Random Posts

Saturday, November 5, 2011

രഹസ്യധാരണയുണ്ടാക്കി സി.പി.എം-ബി.ജെ.പി തടവുകാരെ വിട്ടയച്ചു - മുഖ്യമന്ത്രി

ബി.ജെ.പിയുമായി രഹസ്യധാരണയുണ്ടാക്കി ജയിലില്‍ കൊലപാതകം നടത്തിയയാള്‍ അടക്കം രണ്ട് ആര്‍.എസ്.എസുകാര്‍ക്ക് ഇടതുമുന്നണി സര്‍ക്കാര്‍ ഇളവുകള്‍ നല്‍കി വിട്ടയച്ചുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആരോപിച്ചു. സി.പി.എം. ബി.ജെ.പിയുമായി രഹസ്യധാരണയുണ്ടാക്കിയെന്ന ആരോപണം മുഖ്യമന്ത്രി തെളിയിക്കണമെന്ന് കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടു. ആര്‍. ബാലകൃഷ്ണപിള്ളക്ക് ശിക്ഷയില്‍ ഇളവുനല്‍കി വിട്ടയച്ചതുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നടന്ന ചര്‍ച്ചയിലാണ് സി.പി.എമ്മിനെതിരെ മുഖ്യമന്ത്രി ആരോപണം ഉന്നയിച്ചത്.

ബി.ജെ.പി. നേതാവായിരുന്ന ജയകൃഷ്ണന്‍ മാസ്റ്ററെ വധിച്ച കേസിലെ പ്രതികള്‍ക്ക് ഇളവുനല്‍കി വിട്ടയക്കാനാണ് സി.പി.എം. ബി.ജെ.പി. യുമായി ധാരണയിലേര്‍പ്പെട്ടത്. ഈ കേസിലെ പ്രതികള്‍ക്ക് ഇളവ് നല്‍കാന്‍ ശ്രമിച്ചപ്പോള്‍ ജയകൃഷ്ണന്‍ മാസ്റ്ററുടെ അമ്മ കോടതി മുഖേന അത് തടഞ്ഞു. ഇതേ തുടര്‍ന്ന് ബി. ജെ.പി. യുമായി സി.പി.എം. രഹസ്യധാരണയുണ്ടാക്കി. ബി.ജെ.പി. പറഞ്ഞ രണ്ട് തടവുകാര്‍ക്കുകൂടി മോചനം നല്‍കാമെന്നായിരുന്നു ധാരണ. ഒരു കൊലപാതകക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടെത്തുകയും ജയിലില്‍ വെച്ച് ഒരു സി.പി.എം. പ്രവര്‍ത്തകനെ കൊല്ലുകയും ചെയ്തയാള്‍ അടക്കമുള്ള രണ്ടു പേരെ മോചിപ്പിക്കാനാണ് കരാറായത്. ജീവപര്യന്തം തടവുകാര്‍ക്ക് അതുവരെ ഉണ്ടാകാത്തവിധം രണ്ടുവര്‍ഷത്തെ ഇളവുനല്‍കിയാണ് ഇത് സാധ്യമാക്കിയത്- മുഖ്യമന്ത്രി ആരോപിച്ചു.

ജയിലില്‍ സ്വന്തം പ്രവര്‍ത്തകനെ കൊന്ന പ്രതിയെ ചട്ടം ലംഘിച്ച് വിട്ടയച്ചവരാണ് ഫോണ്‍ ചെയ്തുവെന്ന പേരില്‍ ബാലകൃഷ്ണപിള്ളക്ക് ഇളവ് നല്‍കരുതെന്ന് ആവശ്യപ്പെടുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു.

ബാലകൃഷ്ണപിള്ളക്ക് ശിക്ഷ വിധിച്ചത് അഴിമതി കേസില്‍ അല്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ശരിയല്ലെന്നു കാണിച്ച് വി.എസ്. അച്യുതാനന്ദന്‍ പ്രത്യേക പരാമര്‍ശത്തിലൂടെയാണ് സഭയുടെ ശ്രദ്ധയില്‍ ഇത് കൊണ്ടുവന്നത്. ശിക്ഷാവിധിയില്‍ അഴിമതിക്കുറ്റത്തെ പരാമര്‍ശിക്കുന്ന വകുപ്പുകള്‍ വി.എസ്. വായിച്ചു. എന്നാല്‍ റിമാന്‍ഡ് ഉത്തരവിനെ അടിസ്ഥാനപ്പെടുത്തിയാണ് താന്‍ ഇക്കാര്യം ഉന്നയിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.