Random Posts

Tuesday, November 15, 2011

കോടതിക്കെതിരായ സി.പി.എം സമരം ഗുരുതരാവസ്ഥ സൃഷ്ടിക്കും: മുഖ്യമന്ത്രി

കോടതിക്കെതിരായ മാര്‍ക്സിസ്റ്റ് സമരം ഗുരുതരമായ സാഹചര്യം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുന്നറിയിപ്പ് നല്‍കി. ജനാധിപത്യവ്യവസ്ഥിതിയെ ദുര്‍ബലമാക്കാനേ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഈ നടപടിക്ക് കഴിയുകയുള്ളൂ. അപ്പീലിന് സാധ്യതയുള്ള ഒരു കേസിന്റെ മറവില്‍ കോടതിക്കെതിരെ സമരം ചെയ്യുന്നത് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്നതിനാല്‍ തിങ്കളാഴ്ചത്തെ സമരത്തില്‍ നിന്ന് സി.പി.എം പിന്‍മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
എറണാകുളം പ്രസ്ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തോട് കുറ്റം ചെയ്യുന്നവരാണ് കോടതിയെ ഭയപ്പെടുന്നത്. സമൂഹത്തിന് നന്മചെയ്യാന്‍ ബാധ്യതയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ അത് നിറവേറ്റുന്നതിന് ജുഡീഷ്യറിയെ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. കോടതിവിധികള്‍ ഗവണ്‍മെന്റിനെതിരാകുന്ന എത്രയോ സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. സര്‍ക്കാരിനെ പല പ്രധാന തീരുമാനങ്ങളും കോടതി ഇടപെട്ട് തിരുത്തിയിട്ടുമുണ്ട്. തിരുത്തല്‍ ശക്തിയായി നിലകൊള്ളുന്ന കോടതിയുടെ ഭാഗത്തുനിന്ന് തങ്ങള്‍ക്കിഷ്ടമില്ലാത്ത വിധിയുണ്ടായാല്‍ കോടതിക്കെതിരെ രംഗത്തിറങ്ങി ജനജീവിതം തടസപ്പെടുത്തുന്നത് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ നടത്തിയ ജനസമ്പര്‍ക്കപരിപാടി വന്‍ വിജയമായിരുന്നു. ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ മുഴുവന്‍ ജനങ്ങളും ഉദ്യോഗസ്ഥരും ജീവനക്കാരും ഇതിനോട് നല്ല സഹകരണമാണ് കാണിക്കുന്നത്. നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി 14 ജില്ലകളിലും ജനസമ്പര്‍ക്കപരിപാടി പൂര്‍ത്തിയാക്കും. അടുത്ത പരിപാടി 19ന് എറണാകുളത്താണ്. 14 ജില്ലകളിലെയും ജനസമ്പര്‍ക്കപരിപാടിയില്‍ നിന്ന് ലഭിക്കുന്ന അനുഭവങ്ങളുടെയും ജനങ്ങളുടെ പ്രതികരണങ്ങളുടെയും അടിസ്ഥാനത്തില്‍ ഭരണരംഗത്ത് കാതലായ മാറ്റം വരുത്തും. പരാതികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചിരിക്കുന്നതും പരിഹാരത്തിന് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടല്‍ വേണ്ടിവരുന്നതും ഇപ്പോഴുള്ള വ്യവസ്ഥിതിയുടെ പരാജയമല്ലേ എന്നു ചോദിക്കുന്നവരുണ്ടാകും. ഇതുസംബന്ധിച്ച് തുറന്ന ചര്‍ച്ച വേണമെന്ന അഭിപ്രായക്കാരനാണ് താന്‍. കുറ്റം മുഴുവന്‍ ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവെച്ച് ഒഴിഞ്ഞുമാറിയതുകൊണ്ട് കാര്യമില്ല. നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്ന ഉദ്യോഗസ്ഥര്‍ പലരും പിന്നീട് വിജിലന്‍സിന്റേതുള്‍പ്പെടെയുള്ള കേസുകളില്‍ കുടുങ്ങുന്ന സാഹചര്യം നിലനില്‍ക്കുകയാണ്. അതുകൊണ്ട് തന്നെ തീരുമാനങ്ങളെടുക്കുന്നതില്‍ നിന്ന് അവര്‍ മനപ്പൂര്‍വ്വം മാറിനില്‍ക്കുകയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു