
കെ കരുണാകരന് കോണ്‍ഗ്രസ് മതവും തത്ത്വശാസ്ത്രവുമൊന്നുമല്ല. പച്ചയായ രാഷ്ട്രീയവും അതിജീവനത്തിന്റെ തന്ത്രങ്ങളുമാണ്.
പ്രായോഗിക രാഷ്ട്രീയത്തില്‍ തലകീഴ് മറിയാതിരിക്കാനുള്ള അഭ്യാസത്തില്‍ ഇത്രയേറെ വിജയിച്ച മറ്റൊരു കോണ്‍ഗ്രസ് നേതാവുണ്ടാവില്ല. ചതിക്കുഴികളെല്ലാം മുന്‍കൂട്ടി കണ്ട് കടന്നുപോകാന്‍ കരുണാകരന് അസാധാരണമായ കഴിവുകളുണ്ടായിരുന്നു. ചതികളെ മറികടക്കാനുള്ള അപാരമായ മറുവിദ്യകളുമുണ്ടായിരുന്നു. ഒരു കണ്ണിമക്കലും ചിരിയുമൊക്കെ കരുണാകരന്റെ ആയുധങ്ങളായിരുന്നു.
ഈ ആയുധങ്ങള്‍ തന്റെ രാഷ്ട്രീയ ജീവിതത്തില്‍ എപ്പോഴും കരുണാകരന്‍ കൂടെകൊണ്ടു നടന്നു. നേതാവിനാവശ്യമുള്ള എല്ലാ ആയുധങ്ങളും കരുണാകരന്റെ കൈവശമുണ്ടായിരുന്നു. കരുണാകരന്‍ ഇന്ത്യകണ്ട ഏറ്റവും തന്ത്രശാലിയായ കോണ്‍ഗ്രസ് നേതാക്കളിലൊരാളായിരുന്നു. പാര്‍ട്ടിയെ നയിക്കുന്നതിലെ ഈ തന്ത്രജ്ഞതയാണ് കരുണാകരനെ നേതാവിനപ്പുറത്ത് ലീഡറാക്കിയത്. കേരളത്തില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ചയില്‍ നിന്നാണ് കരുണാകരന്‍ എന്ന നേതാവ് ഉയര്‍ന്ന് വരുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംഘടിത മുഷ്‌കിനു മുമ്പില്‍ കോണ്‍ഗ്രസിന്റെ ജനാധിപത്യ സര്‍വോദയ ഗീര്‍വാണങ്ങള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ പറ്റാതിരുന്ന കാലം. കോണ്‍ഗ്രസിലെ പ്രതിസന്ധികള്‍ കരുണാകരനെപ്പോലെ അതിശക്തനായ ഒരു നേതാവിനെ കാത്തിരിക്കുകയായിരുന്നു.
ട്രേഡ് യൂണിയന്‍ രംഗത്തുനിന്ന് പൊരുതിക്കയറിയ കരുണാകരന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കരുത്തനായ എതിലാളിയെന്ന പ്രതിരോധ പ്രതിച്ഛായയാണ് സൃഷ്ടിച്ചത്.കണ്ണൂരുകാരനായ കരുണാകരന്‍ തൃശൂരിലെ മാളയില്‍ നിന്നു ജയിച്ച് നിയമസഭയില്‍ വെറും ഒമ്പതുപേരുടെ നേതാവായി വന്ന് തകര്‍ന്ന കോണ്‍ഗ്രസിന് കേരളത്തില്‍ മറ്റൊരു ചരിത്രമാണുണ്ടാക്കാന്‍ പോകുന്നതെന്ന് അന്ന് കോണ്‍ഗ്രസുപോലും കരുതിയിട്ടുണ്ടാവില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേഡര്‍ രാഷ്ട്രീയത്തെ കോണ്‍ഗ്രസിന് അതേവരെ പരിചയമില്ലാത്ത ഒരു അതിശക്തികൊണ്ട് കരുണാകരന്‍ മറ്റൊരു നേതാവിനും മുന്നിലെത്താനാവാത്ത വിധം കോണ്‍ഗ്രസിന്റെ ആവേശമായി. അധികാരത്തിലെത്തിയ കരുണാകരന്റെ മുമ്പിലാവട്ടെ സ്വന്തം പാര്‍ട്ടിയായ കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഒരുപോലെ വിസ്മയിച്ചുനിന്നു. ഇങ്ങനെയൊരു നേതാവ് ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തുമുണ്ടായിട്ടില്ല. ഇതുകൊണ്ടാണ് കേരളത്തില്‍ കോണ്‍ഗ്രസ് നേതാവ് കരുണാകരന്‍ ലീഡര്‍ ആയത്.
കരുണാകരന്റെ നല്ല ഒരു സ്‌നേഹതിനായിരുന്നു ഇ.കെ. നായനാര്‍. കരുണാകരനെ പുച്ഛിക്കാന്‍ പാര്‍ട്ടി ഏല്പിച്ച ജോലിയൊക്കെ അദ്ദേഹം ഭംഗിയായി ചെയ്തിട്ടുണ്ട്. നായനാരും കരുണാകരനും നന്നായി ചിരിക്കാനറിയുന്നവരായിരുന്നു. അവരുടേത് രണ്ടുതരം ചിരികളായിരുന്നു. കരുണാകരന്റെ ചിരിയുടെ നാലയലത്ത് രാഷ്ട്രീയമായി വരാന്‍ ശക്തിയുള്ള ചിരിയായിരുന്നില്ല നായനാരുടേത്. കേരളത്തിലെ മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഏറ്റവും വലിയ ശത്രു നാല്പതിലേറെ കൊല്ലക്കാലം കെ. കരുണാകരനായിരുന്നല്ലോ. ഇങ്ങനെയൊരു ശത്രു ഇല്ലായിരുന്നെങ്കില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കേരള ചരിത്രം വേറൊന്നായേനെ. ഇത് നന്നായറിയുന്ന ഒരാളായിരുന്നു ഇ.കെ. നായനാര്‍. പാര്‍ട്ടിക്കുള്ളില്‍ കരുണാരനെതിരേ ഉയരുന്ന ഏത് വിമര്‍ശനങ്ങളുടെയും കൂടെ നിന്നതിനുശേഷം നായനാര്‍ ചോദിക്കാറുണ്ടായിരുന്നു പോലും ''എടോ ഓനില്ലാതെ കേരളത്തിലെന്ത് കോണ്‍ഗ്രസാ' എന്ന്. നായനാരുടെ ഈ നാടന്‍ കമ്യൂണിസ്റ്റ് പറച്ചിലില്‍ കരുണാകരനെ സംബന്ധിക്കുന്ന ഒരു സത്യമുണ്ട്.
കേരളത്തിന്റെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഏഴ് പതിറ്റാണ്ടുകള്‍ നിറഞ്ഞുനിന്ന നേതാവാണ് കെ. കരുണാകരന്‍. ഇങ്ങനെയൊരു നേതാവ് ഇല്ലാതായിപ്പോയതാണ് നായനാരുടെ പാര്‍ട്ടിയുടെ ഇപ്പോഴത്തെ രാഷ്ട്രീയ ദാരിദ്ര്യം. അവര്‍ക്ക് വിമര്‍ശിക്കാനുള്ള മഹാബിംബം ഇല്ലാതായിപ്പോയി. ഈ രീതിയില്‍ വലിയൊരു നഷ്ടമാണ് കരുണാകരന്റെ വേര്‍പാട് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കുണ്ടായിക്കിയിരിക്കുന്നത്. കരുണാകരനില്ലാത്തതുകൊണ്ടാണ് സി.പി.എമ്മിന്റെ ഔദ്യോഗിക വിഭാഗം സി.പി.എമ്മിന്റെ തന്നെ നേതാവായ വി.എസ്. അച്യുതാനന്ദനെ ശത്രുവായി കരുതുന്നത് എന്ന ഒരു തമാശയും നിലവിലുണ്ട്.
കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍ക്ക് കരുണാകരന്‍ ബദ്ധശത്രു തന്നെയായിരുന്നു. എന്നാല്‍ കരുണാകരന് കമ്യൂണിസ്റ്റുകാര്‍ ശത്രുക്കളായിരുന്നില്ല. കരുണാകരന്‍ ശത്രുതവച്ചു പുലര്‍ത്തിയത് കമ്യൂണിസതോത്ടും കമ്യൂണിസ്റ്റ് പാര്‍ട്ടിയോടുമായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും സ്വന്തം പാര്‍ട്ടിയിലും നാടിന്റെ വികസനത്തിനും വേണ്ടി പടവെട്ടിയിട്ടുണ്ട്. രാഷ്ട്രീയത്തിലെ പടവെട്ടല്‍ എന്താണെന്ന് കരുണാകരന്റെ രാഷ്ട്രീയചരിത്രം കേരളത്തിനു കാണിച്ചുതന്നു.
കേരളത്തിന്റെ രാഷ്ട്രീയ മനസ്സ് ഭരണത്തിന്റെ ഒരുപാട് അവസരങ്ങള്‍ കരുണാകരനു നല്കി. തനിക്ക് ലഭിച്ച അവസരങ്ങളെയെല്ലാം കരുണാകരന്‍ തിളക്കിയെടുത്തു. ചെങ്കോല്‍ കൈയിലേന്തിയ കരുണാകരന്‍ തിളങ്ങുന്ന കാഴ്ചയാണ് കേരളം കണ്ടത്. കരുണാകരനെ മറികടക്കുന്ന ഒരു ഭരണാധികാരിയെ കേരളത്തില്‍ നമുക്ക് എടുത്തു കാട്ടാനില്ല. കേരളത്തിന്റെ വികസനത്തിനുവേണ്ടി തികഞ്ഞ യാഥാര്‍ത്ഥ്യബോധത്തോടെയും സത്യസന്ധതയോടെയും പ്രവര്‍ത്തിച്ച ഭരണാധികാരിയാണ് കരുണാകരന്‍. സമഗ്ര വികസനത്തിന്റെ സ്വപ്‌നങ്ങളാണ് കരുണാകരന്‍ എപ്പോഴും മനസ്സില്‍ കൊണ്ടു നടന്നത്. നന്നായി വാശിയും വൈരാഗ്യവുമൊക്കെ ഉള്ള ഒരാളായിരുന്നെങ്കിലും വികസന പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തിയിരുന്നില്ല. റോഡുകളും പാലങ്ങളും വിമാനത്താവളങ്ങളും മെഡിക്കല്‍ കോളേജും ആശുപത്രികളുമൊക്കെ കരുണാകരനിലെ ഭരണാധികാരിയുടെ മനസ്സില്‍ നിന്നിറങ്ങിവന്നു. പരിയാരം മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമായത് കരുണാകരന്റെ പരിശ്രമം മൂലമാണ്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി, ബേക്കല്‍ ടൂറിസ്റ്റ് കേന്ദ്രം, കോഴിക്കോട് വിമാനത്താവള വികസനം, നെടുമ്പാശ്ശേരി വിമാനത്താവളം, പരിയാരം മെഡിക്കല്‍ കോളേജ്, രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി എന്നിവയെല്ലാം കരുണാകരന്റെ ആത്മമുദ്രകള്‍ പതിഞ്ഞതാണ്. സാധാരണ ജനങ്ങളുടെ ജീവിതത്തിനുപകരിക്കുന്ന വികസന പ്രവര്‍ത്തനങ്ങളാണ് കെ. കരുണാകരന്റെ മനസ്സിലുണ്ടായിരുന്നത്.
കരുണാകരന് കലാശാലാ വിദ്യാഭ്യാസമൊന്നുമില്ലാത്തതുകൊണ്ട് അദ്ദേഹം തന്നില്‍നിന്നു തന്നെ ഒരു ബിരുദം നേടി. ആ ബിരുദത്തിന്റെ പേര് കോമണ്‍സെന്‍സ്' എന്നാണ്. ഈ ബിരുദം സര്‍വകലാശാലകളില്‍ നിന്നു ലഭിക്കുകയില്ല. സ്വന്തം കോമണ്‍സെന്‍സിന്റെ വഴിയിലൂടെയാണ് കരുണാകരന്‍ രാഷ്ട്രീയവും ഭരണവും കൈകാര്യം ചെയ്തത്. ഈ അര്‍ത്ഥത്തില്‍ കാമരാജിന്റെ പാരമ്പര്യത്തില്‍ നിന്നു വരുന്ന നേതാവാണ് കെ. കരുണാകരന്‍. മനുഷ്യസ്‌നേഹവും രാജ്യസ്‌നേഹവും കോമണ്‍സെന്‍സും കര്‍മശേഷിയും കെ. കരുണാകരനെ ശക്തനാക്കി. ഈ ശക്തിയാണ് കരുണാകരനിലെ ഭരണാധികാരിയെ നിര്‍ണയിച്ചത്.
എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും തന്റെ ഭരണപരമായ പ്രവര്‍ത്തനങ്ങള്‍കൊണ്ട് കരുണാകരന്‍ കേരള വികസനത്തിന് പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കി. വിഴിഞ്ഞവും വല്ലാര്‍പാടവുമൊക്കെ ഈ പശ്ചാത്തലത്തില്‍ നിന്നാണ് മുന്നോട്ടുപോകുന്നത്. കോണ്‍ഗ്രസുകാരും കമ്യൂണിസ്റ്റുകാരുമായ കുറേ മുഖ്യമന്ത്രിമാരെ കേരളം കണ്ടു. ഇവരില്‍ നിന്നെല്ലാം വളരെയേറെ വ്യത്യസ്തനാണ് കെ. കരുണാകരന്‍ എന്ന മുഖ്യമന്ത്രി. അദ്ദേഹം ഭരണത്തിന്റെ ചെങ്കോലില്‍ വിശ്വസിച്ച ഒരുകര്‍മ്മയോഗിയായിരുന്നു. ഗുരുവായൂരപ്പനെ ദൈവമായി ആരാധിച്ച കരുണാകരനില്‍ കുരുക്ഷേത്രയുദ്ധവുമായി ബന്ധപ്പെട്ട ഒരു കൃഷ്ണസാരമുണ്ടായിരുന്നു.
ദേശീയ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തുകൊണ്ട് ഗാന്ധിയന്‍ കാലത്തില്‍ നിന്നാണ് കരുണാകരന്‍ വരുന്നത്. ഗാന്ധിയനായ കരുണാകരന്‍ ഗാന്ധിസത്തിലോ മാര്‍ക്‌സിസ്സറ്റ്- സോഷ്യലിസ്റ്റ് സിദ്ധാന്തങ്ങളിലോ ഒന്നും പണ്ഡില്‍ നല്ല. കരുണാകരന്‍ ആരുടെയും മഹദ്‌വചനങ്ങള്‍ ഉദ്ധരിച്ചതായി കേട്ടിട്ടില്ല. അദ്ദേഹം അടിപതറാതെ സ്വന്തം കര്‍മം നിര്‍വഹിച്ച് തെറ്റും ശരിയും ഏറ്റുവാങ്ങിയ ഒരു നേതാവാണ്.
വലിയ കോണ്‍ഗ്രസ് നേതാവായിരുന്നെങ്കിലും കെ. കരുണാകരന്‍ എപ്പോഴും നിലയുറപ്പിച്ചിരുന്നത് മനുഷ്യന്റെ കൂടെയായിരുന്നു. ഒരിക്കല്‍ അടുപ്പമുണ്ടായ ആളുകളെ കെ. കരുണാകരന്‍ വിട്ടുപിരിയുകയില്ല. ഇത് കരുണാകരന് വിനയായിട്ടുണ്ട്. പലതരം ഭിക്ഷാദേഹികളും കരുണാകരന്റെ ഈ പവിത്രഭാവം മുതലെടുത്തിട്ടുണ്ട്. ഇന്ന് കേരളത്തിലെ കോണ്‍ഗ്രസില്‍ വലുതായവര്‍ കരുണാകരന്റെ രൂപം മനസ്സില്‍ സൃഷ്ടിച്ചുകൊണ്ട് ധാന്യ നിര്‍ഭരമായി അദ്ദേഹത്തോടു ചോദിക്കണം തങ്ങള്‍ എത്രത്തോളം ശരിയാണെന്ന്. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെയും സ്വതന്ത്ര ഇന്ത്യയുടെയും വലിയൊരു കാലത്തിനു സാക്ഷിയായിരുന്ന കരുണാകരന്‍ പറയും ഇങ്ങനെയല്ല നേതാക്കന്മാരാവേണ്ടതെന്ന്.
എങ്ങനെയാണ് ഒരു നല്ല നേതാവാകേണ്ടത് എന്നാണ് കരുണാകരനില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്ക് പഠിക്കാനുള്ളത്. ഇന്നുകാണുന്ന കേരളത്തിലെ കോണ്‍ഗ്രസ് കരുണാകരന്റെ സ്മാരകം തന്നെയാണ്. കേരളം ഇന്ന് കാണുന്ന രീതിയില്‍ നിലനില്ക്കുന്നത് കരുണാകരന്റെ ഒരു മഹത്തായ സംഭാവനകൊണ്ടാണ്. കേരളത്തില്‍ നക്‌സലൈറ്റുകളെ ഒതുക്കിയത് കരുണാകരനാണ്. സ്വതന്ത്ര ഇന്ത്യയില്‍ സായുധവിപ്ലവം വേണ്ടെന്നാണ് കരുണാകരന്‍ പറഞ്ഞത്. കരുണാകരന്റെ ഈ ദേശസ്‌നേഹം ഇനിയും ഇന്ത്യ കാതോര്‍ക്കേണ്ടതും സ്ഥാപിച്ചെടുക്കേണ്ടതുമാണ്. ഗാന്ധിജിയുടെ നാട്ടില്‍ സായുധ വിപ്ലവം വേണ്ട എന്ന കരുണാകരന്റെ ചിന്ത കോണ്‍ഗ്രസ് നെഞ്ചിലേറ്റണം.






