Random Posts

Saturday, November 5, 2011

പൊതുമുതല്‍ നശീകരണം: ജാമ്യംതേടിയ നേതാക്കളില്‍നിന്ന് തുക ഈടാക്കി

പൊതുമുതല്‍ നശിപ്പിച്ചെന്ന കേസില്‍ ജാമ്യം തേടിയ ഇടതുയുവജന സംഘടനാ നേതാക്കളില്‍നിന്ന് 5000 രൂപ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് വി.പി.ഇന്ദിരാദേവി ഈടാക്കി. പൊതുമുതല്‍ നശിപ്പിക്കുന്ന കേസില്‍ അറസ്റ്റിലാകുന്നവരില്‍ നിന്ന് തത്തുല്യമാം തുക ഈടാക്കിയ ശേഷമേ ജാമ്യം അനുവദിക്കാവൂ എന്ന് ഹൈക്കോടതി അടുത്തിടെ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തലസ്ഥാനത്ത് ആദ്യമായാണ് തുക ഈടാക്കിയത്. എ.ഐ.വൈ.എഫ്. നേതാക്കളായ കാലടി ജയചന്ദ്രന്‍, തുണ്ടത്തില്‍ അജി, സി.ബി.മോഹനന്‍, കാഞ്ഞിരംപാറ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ 1250 രൂപവീതം കെട്ടിവെക്കാനാണ് മജിസ്‌ട്രേട്ട് ഉത്തരവിട്ടത്. സെന്‍ട്രല്‍ ടെലിഗ്രാഫ് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ബി.എസ്.എന്‍.എല്‍. ഓഫീസിലെ ഗ്ലാസ്സുകളും കോയിന്‍ ബോക്‌സും ചെടിച്ചട്ടികളും എറിഞ്ഞു തകര്‍ത്ത് കേന്ദ്രസര്‍ക്കാരിന് 5000 രൂപ നഷ്ടംവരുത്തിയെന്നാണ് കേസ്. തുക ഈടാക്കിയതിനു പുറമെ 10,000 രൂപ വീതമുള്ള രണ്ട് ആള്‍ ജാമ്യത്തിലാണ് ഇവരെ വിട്ടത്. മന്ത്രി ഗണേഷ്‌കുമാറിന്റെ ഓഫീസില്‍ അതിക്രമിച്ചു കയറിയെന്ന കേസിലും ഇതേ പ്രതികള്‍ക്ക് മജിസ്‌ട്രേട്ട് ജാമ്യം അനുവദിച്ചു.