പാലക്കാട്: പൊളിറ്റ്ബ്യൂറോയെ മറികടന്ന് അഭിപ്രായ പ്രകടനം നടത്തുന്നവര്‍ പാര്‍ട്ടിയില്‍ അധികകാലം ഉണ്ടാവില്ലെന്ന് സി.പി.എം.സംസ്ഥാന സെക്രട്ടേറിയറ്റംഗം ടി.ശിവദാസമേനോന്‍. സി.പി.എം. ചെര്‍പ്പുളശ്ശേരി ഏരിയാസമ്മേളനത്തിന്റ സമാപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട്ടിനും ചില പ്രശ്‌നങ്ങളുണ്ട്. ഇതൊന്നും അറിയില്ലെന്ന നിലയില്‍ അഭിപ്രായ പ്രകടനം നടത്തുന്നവര്‍ പാര്‍ട്ടിക്ക് മുകളിലാണെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ പോളിറ്റ്ബ്യൂറോ നിലപാടിനെതിരേ വി.എസ് അച്യുതാനന്ദന്‍ പരസ്യമായി രംഗത്തുവന്നതാണ് മേനോനെ ചൊടുപ്പിച്ചത്.
അതേസമയം മേനോന്‍ എത്രമാത്രം ഒച്ചവച്ചാലും മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ തമിഴ്‌നാട്ടില്‍ ജയലളിതയ്‌ക്കൊപ്പവും കേരളത്തില്‍ ജനങ്ങള്‍ക്കൊപ്പവും നില്‍്കുന്ന സിപിഎം കേന്ദ്രനേതൃത്വം പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്റെ വിവാദപ്രസ്താവന വെള്ളംചേര്‍ക്കാതെ വിഴുങ്ങുമെന്നാണ് സൂചന. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ പോളിറ്റ്ബ്യൂറോ നിലപാടിനെതിരേ വി.എസ് ശക്തമായി രംഗത്തുവന്നുവെങ്കിലും അദ്ദേഹത്തിനെതിരേ നടപടി വേണ്ടെന്നാണ് തത്വത്തില്‍ ധാരണ. പാര്‍ട്ടി പോളിറ്റ് ബ്യൂറോയെ പരസ്യമായി ലംഘിച്ചത് സംഘടനാപരമായി വലിയ കുറ്റമാണെങ്കിലും പി.ബിയെ കൊച്ചാക്കി വി.എസ് വളരുമെന്ന പേടിയിലാണ് നടപടി വേണ്ടെന്ന തീരുമാനത്തിനു പിന്നില്‍. വിഎസിനെതിരേ നടപടി വേണമെന്ന് ഒരുവിഭാഗം കേരള നേതാക്കള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും പി.ബി തല്‍ക്കാലം അതിനു വഴങ്ങില്ല.
സംസ്ഥാനത്തെ ജനങ്ങളുടെ വികാരത്തിനെതിരായ നിലപാടാണു പിബി സ്വീകരിച്ചതെന്നും പ്രസ്താവന തിരുത്താന്‍ തയാറാകണമെന്നും കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ വിഎസ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടതാണ് വിവാദങ്ങള്‍ക്കു തുടക്കമിട്ടത്. ജനങ്ങളുടെ അഭിപ്രായത്തിനനുസരിച്ച് പിബി അഭിപ്രായം മാറ്റുമെന്ന് ആശിക്കുന്നു. പുതിയ അണക്കെട്ടെന്ന ആവശ്യത്തെക്കുറിച്ചു പിബി മൗനം പാലിക്കുന്നു എന്ന തരത്തിലുള്ള അഭിപ്രായങ്ങളും വ്യാഖ്യാനങ്ങളും പറയാനും എഴുതാനുമുള്ള പൂര്‍ണ സ്വാതന്ത്ര്യം മാധ്യമ പ്രവര്‍ത്തകര്‍ക്കുണ്ട്. പ്രസ്താവന കേരളവികാരത്തിനു ഗുണകരമാകില്ല. പിബിയുടെ പ്രസ്താവനയില്‍ തമിഴ്‌നാടിനു വെള്ളം നല്‍കണമെന്ന ആവശ്യത്തിനു കൂടുതല്‍ ഊന്നല്‍ നല്‍കിയതിനെയും അച്യുതാനന്ദന്‍ വിമര്‍ശിച്ചു. ഈ വാര്‍ത്താസമ്മേളനത്തിനു ശേഷം ഡല്‍ഹിയില്‍ പ്രതികരിച്ച പിബി അംഗം സീതാറാം യെച്ചൂരി, പ്രസ്താവനയും നിലപാടും തിരുത്തില്ലെന്നു വ്യക്തമാക്കി. വിഎസിന്റെ പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് മറ്റൊരു പിബി അംഗമായ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്






