെത്തിയ നാലുപേര്‍ക്ക് എം.ടെക്കും പിഎച്ച്.ഡിയും ഉണ്ടായിരുന്നു. രണ്ട് അഡീഷണല്‍ ഡയറക്ടര്‍മാരുടെ തസ്തിക സൃഷ്ടിച്ചത് അരുണ്‍കുമാറിന് സ്ഥാനക്കയം നല്‍കാന്‍ വേണ്ടിയായിരുന്നു.  നിയമനം മന്ത്രി ബേബി അംഗീകരിച്ചതിനാല്‍ പിന്നീട് ഉദ്യോഗസ്ഥര്‍ക്ക് എതിര്‍ക്കാന്‍ മാര്‍ഗമില്ലായിരുന്നുവെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം. എബ്രഹാം മൊഴി നല്‍കിയിട്ടുണ്ട്.

ദല്ലാള്‍ കുമാര്‍ എന്നറിയപ്പെടുന്ന ടി.ജി. നന്ദകുമാറുമായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനുള്ള ബന്ധത്തെ പാര്‍ട്ടിയിലെ ഔദ്യോഗിക നേതൃത്വം സംശയത്തോടെ വീക്ഷിച്ചുകൊണ്ടിരിക്കെ, അരുണ്‍കുമാറിനെതിരേയുള്ള തെളിവുകളും അദ്ദേഹത്തിനു തലവേദനയാകും. രാഷ്ട്രീയ പ്രതിയോഗികളെ മാത്രമല്ല പാര്‍ട്ടിയിലെ ശത്രുക്കളെയും തകര്‍ക്കാന്‍ വി.എസ് നടത്തുന്ന നീക്കത്തിന്റെ ഭാഗമാണ് നന്ദകുമാറുമായുള്ള അടിക്കടിയുള്ള കൂടിക്കാഴ്ചയെന്നാണ് പാര്‍ട്ടി നേതൃത്വം സംശയിക്കുന്നത്. ഈ വിഷയത്തില്‍ വി.എസ് പാര്‍ട്ടിയില്‍ ഒറ്റപ്പെടുകയാണ്. പാര്‍ട്ടി സമ്മേളനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ഘട്ടത്തില്‍ വി.എസ് നടത്തുന്ന നീക്കങ്ങളെല്ലാം ഔദ്യോഗിക നേതൃത്വം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.

ഇടതുഭരണ കാലത്ത് ഔദ്യോഗികപക്ഷത്തെ പ്രമുഖരായ ചില മന്ത്രിമാര്‍ക്കും അവരുടെ മക്കള്‍ക്കുമെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതൊക്കെ കോടതികളിലെത്തിച്ച് ഔദ്യോഗിക പക്ഷത്തെ ഒതുക്കാനുള്ള സാധ്യത വി.എസ് ആരായുന്നതായി നേതൃത്വത്തിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. ഈ നീക്കത്തിന്റെ ഭാഗമായാണ് നന്ദകുമാറുമായി കൂടിക്കാഴ്ച നടത്തിയതെന്ന സംശയം പാര്‍ട്ടിക്കുള്ളില്‍ ബലപ്പെട്ടിട്ടുണ്ട്. വി.എസിന്റെ മകന്‍ അരുണ്‍കുമാറിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ആയുധമാക്കി സംസ്ഥാന സമ്മേളനത്തില്‍ അദ്ദേഹത്തെ വീഴ്ത്താന്‍ ഔദ്യോഗിക പക്ഷം തന്ത്രം മെനയുന്നതിനിടയിലാണ് ഈ കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമാണ്. അരുണ്‍കുമാറിനെ ഐ.എച്ച്.ആര്‍.ഡി അഡീഷണല്‍ ഡയരക്ടറായി നിയമിച്ചത് ചട്ടവിരുദ്ധമായാണെന്ന എ.ജിയുടെ റിപ്പോര്‍ട്ടിലെ പരാമര്‍ശം ഔദ്യോഗികപക്ഷത്തിന് വീണുകിട്ടിയ ആയുധമാണ്.

മുമ്പ് ഔദ്യോഗികപക്ഷത്തിനെതിരെ വി.എസ് പ്രധാനമായി എടുത്തു പ്രയോഗിച്ചത് ലാവ്‌ലിന്‍ ഇടപാട് സംബന്ധിച്ച എ.ജി റിപ്പോര്‍ട്ടിലെ പരാമര്‍ശമായിരുന്നു. ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ വി.എസ് പൊളിറ്റ് ബ്യൂറോക്ക് കത്തയച്ചിരുന്നു. അതിന് അതേ നാണയത്തില്‍ തന്നെ തിരിച്ചടി നല്‍കാന്‍ ഔദ്യോഗികപക്ഷം ഒരുങ്ങിനില്‍ക്കുമ്പോഴാണ് വി.എസിന്റെ പുതിയ നീക്കം. മകനെ രക്ഷപ്പെടുത്തി, അതുവഴി സ്വയം രക്ഷപ്പെടുക എന്ന ലക്ഷ്യവും കൂടിക്കാഴ്ചക്ക് പിന്നിലുണ്ടെന്ന് ഔദ്യോഗിക നേതൃത്വം കരുതുന്നു