Random Posts

Monday, November 21, 2011

ജില്ലാക്കമ്മിറ്റിയംഗങ്ങളുടെ നേതൃത്വത്തില്‍ നടന്ന ഗ്രൂപ്പുയോഗം വിവാദമാകുന്നു


മാവേലിക്കര: സി.പി.എം. മാവേലിക്കര ഏരിയ സമ്മേളനം അടുത്താഴ്ച നടക്കാനിരിക്കെ സുധകാരപക്ഷത്തെ മൂന്ന് ജില്ലാ കമ്മിറ്റിയംഗങ്ങളുടെ സാന്നിധ്യത്തില്‍ചേര്‍ന്ന ഗ്രൂപ്പുയോഗം വിവാദമാകുന്നു. മാവേലിക്കര ഏരിയ സെക്രട്ടറി ജി. ഹരിശങ്കര്‍ ശനിയാഴ്ച ആലപ്പുഴയില്‍ നേരിട്ടെത്തി പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഞായറാഴ്ച അടിയന്തര ഏരിയ കമ്മിറ്റി വിളിച്ചുചേര്‍ത്തെങ്കിലും ആരോപണവിധേയര്‍ പങ്കെടുത്തില്ല. രാത്രി വൈകി പാര്‍ട്ടി ഏരിയ സെന്റര്‍ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട്. 

വ്യാഴാഴ്ച രാത്രിയിലാണ് ചുനക്കരയിലെ ഒരു ജനപ്രതിനിധിയുടെ വീട്ടില്‍ രഹസ്യയോഗം ചേര്‍ന്നത്. ഏരിയ കമ്മിറ്റിയിലേക്ക് മത്സരിപ്പിക്കേണ്ട അഞ്ചുപേരുടെ പട്ടികയ്ക്ക് യോഗം രൂപം നല്‍കി. ഏരിയ കമ്മിറ്റിയിലേക്കും ജില്ലാസമ്മേളന പ്രതിനിധി സ്ഥാനത്തേക്കും മത്സരിക്കാനും അതിലൂടെ സമ്മേളനം നിര്‍ത്തിവയ്ക്കുന്ന സാഹചര്യം സൃഷ്ടിക്കാനുമായിരുന്നത്രേ നീക്കം. നിലവില്‍ വി.എസ്. - ഐസക് അച്ചുതണ്ടിനാണ് മാവേലിക്കര ഏരിയ കമ്മിറ്റിയില്‍ ഭൂരിപക്ഷം. 18 അംഗ കമ്മിറ്റിയില്‍ 13 പേര്‍ ഈ വിഭാഗത്തില്‍പ്പെട്ടവരാണ്.

മാവേലിക്കര ഏരിയ സെക്രട്ടറിയുടെ പരാതിയെത്തുടര്‍ന്ന് ഞായറാഴ്ചചേര്‍ന്ന അടിയന്തര ഏരിയകമ്മിറ്റി യോഗത്തില്‍ ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ സി.എസ്. സുജാത, എം. സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തിരുന്നു. ഏരിയ സെക്രട്ടറി ഉന്നയിച്ച പരാതി വിശദമായി മിനുട്‌സില്‍ രേഖപ്പെടുത്തി. ഗ്രൂപ്പു യോഗത്തില്‍ പങ്കെടുത്തെന്ന് ആരോപിക്കപ്പെടുന്നവര്‍ കമ്മിറ്റിയില്‍ പങ്കെടുത്തില്ല. മാരാരിക്കുളം ഏരിയ സമ്മേളനം നടക്കുന്നതിനാല്‍ ജില്ലാ സെക്രട്ടറി സി.ബി. ചന്ദ്രബാബുവിനും കമ്മിറ്റിയില്‍ പങ്കെടുക്കാനായില്ല. അടുത്തദിവസം ജില്ലാ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ വീണ്ടും ഏരിയ കമ്മിറ്റി യോഗം വിളിച്ചുചേര്‍ക്കുമെന്നാണ് സൂചന.