തൃശൂര്‍: മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുംവിധം സൗമ്യ എന്ന കൗമാരപ്രായക്കാരിയെ ട്രെയിന്‍യാത്രക്കിടെ തള്ളിത്താഴെയിട്ട് ബലാത്സംഗം ചെയ്ത കേസില്‍ ഒറ്റക്കയ്യനും കൊടുംക്രിമിനലുമായ തമിഴ്‌നാട് സ്വദേശി ഗോവിന്ദച്ചാമിക്കു തൂക്കുകയര്‍. പ്രതി തുടര്‍ന്നു ജീവിക്കുന്നത് സ്ത്രീകള്‍ക്കു ഭീഷണിയാണെന്നു കണ്ടെത്തിയാണ് തമിഴ്‌നാട് കടലൂര്‍ ജില്ലയിലെ സമത്വപുരം, വിരുദാചലം സ്വദേശി ഗോവിന്ദച്ചാമിയെ തൂക്കിലേറ്റണമെന്ന് തൃശ്ശൂര്‍ അതിവേഗ കോടതി ജഡ്ജി രവീന്ദ്രബാബു വിധിച്ചത്. സൗമ്യയെ കൊലപ്പെടുത്തിയതിനു ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും കോടതി വിധിച്ചു. കൊലപാതകം, ബലാത്സംഗം, വനിതാ കമ്പാര്‍ട്ടുമെന്റില്‍ അതിക്രമിച്ച് കടക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ശിക്ഷ. പ്രതി മുമ്പും ശിക്ഷിക്കപ്പെട്ടിരുന്നുവെന്ന് കോടതി കണ്ടെത്തി.
കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണ് എറണാകുളം ഷൊര്‍ണൂര്‍ പാസഞ്ചറിലെ യാത്രക്കാരിയായിരുന്ന മഞ്ഞക്കാട് സ്വദേശിനി സൗമ്യയെ ഗോവിന്ദച്ചാമി കൊലപ്പെടുത്തിയത്. തീവണ്ടിയിലെ വനിതാ കമ്പാര്‍ട്ടുമെന്റില്‍വച്ച് ആക്രമിച്ച് പുറത്തേക്ക് തള്ളിയിട്ട് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി എന്നതാണ് കേസ്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സൗമ്യ ഫിബ്രവരി ആറിന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍വെച്ചാണ് മരിക്കുന്നത്. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളും മുന്‍നിര്‍ത്തിയാണ് വിചാരണ നടന്നത്. ഏകപ്രതി മാത്രമുള്ള കേസില്‍ 82 സാക്ഷികളെ പ്രതിഭാഗം വിസ്തരിച്ചു. തെളിവിലേക്കായി 43 കൂട്ടം തൊണ്ടിമുതലുകളും 101 രേഖകളും സമര്‍പ്പിക്കപ്പെട്ടു.
നാലായിരത്തിലധികം വരുന്ന സാക്ഷിമൊഴികള്‍ ജഡ്ജി നേരിട്ട് സ്വന്തം കൈപ്പടയില്‍ എഴുതിയെടുത്തതും വിസ്താരത്തിന്റെ ദൈര്‍ഘ്യവും സൗമ്യ കേസിനെ സമാനതകളില്ലാത്ത കേസാക്കി മാറ്റി. 1000 പേജുള്ള കുറ്റപത്രം മൂന്ന് വാള്യങ്ങളായി സിഡിയിലാക്കിയാണ് പോലീസ് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ക്ക് നല്കിയത്. പതിനൊന്നുദിവസംകൊണ്ട് അവസാനിക്കുമെന്നു കരുതി തുടങ്ങിയ വിചാരണ തീരാന്‍ ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ അഞ്ചുമാസം വേണ്ടിവന്നു. സമാനതകളില്ലാത്ത കുറ്റമാണ് പ്രതി ചെയ്തതെന്നും പരമാവധി ശിക്ഷതന്നെ നല്‍കണമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം.
ദൃക്‌സാക്ഷിയില്ലെന്നും മെഡിക്കല്‍ തെളിവുകള്‍ ശക്തമല്ലെന്നും ചൂണ്ടിക്കാട്ടി പ്രതിഭാഗം ഗോവിന്ദച്ചാമിയെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ടു. സമാന കേസുകള്‍ ഏറ്റെടുക്കുന്ന അഭിഭാഷകരാരും പ്രതിക്കുവേണ്ടി ഹാജരാകാന്‍ തയ്യാറാകാതെ വന്നപ്പോള്‍ മുംബൈയില്‍ പ്രാക്ടീസ് ചെയ്യുന്ന ബി.എ. ആളൂരാന്‍ എന്ന അഭിഭാഷകന്‍ ഗോവിന്ദച്ചാമിയുടെ വക്കാലത്ത് ഏറ്റെടുക്കുകയായിരുന്നു. വിചാരണവേളയില്‍ പ്രതിക്കെതിരെ കോടതിവളപ്പില്‍ പോലുമുണ്ടായ പ്രതിഷേധങ്ങളും പോസ്റ്റുമോര്‍ട്ടം സംബന്ധിച്ച് ഡോക്ടര്‍മാര്‍ വിഭിന്ന അഭിപ്രായം പ്രകടിപ്പിച്ചതുമെല്ലാം സൗമ്യ കേസിനെ വാര്‍ത്തകളില്‍ നിലനിര്‍ത്തി. കേസിന്റെ ഗൗരവവും പ്രതിക്കെതിരെ ഉണ്ടായേക്കാവുന്ന ആക്രമണവും മുമ്പില്‍ക്കണ്ട് തിങ്കളാഴ്ച കോടതിയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.
തീര്‍ത്തും അന്താരാഷ്ട്ര സ്വഭാവമുള്ളൊരു ക്രിമിനലായിരുന്നു ഗോവിന്ദസ്വാമി. ഇയാളുടെ കൈ നഷ്ടപ്പെട്ടതു തന്നെ മോഷണത്തിനിടെ നടന്ന ഒരു സാഹസികപ്രവര്‍ത്തിയിലൂടെയായിരുന്നു. ബെക്കപകടത്തില്‍ ചക്രത്തിനിടയില്‍ കുടുങ്ങിയെന്നാണ് പ്രതി പോലീസിനോടു റഞ്ഞത്. എന്നാല്‍, തമിഴ്‌നാട്ടില്‍ ഒരു മോഷണശ്രമത്തിനിടെ ഉണ്ടായ സാഹസികതയാണ് കയ്യെടുത്തതെന്നാണ് നാട്ടില്‍നിന്ന് പോലീസിന് ലഭിച്ച വിവരം. മോഷണം നടത്തി ബൈക്കില്‍ പായുമ്പോള്‍ ഹൈവേയിലേക്ക് കടക്കുന്നതിനുമുമ്പ് ടയര്‍ പഞ്ചറായി. പെട്ടെന്ന് ഇടതുകൈകൊണ്ട് ഇയാള്‍ ടയറില്‍ പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചത്രെ. ബൈക്ക് മറിയുകയും കൈ ഉള്ളില്‍പ്പെടുകയും ചെയ്തു. ഈ അപകടവും പിന്നീട് കുറ്റങ്ങള്‍ ചെയ്യുന്നതിന് തടസ്സമായില്ല. പക്ഷേ, പിടിക്കപ്പെടുന്നതിന് ഈ അടയാളം ഇടയാക്കി.
കൊടുംകുറ്റവാളിയായിരുന്നിട്ടുപോലും പ്രതിയുടെ കേസ് വാദിക്കാനായി പ്രമുഖ അഭിഭാഷകനെത്തിയതും മലയാളിയെ അമ്പരപ്പിച്ചിരുന്നു. കുറ്റവാളിയുടെ സാമ്പത്തിക സ്രോതസ്സ്, കുടുംബചരിത്രം, അധോലോകവുമായുള്ള ബന്ധം, കേസ് ഏറ്റെടുത്തതിന് കിട്ടിയ തുകയുടെ വലിപ്പം ഈവക കാര്യങ്ങളെല്ലാം എണ്ണിയെണ്ണി മാധ്യമ പ്രവര്‍ത്തകരോട് പ്രതിഭാഗം വക്കീല്‍ വിവരിക്കുമ്പോള്‍ ഇയാള്‍ക്ക് ഒരു കുറ്റബോധവും മുഖത്തിന് ഒരു കുലുക്കവുമില്ലായിരുന്നു. പ്രൊഫഷണല്‍ ദൗത്യത്തിന്റെ പേരിലുള്ള വക്കീലിന്റെ ന്യായീകരണം സൗമ്യാവധക്കേസില്‍ വകവെച്ചുകൊടുക്കാന്‍ ധാര്‍മ്മികബോധമുള്ള ഒരാള്‍ക്കും സാധ്യമല്ല. ഇയാളുടെ രക്തബന്ധത്തിലുള്ള ഒരാളെയാണ് പ്രതി ചെയ്തിരുന്നുവെങ്കില്‍ പ്രൊഫഷണല്‍ നിര്‍വ്വഹണത്തിന്റെ പേരില്‍ ഏറ്റെടുക്കാന്‍ മനസാക്ഷിയനുവദിക്കുമോ എന്നത് മറ്റൊരു ചോദ്യം. പതിക്കെതിരെ സാക്ഷി പറഞ്ഞ ഓരോ വ്യക്തിയും അഭിമാനത്തോടെയാണ് കോടതി വിട്ടിറങ്ങിയത്.
പ്രതിക്കുവേണ്ടി അഭിഭാഷകരാരും ഹാജരാകില്ലെന്നുപോലും പൊതുസമൂഹം പ്രതീക്ഷിച്ചു. എന്നാല്‍, കേസിന്റെ നാള്‍വഴികളില്‍ അപ്രതീക്ഷിതമായ പലതും നടന്നു. പ്രതിക്കുവേണ്ടി മുംബൈയില്‍നിന്ന് അഭിഭാഷകനെത്തിയതും വിചാരണയുടെ അവസാനഘട്ടത്തില്‍ ഒരു ഡോക്ടര്‍ പ്രതിഭാഗത്തിന് അനുകൂലമായ മൊഴി നല്‍കിയതും നടുക്കത്തോടെയാണ് ജനം കണ്ടത്. ഇയാളെക്കുറിച്ചുള്ള ദുരൂഹത ഏറെനാള്‍ നീണ്ടു. വക്കീലിന് പണം നല്‍കുന്നതാര് എന്നതായിരുന്നു ആദ്യ സംശയം. ഗോവിന്ദച്ചാമിയെ രക്ഷിക്കാന്‍ മാഫിയാസംഘങ്ങള്‍ ശ്രമിക്കുകയാണെന്ന കഥകള്‍ വന്നു. അഭിഭാഷകന്റെ ബന്ധങ്ങള്‍ തേടി പോലീസ് നാടൊട്ടാകെ അലഞ്ഞു. പ്രതിഷേധപ്രകടനങ്ങളൊക്കെ നടന്നെങ്കിലും ഗോവിന്ദച്ചാമിയെ രക്ഷിക്കാനുള്ള വാദങ്ങള്‍ അഡ്വ. ബി.എ. ആളൂര്‍ ശക്തമായി നടത്തി. ജനകീയശിക്ഷയും പലതവണ ഗോവിന്ദച്ചാമിക്കുനേരെ നടപ്പാക്കാന്‍ ശ്രമം നടന്നിരുന്നു. വിചാരണയുടെ ആദ്യദിനത്തില്‍ത്തന്നെ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ ഗോവിന്ദച്ചാമിയെ കോടതിവളപ്പിനുള്ളില്‍ ഓടിച്ചിട്ടു തല്ലി. തല്ലിയവര്‍ കുടുങ്ങി. പ്രതിയെ തല്ലിയവരെ അഭിനന്ദിക്കാന്‍ നിരവധി പേരുണ്ടായി.
പോലീസ് പ്രതിയുടെ സുരക്ഷാകാര്യത്തില്‍ പാളിച്ച വരുത്തിയെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ പരാതിപ്പെട്ടു. പ്രതിയുടെ സുരക്ഷ ശക്തമാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. പിന്നീട് വിചാരണ അവസാനിക്കുന്ന നാള്‍വരെ കനത്ത പോലീസ് ബന്തവസ്സിലാണ് പ്രതിയെ പോലീസ് കൊണ്ടുവന്നതും കൊണ്ടുപോയതും. വിചാരണ തുടങ്ങുംമുമ്പ് കോടതിയില്‍വെച്ച് ഗോവിന്ദച്ചാമിയെ കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു. ''തെരിയാത്, മലയാളം തെരിയാത്'' എന്നായിരുന്നു പ്രതിയുടെ മറുപടി. കുറ്റപത്രമുള്‍പ്പെടെ പ്രതിയോട് നടത്തുന്ന ആശയവിനിമയങ്ങളെല്ലാം തമിഴിലാക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. മലയാളവും തമിഴും ഒരുപോലെ അറിയാവുന്ന അഭിഭാഷക രാജിയെയാണ് പരിഭാഷയ്ക്കായി കോടതി നിയോഗിച്ചത്. 4000 പേജ് വരുന്ന സാക്ഷിമൊഴികള്‍ ജഡ്ജി നേരിട്ട് എഴുതിയെടുത്തതും സൗമ്യ കൊലക്കേസിനെ സമാനതകളില്ലാത്തതാക്കി. പ്രതിയെ പിടികൂടുന്നതുമുതല്‍ ഏറെവ്യത്യസ്ഥതലങ്ങളിലൂടെയാണ് ഈ കേസ് പുരോഗമിച്ചത്.
സൗമ്യയെ അപകടത്തില്‍പ്പെടുത്തി ആക്രമിച്ച പ്രതി ഒറ്റക്കയ്യനായ വികലാംഗനാണെന്ന് പോലീസിന് കിട്ടിയ ആദ്യവിവരമായിരുന്നു ഗോവിന്ദച്ചാമിയെ കുടുക്കിയത്. ഷൊറണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍വെച്ച് തീവണ്ടിയിലെ ഗാര്‍ഡ് ജോബിയാണ് പോലീസിന് സംഭവദിവസം രാത്രിതന്നെ വിവരം കൈമാറിയത്. രണ്ട് യാത്രക്കാരാണ് തനിക്ക് ഈ വിവരം നല്‍കിയതെന്നു പറഞ്ഞ് അവരുടെ ഫോണ്‍ നമ്പറും നല്‍കി. തീവണ്ടിയില്‍ യാത്രചെയ്തിരുന്ന ടോമിയെയും ഷുക്കൂറിനെയും അപ്പോള്‍തന്നെ പോലീസ് സംഘം ബന്ധപ്പെട്ടു. ഇവരുടെ മൊഴികള്‍ കേസ് തെളിയിക്കുന്നതില്‍ നിര്‍ണായകവുമായി. ചെറുതുരുത്തിയില്‍ സംഭവസ്ഥലത്തിനടുത്തുനിന്ന് പ്രതിയെ കണ്ട യുവാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അടുത്ത ദിവസം രേഖാചിത്രം തയ്യാറാക്കി. ഇതിനിടെ പാലക്കാട്ടുനിന്ന് പിടിയിലായ പ്രതിയും രേഖാചിത്രവും തമ്മില്‍ സാമ്യവും തെളിഞ്ഞു. സൗമ്യയുടെ മൊബൈല്‍ ഫോണ്‍ സംഭവസ്ഥലത്തുണ്ടായിരുന്നില്ല. അത് മോഷ്ടിച്ചുവെന്ന് ഗോവിന്ദച്ചാമിയൊട്ട് സമ്മതിച്ചുമില്ല. ആ തെളിവ് അനിവാര്യവുമായിരുന്നു. പാലക്കാട്ടുവെച്ച് ഫോണ്‍ പ്രവര്‍ത്തിച്ചെങ്കിലും പിന്നീട് നിശ്ശബ്ദമായി.
പ്രതി അറസ്റ്റിലായി മൂന്നുദിവസം കഴിഞ്ഞ് ഏഴാം തീയതി രാത്രിയിലാണ് വീണ്ടും വയനാട് മേഖലയില്‍ ഫോണ്‍ പ്രവര്‍ത്തിക്കുന്നതായി മൊബൈല്‍ കമ്പനിയില്‍നിന്ന് വിവരം കിട്ടിയത്. അപ്പോള്‍തന്നെ സംഘം ചുരം കയറി. ഫോണ്‍ ഗോവിന്ദച്ചാമിയില്‍നിന്ന് വാങ്ങിയ മാണിക്കനെയും കൈമാറിയ ബേബിയെയും അയാള്‍ സിംകാര്‍ഡ് വാങ്ങിയ കടയുടമയെയും പോലീസ് കണ്ടുപിടിച്ചു. ഇവരൊക്കെ പ്രോസിക്യൂഷന് അനുകൂലമായി മൊഴിയും നല്‍കി. പിടിയിലായപ്പോള്‍ പ്രതി പറഞ്ഞ മറ്റൊരു നുണ 'തന്റെ പേര് ചാര്‍ളിയെന്നാണ്' എന്നായിരുന്നു. യഥാര്‍ത്ഥ പേരും വിവരങ്ങളും കിട്ടാന്‍ പ്രതിയുമായി പോലീസ് സംഘം തമിഴ്‌നാട്ടിലെത്തി. അവിടത്തെ റെയില്‍വേ പോലീസ് സ്‌റ്റേഷനിലെത്തിയപ്പോഴേ ഒരു വനിതാ പോലീസ് വിളിച്ചു. എന്താടാ ഗോവിന്ദച്ചാമീ... അതോടെ പേരും ഊരും കിട്ടി. അതിനുശേഷം തമിഴ്‌നാട്ടിലെ പത്തോളം പോലീസ് സ്‌റ്റേഷനുകളില്‍നിന്ന് ഇയാളെക്കുറിച്ചുള്ള വിവരങ്ങളെല്ലാം അന്വേഷകസംഘത്തിന് കിട്ടി.
പിന്നീട് ശാസ്ത്രീയതെളിവുകള്‍ ശേഖരിക്കുന്നതിലായിരുന്നു സംഘം ശ്രദ്ധിച്ചത്. റെയില്‍വേ പോലീസിന്റെയും ആര്‍.പി.എഫിന്റെയും സഹകരണത്തോടെ നടത്തിയ തിരച്ചിലില്‍ കമ്പാര്‍ട്‌മെന്റില്‍നിന്ന് പ്രതിയുടെ ബട്ടണുകളും മറ്റും ശേഖരിച്ചിരുന്നു. സാക്ഷികളെ യഥാസമയം ഹാജരാക്കുന്നതിലും മറ്റും ഒരു പഴുതും വരാത്ത സൂക്ഷ്മത അന്വേഷകസംഘം കാണിക്കുകയുണ്ടായി. പ്രതിഭാഗം വക്കീലിനെപ്പറ്റി ചില ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ അതേപ്പറ്റി അന്വേഷിക്കാന്‍ പോലീസുകാര്‍ മുംബൈയിലും പോവുകയുണ്ടായി. എങ്കിലും ശിക്ഷ കൂടി അറിഞ്ഞിട്ടേ തങ്ങളുടെ ശ്രമം പൂര്‍ണ്ണവിജയമായോയെന്ന് പറയാനാകൂ എന്നാണ് അവരുടെ ഗോവിന്ദച്ചാമിയുടെ ശിക്ഷ പ്രഖ്യാപിക്കുന്നതോടെ സൗമ്യയുടെ ജഡം പോസ്റ്റുമോര്‍ട്ടം നടത്തിയ ഡെപ്യൂട്ടി പൊലീസ് സര്‍ജന്‍ ഡോ. ഉന്മേഷിനെതിരെയുള്ള നടപടികളും ആരംഭിക്കുമെന്നാണ് വിവരം. സൗമ്യയുടെ പോസ്റ്റുമാര്‍ട്ടം നടത്തിയതും സംബന്ധിച്ച വിവാദങ്ങളില്‍ ഡോ.ഉന്‍മേഷിനെതിരെ ക്രിമിനല്‍ കേസുടക്കണമെന്ന് കോടതി ഉത്തവിട്ടിരന്നു. സൗമ്യയുടെ പോസ്റ്റുമോര്‍ട്ടം നടത്തിയത് ഡോ. ഷെര്‍ളി വാസുവല്ല താനാണന്ന് ഡോ. ഉന്‍മേഷ് കോടതിയില്‍ മൊഴി നല്‍കിയത് വിവാദമായിരുന്നു. ഡോ.ഉന്മേഷിന്റെ മൊഴി പ്രതിഭാഗത്തെ സഹായിച്ചുവെന്നും ആരോപണമുയര്‍ന്നു.
ഇതെ തുടര്‍ന്ന് ഉന്‍മേഷിനെ കോടതി വീണ്ടും സ്വമേധയാ വിസ്തരിച്ചതും കോടതിചരിത്രത്തില്‍ തന്നെ അപൂര്‍വ്വമായ സംഭവമായിരുന്നു. സൗമ്യയുടെ പോസ്റ്റ്‌മോര്‍ട്ടം സംബന്ധിച്ചു ഡോ. എ.കെ. ഉന്മേഷ് വ്യാജമൊഴി നല്‍കിയെന്നു കണ്ടെത്തിയ കോടതി ഡോക്ടര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കാന്‍ നിര്‍ദ്ദേശം നല്‍കിട്ടുണ്ടായിരുന്നു.






