ഒരുവര്‍ഷ കര്‍മപരിപാടിക്ക് തുടക്കം
സംസ്ഥാനം വന്‍ വികസനക്കുതിപ്പിന് തയ്യാറെടുക്കുകയാണെന്ന് കര്‍മപരിപാടി പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ''അടിസ്ഥാന സൗകര്യ വികസനത്തിനാണ് ഇനി നാം ഉന്നല്‍ നല്‍കേണ്ടത്. മറ്റെല്ലാ സാഹചര്യവും ഇപ്പോള്‍ ഒത്തിണങ്ങിയിട്ടുണ്ട്'' -ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ഇതിന്റെ ഭാഗമായി തീരദേശ ജില്ലകളിലെ 337 റോഡുകളുടെ നിര്‍മാണവും നവീകരണവും പൂര്‍ത്തിയാക്കും. 1000 കിലോമീറ്റര്‍ റോഡ് നവീകരിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ കൈയിലുള്ള 8570 കി.മീ. റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കും.
ഗ്യാസ് അധിഷ്ഠിത അനുബന്ധ പദ്ധതികള്‍ക്കായി കെ.എസ്.ഐ.ഡി.സി.യും ഗെയിലും ഒപ്പുവെച്ച സംയുക്ത സംരംഭത്തിന് കമ്പനി രൂപവത്കരിക്കും. കണ്ണൂര്‍ വിമാനത്താവള റണ്‍വെയുടെ നിര്‍മാണം അടുത്തവര്‍ഷം ആരംഭിക്കും. സംസ്ഥാനത്ത് പൊതു യൂട്ടിലിറ്റി സേവനങ്ങള്‍ മികവുറ്റതാക്കാന്‍ സിയാല്‍ മാതൃകയില്‍ നാല് കമ്പനികള്‍ രൂപവത്കരിക്കും. ഇവയുടെ 26 ശതമാനം ഓഹരികള്‍ സര്‍ക്കാറിനായിരിക്കും. കാത്തിരിപ്പ് കേന്ദ്രങ്ങള്‍ നിര്‍മിക്കുന്ന കേരള ബസ് ഷെല്‍ട്ടര്‍ കമ്പനി, ചെറുകിട കുടിവെള്ള പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള കുടിവെള്ള വിതരണ കമ്പനി, ടോയ്‌ലെറ്റുകള്‍ നിര്‍മിക്കുന്ന പൊതു ടോയ്‌ലെറ്റ് കമ്പനി, നഗരങ്ങളിലെ വന്‍കിട കെട്ടിടങ്ങളില്‍ നിന്നുള്ള മാലിന്യം സംസ്‌കരിക്കാന്‍ ക്ലീന്‍ സിറ്റി കമ്പനി എന്നിവയാണ് സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ രൂപവത്ക്കരിക്കാന്‍ ഉദ്ദേശിക്കുന്നത്.






