കൊച്ചി: വി.എസ് അച്യുതാനന്ദന്റെ പുത്രനാണ് വി.എ. അരുണ്‍ കുമാറെങ്കില്‍ വി.എസിന്റെ മാനസപുത്രനാണ് കൊച്ചി സ്വദേശി നന്ദകുമാര്‍. ദല്ലാള്‍ കുമാര്‍ എന്ന ഓമനപ്പേരും ഒട്ടേറ ദുരൂഹതകളുമാണ് അദ്ദേഹത്തെ പൊതിഞ്ഞുനില്‍ക്കുന്നത്. ഇപ്പോള്‍ അരുണ്‍കുമാറിനും നന്ദകുമാറിനും എതിരേ വ്യത്യസ്ഥ കേസുകളില്‍ അന്വേഷണം പുരോഗമിക്കുകയാണ്. പാര്‍ട്ടി സമ്മേളനങ്ങള്‍ പുരോഗമിക്കുന്ന ഘട്ടത്തില്‍ കേസിലെ വഴിത്തിരിവുകള്‍ വി.എസിന് പാരയാകുമോയെന്നാണ് ഇനി കണ്ടെറിയേണ്ടത്. കൊച്ചിയിലെ വിവാദസന്യാസിയും സ്ത്രീപീഡനക്കേസില്‍ ഇപ്പോള്‍ ജയിലില്‍ക്കഴിയുന്നയാളുമായ സന്തോഷ് മാധവനില്‍ നിന്ന് 80 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് അരുണ്‍കുമാറിനെ വിജിലന്‍സ് സംഘം ചോദ്യംചെയ്യുന്നത്. ഏതാനും ദിവസം മുന്‍പു പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തി ഒരു പകല്‍ മുഴുവന്‍ സന്തോഷ് മാധവനെയും വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു.
തനിക്കു സന്തോഷ് മാധവനെ അറിയില്ലെന്നും പണം വാങ്ങിയിട്ടില്ലെന്നും അരുണ്‍ കുമാര്‍ അന്വേഷണസംഘത്തോടു പറഞ്ഞതായി അറിവായി. അതേസമയം പണം നല്‍കിയെന്ന പരാതിയില്‍ സന്തോഷ് മാധവന്‍ ഉറച്ചുനില്‍ക്കുകയാണ്. വൈക്കത്തിനടുത്തു വടയാറില്‍ 120 ഏക്കര്‍ പാടശേഖരം നികത്താന്‍ അനുമതി ശരിയാക്കിത്തരാമെന്നു പറഞ്ഞ് അരുണ്‍കുമാറും മുന്‍ ഗവ. പ്ലീഡറായിരുന്ന ദീപ്തി പ്രസേനനും ചേര്‍ന്ന് 80 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണു സന്തോഷ് മാധവന്റെ പരാതി. സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് മുഖേന മുഖ്യമന്ത്രിക്കാണു കഴിഞ്ഞ ജൂലൈ അഞ്ചിനു സന്തോഷ് മാധവന്‍ പരാതി നല്‍കിയത്.
തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് (രണ്ട്) എസ്പി: പി. രാധാകൃഷ്ണനും സംഘവുമാണ് അരുണ്‍കുമാറിനെ വിജിലന്‍സ് ഓഫിസില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. നാലു മണിക്കൂറിലേറെ ചോദ്യം ചെയ്‌തെങ്കിലും വിശദാംശം വെളിപ്പെടുത്താന്‍ അന്വേഷണസംഘം തയാറായില്ല. ജയില്‍ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലാണു സന്തോഷ് മാധവനെ ചോദ്യം ചെയ്തത്. വടയാറില്‍ 120 ഏക്കര്‍ പാടശേഖരം നികത്താന്‍ അനുമതി വാങ്ങിനല്‍കാമെന്നു പറഞ്ഞ് അരുണ്‍കുമാറും മുന്‍ ഗവ. പ്ലീഡറും ചേര്‍ന്ന് 80 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നു പരാതിയില്‍ പറഞ്ഞതു പോലെ വിജിലന്‍സ് ഡിവൈഎസ്പിയോടും പറഞ്ഞു. വടയാറില്‍ 120 ഏക്കര്‍ പാടശേഖരം വില്‍പനയ്ക്കു തയാറാണെന്നു തന്റെ മാനേജര്‍ ശങ്കര്‍ മേനോനാണ് അറിയിച്ചത്. മുന്‍ ഗവ. പ്ലീഡറും മൂന്നു സിപിഎം നേതാക്കളും തന്നെ വന്നു കണ്ട് ഭൂമി നികത്താന്‍ അനുമതി വാങ്ങിത്തരാമെന്നു വാഗ്ദാനം ചെയ്തു.
2006 ഒക്‌ടോബര്‍ ആറിന് എംജി റോഡില്‍ ഫെഡറല്‍ ബാങ്ക് ശാഖയില്‍ നിന്ന് (അക്കൗണ്ട് നമ്പര്‍ 8205) 80 ലക്ഷം രൂപ പിന്‍വലിച്ച്, ഒക്‌ടോബര്‍ ഏഴിനു തലയോലപ്പറമ്പിലെ ലോഡ്ജില്‍ വച്ചു കൈമാറി. കറുത്ത ബാഗിലിട്ട് 70 ലക്ഷം രൂപ അരുണ്‍കുമാറിനും ബിഗ്‌ഷോപ്പറിലുള്ള പത്തു ലക്ഷം രൂപ ഗവ. പ്ലീഡര്‍ക്കുമാണു നല്‍കിയതെന്നു സന്തോഷ് മാധവന്‍ പറഞ്ഞു. ഗവ. പ്ലീഡറുടെ കാറിലാണ് അരുണ്‍കുമാര്‍ വന്നതെന്നും ലോഡ്ജിലെ ജീവനക്കാരും മറ്റും ഇവര്‍ വന്നുപോകുന്നതിനു സാക്ഷികളാണെന്നും സന്തോഷ് മാധവന്‍ പരാതിയില്‍ ആരോപിച്ചിരുന്നു. നിലം നികത്താന്‍ അനുവാദം ലഭിക്കാത്തതിനാല്‍ തുക തിരിച്ചു ചോദിച്ചു. അപ്പോഴാണു തന്നെ കള്ളക്കേസുകളില്‍ കുടുക്കിയതെന്നാണു സന്തോഷ് മാധവന്‍ പറയുന്നത്. മുന്‍ ഗവ. പ്ലീഡറെയും ലോഡ്ജ് ജീവനക്കാരെയും വൈകാതെ ചോദ്യം ചെയ്യും.
സന്തോഷ് മാധവന്റെ പരാതിയെക്കുറിച്ച് രഹസ്യ അന്വേഷണം നടത്താനാണ് ആദ്യം സര്‍ക്കാര്‍ ഉത്തരവിട്ടത്. എന്നാല്‍ തടവുകാരനെ രഹസ്യമായി ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നും ജയില്‍ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യണമെങ്കില്‍ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടണമെന്നും വിജിലന്‍സ് ഡയറ്കടര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണത്തിനു സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു. സുപ്രീംകോടതി ജഡ്ജിയുടെ പേരിലുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന കേസിലാണ് നന്ദകുമാറിനെതിരേ അന്വേഷണം. കേന്ദ്ര ഏജന്‍സികളുടെ നേതൃത്വത്തിലാണ് അന്വേഷണം. മാസങ്ങള്‍ക്ക് മുമ്പ് കൈംബ്രാഞ്ച് അധികൃതര്‍ ഇയാളുടെ വീട് റെയ്ഡ് ചെയ്യാനെത്തിയിരുന്നു.
മൊബൈല്‍ഫോണ്‍ നമ്പര്‍ എടുത്തിരിക്കുന്ന അഡ്രസ് നോക്കി വീട് കണ്ടുപിടിക്കാന്‍ ശ്രമിച്ചപ്പോഴാണ് ഇത് സുപ്രീം കോടതി ജഡ്ജിയുടെ വീടിന്റെ വിലാസമാണ് എന്ന് ക്രൈം ബ്രാഞ്ച് മനസിലാക്കിയത്. അതോടെ റെയ്ഡ് നടത്താതെ ഉദ്യോഗസ്ഥര്‍ക്ക് പിന്‍മാറേണ്ടി വന്നു. ഇതെ തുടര്‍ന്ന് സുപ്രീം കോടതി ജഡ്ജിയുടെ വിലാസം വ്യാജമായി നല്‍കി മോബൈല്‍ ഫോണ്‍ കണക്ഷന്‍ എടുത്തതിന് ഇയാള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ഡി ജി പി ജേക്കബ് പൂന്നൂസ് ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കി. എന്നാല്‍ വിദേശത്ത് നിന്നും ഹവാല പണം കടത്തുന്ന ലോബികളുമായി അടുത്ത് ബന്ധമുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ കരുതുന്ന ദല്ലാള്‍ കുമാറിന് എങ്ങനെ സുപ്രീം കോടതി ജഡ്ജിയുടെ വിലാസം ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ നമ്പര്‍ നേടാന്‍ കഴിഞ്ഞുവെന്നത് കേന്ദ്ര അന്വേഷണ ഏജന്‍സികളെക്കൂടി അത്ഭുതപ്പെടുത്തുന്നു.
സംസ്ഥാന ക്രൈംബ്രാഞ്ചിന് ഇയാളുടെ വീട്ടില്‍ റെയ്ഡ് നടത്താന്‍ കഴിയാതെ പോയത് കേന്ദ്ര ഏജന്‍സികള്‍ ഗൗരവമായി തന്നെ എടുത്തിട്ടുണ്ട്. ഏതാണ്ട് 100 കോടി രൂപയുടെ സ്വത്താണ് ഇയാള്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ സമ്പാദിച്ചത് . എന്നാല്‍ കേവലം പത്താം ക്‌ളാസ് വിദ്യാഭ്യാസം മാത്രമുളള ഇയാള്‍ യാതൊരു സ്രോതസും കാണിക്കാതെ ഇത്രയും തുക എങ്ങിനെ സമ്പാദിച്ചുവെന്നാണ് ഏജന്‍സികളെ കുഴയ്ക്കുന്നത്. റിലയന്‍സിന്റെ കണ്‍സള്‍ട്ടന്റാണ് താന്‍ എന്നാണ് ഇയാള്‍ പറയുന്നതെങ്കിലും കേവല വിദ്യാഭ്യാസം മാത്രമുള്ള ഇയാള്‍ ഏങ്ങിനെ ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയുടെ കണ്‍സള്‍ട്ടന്റായി എന്നതും അത്ഭുതം ജനിപ്പിക്കുകയാണ്







