Random Posts

Wednesday, November 9, 2011

ഈ വിധി എല്ലാവര്‍ക്കും പാഠം

കോടതിയലക്ഷ്യക്കേസില്‍ സി.പി.എം നേതാവ് എം.വി ജയരാജനെ ആറു മാസത്തെ തടവിനു ശിക്ഷിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ പശ്ചാത്തലത്തില്‍ കൂടുതല്‍ ഗൗരവത്തോടെ ചര്‍ച്ച ചെയ്യപ്പെടേണ്ട ഒന്നാണ്. മോശമായ പദപ്രയോഗങ്ങള്‍ കൊണ്ട് നീതിപീഠങ്ങളെ അവഹേളിക്കുകയും കേസ് വരുമ്പോള്‍ ഭാഷാ പണ്ഡിതരെ നിരത്തി പുത്തന്‍ അര്‍ത്ഥ തലങ്ങള്‍ വ്യാഖ്യാനിച്ച് കോടതികളെ വിഡ്ഢികളാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്ക് പാഠമാവുന്നതാണ് വിധി. കോടതിയലക്ഷ്യക്കേസില്‍ ഒരാള്‍ക്ക് നല്‍കാവുന്ന പരമാവധി ശിക്ഷയാണ് എം.വി ജയരാജന് കോടതി വിധിച്ചത്. ആറുമാസം തടവും രണ്ടായിരം രൂപ പിഴയും; പിഴയടച്ചില്ലെങ്കില്‍ ഒരു മാസത്തെ അധിക തടവും. പാതയോരങ്ങളില്‍ പൊതുയോഗം നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിയില്‍ പ്രതിഷേധിച്ച് 2010 ജൂണ്‍ 26ന് സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു കേസിന് ആധാരമായ പരാമര്‍ശം. പൊതുയോഗം നിരോധിച്ചുകൊണ്ടുള്ള വിധി പ്രസ്താവിച്ച ജഡ്ജിമാര്‍ക്കെതിരെ നടത്തിയ ‘ശുംഭന്‍’ പ്രയോഗമാണ് ജയരാജനെ വെട്ടിലാക്കിയത്. ശുംഭത്തരം എന്ന് പദപ്രയോഗം തിരുത്തിയും ശുംഭന്‍ എന്ന വാക്കിന് ഗൗരവമുള്ള വിഷയങ്ങളെ ലാഘവത്തോടെ കൈകാര്യം ചെയ്യുന്നവന്‍ എന്നും പ്രകാശിക്കുന്നവന്‍ എന്നുമെല്ലാം അര്‍ത്ഥമുണ്ടെന്ന് ഭാഷാ പണ്ഡിതരെ നിരത്തി വ്യാഖ്യാനിച്ചും കേസില്‍ നിന്ന് തലയൂരാന്‍ ജയരാജന്‍ ശ്രമിച്ചെങ്കിലും കോടതി ഇതെല്ലാം തള്ളിക്കളയുകയായിരുന്നു. സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് പദപ്രയോഗത്തിന്റെ അര്‍ത്ഥം വ്യാഖ്യാനിക്കേണ്ടതെന്നും ജയരാജന്റെ വാക്കുകള്‍ കോടതിയെ അധിക്ഷേപിക്കാന്‍ ലക്ഷ്യമിട്ടു തന്നെയായിരുന്നുവെന്നും ‘പുല്ലുവില, മണ്ടത്തരം’ തുടങ്ങിയ പദപ്രയോഗങ്ങളിലൂടെ ഇത് വ്യക്തമാണെന്നും കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.
സര്‍ക്കാരിന്റെയോ കോടതികളുടെയോ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകളെ ക്രിയാത്മക രീതിയില്‍ വിമര്‍ശിക്കാനും നിയമപരവും പൊതുസമൂഹം ആദരിക്കുന്നതുമായ മാര്‍ഗങ്ങളിലൂടെ നേരിടാനും ഓരോ പൗരനും അവകാശമുണ്ട്. എന്നാല്‍ വിമര്‍ശനങ്ങളെ മറ്റുള്ളവരെ അവഹേളിക്കാനോ തരംതാഴ്ത്തിക്കാണിക്കാനോ ഉള്ള സ്വാതന്ത്രyമാണെന്ന് ധരിക്കുന്നതിലെ പിഴവ് തുറന്നുകാട്ടുകയാണ് കോടതി ശിക്ഷാവിധിയിലൂടെ നിര്‍വഹിച്ചത്. ചൊല്‍പ്പടിക്ക് നില്‍ക്കാത്ത വ്യവസ്ഥിതികളെയെല്ലാം വെല്ലുവിളിക്കുന്ന സി.പി.എം സമീപനത്തിനുള്ള തിരിച്ചടി കൂടിയാണ് ഹൈക്കോടതി വിധി. നിയമസംവിധാനങ്ങളും കോടതികളുമൊന്നും തങ്ങള്‍ക്കു മീതെയല്ലെന്ന ധാരണ അഹങ്കാരമായി കൊണ്ടുനടക്കുകയും തരം കിട്ടുമ്പോഴൊക്കെ എടുത്തു പ്രയോഗിക്കുകയും ചെയ്യുന്ന മാര്‍ക്സിസ്റ്റ് നേതാക്കളുടെ പതിവു ശൈലി തന്നെയാണ് ജയരാജന്റെ വാക്കുകളിലും നിഴലിച്ചത്. കേരളത്തിലെ രാഷ്ട്രീയ നേതാക്കളില്‍ കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വന്നിട്ടുള്ള നേതാക്കളെല്ലാം മാര്‍ക്സിസ്റ്റുകാരാണെന്ന വസ്തുത ഈ വിമര്‍ശനങ്ങളെ ശരിവെക്കുന്നതാണ്. കോടതികള്‍ വിധി പറയുന്നത് പണക്കാര്‍ക്കു വേണ്ടിയാണെന്ന, മാര്‍ക്സിസ്റ്റ് കാഴ്ച്ചപ്പാടില്‍ നിന്നുകൊണ്ടുള്ള മുന്‍ മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ വിമര്‍ശനമാണ് കോടതിയലക്ഷ്യത്തിന് ആധാരമായ ആദ്യ കേസ്. സുപ്രീംകോടതി വരെ പോയ ശേഷം ഒരു രൂപ പിഴയടച്ചാണ് ഇ.എം.എസ് അന്ന് കേസില്‍ നിന്ന് രക്ഷപ്പെട്ടത്. നോട്ടു കെട്ടിന്റെ കനം നോക്കിയാണ് കോടതികള്‍ വിധി പറയുന്നതെന്ന മുന്‍മന്ത്രി പാലോളി മുഹമ്മദ് കുട്ടിയുടെ പരാമര്‍ശമായിരുന്നു കോടതിയലക്ഷ്യ നടപടി നേരിട്ട രണ്ടാമത്തെ കേസ്. സുപ്രീംകോടതിയില്‍ നേരിട്ട് ഹാജരായി മാപ്പപേക്ഷ നടത്തി ശിക്ഷ വാങ്ങാതെ രക്ഷപ്പെടുകയായിരുന്നു പാലോളി. ‘കൊഞ്ഞാണം’ പരാമര്‍ശത്തിലൂടെ കോടതികള്‍ക്കെതിരെ തിരിഞ്ഞത് മറ്റൊരു സി.പി.എം നേതാവ് ജി.സുധാകരനായിരുന്നു. ഈ നിരയില്‍ ഒടുവിലത്തേതാണ് ജയരാജന്റെ പരാമര്‍ശം. കോടതിയലക്ഷ്യ നടപടികള്‍ ആരംഭിച്ച ശേഷവും മാധ്യമങ്ങളിലൂടെയും പൊതുവേദികളിലും ജയരാജന്‍ അവഹേളനാപരമായ പരാമര്‍ശങ്ങള്‍ തുടര്‍ന്നുവെന്ന കാര്യം പ്രത്യേകം എടുത്തുപറഞ്ഞുകൊണ്ടാണ് കോടതി പരമാവധി ശിക്ഷ വിധിച്ചത്. സ്വയമേവ രേഖപ്പെടുത്തിയ കേസില്‍ ഇക്കഴിഞ്ഞ ജൂണിലാണ് ജയരാജന് കോടതി കുറ്റപത്രം സമര്‍പ്പിച്ചത്.
ജയരാജനെ ശിക്ഷിച്ചുകൊണ്ടുള്ള കോടതി വിധിയെ നേരിടാന്‍ സി.പി.എം അണികളെ തെരുവിലിറക്കുന്ന കാഴ്ചയാണ് സാക്ഷര കേരളം ഇന്നലെ കണ്ടത്. ജയരാജനെ പൂജപ്പുര ജയിലിലേക്ക് കൊണ്ടുപോകും വഴി പലസ്ഥലങ്ങളില്‍ പൊലീസ് വാഹനം സി.പി.എം, ഡി.വൈ.എഫ്.എെ പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചു. നീതിപീഠങ്ങളെ അവഹേളിച്ച സംഭവത്തില്‍ ശിക്ഷിക്കപ്പെടുന്നവര്‍ക്ക് വീരപരിവേഷം നല്‍കുക വഴി ജനാധിപത്യത്തിന്റെ നെടുംതൂണിനെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആവര്‍ത്തിക്കുകയല്ലേ ഇവര്‍ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്. ജനാധിപത്യത്തില്‍ കോടതികളും സര്‍ക്കാരും ജനങ്ങളും മാധ്യമങ്ങളുമെല്ലാം പരസ്പര പൂരിതമാണ്. ഒന്നിനെ ശക്തിപ്പെടുത്താന്‍ വേണ്ടിയാണ് മറ്റൊന്ന് ശ്രമിക്കേണ്ടത്; ദുര്‍ബലപ്പെടുത്താനല്ല. സമൂഹത്തിലെ പുഴുക്കുത്തുകള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയും വ്യവസ്ഥിതികളിലെ കൊള്ളരുതായ്മയെ വിമര്‍ശിക്കുകയും ചെയ്യുമ്പോഴാണ് ജനാധിപത്യത്തിന്റെ നെടുംതൂണുകള്‍ കരുത്താര്‍ജ്ജിക്കുക. എന്നാല്‍ വിമര്‍ശനത്തിന്റെ പേരില്‍ ഒന്ന് മറ്റൊന്നിനെ അവഹേളിക്കാന്‍ തുനിഞ്ഞാല്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തലാവും അതിന്റെ ഫലം. വ്യവസ്ഥിതികള്‍ പുറംതള്ളുമ്പോള്‍ സാധാരണക്കാരന് അഭയം പ്രാപിക്കാനുള്ള അവസാന അത്താണിയാണ് കോടതികള്‍. നീതിന്യായ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്നത് സാധാരണക്കാരന് കോടതികളിലുള്ള വിശ്വാസ്യത തകര്‍ക്കും. കോടതികളുടെ മാത്രമല്ല, ജനാധിപത്യത്തിന്റെ ദുര്‍ബലതക്കാവും ഇതു വഴിവെക്കുക.
ജയരാജനെ ശിക്ഷിച്ചുകൊണ്ടുള്ള കോടതി വിധി ആഴത്തിലുള്ള ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും വിധേയമാക്കേണ്ടത് ഇവിടെയാണ്. രാഷ്ട്രീയ താല്‍പര്യങ്ങള്‍ മാത്രം മുന്‍നിര്‍ത്തി കോടതികള്‍ക്കെതിരെ നടത്തുന്ന അങ്കപ്പുറപ്പാട് ജനാധിപത്യ സംവിധാനത്തിന് ഏല്‍പ്പിക്കുന്ന ക്ഷതങ്ങളെക്കുറിച്ച് ആഴത്തില്‍ പരിശോധന നടത്താന്‍ പൊതുസമൂഹം തയാറാവേണ്ടതുണ്ട്. പൊതുസമൂഹവുമായി ആഴത്തില്‍ ഇടപെടുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും നേതാക്കളും തന്നെയാണ് ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കേണ്ടത്. ആത്മപരിശോധനയിലൂടെ തെറ്റ് തിരിച്ചറിയാനും തെറ്റിനെ തെറ്റായി അംഗീകരിച്ച് തിരുത്താനും കോടതി വിധി പാഠമാവുമെന്ന് പ്രത്യാശിക്കാം.