Random Posts

Thursday, November 3, 2011

ഡീസല്‍, പാചകവാതകം, മണ്ണെണ്ണ വില കൂട്ടിയേക്കും

പെട്രോളിനു പിറകെ, ഡീസല്‍, പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ വില കൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം.

അന്താരാഷ്ട്ര കമ്പോളത്തില്‍ അസംസ്‌കൃത എണ്ണയുടെ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ വില പുനഃക്രമീകരിക്കാന്‍ മന്ത്രിസഭാ സമിതിയുടെ യോഗം വിളിക്കണമെന്ന് പെട്രോളിയം മന്ത്രി ജയ്പാല്‍ റെഡ്ഡി ആവശ്യപ്പെട്ടു. ധനമന്ത്രി പ്രണബ് മുഖര്‍ജിയുമായുള്ള ചര്‍ച്ചയ്ക്കു ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പെട്രോള്‍ വില ലിറ്ററിന് 1.82 രൂപ കൂടി ഉയര്‍ത്തണമെന്ന് എണ്ണക്കമ്പനികള്‍ കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. അതിനു പിന്നാലെയാണ് ഡീസല്‍, പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ വില കൂട്ടാന്‍ ആലോചന തുടങ്ങിയത്.

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് മുമ്പ് മന്ത്രിസഭാ ഉപസമിതി ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് മന്ത്രി ജയ്പാല്‍ റെഡ്ഡി പറഞ്ഞു. വില കൂട്ടണമെന്നുതന്നെയാണ് പെട്രോളിയം മന്ത്രാലയത്തിന്റെ നിലപാടെന്നും മന്ത്രി പറഞ്ഞു.

ഇക്കൊല്ലം ജൂണില്‍ ഡീസലിന് മൂന്നു രൂപയും മണ്ണെണ്ണയ്ക്ക് രണ്ടു രൂപയും പാചകവാതകത്തിന് 50 രൂപയും സര്‍ക്കാര്‍ കൂട്ടിയിരുന്നു. ഒരു കുടുംബത്തിന് വര്‍ഷം നാലു മുതല്‍ ആറു വരെ മാത്രം പാചകവാതക സിലിണ്ടര്‍ നല്‍കിയാല്‍ മതിയെന്ന നിര്‍ദേശത്തെ യു.പി.എ. ഘടകകക്ഷികള്‍ തന്നെ എതിര്‍ത്തിരുന്നു. ഒരു ലിറ്റര്‍ ഡീസല്‍ വില്‍ക്കുമ്പോള്‍ 9.27 രൂപയും പൊതുവിതരണ ശൃംഖല വഴി വില്‍ക്കുന്ന മണ്ണെണ്ണയ്ക്ക് 26.94 രൂപയും 14.2 കിലോഗ്രാമിന്റെ പാചകവാതക സിലിണ്ടര്‍ വില്‍ക്കുമ്പോള്‍ 260.50 രൂപയും നഷ്ടമുണ്ടാകുന്നുവെന്നാണ് എണ്ണക്കമ്പനികള്‍ പറയുന്നത്.

പൊതുമേഖലയിലെ മൂന്ന് എണ്ണക്കമ്പനികള്‍ക്ക് ഇക്കൊല്ലം 1,30,000 കോടി രൂപയുടെ നഷ്ടമാണ് മൂന്ന് ഇന്ധനങ്ങളും വില്‍ക്കുമ്പോള്‍ ഉണ്ടാവുകയെന്ന് ജയ്പാല്‍ റെഡ്ഡി അഭിപ്രായപ്പെട്ടു. ചെലവിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ വില്‍ക്കുന്നതു കാരണമുണ്ടാകുന്ന നഷ്ടം എണ്ണക്കമ്പനികള്‍ക്ക് താങ്ങാന്‍ കഴിയുന്നതല്ല. ബാങ്കുകള്‍ പോലും വായ്പ നല്‍കാത്ത സ്ഥിതിയാണിപ്പോള്‍.

ഇപ്പോള്‍, അന്താരാഷ്ട്ര കമ്പോളത്തില്‍ അസംസ്‌കൃതഎണ്ണ വീപ്പക്ക് 108 ഡോളറാണ് വില. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിനുള്ള വിലയായ 66.84 രൂപയുമായി തുലനം ചെയ്യുമ്പോള്‍ ഒരു വീപ്പ അസംസ്‌കൃത എണ്ണയുടെ വില 102 ഡോളര്‍ മാത്രമേ വരുന്നുള്ളൂവെന്ന് പെട്രോളിയം സെക്രട്ടറി ജി. സി. ചതുര്‍വേദി ചൂണ്ടിക്കാട്ടി.