Random Posts

Tuesday, November 15, 2011

ഡല്‍ഹിയിലെ നഴ്‌സിംഗ് വിദ്യാര്‍ഥിനികളുടെ സമരം: ഷീല ദീക്ഷിത് ഇടപെടന്നു


ന്യൂഡല്‍ഹി: ഡല്‍ഹിയിലെ റാംമനോഹര്‍ ലോഹ്യ ആശുപത്രിയില്‍ മലയാളി നഴ്‌സിംഗ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ തുടരുന്ന സമരം ശക്തമായതോടെ പ്രശ്‌നപരിഹാരത്തിനു മുഖ്യമന്ത്രി ഷീല ദീക്ഷിത് ഇടപെടുന്നു. ആശുപത്രിയിലെ നഴ്‌സിംഗ് കോളേജും മെസ്സും അടച്ചിടുമെന്ന ഭീഷണിക്കു വഴങ്ങാതെ ആര്‍.എം.എല്ലിലെ നഴ്‌സിംഗ്  വിദ്യാര്‍ഥികള്‍ ശക്തമായ സമരവുമായി മുന്നോട്ടുനീങ്ങുകയാണ്. മലയാളി വിദ്യാര്‍ഥിനിയെ പ്രിന്‍സിപ്പല്‍ അപമാനിച്ച സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഒരാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത് മെഡിക്കല്‍ സൂപ്രണ്ടിനോട് ആവശ്യപ്പെട്ടു.

വിദ്യാര്‍ഥിനിയെ കോഓര്‍ഡിനേറ്ററും പ്രിന്‍സിപ്പലും ചേര്‍ന്ന് അപമാനിക്കുകയും വസ്ത്രം വലിച്ചുകീറുകയും ചെയ്തതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച ആരംഭിച്ച സമരത്തിന് നാനാഭാഗത്തുനിന്ന് പിന്തുണയേറുകയാണ്. സമരംചെയ്യുന്ന വിദ്യാര്‍ഥികളുടെ പ്രതിനിധികള്‍ ഡി. പി.സി.സി. സെക്രട്ടറി കെ.എന്‍. ജയരാജിന്റെ നേതൃത്വത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാദീക്ഷിത്തിനെ സന്ദര്‍ശിച്ച് പരാതി നല്‍കി. വിദ്യാര്‍ഥികളുടെ പരാതികള്‍ പരിശോധിക്കാന്‍ അന്വേഷണസമിതിയെ നിയോഗിച്ച് റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം നല്‍കാന്‍ മെഡിക്കല്‍ സൂപ്രണ്ടിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പ്രതാപന്‍, തോമസ് കുറ്റിയാനിമറ്റം എന്നിവരും വിദ്യാര്‍ഥികള്‍ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടു.

കോളജിലെ ഇരുനൂറോളം വിദ്യാര്‍ഥികള്‍ തിങ്കളാഴ്ച നിശ്ശബ്ദസമരം നടത്തി. അധികൃതരുടെ ഭാഗത്തുനിന്ന് ഏറെ ഭീഷണിയുണ്ടായിട്ടും ക്ലാസില്‍ കയറാന്‍ കൂട്ടാക്കാതെ വിദ്യാര്‍ഥികള്‍ ഹോസ്റ്റലിന്റെ മുറ്റത്തിരുന്നാണ് സമരം ചെയ്യുന്നത്. വിദ്യാര്‍ഥികളുടെ സമരത്തെത്തുടര്‍ന്ന് അധികൃതര്‍ നിയോഗിച്ച അന്വേഷണക്കമ്മീഷന്‍ ചൊവ്വാഴ്ച റിപ്പോര്‍ട്ട് നല്‍കുമെന്നാണ് പറഞ്ഞിട്ടുള്ളത്. ഈ റിപ്പോര്‍ട്ട് തങ്ങള്‍ക്കനുകൂലമല്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. സമരം മൂന്നാംദിവസത്തിലേക്ക് കടന്നതോടെ പിന്തുണയുമായി രാഷ്ട്രീയപ്പാര്‍ട്ടികളും സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വിജേന്ദര്‍ ഗുപ്ത, ദേശീയ സെക്രട്ടറി വാണി ത്രിപാഠി, പി.ടി. തോമസ് എം.പി., സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ബര്‍ഖ സിങ് തുടങ്ങിയവര്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായെത്തി.

ആര്‍.എം.എല്‍. നഴ്‌സിങ് കോളജ് വിദ്യാര്‍ഥിനിയെ അപമാനിച്ച സംഭവത്തില്‍ ഉടന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഊര്‍ജ സഹമന്ത്രി കെ.സി. വേണുഗോപാല്‍ കേന്ദ്ര ആരോഗ്യമന്ത്രി ഗുലാം നബി ആസാദിന് കത്തയച്ചു. എം.പി.മാരായ പി. ടി. തോമസ്, ആന്റോ ആന്റണി, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ തുടങ്ങിയവരും ആരോഗ്യമന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. അതേസമയം മലയാളി നഴ്‌സിംഗ് വിദ്യാര്‍ഥിനിയുടെ വസ്ത്രം വലിച്ചു കീറിയ സംഭവത്തില്‍ കുറ്റക്കാരെ രക്ഷിക്കാന്‍ അധികൃതരുടെ ശ്രമം നടക്കുന്നതായി സൂചനയുണ്ട്. ഉടുപ്പു വലിച്ചു കീറിയ വൈസ് പ്രിന്‍സിപ്പല്‍ നിര്‍മലാ സിംഗിനെയും നഴ്‌സിംഗ് കോര്‍ഡിനേറ്ററേയും പിരിച്ചു വിടണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം അവസാനിപ്പിച്ചില്ലെങ്കില്‍ ഹോസ്റ്റലില്‍നിന്ന് എല്ലാവരേയും പുറത്താക്കുമെന്ന് ആശുപത്രി അധികൃതര്‍ ഭീഷണി മുഴക്കിയത് ഈ പശ്ചാത്തലത്തിലാണ്. എന്നാല്‍ ദേശീയ വനിതാ കമ്മിഷനും ഡല്‍ഹി സംസ്ഥാന വനിതാ കമ്മീഷനും ഇടപെട്ടതോടെ ഈ നീക്കത്തില്‍ നിന്ന് അധികൃതര്‍ പിന്‍വലിഞ്ഞു.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ദേശീയ വനിതാ കമ്മിഷനംഗം ചാരുവാല ഖന്നയുടെ നേതൃത്വത്തില്‍ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട് എന്നതാണ് വിദ്യാര്‍ഥികള്‍ക്കു മുന്നിലുള്ള ഏകആശ്വാസം. മലയാളി നഴ്‌സിംഗ് വിദ്യാര്‍ഥിനിയുടെ യൂണിഫോം വലിച്ചുകീറുകയും നഗ്‌നയായി നടത്തുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്ത വനിതാ ആക്ടിംഗ് പ്രിന്‍സിപ്പലിന്റെ നടപടി സ്ത്രീത്വത്തെ അപമാനിക്കലും മാനസികമായി പീഡിപ്പിക്കലുമാണെന്നു വിവിധകോണുകലില്‍ നിന്നും ഇതിനകം ആക്ഷേപം ഉയര്‍ന്നിരുന്നു. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേലധികാരിയില്‍ നിന്നും ഒരിക്കലും ഉണ്ടാകരുതാത്ത പെരുമാറ്റമാണ് ഡല്‍ഹിയിലെ റാംമനോഹര്‍ ലോഹ്യ നഴ്‌സിംഗ് കോളജിലെ പ്രിന്‍സിപ്പലിന്റെ ചുമതല വഹിക്കുന്ന വൈസ് പ്രിന്‍സിപ്പല്‍ നിര്‍മലാ സിംഗില്‍ നിന്നും ഉണ്ടായത്.

കോട്ടയം ജില്ലയിലെ വാകത്താനം സ്വദേശിയായ മൂന്നാം വര്‍ഷ ബി.എസ്സി. നഴ്‌സിംഗ് വിദ്യാര്‍ഥിനി മൂന്നു ദിവസത്തെ അവധിക്കുശേഷം വെള്ളിയാഴ്ച ക്ലാസില്‍ തിരിച്ചെത്തിയപ്പോഴായിരുന്നു അധിക്ഷേപവും അപമാനിക്കലും നടന്നത്. ധരിച്ചിരുന്ന യൂണിഫോമില്‍ അഴുക്കു പുരണ്ടിരുന്നു എന്നാരോപിച്ച് നഴ്‌സിംഗ് കോ ഓര്‍ഡിനേറ്റര്‍ വിദ്യാര്‍ഥിനിയെ പ്രിന്‍സിപ്പലിന്റെ മുന്നിലെത്തിച്ചു. പ്രിന്‍സിപ്പല്‍ ശകാരവര്‍ഷവുമായി യൂണിഫോം വലിച്ചുകീറുകയും ആവര്‍ത്തിച്ചാല്‍ കോളജ് വരാന്തയിലൂടെ നഗ്‌നയായി നടത്തുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. മുന്‍പും പലതവണ മലയാളി നഴ്‌സിംഗ് വിദ്യാര്‍ഥിനികള്‍ക്ക് പല തിക്താനുഭവങ്ങളും ഈ കോളജില്‍ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും മലയാളിയാണോ എന്നു ചോദിച്ച് നേരിട്ട് ആക്ഷേപിക്കുകയും വസ്ത്രാക്ഷേപത്തിനു ശ്രമിക്കുകയും ചെയ്ത ഈ സംഭവം പൊതുപ്രശ്‌നമായി ഏറ്റെടുത്ത മലയാളി വിദ്യാര്‍ഥിനികള്‍ ഇപ്പോള്‍ സമരരംഗത്താണ്. വൈസ് പ്രിന്‍സിപ്പലിനെയും നഴ്‌സിംഗ് കോ ഓര്‍ഡിനറേറ്ററെയും ചുമതലയില്‍ നിന്നും ഒഴിവാക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് മലയാളി വിദ്യാര്‍ഥിനികള്‍.

ഇരുന്നൂറോളം നഴ്‌സിംഗ് വിദ്യാര്‍ഥിനികളുള്ള ഈ ആശുപത്രിയില്‍ 40 മലയാളിക്കുട്ടികളുണ്ട്. ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ തുടങ്ങിയ വന്‍ നഗരങ്ങളില്‍ മലയാളി നഴ്‌സിംഗ് വിദ്യാര്‍ഥിനികള്‍ മാത്രമല്ല നഴ്‌സുമാരും അവഗണനയും ചൂഷണവും വിവേചനവും നേരിടുന്നുണ്ട്. അതിനാല്‍ ഈ സംഭവത്തെ ഒറ്റപ്പെടുത്തിക്കാണാനാവില്ല. ഭാഷയുടെയും പ്രദേശത്തിന്റെയും പേരില്‍ നടത്തുന്ന വിവേചനം ജനധിപത്യ സമ്പ്രദായത്തില്‍ ഒരു തരത്തിലും അംഗീകരിക്കാനാവില്ല. ഇത്തരം വിവേചനം തുല്യനീതി സിദ്ധാന്തത്തിനു തന്നെ വിരുദ്ധമാണ്. വിദ്യാര്‍ഥികളെ പ്രദേശത്തിന്റെയും ഭാഷയുടെയും പേരില്‍ വിദ്വേഷത്തോടെ കാണുന്ന രീതി വച്ചുപൊറുപ്പിക്കരുത്. ഈ അനീതി ഡല്‍ഹിയിലെ പല നഴ്‌സിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആശുപത്രികളിലും നടക്കുന്നതിനാല്‍ ഈ കേസ് തേഞ്ഞുമാഞ്ഞു പോകാന്‍ അനുവദിച്ചാല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയേയുള്ളൂ.

ഇന്ത്യയിലെന്നല്ല ആഗോളതലത്തില്‍ തന്നെ സേവനം, പരിചരണം, സ്‌നേഹം എന്നിവയിലൂടെ രോഗികള്‍ക്ക് ഏറ്റവുംകൂടുതല്‍ ആശയും ആശ്വാസവും നല്‍കുന്നവരാണ് മലയാളി നഴ്‌സുമാര്‍. എന്നിട്ടും അവര്‍ പുറംനാടുകളില്‍ ഒട്ടേറെ അസുഖകരമായ സാഹചര്യങ്ങളില്‍ ചൂഷണവും നേരിടേണ്ടി വരുന്നു. ഡല്‍ഹിയില്‍ മാത്രം അരലക്ഷത്തോളം നഴ്‌സുമാര്‍ വിവിധ ആശുപത്രികളിലായി രാപ്പകല്‍ ജോലി ചെയ്യുന്നുണ്ട്. അവരുടെ പിന്‍മുറക്കാരായി നൂറുകണക്കിനു നഴ്‌സിങ് വിദ്യാര്‍ഥികള്‍ ഡല്‍ഹിയില്‍ പഠിക്കുന്നു. വിവധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലായി മലയാളികളായ ആയിരക്കണക്കിനു നഴ്‌സുമാരും നഴ്‌സിംഗ് വിദ്യാര്‍ഥികളുമുണ്ട്. നഴ്‌സുമാര്‍ സേവന വ്യവസ്ഥകളുടെയും ജോലിസമയം അടക്കം മാനുഷിക പരിഗണന ലഭിക്കാത്തതിന്റെയും പേരിലാണ് അവഗണിക്കപ്പെടുന്നതെങ്കില്‍ നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്ക് ഭീഷണിയും ചൂഷണവുമാണ് നേരിടേണ്ടി വരുന്നത്. ബോണ്ടിന്റെ അടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്ന നഴ്‌സുമാര്‍ കടുത്ത പീഡനമാണ് നേരിടുന്നത്. പരാതി പറഞ്ഞാല്‍ അവരുടെ സര്‍ട്ടിഫിക്കറ്റ് പോലും തിരിച്ചു കൊടുക്കില്ല. ബോണ്ട് വ്യവസ്ഥ ലംഘിച്ചതിന്റെ പേരില്‍ പിഴ വേറെ.

ഒരാള്‍ക്ക് വഹിക്കാവുന്നതിന്റെ ഇരട്ടി ജോലിഭാരം നല്‍കുക പതിവാണ്. ഇത്തരം അവഗണനയാണ് സമീപകാലത്ത് പല സംസ്ഥാനങ്ങളിലും സമരരംഗത്തിറങ്ങാന്‍ മലയാളി നഴ്‌സുമാരെ പ്രേരിപ്പിച്ചത.് വ്യക്തമായ തൊഴില്‍ നിയമം ഇല്ലാത്തതാണ് പല സംസ്ഥാനങ്ങളിലും പ്രശ്‌നം ഗുരുതരമാക്കുന്നതെങ്കില്‍ തൊഴില്‍ നിയമം പാലിക്കാത്തതാണ് ഡല്‍ഹി പോലുള്ള മഹാനഗരങ്ങളിലെ പ്രശ്‌നം. കേരള സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കര്‍ശനമായി ഇടപെടണം. പ്രശ്‌നം കേന്ദ്രത്തിന്റെയും വിവിധ സംസ്ഥാന സര്‍ക്കാരുകളുടെയും അടിയന്തര ശ്രദ്ധയില്‍ കൊണ്ടുവരണം. മലയാളി നഴ്ുമാരെയും നഴ്‌സിംഗ് വിദ്യാര്‍ഥികളെയും അപമാനിക്കാനും അവഗണിക്കാനും രാജ്യത്തെ ഒരു സ്ഥാപനവും തയാറാകാത്തവിധം വ്യക്തമായ വ്യവസ്ഥകള്‍ നിര്‍മിക്കാന്‍ കേരളം കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണമെന്നതാണ് യാഥാര്‍ത്ഥ്യം