കര്‍ഷക ആത്മഹത്യകള്‍ കണക്കിലെടുത്ത് വയനാടിനെ ദുരിതബാധിത ജില്ലയായി പ്രഖ്യാപിച്ചതായി മന്ത്രി കെ.എം.മാണി അറിയിച്ചു. വയനാട്ടിലും മറ്റുജില്ലകളിലും യഥാര്‍ത്ഥ ആത്മഹത്യയെന്ന് തെളിഞ്ഞ കേസുകളില്‍ വായ്പകള്‍ എഴുതിത്തള്ളും. പുതിയ വായ്പകള്‍ നല്‍കുന്നതില്‍ ഉദാരമായ സമീപനം സ്വീകരിക്കാമെന്ന് ബാങ്കുകളുടെ പ്രതിനിധികള്‍ ഉറപ്പുനല്‍കി.
കര്‍ഷക ആത്മഹത്യകളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര ബാങ്കേഴ്‌സ് സമിതിയുടെ യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. ഈവര്‍ഷം ഇതുവരെ വയനാട്ടില്‍ നാലും മറ്റ് ജില്ലകളില്‍ നാലും കര്‍ഷകരാണ് ആത്മഹത്യചെയ്തതായി സര്‍ക്കാരിന്റെ കണക്കിലുള്ളതെന്നും മന്ത്രി മാണി പറഞ്ഞു.
ദുരിതബാധിത ജില്ലയായി പ്രഖ്യാപിച്ച വയനാട്ടില്‍ ഒരുവര്‍ഷത്തേക്ക് കാര്‍ഷിക വായ്പകളുടെ തിരിച്ചടവില്‍ മോറട്ടോറിയം പ്രഖ്യാപിച്ചു. പൊതുമേഖലാ വാണിജ്യ, ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ക്ക് ഇത് ബാധകമാണ്. സര്‍ക്കാര്‍ ഏജന്‍സികളുടെ കടത്തിന് നേരത്തേതന്നെ മോറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. ഒരുവര്‍ഷം കഴിഞ്ഞാല്‍ വായ്പകള്‍ കൂടുതല്‍ കാലപരിധിയോടെ പുനക്രമീകരിക്കും. വായ്പകളുടെ പിഴപ്പലിശ ഒഴിവാക്കുന്നത് തത്വത്തില്‍ അംഗീകരിച്ചെങ്കിലും ഇതിന് റിസര്‍വ് ബാങ്കിന്റെ അനുമതിവേണം. വായ്പയെടുത്ത കര്‍ഷകന്‍ മരിച്ചാല്‍ ആ വായ്പയുടെ പലിശബാധ്യത വേണ്ടെന്നുവെയ്ക്കണമെന്ന നിര്‍ദ്ദേശവും സര്‍ക്കാര്‍ മുന്നോട്ടുവെച്ചു. എന്നാല്‍ ഇതിന് ബാങ്കുകളുടെ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിക്കണം.
എന്നാല്‍ ആത്മഹത്യചെയ്ത കര്‍ഷകരുടെ കടം എഴുതിത്തള്ളുന്ന കാര്യത്തില്‍ ഓരോ കേസും പ്രത്യേകം പഠിച്ചേ തീരുമാനമെടുക്കാനാവൂ എന്ന നിലപാടാണ് ബാങ്കുകള്‍ യോഗത്തില്‍ എടുത്തത്. ആത്മഹത്യകള്‍ യഥാര്‍ത്ഥ കര്‍ഷക ആത്മഹത്യകളാണോ എന്നത് എങ്ങനെ തീരുമാനിക്കുമെന്ന ചോദ്യത്തിന് അത് സര്‍ക്കാരും ബാങ്കുകളും ചേര്‍ന്ന് ചെയ്യുമെന്ന് മന്ത്രി മറുപടി പറഞ്ഞു.
മറ്റ് ജില്ലകളില്‍ കാര്‍ഷിക വായ്പകള്‍ സംബന്ധിച്ച് ദീര്‍ഘകാല നടപടികള്‍ക്ക് സര്‍ക്കാരും ബാങ്കുകളും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതേക്കുറിച്ച പഠനംനടത്തി ബാങ്കേഴ്‌സ് സമിതി തീരുമാനമെടുക്കുമെന്നും മന്ത്രി മാണി അറിയിച്ചു.
വിദ്യാഭ്യാസ വായ്പകളുെട കാര്യത്തില്‍ നിലവിലുള്ള പ്രശ്‌നങ്ങളെയും പരിഹാരമാര്‍ഗങ്ങളെയും പറ്റി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ വായ്പാത്തുക ഉയര്‍ത്തുന്നതിനെപ്പറ്റിയും പഠിക്കും. പരാതിരഹിതമായി വായ്പ നല്‍കുമെന്ന് ബാങ്കുകള്‍ ഉറപ്പ് നല്‍കിയതായും മന്ത്രി അറിയിച്ചു.
വായ്പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിക്കുന്നതൊഴികെ പലിശ ഇളവ് ചെയ്യുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ തങ്ങള്‍ക്ക് തീരുമാനമെടുക്കാനാവില്ലെന്ന് ബാങ്കേഴ്‌സ് സമിതി അധികൃതര്‍ യോഗത്തില്‍ വ്യക്തമാക്കി. റിസര്‍വ് ബാങ്കാണ് തീരുമാനമെടുക്കേണ്ടത്. ഹ്രസ്വകാല കാര്‍ഷിക വായ്പയാണ് വിലത്തകര്‍ച്ചകൊണ്ട് മുടങ്ങുന്നത്. ഉത്പന്നങ്ങള്‍ താങ്ങുവില പ്രഖ്യാപിച്ച് സംഭരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. മധ്യകാല , ദീര്‍ഘകാല വായ്പകള്‍ സ്വീകരിച്ച് നടത്താന്‍ തക്കവണ്ണമുള്ള പദ്ധതികള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കണമെന്ന നിര്‍ദ്ദേശവും ബാങ്കേഴ്‌സ് സമിതി മുന്നോട്ടുവെച്ചു.






