Random Posts

Wednesday, November 2, 2011

പെട്രോള്‍ വില 1.82 രൂപ കൂട്ടണമെന്ന് എണ്ണക്കമ്പനികള്‍

പെട്രോള്‍ വില കൂട്ടണമെന്ന ആവശ്യവുമായി എണ്ണക്കമ്പനികള്‍ വീണ്ടും രംഗത്ത്. അന്താരാഷ്ട്ര കമ്പോളത്തില്‍ അസംസ്‌കൃത എണ്ണയുടെ വില കൂടിയതും രൂപയുടെ മൂല്യമിടിഞ്ഞതും കണക്കിലെടുത്ത് വില കൂട്ടണമെന്നാണ് എണ്ണക്കമ്പനികളുടെ ആവശ്യം. ലിറ്ററിന് 1.82 രൂപ കൂട്ടണമെന്ന് ഹിന്ദുസ്ഥാന്‍ പെട്രോളിയം അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇപ്പോള്‍ ഒന്നര രൂപയാണ് ലിറ്ററിനു മേല്‍ എണ്ണക്കമ്പനികളുടെ നഷ്ടം. തീരുവയും മറ്റും ചേര്‍ത്താണ് 1.82 രൂപയുടെ വില വര്‍ധന കമ്പനികള്‍ നിര്‍ദേശിക്കുന്നത്. അന്താരാഷ്ട്ര കമ്പോളത്തില്‍ അസംസ്‌കൃത എണ്ണ വീപ്പയ്ക്ക് 108 ഡോളറാണ് വില. ഡോളറിനെതിരെ രൂപ 46-ല്‍ നിന്ന് 49 രൂപയായി ഇടിഞ്ഞിട്ടുണ്ട്.

ഇതിനു പുറമെ, വിവിധ വിമാന ക്കമ്പനികള്‍ എണ്ണക്കമ്പനികള്‍ക്ക് കോടികള്‍കുടിശ്ശിക നല്‍കാനുമുണ്ട്. ഇവ കണക്കിലെടുത്താണ് പെട്രോള്‍ വില കൂട്ടാന്‍ കമ്പനികള്‍ ആവശ്യപ്പെടുന്നത്. മറ്റ് എണ്ണക്കമ്പനികളുമായി വില കൂട്ടുന്ന കാര്യത്തില്‍ ചര്‍ച്ച നടക്കുകയാണെന്ന് ഹിന്ദുസ്ഥാന്‍ പെട്രോളിയം ഡയറക്ടര്‍ ബി. മുഖര്‍ജി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ സപ്തംമ്പര്‍ 15-ന് പെട്രോള്‍ വില 3.14 രൂപ കൂട്ടിയിരുന്നു. ഡോളറിനെ അപേക്ഷിച്ച് രൂപയുടെ മൂല്യം ഇടിഞ്ഞതിനെത്തുടര്‍ന്ന് ക്രൂഡ് ഓയിലിന്റെ ഇറക്കുമതി ചെലവു കൂടിയതിനാലാണ് പെട്രോളിന്റെ വില കൂട്ടുന്നതെന്ന് അന്നും പൊതുമേഖലാ സ്ഥാപനങ്ങള്‍ അവകാശപ്പെട്ടിരുന്നു. കഴിഞ്ഞ ആറു മാസത്തിനിടെരണ്ടു തവണയാണ് നിരക്കു കൂട്ടിയത്. കഴിഞ്ഞ മെയ് 15-ന് പെട്രോളിന് അഞ്ചു രൂപയുടെ വര്‍ധന വരുത്തിയിരുന്നു.

വിദേശ-ആഭ്യന്തര വിലയിലെ അന്തരം മൂലം ദിവസം 15കോടി രൂപ നഷ്ടമുണ്ടാകുന്നുവെന്ന് എണ്ണക്കമ്പനികള്‍ അവകാശപ്പെടുന്നു. കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഇന്ധന വില നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്കു നല്‍കിയത്. അതിനു ശേഷം ഇതുവരെയായി ആറു തവണ ഇന്ധന വില കൂട്ടിയിട്ടുണ്ട്.

എണ്ണക്കമ്പനികള്‍ക്ക് ഇക്കൊല്ലം 2450 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. പാചകവാതകവും ഡീസലും സബ്‌സിഡി നിരക്കില്‍ നല്‍കുന്നതിനാല്‍ ദിവസം 263 കോടി രൂപ നഷ്ടമെന്നാണ് കമ്പനികളുടെ വിശദീകരണം. കഴിഞ്ഞ ജൂണില്‍ ഡീസലിന് മൂന്നു രൂപയും മണ്ണെണ്ണയ്ക്ക് രണ്ടു രൂപയും പാചകവാതകത്തിന് 50 രൂപയും സര്‍ക്കാര്‍ കൂട്ടിയിരുന്നു.