Random Posts

Monday, November 14, 2011

സ്വിസ് അക്കൗണ്ട്: തരൂര്‍ നിയമനടപടിയ്ക്ക്, വിവാദ പത്രക്കാരനും കുടുങ്ങുമോ?


തിരുവനന്തപുരം: സ്വിസ്ബാങ്കില്‍ തനിക്ക് അക്കൗണ്ടുണ്ടെന്ന വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ച മാഗസിനെതിരേ തിരുവനന്തപുരം എം.പി ശശി തരൂര്‍ വക്കീല്‍ നോട്ടീസ് അയച്ചു. പത്തുകോടി രൂപ നഷ്ടപരിഹാരമായി വേണമെന്നാണ് സണ്‍ഡേ മാഗസിന് അയച്ച വക്കില്‍നോട്ടീസില്‍ തരൂര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പേരെടുത്തു പറഞ്ഞില്ലെങ്കിലും പരോക്ഷമായി തരൂരാണെന്നു മനസ്സിലാക്കത്തക്കവിധത്തില്‍ ആയിരുന്നു മാഗസിന്‍ വാര്‍ത്ത. ഇക്കാര്യം പ്രസിദ്ധീകരിക്കാതിരിക്കാന്‍ മലയാള മാധ്യമങ്ങളെ സ്വാധീനിച്ചെന്നും ആരോപണവും വാര്‍ത്തയിലുണ്ടായിരുന്നു.

എന്നാല്‍ സ്വിസ്‌ ബാങ്ക് അക്കൗണ്ട് സംബന്ധിച്ച് വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ ശശി തരൂരിന്റെ പേരെടുത്ത് പറഞ്ഞ് വാര്‍ത്ത പ്രസിദ്ധീകരിച്ച ഓണ്‍ലൈന്‍ പത്രത്തിന്റെ പേരില്‍ നടപടി സ്വീകരിക്കുമോ എന്നാണ് സംശയം. ഈ വിഷയത്തിന്റെ പേരില്‍ നോട്ടീസ് അയച്ചാലും അത് കൈപ്പറ്റേണ്ടി വരുന്നത് കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലയിലെ ഒരു കര്‍ഷകനായിരിക്കും എന്നാണ്‍ അറിയാന്‍ കഴിയുന്നത്. വിവാദ പത്രം നടത്തിപ്പുകാരന്റെ റബര്‍ വെട്ടുകാരന്റെ പേരിലാണ് പത്രം രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന ആരോപണം പണ്ടു മുതലേ ശക്തമാണ്. ഇതിന്റെ പേരില്‍ മുന്‍പും ഇയാള്‍ പല നിയമനടപടികളില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടിട്ടുണ്ട്. ഇവരുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഇപ്പോഴും കേരളാ പോലീസിന്റെ സൈബര്‍ സെല്‍ മുമ്പാകെ ഉണ്ടെന്നാണ് അറിയുവാന്‍ കഴിഞ്ഞത്. പ്രസിദ്ധീകരിക്കുന്ന വാര്‍ത്ത തിരിച്ചടിയാകുമെന്ന് കണ്ടാല്‍ പിന്‍ വലിക്കുന്നതും ഇവരുടെ ഒരു ശൈലിയാണ്. ഏതായാലും തരൂര്‍ വിഷയത്തില്‍ മാഗസിനൊപ്പം ഇവരുടെ പേരിലും നോട്ടീസ് അയച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല.

സ്വിസ് ബാങ്കില്‍ കള്ളപ്പണ നിക്ഷേപമുളള കേരള എംപി വിവാദനായകനായ മുന്‍ കേന്ദ്രമന്ത്രിയാണെന്ന് വ്യക്തമായ സൂചനകള്‍ ലഭിച്ചുവെന്നായിരുന്നു മാഗസിന്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത. കേരളത്തില്‍ നിന്നുള്ള ഒരു എം പിക്ക് ജെനീവയിലെ എച്ച് എസ് ബി സി ബാങ്കില്‍ കള്ളപ്പണ നിക്ഷേപം ഉണ്ടെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. തന്റെ പേര് പുറത്തുവരാതിരിക്കാന്‍ മുന്‍ കേന്ദ്രമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം എന്ന് പരിചയപ്പെടുത്തിക്കൊണ്ട് ചില ഉന്നതര്‍ മലയാളത്തിലെ പ്രമുഖ മാധ്യമങ്ങളെ കഴിഞ്ഞ ദിവസം സമീപിച്ചിരുന്നുവെന്നും മാഗസിന്‍ ആരോപിച്ചിരുന്നു. ആദ്യമായി ലോകസഭയിലെത്തിയപ്പോള്‍ തന്നെ കേന്ദ്രമന്ത്രിസഭയില്‍ അംഗമാകാന്‍ കഴിഞ്ഞ ഈ മന്ത്രി വിവാദങ്ങളെത്തുടര്‍ന്ന് രാജിവെക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു-മാഗസിന്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത തുടരുന്നു.

സ്വിസ് ബാങ്കിലെ കള്ളപ്പണരേഖകള്‍ പുറത്തുവന്നതുമുതല്‍ ഈ മുന്‍മന്ത്രിയുടെ പേര് രാഷ്ട്രീയ വൃത്തങ്ങളില്‍ പ്രചരിച്ചിരുന്നു. ഇപ്പോള്‍ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്ന ഈ കേന്ദ്രമന്ത്രിയുടെ പേര് കോണ്‍ഗ്രസ്ബി.ജെ.പി. വൃത്തങ്ങള്‍ സ്വകാര്യസംഭാഷണങ്ങളില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 'സമയം വരുമ്പോള്‍ ഔദ്യോഗികമായി തന്നെ മുന്‍ മന്ത്രിയുടെ പേര് വെളിപ്പെടുത്തു'മെന്ന് മുതിര്‍ന്ന ബി ജെ പി നേതാവ് മാഗസിനോടു പറഞ്ഞുവെന്നും വാര്‍ത്തയിലുണ്ടായിരുന്നു. അതേസമയം, വിദേശത്തെ കള്ളപ്പണ നിക്ഷേപകരുടെ പേര് വിവരം വെളിപ്പെടുത്താന്‍ സര്‍ക്കാരില്‍ പരസ്യമായി സമ്മര്‍ദ്ദം ചെലുത്തുകയെന്നതാണ് ബി ജെ പിയുടെ തന്ത്രമെന്നും അന്നത്തെ വാര്‍ത്തയില്‍ വ്യക്തമാക്കിയിരുന്നു. 'കേരളത്തില്‍നിന്നുളള എംപി'ക്ക് സ്വിസ് ബാങ്ക് അക്കൌണ്ട് ഉണ്ട് എന്ന വാര്‍ത്ത തങ്ങളെ മുഴുവന്‍ കളങ്കപ്പെടുത്തുന്നതാണെന്നും അതിനാല്‍ ബാങ്ക് അക്കൌണ്ട് സംബന്ധിച്ച ദുരൂഹതകള്‍ നീക്കേണ്ടതുണ്ടെന്ന് മറ്റ് കേരള എംപിമാര്‍ അഭിപ്രായപ്പെടുന്നുണ്ട്.

അതേസമയം മലയാള മാധ്യമങ്ങള്‍ കേരള എം പിയുടെ സ്വിസ് ബാങ്ക് അക്കൌണ്ട് വിഷയം പെട്ടെന്ന് കൈവിട്ടതിനു പിന്നില്‍ ദുരൂഹതകള്‍ ഏറെയുണ്ടെന്നും വാര്‍ത്ത പറയുന്നു. വന്‍ സാമ്പത്തിക ഇടപാടുകളും വ്യാവസായിക ബന്ധങ്ങളും മൂലം വിവാദത്തിലായപ്പോള്‍ ഇദ്ദേഹത്തെ കയ്യൊഴിയാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമാവുകയായിരുന്നു. എന്നാല്‍ സ്വിസ് ബാങ്ക് അക്കൌണ്ട് വിഷയത്തില്‍ പാര്‍ട്ടി ഇദ്ദേഹത്തെ പിന്തുണയ്ക്കുമെന്നാണ് അറിയുന്നത്. മറ്റു കേന്ദ്ര നേതാക്കള്‍ക്കു കൂടി സംരക്ഷ കിട്ടേണ്ട സാഹചര്യം ഉളളതിനാലാണിത്. സ്വിസ് ബാങ്ക് അക്കൌണ്ട് വിവരം സ്ഥിരീകരിക്കപ്പെട്ടാന്‍ ഇദ്ദേഹത്തിന് എം പി സ്ഥാനവും ഉപേക്ഷിക്കേണ്ടി വരും. തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പില്‍ വെളിപ്പെടുത്തിയ സ്വത്ത് വിവരങ്ങള്‍ കളവായിരുന്നു എന്ന് ബോധ്യപ്പെടുന്നതോടെ ക്രിമിനല്‍ നടപടികളും നേരിടേണ്ടി വരുമെന്നും മാഗസിന്റെ വാര്‍ത്തയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വാര്‍ത്ത തുടരുന്നത് ഇങ്ങനെയാണ്-ജനീവയിലെ എച്ച്.എസ്.ബി.സി. ബാങ്കില്‍ കള്ളപ്പണം സൂക്ഷിച്ച 700 പേരുടെ വിവരങ്ങള്‍ അടുത്തിടെയാണ് സര്‍ക്കാറിന് ലഭിച്ചത്. ഇതില്‍ കേരളത്തില്‍നിന്നുള്ള ഒരു എം.പിക്ക് പുറമെ ഹരിയാനയില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നും ഉള്ള മൂന്ന് എം പിമാരും വ്യവസായികളുമുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതില്‍ ഒരു എം.പി.ക്ക് 200 കോടി രൂപയുടെ നിക്ഷേപമാണ് എച്ച്.എസ്.ബി.സി.യിലുള്ളത്. ചോദ്യംചെയ്യലിന് ഹാജരാകാന്‍ മൂന്നുപേരോടും ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട് എന്നായിരുന്നു വാര്‍ത്ത. അതേസമയം, എം.പി.മാര്‍ക്ക് നോട്ടീസ് അയച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സി.ബി.ഡി.ടി.) നിഷേധിച്ചു. എം പി മാരുടെ പേര്‍ പട്ടികയിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ബോര്‍ഡ് നിഷേധിച്ചിട്ടില്ല.

അതിനിടെ, ജനീവയിലെ എച്ച്.എസ്.ബി.സി. ബാങ്കില്‍ കള്ളപ്പണം നിക്ഷേപിച്ച 700 പേരുടെ പട്ടിക കേന്ദ്രസര്‍ക്കാര്‍ വെളിപ്പെടുത്തണമെന്ന് ബി.ജെ.പി. വക്താവ് നിര്‍മ്മല സീതാരാമന്‍ ആവശ്യപ്പെട്ടു. ഇവരുടെ പട്ടിക ഫ്രഞ്ച് സര്‍ക്കാര്‍ ഇന്ത്യക്ക് കൈമാറിയിട്ടുണ്ട്. എന്നാല്‍ ചിലരുടെ പേരു മാത്രമാണ് സര്‍ക്കാര്‍ വെളിപ്പെടുത്തിയത്. 'എല്ലാവരുടെയും പേരുകള്‍ വെളിപ്പെടുത്തിയാല്‍ അത് തലവേദനയാകുമെന്ന് സര്‍ക്കാറിന് അറിയാം. പാര്‍ലമെന്റംഗങ്ങളും ബിസിനസ്സുകാരും വ്യവസായികളും കള്ളപ്പണം നിക്ഷേപിച്ചവരിലുണ്ട്. നാലായിരം കോടി രൂപയാണ് ജനീവയിലെ ബാങ്കില്‍ നിക്ഷേപിച്ചത്' ബി ജെ പി വക്താവ് പറഞ്ഞു. വിദേശത്തെ ബാങ്കുകളിലുള്ള കള്ളപ്പണം തിരിച്ചുകൊണ്ടുവരാന്‍ കൈക്കൊണ്ട നടപടികളെക്കുറിച്ച് സമഗ്രമായ പ്രസ്താവന കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കണമെന്നും ബി.ജെ.പി. ആവശ്യപ്പെട്ടു.

അധികാരത്തിലെത്തി നൂറുദിവസത്തിനകം കള്ളപ്പണം തിരിച്ചുകൊണ്ടുവരാന്‍ നടപടിയെടുക്കുമെന്ന് യു. പി. എ. സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ സുപ്രീംകോടതിയുടെ കര്‍ശന നിര്‍ദേശമുണ്ടായിട്ട് പോലും യു.പി.എ. സര്‍ക്കാര്‍ അലസമനോഭാവമാണ് കാട്ടുന്നതെന്ന് പാര്‍ട്ടി വക്താവ് നിര്‍മല സീതാരാമന്‍ ചൂണ്ടിക്കാട്ടി. ഫ്രാന്‍സില്‍നിന്ന് കള്ളപ്പണം സംബന്ധിച്ച് ലഭിച്ച കേസുകളില്‍ 69 എണ്ണത്തില്‍ നടപടിയെടുത്തതായി ധനമന്ത്രി പ്രണബ് മുഖര്‍ജി ചൊവ്വാഴ്ച മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചിരുന്നു. 397.18 കോടി രൂപയുടെ പണമാണ് കണ്ടെത്തിയത്. ഇവരില്‍നിന്ന് 30.07 കോടിയുടെ പിഴ ഈടാക്കി. സംശയകരമായ പതിനായിരത്തിലധികം വിദേശ നിക്ഷേപങ്ങള്‍ സംബന്ധിച്ച് ധനമന്ത്രാലയത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവയെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. ലിഷ്‌ടെന്‍സ്‌റ്റൈനിലെ ജി.ടി.ബി. ബാങ്കില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കള്ളപ്പണത്തിന് പിഴ ഈടാക്കുകയാണ് ചെയ്തിരുന്നത്.

സുപ്രീം കോടതിയുടെയും പൊതുജനങ്ങളുടെയും ഇടപെടലുകളെത്തുടര്‍ന്ന് കള്ളപ്പണക്കാര്‍ക്ക് നേരെ സര്‍ക്കാര്‍ കൂടുതല്‍ ശക്തമായ നടപടികളെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എം പിമാരുടെയും രാഷ്ട്രീയക്കാരുടെയും പേരുവിവരങ്ങള്‍ കൂടുതലായി വെളിപ്പെടുന്നതോടെ സര്‍ക്കാരിന് നടപടിയെടുക്കാതെ വഴിയില്ലെന്ന അവസ്ഥായാണ് ഉള്ളത്. നേരത്തെ വെളിപ്പെട്ട വിദേശ അക്കൌണ്ടുകളുടെ കാര്യത്തില്‍ ചെയ്തതുപോലെ പിഴയൊടുക്കി രക്ഷപ്പടാന്‍ ഇനി അനുവദിക്കാനിടയില്ല എന്നാണ് അറിയുന്നത്. പിഴയ്ക്ക് പുറമെ, അഞ്ച്മുതല്‍ ആറ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന ആദായ നികുതി നിയമത്തിലെ വകുപ്പുകള്‍ നികുതിവെട്ടിപ്പുകാര്‍ക്ക് നേരെ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാമാക്കുമെന്നും പറഞ്ഞാണ് മാഗസിന്‍ വാര്‍ത്ത അവസാനിപ്പിച്ചത്