Random Posts

Thursday, November 3, 2011

ബേബിയും പ്രതിക്കൂട്ടില്‍

എെ.എച്ച്.ആര്‍.ഡിയില്‍ കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്തു നടന്ന കൂടുതല്‍ ക്രമക്കേടുകള്‍ പുറത്തുവന്നു. മതിയായ യോഗ്യതയില്ലാത്ത അഞ്ചു പേരെ പ്രിന്‍സിപ്പല്‍മാരായി നിയമിച്ചതിന്റെ തെളിവുകളാണ് ഇന്നലെ പുറത്തുവന്നത്. മുന്‍ വിദ്യാഭ്യാസമന്ത്രി എം.എ. ബേബി മുന്‍കൈയെടുത്താണ് യോഗ്യതയില്ലാത്തവര്‍ക്ക് നിയമനം നല്‍കിയതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. മകന്‍ അരുണ്‍ കുമാറിന് അനധികൃത സ്ഥാനക്കയറ്റം നല്‍കിയതു സംബന്ധിച്ച ആരോപണങ്ങള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ തലവനും ഇപ്പോള്‍ പ്രതിപക്ഷ നേതാവുമായ വി.എസ് അച്യുതാനന്ദനെ വേട്ടയാടുന്നതിനിടെയാണ്, ഇതേ സര്‍ക്കാരില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എ ബേബിക്കെതിരെയും ആരോപണങ്ങള്‍ ഉയരുന്നത്.
പ്രൊഫസര്‍മാരായി നിയമനം ലഭിച്ചവരെ നിശ്ചിത കാലാവധി പൂര്‍ത്തിയാക്കിയ ശേഷമേ പ്രിന്‍സിപ്പല്‍മാരായി നിയമിക്കാവൂ എന്നാണ് ചട്ടം. ഈ ചട്ടം ലംഘിച്ചുകൊണ്ടാണ് അഞ്ചുപേര്‍ക്ക് പ്രിന്‍സിപ്പല്‍ പദവിയില്‍ നിയമനം നല്‍കിയത്. 2008 മാര്‍ച്ച് 22നായിരുന്നു നിയമനം. അടിയന്തരമായി പ്രിന്‍സിപ്പല്‍മാരെ ആവശ്യമുണ്ടെന്ന സര്‍ക്കുലര്‍ ഇറക്കിയാണ് എെ.എച്ച്.ആര്‍.ഡി എക്സിക്യൂട്ടീവ് ചെയര്‍മാന്‍ കൂടിയായിരുന്ന അന്നത്തെ വിദ്യാഭ്യാസ മന്ത്രി എം.എ ബേബി മുന്‍കൈയെടുത്ത് നിയമനം നടത്തിയത്. ഇത്തരത്തില്‍ നിയമനം നടത്തണമെങ്കില്‍ എക്സിക്യൂട്ടീവ് യോഗം ചേര്‍ന്ന് അംഗീകാരം നല്‍കേണ്ടതുണ്ട്. ഈ നടപടിക്രമവും ഇവിടെ പാലിക്കപ്പെട്ടിട്ടില്ല.
അടിയന്തര സാഹചര്യമാണെങ്കിലും യോഗ്യതയില്ലാത്തതവരെ നിയമിക്കാന്‍ പാടില്ലെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് പ്രതികരിച്ചു. ഇതു സംബന്ധിച്ച ഫയലുകള്‍ പരിശോധിക്കുമെന്നും അന്വേണം നടത്തി നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നാലുവര്‍ഷം എെ.എച്ച്.ആര്‍.ഡിയില്‍ നടന്ന ക്രമവിരുദ്ധമായ നടപടികള്‍ക്ക് അംഗീകാരം നല്‍കിയ എം.എ ബേബി കുറ്റക്കാരനാണെന്നാണ് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. സ്ഥാപനത്തിന്റെ എക്സ് ഒഫീഷ്യോ ചെയര്‍മാനായ വിദ്യാഭ്യാസ മന്ത്രിയുടെ അംഗീകാരത്തോടെയാണ് തീരുമാനങ്ങള്‍ നടപ്പാക്കിയിരുന്നതെന്നാണ് അക്കൗണ്ടന്റ് ജനറല്‍ കണ്ടെത്തിയിരിക്കുന്നത്.