കൊച്ചി: കോണ്‍ഗ്രസ് പുനഃസംഘടന കഴിയുമ്പോള്‍ ഉണ്ടാകുന്ന അതൃപ്തരെ കൂട്ടുപിടിച്ച് പുതിയ രാഷ് ട്രീയപാര്‍ട്ടി ഉണ്ടാക്കാമെന്ന എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മോഹം അടുത്തെങ്ങും പൂവണിയുമെന്നു തോന്നുന്നില്ല. കോണ്‍ഗ്രസ് പുനസംഘടന ഇനിയും വൈകുമെന്നാണ് സൂചന. യുവാക്കളെ കൂടുതലായി ഉള്‍പ്പെടുത്തിയ സംഘടനയെ ചലനാത്മകമാക്കാനുള്ള രാഹുല്‍ഗാന്ധിയുടെ തീരുമാനമാണ് പുനഃസംഘടന വൈകിപ്പിക്കുന്നത്. കേരളത്തിലെ നേതാക്കള്‍ രാഹുലിന് അനുകൂല നിലപാടുമാണ് സ്വീകരിച്ചിരിക്കുന്നത്. ഇതോടെ സംഘടനാനേതൃത്വം ശക്തിപ്പെടുത്തുക ലക്ഷ്യമിട്ട് ഉദ്ദേശിച്ചിരിക്കുന്ന അഴിച്ചുപണി ഇതോടെ വൈകുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
കെ.പി.സി.സി. ഭാരവാഹികളെയും ഡിസിസി അദ്ധ്യക്ഷന്മാരെയും തീരുമാനിക്കുന്നതിനു രാഹുല്‍ഗാന്ധി നേരിട്ട് ഇടപെട്ടിരിക്കുകയാണ്. ഗ്രൂപ്പുകള്‍ക്ക് അതീതരായി കഴിവിന്റെയും പ്രവര്‍ത്തനമികവിന്റെയും മാത്രം അടിസ്ഥാനത്തില്‍ മേലെത്തട്ടില്‍ നേതൃത്വം രൂപപ്പെട്ടുവരണമെന്നതാണ് രാഹുലിന്റെ കാഴ്ചപ്പാട്. കൂടുതല്‍ യുവാക്കള്‍ സംഘടനാനേതൃത്വത്തിലേക്കു വരണമെന്നും രാഹുല്‍ ആഗ്രഹിക്കുന്നു. ഇതിന്റെടയിസ്ഥാനത്തില്‍ ഇന്നലെ തന്നെ സന്ദര്‍ശിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കാണ് രാഹുല്‍ ഗാന്ധി പത്ത് പേരടങ്ങുന്ന മുന്‍ഗണനാ ക്രമത്തിലുള്ള പട്ടിക നല്‍കി. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹിത്വത്തില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നവരുടെ പട്ടികയാണ് കെ.പി.സി.സി. സെക്രട്ടറി അടക്കമുള്ള സ്ഥാനങ്ങളിലേക്ക് രാഹുല്‍ഗാന്ധി നല്‍കിയിരിക്കുന്നത്.
രാഹുല്‍ഗാന്ധിയുടെ പട്ടിക ലഭിച്ചതിനെ തുടര്‍ന്ന് കെ.പി.സി.സി. അദ്ധ്യക്ഷന്‍ രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിരോധ മന്ത്രി എ.കെ. ആന്റണിയുമായി ചര്‍ച്ച നടത്തി. രാഹുല്‍ ഗാന്ധിയുടെ പട്ടിക പൂര്‍ണ്ണമായും അംഗീകരിക്കുകയാണെങ്കില്‍ നിലവിലുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പലരും സംഘടനാ ഭാരവാഹിത്വത്തില്‍ നിന്നും പുറത്താകുമെന്നതാണ് ഏക പ്രതിസന്ധി. ഇതിനിടെ വി.എം. സുധീരനെ ഏക വൈസ് പ്രസിഡന്റാക്കണമെന്ന നിര്‍ദ്ദേശം ഹൈക്കമാന്റിന്റെ ഒരു വിഭാഗത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. മുമ്പ് കെ. മുരളീധരന്‍ ഏക വൈസ് പ്രസിഡന്‍ായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വി.എം. സുധീരനെ ഏക വൈസ് പ്രസിഡന്റാക്കി അടുത്ത ലോക് സഭ ,നിയമസഭ ഉപതിരഞ്ഞെടുപ്പുകളെ നേരിടാന്‍ പാര്‍ട്ടിക്ക് പ്രതിച്ഛായ നല്‍കുന്നതാണ് ഈ നിര്‍ദ്ദേശങ്ങള്‍ക്ക് പിന്നില്‍.
ഗ്രൂപ്പടിസ്ഥാനമുണ്ടാകുമെങ്കിലും ഗ്രൂപ്പ് പരിഗണനയ്ക്കപ്പുറം യോഗ്യത മാനദണ്ഡമാക്കണമെന്നയാവശ്യം ഇത്തവണ നേതാക്കളില്‍ ശക്തമാണ്. പുതിയ ഭാരവാഹികളില്‍ 20 ശതമാനം പേരെയെങ്കിലും ഗ്രൂപ്പിനതീതമായി കണ്ടെത്തണമെന്ന് ഗ്രൂപ്പിനതീതമായി നില്‍ക്കുന്ന മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെടുന്നു. ഭാരവാഹികള്‍ സംബന്ധിച്ച് പാര്‍ട്ടിയുടെ വിവിധതലങ്ങളില്‍ അനൗപചാരിക ചര്‍ച്ചകള്‍ ശക്തമായിട്ടുണ്ട്. തിരുവനന്തപുരത്ത് കെ. മോഹന്‍കുമാര്‍, കരകുളം കൃഷ്ണപിള്ള, ശരത്ചന്ദ്രപ്രസാദ് എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍തൂക്കം. കൊല്ലത്തും 'ഐ' ഗ്രൂപ്പിനാണ് പ്രസിഡന്റ് സ്ഥാനം. കെ.കരുണാകരന്‍ പിള്ളയോ, സുരേഷ്ബാബുവോ പ്രസിഡന്റാകാനാണ് സാധ്യത. ആലപ്പുഴയില്‍ പ്രസിഡന്റിനെ മാറ്റണമോയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. നിലവിലുള്ള പ്രസിഡന്റ് എ.എ. ഷുക്കൂറിനെ മാറ്റി എം. ലിജുവിനെ പ്രസിഡന്റാക്കണമെന്ന് താത്പര്യപ്പെടുന്ന വിഭാഗമുണ്ട്. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് പ്രായപരിധിക്കുള്ളില്‍ നില്‍ക്കുന്ന ലിജുവിനെ ഇപ്പോഴേ ഡി.സി.സിയിലേക്ക് കൊണ്ടുവരാന്‍ സാധ്യതയില്ല. മാത്രവുമല്ല കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയായി നിയമിക്കപ്പെട്ടത് ലിജു പാര്‍ട്ടി സ്ഥാനത്തേയ്ക്ക് വരില്ല എന്നത് ഉറപ്പിച്ചു.
കോഴിക്കോട്ട് കെ.സി. അബുവിന് മാറ്റമുണ്ടാകും. 'എ' വിഭാഗം പ്രസിഡന്റ് സ്ഥാനം വഹിച്ചുപോരുന്ന ഇവിടെ പകരമെത്തുക ടി. സിദ്ദിഖോ എന്‍.പി. മൊയ്തീനോ ആയിരിക്കും. കണ്ണൂരില്‍ കെ. സുധാകരനും പി. രാമകൃഷ്ണനുമായുള്ള തര്‍ക്കം രൂക്ഷമായതിനാല്‍ മാറ്റം നിശ്ചയമാണ്. സുധാകരന്റെ അനുയായികള്‍ക്കാര്‍ക്കെങ്കിലുമായിരിക്കും പ്രസിഡന്റ് സ്ഥാനം നല്‍കുക. കാസര്‍കോട്ട് വെളുത്തമ്പു മാറിയേക്കും. പകരം ഗംഗാധരന്‍ നായര്‍ക്കാണ് സാധ്യത. മറ്റ് ഡി.സി.സികളില്‍ പ്രസിഡന്റുമാര്‍ക്ക് കാര്യമായ മാറ്റമുണ്ടാകില്ല. ആറ് ഡി.സി.സി പ്രസിഡന്റുമാര്‍ക്കെങ്കിലും മാറ്റം വരുത്താനാണ് പ്രാഥമിക ചര്‍ച്ചകളില്‍ ഉണ്ടായ ധാരണ.
കോട്ടയം, തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റുമാരായ കെ.സി. ജോസഫും വി.എസ്. ശിവകുമാറും മന്ത്രിമാരായതിനാലാണ് പുതിയ ആളുകളെ തേടുന്നത്. കണ്ണൂരില്‍ ഡി.സി.സി പ്രസിഡന്റ് പി. രാമകൃഷ്ണനും കെ. സുധാകരന്‍ എം.പിയും തമ്മിലുള്ള അഭിപ്രായവ്യത്യാസമാണ് മാറ്റത്തിന് കാരണം. കോഴിക്കോട്, കാസര്‍കോട്, കൊല്ലം ജില്ലകളില്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ മോശമായ പ്രകടനം മൂലം ഡി.സി.സി പ്രസിഡന്റുമാരെ മാറ്റാനാണ് ഉദ്ദേശിക്കുന്നത്. കൂടാതെ ജനപ്രതിനിധികളായ കെ.പി.സി.സി ഭാരവാഹികളെയും മാറ്റും. മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ. സുധാകരന്‍, എം.കെ. രാഘവന്‍, എന്‍.പീതാംബരക്കുറുപ്പ്, ജോസഫ് വാഴയ്ക്കന്‍, ബെന്നി ബെഹനാന്‍, ടി.എന്‍.പ്രതാപന്‍ എന്നിവര്‍ക്ക് കെ.പി.സി.സി ഭാരവാഹിത്വം നഷ്ടപ്പെടും. കെ.പി.സി.സി പ്രസിഡന്റിനു മാത്രമേ ഇക്കാര്യത്തില്‍ ഇളവ് ലഭിക്കൂ. ഒരാള്‍ക്ക് ഒരു പദവിയെന്നത് നടപ്പാക്കണമെന്ന് പാര്‍ട്ടി കേന്ദ്ര നേതൃത്വവും നിര്‍ദേശിച്ചിട്ടുണ്ട്.
കെ.പി.സി.സി തലത്തിലുള്ള മാറ്റങ്ങളിലേക്കും പേരുകള്‍ സജീവമായി ഉയര്‍ന്നുതുടങ്ങി. വി.എസ്. വിജയരാഘവന്‍ , എം.എം. ഹസ്സന്‍ എന്നിവരുടെ പേരുകള്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയരുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തമ്പാനൂര്‍ രവി, കെ. മോഹന്‍കുമാര്‍, പദ്മജാ വേണുഗോപാല്‍, പീലിപ്പോസ് തോമസ്, വി.വി. പ്രകാശ്, ജെയ്‌സണ്‍ ജോസഫ്, സതീശന്‍ പാച്ചേനി, വി.കെ.ശ്രീകണ്ഠന്‍, എം.എം നസീര്‍, എം. മണികണ്ഠന്‍ എന്നിവരുടെ പേരുകള്‍ പരിഗണിക്കുന്നു. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ ടി. സിദ്ദിഖ്, കെ.പി.അനില്‍കുമാര്‍ എന്നിവരെയും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവന്നേക്കുമെന്നുമാണ് ധാരണ. ഏതായാലും വലിയ ഒച്ചപ്പാടുകളില്ലാതെ ഇത്തവണ പുനഃസംഘടന പൂര്‍ത്തിയാക്കാമെന്ന ധാരണയില്‍ത്തന്നെയാണ് കോണ്‍ഗ്രസ് സംസ്ഥാന-കേന്ദ്രനേതൃത്വങ്ങള്‍.
ഇതിനിടെയാണ് വെള്ളാപ്പള്ളി കാത്തിരിക്കുന്നത്. കോണ്‍ഗ്രസ് പുനഃസംഘടന കഴിഞ്ഞ് അസംതൃപ്തരെ ചേര്‍ത്ത് എസ്.എന്‍.ഡി.പി. യോഗം രാഷ്ട്രീയവേദി ഉണ്ടാക്കുമെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇടതു വലുതു മുന്നണികള്‍ വിട്ടുവരുന്നവര്‍ ഉള്‍ക്കൊള്ളുന്ന സംഘടന എസ്.എന്‍.ഡി.പി.യുടെ രാഷ്ട്രീയ പാര്‍ട്ടിയാകില്ലെന്നും വെള്ളാപ്പള്ളി മനപ്പായസം കാണുന്നു. ഇടതുപക്ഷവും വലതുപക്ഷവും പിന്നാക്കക്കാരെ അവഗണിക്കുകയാണ്. ഇടതു പക്ഷം സവര്‍ണശക്തികളുടെ തടവറയിലാണ്. യു.ഡി.എഫ്. നേരത്തെമുതല്‍ സവര്‍ണ ന്യൂനപക്ഷശക്തികളുടെ അടിമകളാണ്. എല്‍.ഡി.എഫ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ബില്‍ നടപ്പിലാക്കാതിരുന്നതും അച്യുതാനന്ദനെ മുഖ്യമന്ത്രിയാക്കരുതെന്ന് പെരുന്നയില്‍വന്ന എല്‍.ഡി.എഫ്. കണ്‍വീനറോട് പറഞ്ഞപ്പോള്‍ പ്രതികരിക്കാതിരുന്നതും യു.ഡി.എഫ്. പിന്നാക്കവകുപ്പ് രൂപീകരിക്കും മുമ്പ് മുന്നാക്ക വികസന കോര്‍പ്പറേഷന്‍ രൂപീകരിച്ചതും ഉദാഹരണങ്ങളാണ്.
കമ്മ്യൂണിസ്റ്റുകാര്‍ക്ക് സമുദായത്തിന്റെ വോട്ട് കിട്ടിയിട്ടും ജമാഅത്ത് സഹായിച്ചെന്നാണ് പറഞ്ഞത്. ഈഴവന്റെ വോട്ട് വാങ്ങി അധികാരത്തില്‍ വന്നാല്‍ ഇടതുവലതു സര്‍ക്കാരുകള്‍ക്ക് ഈഴവന്‍ സഹായിച്ചെന്ന് പറയാന്‍ മടിയാണ്. ഇങ്ങനെപോയാല്‍ സമുദായം അന്യം നിന്നുപോകുന്ന അവസ്ഥവരും. ബി.ജെ.പി.യ്ക്ക് സവര്‍ണ അജണ്ടയാണുള്ളത്. അതിനാല്‍ പിന്നാക്കക്കാരുടെ താത്പര്യം സംരക്ഷിക്കാന്‍ പുതിയ രാഷ്ട്രീയവേദി അനിവാര്യമാണെന്ന് വെള്ളാപ്പള്ളി കരുതുന്നു. കാത്തിരിക്കുന്നു






