മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പുതിയ ഡാം പണിത് തമിഴ്‌നാടിന് വെള്ളം നല്‍കുന്നതിനാണ് പ്രഥമ പരിഗണനയെന്നും കരാര്‍ ഉള്‍പ്പെടെയുള്ള മറ്റ് കാര്യങ്ങള്‍ പിന്നീട് ചര്‍ച്ചചെയ്യുകയോ കോടതി തീരുമാനിക്കുകയോ ചെയ്യട്ടെയെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ റിസര്‍ച്ച് ആന്‍ഡ് ആക്ഷന്‍ സംഘടിപ്പിച്ച മുല്ലപ്പെരിയാര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡാമിന്റെ കാര്യത്തില്‍ കേരളത്തിന് ഓരോ നിമിഷവും പ്രധാനപ്പെട്ടതാണ്. കോടതി നടപടികള്‍ നീണ്ടുപോകുന്ന സാഹചര്യത്തിലാണ് ഇങ്ങനെ ചിന്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ഡാം എന്നകാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചക്കും കേരളം തയ്യാറല്ല. തമിഴ്‌നാടിന് വെള്ളം നല്‍കുമെന്ന കാര്യത്തില്‍ ഒരു രഹസ്യ അജണ്ടയും കേരളത്തിനില്ല. എന്നാല്‍ നമ്മുടെ നിലപാടിന് വ്യത്യസ്തമായ പ്രചാരണമാണ് തമിഴ്‌നാട്ടില്‍ നടക്കുന്നത്. നമ്മുടെ നിലപാട് വ്യക്തമാക്കി തിങ്കളാഴ്ച തമിഴ്‌നാട്ടിലെ പത്രങ്ങളില്‍ പരസ്യം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തമിഴ്‌നാട് ധനമന്ത്രി പനീര്‍ സെല്‍വവുമായി താന്‍ ബംഗളുരുവില്‍ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ നിലപാട് അദ്ദേഹത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി ജയലളിതയെ ഇക്കാര്യം അറിയിക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയിട്ടുമുണ്ട്. ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള സൗഹൃദം തകര്‍ക്കുന്നതരത്തില്‍ ഒരു നടപടിയും കേരളത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. തമിഴ്‌നാട്ടില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ അവധിക്കാലത്ത് സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിന് തമിഴ്‌നാട് ഉദ്യോഗസ്ഥരുമായി സംസാരിച്ച് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെ.പി.സി.സി. പ്രസിഡന്‍റ് മുല്ലപ്പെരിയാറിനെക്കുറിച്ച് തയ്യാറാക്കിയ 'പുതിയ ഡാമിന് വേണ്ടി കാത്തിരിക്കാനാവില്ല' എന്ന ഗ്രന്ഥവും അദ്ദേഹം പ്രകാശനം ചെയ്തു. പാലോട് രവി എം.എല്‍.എ. അധ്യക്ഷത വഹിച്ചു. പുതിയ ഡാം വേണമെന്ന് മുമ്പ് പറഞ്ഞിരുന്ന കേന്ദ്ര ജലക്കമ്മീഷന്‍ പിന്നീട് അതില്‍ നിന്ന് പിന്നാക്കം പോവുകയായിരുന്നുവെന്ന് മുഖ്യപ്രഭാഷണം നടത്തിയ മുന്‍മന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. പ്രശ്‌നത്തെ വൈകാരികമായെടുത്ത് സങ്കീര്‍ണമാക്കുകയല്ല വേണ്ടതെന്നും പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുള്ള ഇടപെടല്‍ ആണ് കേരളം പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്നത്തെ പ്രശ്‌നത്തിന് പുതിയ അണക്കെട്ട് മാത്രമാണോ പരിഹാരമെന്ന് ആലോചിക്കണമെന്ന് സി.ആര്‍.നീലകണ്ഠന്‍ അഭിപ്രായപ്പെട്ടു. പുതിയ ഡാം എന്നു പറയുമ്പോള്‍ അത് നിര്‍മിച്ചു തീരുന്ന പത്തുവര്‍ഷത്തോളം ഈ ഡാം സുരക്ഷിതമാണെന്ന് പരോക്ഷമായി സമ്മതിക്കുന്നതായിരിക്കും. കേന്ദ്രസര്‍ക്കാരിനെയെങ്കിലും ഡാം സുരക്ഷിതമല്ലെന്ന് ബോധ്യപ്പെടുത്താന്‍ ഒരു വിദഗ്ധപഠനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി തമിഴ്‌നാടിന് നല്‍കുന്നതിനു പകരം നമ്മുടെ മുല്ലപ്പെരിയാറിലെ വെള്ളം കൊണ്ട് ജീവിക്കുന്ന അഞ്ചു ജില്ലകള്‍ കേരളത്തിന് നല്‍കിയാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുമെന്ന് കവി വി.മധുസൂദനന്‍ നായര്‍ അഭിപ്രായപ്പെട്ടു. ഇരുകൂട്ടരും ശത്രുക്കളാണെന്ന് പ്രചരിപ്പിക്കുന്നത് ആരാണെന്നു നോക്കണം. വരയ്ക്ക് അപ്പുറത്തും ഇപ്പുറത്തുമുള്ളവര്‍ ശത്രുക്കളല്ല, ബന്ധുക്കളാണ്. സ്‌നേഹത്തിനുണ്ടാക്കുന്ന തടസമാണ് അണക്കെട്ടുകള്‍. കോടതി പൊട്ടരുതെന്ന് പറഞ്ഞാല്‍ അണക്കെട്ട് പൊട്ടാതിരിക്കില്ല. പൊട്ടിയാല്‍ അതിനെ സുപ്രീം കോടതി നെഞ്ചത്ത് ഏറ്റുവാങ്ങുമെന്ന് കരുതാനുമാവില്ലെന്നും മധുസൂദനന്‍ നായര്‍ ഓര്‍മിപ്പിച്ചു.
സുന്ദര്‍ മേനോന്‍, രഞ്ജിത് ബാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രൊഫ. മോഹന്‍ദാസ്, മുല്ലപ്പെരിയാര്‍ സെല്‍ ചെയര്‍മാന്‍ എസ്.ഫൈസല്‍, സെസ് മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ഡോ. ജോണ്‍മത്തായി, പി. ചന്ദ്രശേഖര്‍, ജയിംസ് ജോസഫ്, ഡോ.ജോസ് ജേക്കബ് തുടങ്ങിയവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു.
Tuesday, December 20, 2011
Home »
» ആദ്യം പുതിയ ഡാം; മറ്റ് കാര്യങ്ങള്‍ കോടതി തീരുമാനിക്കട്ടെ-മുഖ്യമന്ത്രി
ആദ്യം പുതിയ ഡാം; മറ്റ് കാര്യങ്ങള്‍ കോടതി തീരുമാനിക്കട്ടെ-മുഖ്യമന്ത്രി
By Anonymous 12/20/2011 08:31:00 AM






