വി.എസ് അച്യുതാനന്ദന്റെ മകന്‍ അരുണ്‍കുമാറിനെതിരെ എെ.ടി സെക്രട്ടറിയുടെ മൊഴി.
ഫിനിഷിംഗ് സ്കൂള്‍ സ്ഥാപിച്ചതില്‍ നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്നാണ് നിയമസഭാ സമിതിക്ക് മുമ്പാകെ സംസ്ഥാന എെ.ടി സെക്രട്ടറി മൊഴി നല്‍കിയത്. അരുണ്‍കുമാര്‍ ഡയറക്ടറായിരിക്കെ കൊച്ചി മോഡല്‍ ഫിനിഷിംഗ് സ്കൂളിന് നടപടിക്രമങ്ങള്‍ പാലിക്കാതെ ഒരു കോടി രൂപ നല്‍കിയെന്നും മൊഴിയില്‍ പറയുന്നു. അരുണ്‍കുമാറിനെ എെ.എച്ച്.ആര്‍.ഡിയില്‍ അസിസ്റ്റന്റ് ഡയറക്ടറായി നിയമിച്ചതടക്കമുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട ക്രമക്കേടിനെക്കുറിച്ച് അന്വേിക്കുന്ന നിയമസഭാ സമിതിക്ക് മുമ്പാകെയാണ് എെ.ടി സെക്രട്ടറി ഇന്നലെ മൊഴി നല്‍കിയത്.
2008ല്‍ ആണ് ഫിനിഷിംഗ് സ്കൂളിന് ഈ തുക നല്‍കിയത്. എന്നാല്‍ ഈ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത് 2010ല്‍ ആണ്. രണ്ടുവര്‍ഷം വൈകിയതുതന്നെ നിബന്ധകള്‍ക്ക് വിരുദ്ധമാണെന്നും എെ.ടി സെക്രട്ടറി വിശദീകരിച്ചു. 50 ശതമാനം പ്രവര്‍ത്തികള്‍ പോലും പൂര്‍ത്തിയാക്കാതെയാണ് സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. പഠനസൗകര്യങ്ങള്‍ പൂര്‍ത്തിയാക്കാതെയാണ് സ്കൂളിനെ ഏതൊക്കെ സ്ഥാപനങ്ങളുമായി ബന്ധപ്പെടുത്താം എന്നതുള്‍പെടെയുള്ള നടപടിക്രമങ്ങളിലേര്‍പ്പെട്ടതെന്നും എെ.ടി സെക്രട്ടറി നിയമസഭാ സമിതിക്കുമുന്നില്‍ സമ്മതിച്ചതായാണ് സൂചന.
വി.ഡി സതീശന്‍ അധ്യക്ഷനായ നിയമസഭാ സമിതിയാണ് അരുണ്‍കുമാറിനെതിരായ ആരോപണങ്ങള്‍ അന്വേിക്കുന്നത്. അച്യുതാനന്ദന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന എെ.ടി വകുപ്പില്‍ നിന്ന് രണ്ടുകോടി രൂപ അനുവദിച്ച് എെ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ തിരുവനന്തപുരം സയന്‍സ് ആന്റ് ടെക്നോളജി മ്യൂസിയം വളപ്പില്‍ അരുണ്‍കുമാറിനെ ഡയറക്ടറാക്കി ആരംഭിച്ച ഫിനിഷിംഗ് സ്കൂളിനെയാണ് എെ.സി.ടി അക്കാദമിയാക്കി മാറ്റിയത്. നിയമനം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് തൊട്ടുമുമ്പായിരുന്നു. ആറുവര്‍ഷത്തെ വിചിത്രമായ കാലാവധിയിലാണ് നിയമനം. ടെക്നോപാര്‍ക്കിലെ സി.ഇ.ഒയുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമാണ് ഡയറക്ടറായ അരുണ്‍കുമാറിന് നിശ്ചയിച്ചിട്ടുള്ളത്. അക്കാദമിയുടെ ഡയറക്ടറായി അരുണ്‍കുമാറിനെ നിയമിച്ചതും യോഗം ചേര്‍ന്നതുമെല്ലാം രഹസ്യമായിട്ടായിരുന്നു. സ്വതന്ത്ര സ്ഥാപനമായ എെ.സി.ടി അക്കാദമിയുടെ അധികാരം സംസ്ഥാനം മുഴുവന്‍ വ്യാപിച്ചിട്ടുള്ളതും ഡയറക്ടറുടെ പദവി വൈസ് ചാന്‍സലറുടേതിനേക്കാള്‍ ഉയര്‍ന്നതുമാണ്.
എെ.ടി സെക്രട്ടറി, എെ.ച്ച്.ആര്‍.ഡി ഡയറക്ടര്‍, അരുണ്‍കുമാര്‍, പി.സി വഷ്ണുനാഥ് എം.എല്‍.എ തുടങ്ങിയവരില്‍ നിന്നും നിയമസഭാ ഉപസമിതി മൊഴിയെടുക്കും.






