Random Posts

Sunday, December 4, 2011

വള്ളക്കടവില്‍ നിന്നും തുടക്കം: പിന്നെ കോട്ടയം, എറണാകുളം, പത്തനംതിട്ട ശൂന്യം


കോട്ടയം: മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിയില്‍ എന്തായിരിക്കും സംഭവിക്കുക?. മണിക്കൂറുകള്‍ക്കുള്ളില്‍ കേരളത്തിന്റെ വ്യവസായതലസ്ഥാനത്തെ വരെ അപ്രത്യക്ഷമാക്കുന്ന ബോംബാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടെന്നാണ് വിദഗ്ധരുടെ നിഗമനം. ഡാംപൊട്ടിയാല്‍ ആ നിമിഷം വള്ളക്കടവ് നഗരം ബാക്കിയുണ്ടാകില്ല. പെരിയാര്‍ കടുവാസങ്കേതത്തിന്റെ അതിര്‍ത്തിയിലെ ആദ്യ ജനവാസമേഖലയാണിത്. തൊട്ടുതാഴെ വണ്ടിപ്പെരിയാര്‍, മ്ലാമല, കീരിക്കര, ഫാത്തിമുക്ക്, ചപ്പാത്ത്, ആലടി, പരപ്പ്, ഉപ്പുതറ ടൗണ്‍ എന്നീ പ്രദേശങ്ങളെ ഇല്ലാതാക്കി പെരിയാര്‍ പിന്നീട് തോണിത്തടിയില്‍വച്ച് ഇടുക്കി ഡാമില്‍ പതിക്കും. കുമളി, വണ്ടിപ്പെരിയാര്‍, പീരുമേട്, ഏലപ്പാറ പഞ്ചായത്തുകളിലാണ് ഈ പ്രദേശങ്ങള്‍. സംസ്ഥാന ദുരന്തനിവാരണ വിഭാഗത്തിന്റെ വിലയിരുത്തലാണിത്.

മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ വെള്ളം ഒഴുകുന്നത് കുറഞ്ഞത് 50 അടിയെങ്കിലും ഉയരത്തിലാവും. വള്ളക്കടവ് മുതല്‍ തോണിത്തടി വരെ പെരിയാറിന്റെ ഇരുകരയിലും 15 അടി മാത്രം ഉയരത്തില്‍ ഒട്ടേറെ വീടുകളുണ്ട്. പെരിയാറ്റില്‍ക്കൂടി മാത്രമാവില്ല വെള്ളം വരിക. മഞ്ചുമല വില്ലേജില്‍പ്പെട്ട വള്ളക്കടവ് കഴിഞ്ഞാല്‍ ജലപ്രളയം മൂന്നായി തിരിയാമെന്നും ഒരുഭാഗം ഗവി, പത്തനംതിട്ട വഴിയും മറ്റൊരു പ്രവാഹം ഗ്രാസി, പീരുമേട് വഴിയും പോകുമെന്നും ദുരന്തനിവാരണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതായത്, നേരെ കോട്ടയം (കോരുത്തോട് മേഖല) പത്തനംതിട്ട ജില്ലകളിലേക്കും പ്രളയജലം കുതിച്ചെത്തും. ബാക്കി നല്ലൊരു പങ്ക് വെള്ളമാവും ഇടുക്കി ഡാമിലേക്ക് പെരിയാറ്റിലൂടെ കുതിക്കുക തീരങ്ങളെ കാര്‍ന്നെടുത്തുകൊണ്ട്. പെരിയാറിന്റെ കരകളില്‍ത്തന്നെ ചെറിയ അരുവികളിലൂടെയും തോടുകളിലൂടെയും വെള്ളം കുതിച്ചെത്തും. ആറിന് സമീപം അധികം ഉയരമില്ലാത്ത ജനവാസകേന്ദ്രങ്ങളെല്ലാം മുങ്ങും.

ചപ്പാത്ത് വള്ളക്കടവിന് സമീപം മൂന്നാര്‍ മുക്കില്‍ പെരിയാറ്റില്‍ ചേരുന്ന ചിന്നാര്‍, ചീന്തലാര്‍, കൈതപ്പതാല്‍ പുഴകളിലേക്കും വള്ളക്കടവ് മുതല്‍ തോണിത്തടി വരെയുള്ള 27 തോടുകളിലേക്കും വെള്ളം ഇരച്ചുകയറും. ഇടുക്കി ഡാം പരമാവധി സംഭരണശേഷിയോടടുത്തു നില്‍ക്കുമ്പോള്‍ മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ ഇടുക്കി പദ്ധതിയുടെ ഭാഗമായ ചെറുതോണി, കുളമാവ് ഡാമുകള്‍ തകര്‍ന്നേക്കാം. കുളമാവ് ഡാം തകര്‍ന്നാല്‍ ഉടുമ്പന്നൂര്‍, കരിമണ്ണൂര്‍, കോടിക്കുളം, ഇടവെട്ടി, ആലക്കോട്, വെള്ളിയാമറ്റം, മുട്ടം, കരിങ്കുന്നം പഞ്ചായത്തുകളും തൊടുപുഴ നഗരസഭാ പ്രദേശവും കടന്നാവും ജലപ്രവാഹം എറണാകുളം ജില്ലയില്‍ പ്രവേശിക്കുക. ചെറുതോണി ഡാമിന് കുഴപ്പം സംഭവിച്ചാല്‍ പെരിയാറ്റില്‍ക്കൂടിയുള്ള കുതിച്ചൊഴുക്ക് താഴെ ഇടുക്കി ജില്ലയില്‍ മാത്രം ആറ് പഞ്ചായത്തുകളിലെ പല ജനവാസകേന്ദ്രങ്ങളും നാമാവശേഷമാക്കും.

വാഴത്തോപ്പ് പഞ്ചായത്തില്‍ ചെറുതോണി, തടയമ്പാട്, കരിമ്പന്‍ എന്നീ പ്രധാനകേന്ദ്രങ്ങളെ ബാധിക്കും. കഞ്ഞിക്കുഴി പഞ്ചായത്തിലെ തട്ടേക്കണ്ണി, പനംകൂട്ടി, കീരിത്തോട്, പകുതിപ്പാലം, പെരിയാര്‍വാലി എന്നിവിടങ്ങള്‍ മുങ്ങാനിടയുണ്ട്. വാത്തിക്കുടി പഞ്ചായത്തിലെ കരിമ്പന്‍ താഴ്ഭാഗവും മരിയാപുരം പഞ്ചായത്തിലെ മരിയാപുരം, ഉപ്പുതോട് വിമലഗിരി തുടങ്ങിയ പ്രദേശങ്ങളും ദുരന്തത്തില്‍ അമരും. ഇടുക്കി ഡാമിനെ തകര്‍ത്തെത്തുന്ന വെള്ളം 50 മീറ്റര്‍ വരെ ഉയരമുള്ള പ്രദേശങ്ങളെ വിഴുങ്ങാം. ഇതിനിടെ, ഈ വഴിയിലുള്ള ലോവര്‍പെരിയാര്‍, കല്ലാര്‍കുട്ടി ഡാമുകളും തകരുകയാണെങ്കില്‍ ദുരന്തത്തിന്റെ വ്യാപ്തി കൂടും. വെള്ളത്തൂവല്‍ പഞ്ചായത്തിലെ പനംകൂട്ടി മുകള്‍ഭാഗം, മന്നാങ്കണ്ടം പഞ്ചായത്തിലെ കാഞ്ഞിരവേലി എന്നിവിടങ്ങള്‍ കടന്ന് എത്തുന്ന വെള്ളം പെരിയാറിന്റെ മറുകരയിലുള്ള കവളങ്ങാട് പഞ്ചായത്തിലെ നീണ്ടപാറയിലും കരിമണലിലും നാശം വിതച്ചാവും നേര്യമംഗലം പാലവും തകര്‍ത്ത് എറണാകുളം ജില്ലയില്‍ പ്രവേശിക്കുക.

ഇതിനകം ഏഴുലക്ഷത്തില്‍പ്പരം ആളുകളുടെ ജീവനും സ്വത്തും നഷ്ടപ്പെടും. എറണാകുളം ജില്ലയില്‍ പ്രവേശിച്ചാല്‍പ്പിന്നെ ദുരന്തത്തിന്റെ ഭീതി സങ്കല്പത്തിനും അപ്പുറമാകും. ഇടമലയാര്‍, ഭൂതത്താന്‍കെട്ട് അണക്കെട്ടുകള്‍കൂടി തകര്‍ത്ത് എത്തുന്ന മഹാപ്രളയം കൊച്ചി നഗരത്തെ ഭൂപടത്തില്‍നിന്നുതന്നെ മായ്ച്ചുകളഞ്ഞേക്കാം. ഇതിനകം ആലപ്പുഴ ജില്ലയിലും വെള്ളപ്പാച്ചില്‍ വിപത്ത് വിതയ്ക്കും. പ്രളയജലം അറബിക്കടലില്‍ പതിക്കുംമുമ്പ് 30 ലക്ഷത്തിലധികം പേരുടെ ജീവനും സ്വത്തിനും ഹാനിയുണ്ടാകുമെന്നാണ് ഏകദേശ കണക്ക്. മുല്ലപ്പെരിയാറില്‍ ശക്തിപ്രാപിക്കുന്ന സമരത്തിന് ന്യായീകരണമാണ് ഈ കണക്കുകള്‍.

കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് ഉള്‍പ്പെടെ കക്ഷികലുടെ നേതാക്കള്‍കൂടി എത്തിയതോടെ മുല്ലപ്പെരിയാര്‍ സമരപന്തല്‍ കൂടുതല്‍ സജീവമായി. ഇവിടെ നിരാഹാര സത്യാഗ്രഹം 5ാം ദിവസത്തേക്ക് കടന്നുകഴിഞ്ഞു. ഇ.എസ്.ബിജിമോള്‍ എം.എല്‍.എ., സമരസമിതി ചെയര്‍മാന്‍ പ്രൊഫ. സി.പി. റോയി, സെക്രട്ടറി ഷാജി പി. ജോസഫ്, ടി. അമ്പയ്യന്‍ എന്നിവര്‍ക്കൊപ്പം ഇടുക്കി എം.എല്‍.എ. റോഷി അഗസ്റ്റിനും സമരപ്പന്തലില്‍ നിരാഹാരസത്യാഗ്രഹം തുടങ്ങി. സമരസമിതി നേതാക്കള്‍ 27ന് രാവിലെ 10നും ഇ.എസ്. ബിജിമോള്‍ എം.എല്‍.എ. വൈകീട്ട് 6നുമാണ് സത്യാഗ്രഹം തുടങ്ങിയത്. ബുധനാഴ്ച രാവിലെ 10നാണ് റോഷി അഗസ്റ്റിന്‍ എം.എല്‍.എ. സമരപ്പന്തലില്‍ നിരാഹാരം തുടങ്ങിയത്. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ പ്രധാനമന്ത്രി ഇടപെടുക, പുതിയ ഡാം നിര്‍മ്മിക്കുംവരെ ജലനിരപ്പ് 110 അടിയായി താഴ്ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് സത്യാഗ്രഹം തുടങ്ങിയത്.  മുല്ലപ്പെരിയാറില്‍ അപകടകരമാംവിധം ജലനിരപ്പുയരുകയും ജില്ലയില്‍ അടിക്കടിയുണ്ടായ ഭൂചലനത്തെ തുടര്‍ന്നുമാണ് അടിയന്തരപരിഹാരം തേടി സത്യാഗ്രഹം ആരംഭിച്ചത്. 2006 ഡിസംബര്‍ 25ന് തുടങ്ങിയ റിലേ ഉപവാസത്തോടൊപ്പമാണ് സ്ഥിരം സമരപ്പന്തലില്‍ നിരാഹാരസത്യാഗ്രഹം ആരംഭിച്ചത്.

പ്രശ്‌നത്തില്‍ സര്‍ക്കാര്‍ തലത്തിലും ഇടപെടലുകള്‍ തുടരുകയാണ്. വിഷയത്തില്‍ പ്രധാനമന്ത്രിയെ കാണാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. പുതിയ ഡാം നിര്‍മിക്കുന്നതിനെ കുറിച്ചും ഇടക്കാല പരിഹാരമായി ഡാമിലെ വെള്ളം 120 അടിയായി താഴ്ത്തുന്നതിനെ കുറിച്ചും പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്യും. അണക്കെട്ടുമായി ബന്ധപ്പെട്ട് കേരളത്തിന്റെ ആശങ്ക അനാവശ്യമല്ലെന്ന് കാണിക്കുന്ന സമഗ്രമായ കത്ത് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതക്ക് അയക്കാനും യോഗത്തില്‍ തീരുമാനിച്ചു. പ്രശ്‌നത്തില്‍ കേരളത്തിന്റേത് കേവലമായ ആശങ്ക മാത്രമാണെന്ന് കാണിച്ച് ജയലളിത പ്രധാനമന്ത്രിക്ക് രണ്ട് എഴുത്തുകളയച്ചിരുന്നു. പുതിയ ഡാമിനുള്ള കരാര്‍ വ്യവസ്ഥകള്‍ തീരുമാനിക്കും. വിഷയവുമായി ബന്ധപ്പെട്ട് പ്രത്യേക നിയമസഭ എന്ന് ചേരണമെന്നത് പ്രതിപക്ഷവുമായി ചേര്‍ന്ന് തീരുമാനിക്കും. പ്രത്യേക മന്ത്രിസഭായോഗം ഇന്ന് രാത്രി വീണ്ടും ചേരുമെന്നും സൂചനയുണ്ട്.

അതേസമയം അണക്കെട്ടില്‍ ജലനിരപ്പ് 136.5 അടിയായി ഉയര്‍ന്നു. കഴിഞ്ഞ ദിവസത്തെ കനത്ത മഴയാണ് ജലനിരപ്പ് ഉയരാന്‍ കാരണമായത്. വൃഷ്ടി പ്രദേശത്ത് ഇന്നും ഇടയ്ക്കിടെ മഴ പെയ്യുന്നുണ്ട്. ഇന്നലെ പകല്‍ മുഴുവന്‍ തെളിഞ്ഞ അന്തരീക്ഷമായതിനായാല്‍ ജലനിരപ്പ് 136.4 അടിയായി തുടരുകയായിരുന്നു. വൈകിട്ടോടെ പെയ്ത മഴയാണ് ജലനിരപ്പ് ഉയര്‍ത്തിയത്. നീരൊഴുക്ക് കൂടിയതിനെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടിലെയും ജലനിരപ്പ് അല്‍പം ഉയര്‍ന്നു.ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കുറയ്ക്കാന്‍ വൈദ്യുതി ഉല്‍പാദനം വര്‍ധിപ്പിച്ചിട്ടുണ്ട്. എങ്കിലും ജനങ്ങളുടെ ആശങ്ക ദൂരികരിക്കാന്‍ ഇതിനൊന്നും കഴിയില്ല.