Random Posts

Saturday, November 12, 2011

നല്ലനേരം നോക്കി ചെറുതോണിയിലെ ഡിഫിക്കാര്‍ ജോര്‍ജിന് വച്ചത് ഐജിക്കു കൊണ്ടു


തൊടുപുഴ: ചക്കിനു വച്ചത് കൊക്കിനുകൊണ്ടു എന്ന പഴമൊഴി ജോര്‍ജിന് വച്ചത് ഐജിക്കു കൊണ്ടു എന്നു തിരുത്തിപ്പറയുകയാണ് ചെറുതോണിയിലെ ഡിവൈഎഫ്‌ഐ സഖാക്കള്‍. ആറ്റുനോറ്റിരുന്ന് നല്ലനേരം നോക്കിയായിരുന്നു ഡിഫിക്കാരുടെ വിക്രീയ. 2011 പതിനൊന്നാം മാസം പതിനൊന്നാംതീയതി പതിനൊന്നുമണിയും പതിനൊന്ന് മിനിറ്റും പതിനൊന്നു സെക്കന്റും പൂര്‍ത്തിയാകുന്ന ശുഭമുഹൂര്‍ത്തത്തില്‍ പി.സി ജോര്‍ജിനുനേരെ ചീമുട്ടയെറിയാനായിരുന്നു പരിപാടിയെങ്കിലും സംഭവം ഇപ്പോള്‍ അവര്‍ക്കു തന്നെ പൊല്ലാപ്പായിരിക്കുകയാണ്. പി.സി ജോര്‍ജിന്റെ കാറാണെന്നു കരുതിയെറിഞ്ഞത് ഐജിയുടെ കാറിലേക്ക്. ചീമൊട്ടകൊണ്ടുള്ള ഏറുകിട്ടിയ ഐജി ഇനി അടങ്ങിയിരിക്കുമെന്നു കരുതുകയും വേണ്ട.

ഇടുക്കി ചെറുതോണി ടൗണില്‍ വെള്ളിയാഴ്ചയാണ് സംഭവം. ചീമുട്ടയേറ് കൊണ്ട സമയം രേഖപ്പെടുത്തിയാല്‍ ലോകംമുഴുവനുള്ള മാധ്യമങ്ങള്‍ അതു വാര്‍ത്തയാക്കുമെന്നു കരുതിയ പോലീസ് ഇപ്പോള്‍ ചെറിയ തിരുത്തല്‍ വരുത്തിയാണ് എഫ്.ഐ.ആര്‍ തയ്യാറാക്കിയിരിക്കുന്നത്. നൂറ്റാണ്ടിന്റെ ദിനമായ 2011 ലെ 11-ാം മാസം 11 തിയ്യതി 11 മണി 11 മിനിറ്റിന് എറിഞ്ഞ ചീമുട്ടയാണ് ഐ.ജി.യുടെ വാഹനത്തില്‍ പതിച്ചത്. ഇതുസംബന്ധിച്ച് പോലീസ് എടുത്ത കേസിലും സമയം ആദ്യം ഇങ്ങനെയായിരുന്നു രേഖപ്പെടുത്തിയത്. എന്നാല്‍, മേലുദ്യോഗസ്ഥന് നാണക്കേടൊഴിവാക്കാന്‍ പോലീസുതന്നെ 11 മിനിറ്റ് എന്നത് 10 മിനിറ്റ് എന്നാക്കി തിരുത്തി.

ചീഫ്‌വിപ്പിന്റെ വാഹനം കടന്നുവരുമെന്ന ധാരണയിലാണ് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ പത്തുമണിയോടെ ചീമുട്ടയുമായി ചെറുതോണി ടൗണില്‍ നിലയുറപ്പിച്ചത്. െ്രെപമറി കോഓപ്പറേറ്റീവ് അസോസിയേഷന്റെ ധര്‍ണ ടൗണില്‍ നടക്കുന്നതില്‍ എസ്.ഐ. ടി.ഡി.സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ പോലീസ്‌സംഘം സ്ഥലത്തുണ്ടായിരുന്നു. ഈ സമയത്താണ് സി.ആര്‍.ബി. ഐ.ജി. പി.അനില്‍കാന്തിന്റെ വാഹനം ലൈറ്റിട്ട് ഇതുവഴി വന്നത്. സിഗ്‌നല്‍ലൈറ്റ് കണ്ട് ചീഫ്‌വിപ്പ് ആണെന്ന് തെറ്റിദ്ധരിച്ച് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ചീമുട്ട എറിയുകയും ചെയ്തു. ഏറ് കഴിഞ്ഞാണ് ആളുമാറിയെന്ന് തിരിച്ചറിഞ്ഞത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇവരെ പോലീസ് പിടികൂടി. ദേവികുളത്തുനിന്ന് ഇടുക്കി കളക്ടറേറ്റിലേക്ക് വരികയായിരുന്നു ഐ.ജി. ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരായ കുട്ടപ്പന്‍സിറ്റി കരോട്ട് പാറയില്‍ ശ്രീകാന്ത്(24), മേലെചിന്നാര്‍ കൈപ്പംപ്ലാക്കല്‍ ബിനു(28), ഇടുക്കി ആനക്കല്ലിങ്കല്‍ ജോജോ(26), നായരുപാറ താഴത്തുവീട്ടില്‍ ബാബു(36) എന്നിവരെ അറസ്റ്റുചെയ്തു. ഐ.ജി.യുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനാണ് കേസ്. ഇടുക്കി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡുചെയ്തു.

കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തില്‍ പാറത്തോടുവച്ച് ചീഫ് വിപ്പിനുനേരെ ചീമുട്ടയേറ് നടന്നിരുന്നു. സംഭവത്തില്‍ ഒരാള്‍ കൂടി കഴിഞ്ഞദിവസം അറസ്റ്റിലായി. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ പിച്ചകപ്പള്ളിമേട് ചെട്ടിപ്പറമ്പ് ഷൗക്കത്തിനെയാണ് ചൊവ്വാഴ്ച രാത്രി കാഞ്ഞിരപ്പള്ളി പൊലീസ് മണ്ണാറക്കയത്തുനിന്ന് പിടികൂടിയത്. പാറത്തോട് പഞ്ചായത്തിലെ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന പി.സി ജോര്‍ജിനെ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടുകയും വാഹനത്തിനുനേരെ ചീമുട്ടയെറിയുകയും ചെയ്യുകയായിരുന്നു. രണ്ടുപേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. ഷൗക്കത്തിനെ റിമാന്‍ഡ് ചെയ്തു