Random Posts

Saturday, November 12, 2011

പിണറായിയുടെ കോലംകത്തിക്കുന്നവരെ തല്ലും: ജോര്‍ജിന്റെ കോലംകത്തിക്കുന്നവര്‍ക്കു കാവല്‍നില്‍ക്കും


കോട്ടയം: കേരളത്തില്‍ ഭരണംമാറിയത് കോട്ടയത്തെ പോലീസ് സഖാക്കള്‍ അറിഞ്ഞിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു ഇന്നലെയാണ് മനസിലായത്. സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്റെ കോലംകത്തിക്കാന്‍ ശ്രമിച്ചവരെ പോലീസ് ക്രൂരമായി തല്ലിച്ചതച്ചത് ഇന്നലെ വൈകുന്നേരമാണ്. പിണറായിയുടെ കോലം കത്തിക്കാന്‍ ശ്രമിച്ച യൂത്ത് ഫ്രണ്ട് (എം) പ്രവര്‍ത്തകര്‍ക്കുനേരെ ഡിവൈഎഫ്‌ഐക്കാര്‍ കല്ലെറിഞ്ഞതിനെത്തുടര്‍ന്നാണ് തിങ്കളാഴ്ച കോട്ടയം നഗരത്തില്‍ സംഘര്‍ഷവും ലാത്തിച്ചാര്‍ജും അരങ്ങേറിയത്. തിരിച്ച് കല്ലെറിഞ്ഞ യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ യൂത്ത് ഫ്രണ്ട് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ഒരു എസ്‌ഐ അടക്കം മൂന്നു പോലീസുകാര്‍ക്കും പരിക്കുപറ്റി.

 ജില്ലാ വൈസ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ജോസഫ്, സംസ്ഥാന കമ്മിറ്റിയംഗം ജോസഫ് സൈമണ്‍ എന്നിവരുള്‍പ്പെടെ പരിക്കേറ്റ യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം വെസ്റ്റ് എസ്‌ഐ വി.എസ്.ജയപ്രകാശ്, ക്യാമ്പില്‍നിന്നുള്ള പോലീസുകാരായ സുജീഷ്, വിജി തോമസ് എന്നിവര്‍ക്കാണ് ഡിവൈഎഫ്‌ഐ, സിപിഎം പ്രവര്‍ത്തകരുടെ കല്ലേറില്‍ പരിക്കേറ്റത്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചീഫ്‌വിപ്പ് പി.സി.ജോര്‍ജ്ജിനെ മോശമായി ചിത്രീകരിച്ച് ജില്ലയിലുടനീളം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഫഌ്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചതില്‍ പ്രതിഷേധിക്കാന്‍ പ്രകടനം നടത്തിയ യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകര്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ കോലം കത്തിക്കാന്‍ ശ്രമിച്ചു. ഇതിനിടെ സിപിഎം പ്രവര്‍ത്തകര്‍ കല്ലെറിയുകയായിരുന്നു. യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകര്‍ തിരിച്ചും കല്ലെറിഞ്ഞതോടെ സംഘര്‍ഷാവസ്ഥയായി. തുടര്‍ന്ന് പോലീസ് ലാത്തി വീശി. യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകര്‍ കത്തിക്കാനായിക്കൊണ്ടുവന്ന കോലം സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൊണ്ടുപോയി.

തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിയോടെ തിരുനക്കരയിലാണ് സംഭവം. കൂടുതല്‍ സിപിഎം പ്രവര്‍ത്തകര്‍ തിരുനക്കരയിലെത്തിയത് പ്രശ്‌നം സങ്കീര്‍ണ്ണമാക്കി. പോലീസിന്റെ സമയോചിതമായ ഇടപെടല്‍മൂലമാണ് രംഗം ശാന്തമായത്. എന്നാല്‍, പോലീസ് ഉദ്യോഗസ്ഥര്‍ യൂത്ത് ഫ്രണ്ട് (എം) പ്രവര്‍ത്തകരെ സഹായിക്കുന്ന നിലപാടാണ് കൈക്കൊണ്ടതെന്ന് വി.എന്‍.വാസവന്‍ കുറ്റപ്പെടുത്തി. യൂത്ത് ഫ്രണ്ട് (എം) പ്രവര്‍ത്തകരെ പോലീസും സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച ജില്ലയില്‍ കരിദിനമാചരിക്കുമെന്ന് യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോബ് മൈക്കിള്‍ അറിയിച്ചു. യൂത്ത് ഫ്രണ്ട് (എം) പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവം അപലപനീയമാണെന്ന് കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ഇ.ജെ.ആഗസ്തി പറഞ്ഞു.

മന്ത്രിമാരുടെ കോലങ്ങള്‍ കത്തിക്കുന്നത് തടയാന്‍ ആരും ശ്രമിക്കുന്നില്ല. സിപിഎം നേതാക്കളുടെ കോലം കത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ മാത്രം ആക്രമണത്തിനു വരുന്നത് ഫാസിസത്തിന് ഉദാഹരണമാണെന്നും ആഗസ്തി പറഞ്ഞു. യൂത്ത്ഫ്രണ്ട്(എം) പ്രവര്‍ത്തകരെ കല്ലെറിഞ്ഞ സംഭവത്തില്‍ രണ്ട് സി.പി.എം., ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്തു. തിരുവാതുക്കല്‍ പുതുപ്പറമ്പില്‍ മഹേഷ് (20), തിരുവാതുക്കല്‍ കോട്ടാപ്പൊയ്കയില്‍ ദേവദാസ്(35) എന്നിവരെയാണ് കോട്ടയം വെസ്റ്റ് സി.ഐ.യുടെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. കല്ലേറില്‍ എസ്.ഐ.ക്കും രണ്ട് പോലീസുകാര്‍ക്കും പരിക്കേറ്റിരുന്നു. പോലീസുദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും അകാരണമായി കൂട്ടംകൂടിയതിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

അതേസമയം സിപിഐ വനിതാ വിഭാഗമായ മഹിളാസംഘം കഴിഞ്ഞയാഴ്ച ഗാന്ധിപ്രതിമയ്ക്കു സമീപം പി.സി. ജോര്‍ജിന്റെ കോലം കത്തിച്ചപ്പോള്‍ പോലീസ് കാഴ്ചക്കാരെപ്പോലെ നോക്കി നിന്നിരുന്നു. ഇന്നലെ ഇതേസ്ഥലത്തു പിണറായി വിജയന്റെ കോലവുമായി എത്തിയ യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐക്കാര്‍ കല്ലെറിഞ്ഞപ്പോള്‍ പോലീസും കൂടെക്കൂടി ലാത്തിച്ചാര്‍ജ് നടത്തി. പി.സി. ജോര്‍ജിന്റെ മുഖവും നായയുടെ ഉടലുമായി ഇതേസ്ഥലത്ത് വെള്ളിയാഴ്ച ഡിവൈഎഫ്‌ഐക്കാര്‍ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചപ്പോഴും പോലീസ് നടപടി വൈകി. പിണറായിയുടെ പിന്തുണയോടെ സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണു യൂത്ത് ഫ്രണ്ട് ഇന്നലെ പ്രതിഷേധ സമരം നടത്തിയത്.

പ്രതിഷേധക്കാരെ എങ്ങനേയും തുരത്തി ഓടിക്കുകയായിരുന്നു സിപിഎമ്മിന്റെ ലക്ഷ്യം. നഗരത്തില്‍ സംഘര്‍ഷാവസ്ഥ സംജാതമായതോടെ ഗുഡ്‌ഷെഡ് ഉള്‍പ്പെടെയുള്ള പ്രദേശത്തുനിന്നു സിഐടിയു ചുമട്ടുതൊഴിലാളികളെ നഗരത്തില്‍ ഇറക്കി. ഇതോടെ സംഘര്‍ഷാവസ്ഥ മൂര്‍ഛിച്ചു. സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് വി.എന്‍. വാസവന്റെ നേതൃത്വത്തില്‍ ഡിവൈഎസ്പിയുടെ അടുത്തെത്തി സിപിഎമ്മിന്റെ ഭാഗം ന്യായീകരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ആദ്യം കല്ലേറു നടത്തിയത് സിപിഎം ആണെന്ന് ഡിവൈഎസ്പിയും സിഐയും വി.എന്‍. വാസവനു മറുപടി നല്കി. മുദ്രാവാക്യം വിളിയും കോലംകത്തിക്കലും നടന്നുകൊണ്ടിരിക്കെ ഗാന്ധിസ്‌ക്വയറില്‍ വന്നുവീണ കല്ലില്‍ തട്ടി മണിക്കൂറുകളോളം നഗരം സ്തംഭിച്ചു. വന്‍ പൊലീസ് സന്നാഹമൊരുക്കി കാത്തുനിന്നിട്ടും അക്രമം തടയാന്‍ സാധിച്ചില്ല.

അന്‍പതോളം വരുന്ന യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകര്‍ പിണറായിയുടെ കോലവുമായി നഗരത്തിലൂടെ പ്രകടനമായെത്തുമ്പോള്‍ വഴിയില്‍ നിറയെ പൊലീസുണ്ടായിരുന്നു. പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ ഗാന്ധിസ്‌ക്വയറില്‍ എത്തിയതോടെയാണു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഉദ്ഘാടനത്തിനു ശേഷം സംസ്ഥാന പ്രസിഡന്റ് ജോബ് മൈക്കിള്‍ കോലം കത്തിക്കാന്‍ തീപ്പെട്ടി ഉരച്ചു, മൂന്നു തവണ തീപ്പെട്ടി ഉരച്ചിട്ടും കത്തിയില്ല. ഇതിനിടയിലേക്ക് ഒരു കല്ലു വന്നു വീഴുകയായിരുന്നു. പിന്നെ തിരുനക്കരയില്‍ യുദ്ധക്കളമായി. കല്ലു വീണതിനു പിന്നാലെ യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കിടയിലേക്ക് കുറെ സിപിഎം പ്രവര്‍ത്തകര്‍ പാഞ്ഞടുത്തു. ജോബ് മൈക്കിളിനെ കയ്യേറ്റം ചെയ്തു കയ്യില്‍ നിന്നു പിണറായിയുടെ കോലം വലിച്ചു നിലത്തിട്ടു. കല്ലേറുമുണ്ടായി. ഇതോടെ യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകര്‍ പിന്‍തിരിഞ്ഞോടി.

ഇരുവിഭാഗത്തിനുമിടയിലേക്കു പൊലീസ് നിരന്നതോടെ എംസി റോഡിലെ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. തിരിഞ്ഞോടിയ യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകര്‍ തിരുനക്കര മൈതാനത്തിനു സമീപത്തു വീണ്ടും സംഘടിച്ചു തിരിച്ചെത്തി കല്ലേറു തുടങ്ങി. ഈ സമയം കൂടുതല്‍ സിപിഎം, ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. ഇതോടെ കല്ലേറു രൂക്ഷമായി.അതോടെ പൊലീസ് ലാത്തി വീശി. പിന്‍തിരിഞ്ഞോടിയ യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകരെ പൊലീസ് പിന്നാലെയെത്തി തിരുനക്കര മൈതാനത്തിട്ട് അടിച്ചു. ഓടുന്നതിനിടെ നിലത്തുവീണ പ്രവര്‍ത്തകനെ അവിടെയിട്ടും പൊലീസുകാര്‍ മര്‍ദിച്ചു. അടിയില്‍ നിന്നും ഏറില്‍ നിന്നും രക്ഷപ്പെടാന്‍ മൈതാനത്തെ ബാത്ത്‌റൂമിനുള്ളില്‍ കയറി ഒളിച്ച ആള്‍ക്കും കിട്ടി അടി. പി.സി. ജോര്‍ജിനെ തെരുവുനായയോട് ഉപമിച്ച് ഡി.വൈ.എഫ്.ഐയുടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ജില്ലയിലെമ്പാടും സ്ഥാപിച്ചിരിക്കുകയാണ്.

കോട്ടയം നഗരത്തിലെ തിരുനക്കര, ഗാന്ധിസ്‌ക്വയര്‍, കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് എന്നിവിടങ്ങളിലാണ് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. 'ഈ തെരുവുനായയുടെ കുര സാംസ്‌കാരിക കേരളത്തിന് അപമാനം' എന്ന തലക്കെട്ടില്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് സമീപം സ്ഥാപിച്ച ബോര്‍ഡ് പൊലീസുകാര്‍ അഴിച്ചുമാറ്റിയത് കഴിഞ്ഞദിവസം നേരിയതോതില്‍ സംഘര്‍ഷത്തിന് വഴിവെച്ചു. അഴിച്ചുമാറ്റിയ പൊലീസ് നടപടിക്കെതിരെ രംഗത്തെത്തിയ ഡി.വൈ.എഫ്.ഐക്കാര്‍ സമീപത്തുണ്ടായിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഫ്‌ളക്‌സ് ബോര്‍ഡ് അടിച്ചുതകര്‍ത്തു.

ഗാന്ധിസ്വകയറില്‍ സ്ഥാപിച്ച ബോര്‍ഡ് രാവിലെ അഴിച്ചുമാറ്റാന്‍ പൊലീസ് എത്തിയെങ്കിലും പോസ്‌റ്റോഫിസ് ഉപരോധത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ ഓടിയെത്തിയതിനാല്‍ ശ്രമം വിഫലമായി. പിന്നീട് ഉച്ചക്ക് ശേഷവും പൊലീസിന്റെ ശ്രമം ഉണ്ടായെങ്കിലും പ്രവര്‍ത്തകര്‍ പ്രതിരോധം തീര്‍ത്തു. വൈകുന്നേരത്തോടെ സ്റ്റാന്‍ഡിന് സമീപം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വീണ്ടും അതേ ബോര്‍ഡ് സ്ഥാപിച്ചു.നൂറുകണക്കിന് പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്‌