Random Posts

Sunday, November 6, 2011

കരുതിക്കൂട്ടി യു.ഡി.എഫ്: സോണിയയും രാഹുലും പിറവത്ത് എത്തും


കൊച്ചി:  പിറവം ഉപതെരഞ്ഞെടുപ്പില്‍ അനൂപ് ജേക്കബ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് തീര്‍ച്ചയായതോടെ നേതൃത്വം ഉണര്‍ന്നുപ്രവര്‍ത്തിച്ചുതുടങ്ങി. ടി.എം.ജേക്കബ് കഴിഞ്ഞ അഞ്ച് മാസക്കാലയളവില്‍ ആരംഭിച്ചതും നടപ്പാക്കിയതുമായ വികസന പ്രവര്‍ത്തനങ്ങള്‍ വാര്‍ഡ് തലങ്ങളിലെത്തിക്കുകയാണ് ആദ്യഘട്ട പ്രചാരണം. ഗ്രാമീണ റോഡുകളുടെ അറ്റകുറ്റപ്പണികള്‍, കുടിവെള്ളപ്രശ്‌നം, വൈദ്യുതിപ്രശ്‌നം എന്നിവയ്ക്ക് പരിഹാരവും യു.ഡി.എഫ് പ്രചാരണ അജണ്ടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പിറവം, മുളന്തുരുത്തി ബ്ലോക്ക് കമ്മിറ്റികള്‍ കോണ്‍ഗ്രസ് നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സജീവമാക്കുന്നതിന് തീരുമാനിച്ചു.

യു.ഡി.എഫ്. ചെയര്‍മാന്‍ എന്‍.പി. പൗലോസിന്റെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് (ജേക്കബ്), കേരള കോണ്‍ഗ്രസ് (മാണി), മുസ്‌ലിം ലീഗ് എന്നീ ഘടകകക്ഷി നേതാക്കളുമായി പ്രാരംഭഘട്ട ചര്‍ച്ചകള്‍ നടന്നു. 14 അംഗ ഏകോപന സമിതി ചേര്‍ന്ന് ഉപതിരഞ്ഞെടുപ്പ് രംഗത്ത് സജീവമാകുന്നതിന് തീരുമാനിച്ചു. കേരള കോണ്‍ഗ്രസ് (ജേക്കബ്) വിഭാഗം യോഗം വെള്ളിയാഴ്ച വൈകീട്ട് ചേര്‍ന്നു. 12 മണ്ഡലങ്ങളില്‍ നിന്നുള്ള പാര്‍ട്ടി ഭാരവാഹികള്‍ പങ്കെടുത്തു. പാര്‍ട്ടിലീഡറുടെ നിര്യാണത്തില്‍ അനുശോചിച്ചു. അനൂപ് ജേക്കബ്ബിന്റെ പ്രചാരണ പരിപാടികള്‍ ഞായറാഴ്ച കഴിഞ്ഞ് ആരംഭിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഞായറാഴ്ച വൈകീട്ട് 3ന് പിറവത്ത് ബസ്സ്റ്റാന്‍ഡ് കവലയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, മറ്റ് ഘടകകക്ഷി നേതാക്കള്‍, മന്ത്രിമാര്‍, എം.എല്‍.എമാര്‍, എം.പിമാര്‍ എന്നിവര്‍ പങ്കെടുക്കുന്ന അനുശോചന യോഗം ചേരുന്നുണ്ട്.

ഞായറാഴ്ചയ്ക്കു ശേഷം മണ്ഡലത്തിലെ പ്രധാന വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവ സന്ദര്‍ശിക്കുന്നതിന് വേണ്ട കാര്യങ്ങള്‍ തീരുമാനിക്കും. യുഡിഎഫ് തീരുമാനമനുസരിച്ചായിരിക്കും പ്രചാരണ പരിപാടികള്‍ ക്രമീകരിക്കുക. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ടി.എം. ജേക്കബ്ബിനോടൊപ്പം മകന്‍ അനൂപ് ജേക്കബ് മണ്ഡലത്തിലുടനിളം പ്രചാരണത്തിനുണ്ടായിരുന്നു. ഞായറാഴ്ച വരെ അനൂപ് പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നില്ലെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ഉപതെരഞ്ഞെടുപ്പിന് കോണ്‍ഗ്രസും യുഡിഎഫും നല്‍കുന്ന വര്‍ധിച്ച പ്രാധാന്യത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി എന്നിവരെ പ്രചരണത്തിന് എത്തിക്കും. യുഡിഎഫ് സര്‍ക്കാരിന്റെ നിലനില്‍പിന് പിറവത്തെ വിജയം നിര്‍ണായകമായതിനാലാണിത്. സോണിയയെയും രാഹുലിനെയും പ്രചരണത്തിന് എത്തിക്കുന്നതുള്‍പ്പെടെ പ്രചരണപ്രവര്‍ത്തനങ്ങളുടെ സമ്പൂര്‍ണ മേല്‍നോട്ടം വഹിക്കുന്നത് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല നേരിട്ടായിരിക്കുമെന്ന പ്രത്യേകതയുമുണ്ട്.

ഇതാദ്യമാണ് ഘടകകക്ഷി മല്‍സരിക്കുന്ന ഉപതെരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് ഇത്ര പ്രാധാന്യം നല്‍കുന്നത്. നാല് എംഎല്‍എമാരുടെ മാത്രം ഭൂരിപക്ഷമുണ്ടായിരുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ഭൂരിപക്ഷം ടി എം ജേക്കബിന്റെ മരണത്തോടെ മൂന്നായി കുറഞ്ഞിരിക്കുകയാണ്. പിറവം ഉപതെരഞ്ഞെടുപ്പില്‍ ഏതുവിധവും വിജയിക്കേണ്ടത് അത്യാവശ്യമായി മാറുന്നത് അതുകൊണ്ടുതന്നെ. സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്ജിന് ഇരട്ടപ്പദവി പ്രശ്‌നത്തിലോ എ.കെ ബാലനെ പട്ടികജാതിക്കാരനെന്ന പരാമര്‍ശത്തിലോ വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിച്ചുവെന്നുപറയുന്ന സംഭവത്തെക്കുറിച്ചുള്ള മോശം പരാമര്‍ശത്തിന്റെ പേരിലോ എംഎല്‍എ സ്ഥാനം നഷ്ടപ്പെടാനുള്ള സാധ്യത കോണ്‍ഗ്രസ് നേതൃത്വം തള്ളിക്കളയുന്നില്ല. അങ്ങനെവന്നാല്‍ ഭൂരിപക്ഷം വീണ്ടും കുറയും. അതുകൊണ്ടുകൂടി പിറവം നിര്‍ണായകമായി മാറുകയാണ്.

കേരള കോണ്‍ഗ്രസ് ജേക്കബിന്റെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസങ്ങളില്‍ ഉണ്ടാകും. പിറവത്ത് ജേക്കബിന്റെ മകനെത്തന്നെ സ്ഥാനാര്‍ഥിയാക്കണമെന്ന യാക്കോബായ സഭയുടെ ആവശ്യം യു.ഡി.എഫ് അംഗീകരിച്ചത് പള്ളിപ്രശ്‌നത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന സഭയെ അനുനയിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു.തുടക്കം മുതല്‍ കെട്ടുറപ്പോടെയുള്ള പ്രചാരണപ്രവര്‍ത്തനം വേണമെന്നാണ് യു.ഡി.എഫ് തീരുമാനം.മന്ത്രിമാരായ കെ.എം. മാണി, കെ. ബാബു, ബെന്നി ബഹനാന്‍ എം.എല്‍.എ എന്നിവര്‍ക്കാകും തെരഞ്ഞെടുപ്പിന്റെ പ്രധാന ചുമതല. ഇതോടൊപ്പം യാക്കോബായ സഭയിലെ പ്രമുഖരെയും പ്രചാരണത്തിന്റെ മുന്‍നിരയിലെത്തിക്കാന്‍ നീക്കം ആരംഭിച്ചിട്ടുണ്ട്. പിറവത്ത് വിജയിക്കേണ്ടത് യു.ഡി.എഫ് സര്‍ക്കാറിനെ സംബന്ധിച്ചേടത്തോളം അനിവാര്യമാണെന്നതിനാല്‍ പഴുതടച്ച പ്രചാരണ പ്രവര്‍ത്തനങ്ങളാകും ഉണ്ടാകുക.

ഇടതുമുന്നണിയും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല.  ജേക്കബിനോട് പരാജയപ്പെട്ട എം.ജെ. ജേക്കബിനെ തന്നെ മത്സരരംഗത്തിറക്കാനാണ് സാധ്യത. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ അടുത്തദിവസം എറണാകുളത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗം ചേരുന്നുണ്ട്. എം.ജെ. ജേക്കബ് ഇപ്പോള്‍ തന്നെ മണ്ഡലത്തില്‍ സജീവ സാന്നിധ്യമാണ്. യാക്കോബായ സഭയുടെ നേതൃത്വവുമായി എല്‍.ഡി.എഫ് നേതാക്കളും ചര്‍ച്ച നടത്തുന്നുണ്ട്.ഇടത് മുന്നണിയുമായി യാക്കോബായ സഭ പുലര്‍ത്തുന്ന ബന്ധം തെരഞ്ഞെടുപ്പില്‍ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം