തൃശൂര്‍: സൗമ്യവധക്കേസിലെ പ്രതി തമിഴ്‌നാട് സ്വദേശി ഗോവിന്ദച്ചാമിയ്ക്കു തൂക്കുകയര്‍ ഒരുങ്ങിയെങ്കിലും പ്രതിയുടെ പൂര്‍വകാലം ഉള്‍പ്പെടെ നിരവധി സംഭവങ്ങള്‍ ഇപ്പോഴും ദുരൂഹതയുടെ മൂടുപടത്തിനുള്ളില്‍. റെയില്‍വേസ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് മോഷണവും കുറ്റകൃത്യങ്ങളും ചെയുന്ന ഇയാള്‍ ലക്ഷക്കണക്കിനു രൂപ മുടക്കി കേസ് വാദിച്ചതുള്‍പ്പെടെയാണ് ആളുകളെ അമ്പരപ്പിക്കുന്നത്. 15 ലക്ഷംരൂപ തനിക്കുഫീസായി നല്കിയയെന്ന് ഗോവിന്ദച്ചാമിക്കുവേണ്ടി കോടതിയില്‍ ഹാജരായ അഡ്വ.ബി.എ ആളൂര്‍തന്നെ പറയുന്നു. ഈ പണത്തിന്റെ സ്രോതസും ആരാണ് പണം നല്‍കിയതെന്നതും ഇന്നും പുറംലോകത്തിന് അജ്ഞാതമാണ്. ഇതിന്റെ ചുരുളഴിക്കാന്‍ സ്‌പെഷ്യല്‍ ബ്രാഞ്ചും ഐ.ബിയും നടത്തുന്ന അന്വേഷണങ്ങളും വഴിമുട്ടിയ അവസ്ഥയിലാണ്.
ആദ്യം ഒറ്റക്കയ്യനായ അജ്ഞാതനെന്നും പിന്നീട് ചാര്‍ളിയെന്നും അറിയപ്പെട്ട ഇയാള്‍ ഗോവിന്ദച്ചാമി തന്നെയെന്നു പോലീസ് ഉറപ്പിക്കുന്നു. തമിഴ്‌നാട് പോലിസ് രേഖകളില്‍ നിരവധി പേരുകളാണ് പ്രതിയ്ക്കുള്ളത്. എട്ടു കേസുകള്‍ ഇയാള്‍ക്കെതിരേ നിലവിലുണ്ടായിരുന്നു. രണ്ടര വര്‍ഷക്കാലം ജയിലില്‍ക്കഴിഞ്ഞിട്ടുമുണ്ട്. ഗോവിന്ദച്ചാമിക്ക് അഞ്ച് ഭാഷകളറിയാം. 30കാരനായ ഇയാളുടെ അച്ഛന്‍ അറുമുഖന്‍ പട്ടാളക്കാരനായിരുന്നു. അമ്മ നേരത്തെ മരിച്ചു. ജ്യേഷ്ഠന്‍ സുബ്രഹ്മണ്യന്‍ സ്ഥിരംകുറ്റവാളിയായി ഇപ്പോള്‍ സേലം ജയിലിലാണ്. സ്വന്തം നാടായ വിരുതാചലത്തു നിന്നുതന്നെയാണു ഗോവിന്ദച്ചാമി കവര്‍ച്ചയുടെ ബാലപാഠങ്ങള്‍ പഠിച്ചത്.
പ്ലസ്ടുവരെ പഠിച്ച ഇയാളുടെ ഇടതു കൈ നഷ്ടപ്പെട്ടത് 2003ലാണ്. നാട്ടില്‍ നിന്നു സ്ത്രീയുടെ സ്വര്‍ണമാല പൊട്ടിച്ച് ബ്രേക്കില്ലാത്ത ബൈക്കില്‍ രക്ഷപ്പെടുമ്പോള്‍ ചക്രത്തിനിടയില്‍ കൈയിട്ടു നിര്‍ത്താന്‍ ശ്രമിച്ചപ്പോഴാണു കൈ അറ്റുപോയത്. തമിഴ്‌നാട്, ആന്ധ്ര, മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളിലെ പിടിച്ചുപറി സംഘങ്ങളുമായി അടുത്ത ബന്ധംപുലര്‍ത്തി. പിന്നീട് പൂനെ ഹൈവേയിലെ വന്‍ പിടിച്ചുപറി സംഘത്തില്‍ അംഗമായി. ആന്ധ്രയില്‍ തീവണ്ടി യാത്രക്കാരനെ തലയ്ക്കടിച്ചു ബോധംകെടുത്തി കവര്‍ച്ച നടത്തിയ കേസിലും ഇയാള്‍ പ്രതിയാണ്. 2009ല്‍ സേലം ജയിലില്‍ എട്ടുമാസം ശിക്ഷ അനുഭവിച്ച ശേഷം പിന്നീട് ഇയാളൊരിക്കലും തമിഴ്‌നാട്ടിലേക്കു പോയിട്ടില്ല. ഇയാളുടെ കേസ് വാദിക്കാന്‍ മുംബൈ ഹൈക്കോടതിയിലെ വക്കീലും സഹായത്തിനായി തൃശൂരിലെ നാല്‍വര്‍ സംഘവും രംഗത്തുവന്നതോടെയാണ് എല്ലാവരും ഞെട്ടിയത്.
കേസിന് വേണ്ടി 152 ലക്ഷം ഫീസ് വാങ്ങിയെന്നു ബി എ ആളൂര്‍ പറഞ്ഞതോടെ ദൂരുഹത വര്‍ധിച്ചു. തന്നെ കേസ് ഏല്‍പ്പിച്ചതു പൂനെയിലെ പിടിച്ചുപറിസംഘമാണെന്നുകൂടി ആളൂര്‍ പറഞ്ഞിരുന്നു. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ 10 ലക്ഷമാണത്രെ ഓഫര്‍. ഗോവിന്ദചാമിക്കു പിന്നില്‍ വന്‍ പിടിച്ചുപറി മാഫിയ ഉണ്ടെന്നു വന്നതോടെ അന്വേഷണസംഘവും പൊതുജനവും ആശങ്കയിലായി. ആളൂരിനൊപ്പം മുംബൈ ഗുണ്ടകളും തൃശൂരിലെത്തിയെന്നു വാര്‍ത്തകളും വന്നു. ഗോവിന്ദചാമിയെ ജയിലിലോ കോടതിയിലോ മാഫിയാസംഘം കൊലപ്പെടുത്താന്‍ ശ്രമിച്ചേക്കുമെന്ന സംശയങ്ങളും ഉയര്‍ന്നിരുന്നു.
ഡല്‍ഹി ആസ്ഥാനമായ മലയാളി വൈദികന്‍ നേതൃത്വം നല്‍കുന്ന ആകാശപ്പറവയെന്ന സുവിശേഷ സംഘത്തിലെ അംഗമാണു ഗോവിന്ദച്ചാമിയെന്ന വാര്‍ത്തയും വന്നിരുന്നു. സംഘത്തില്‍ ചേര്‍ന്ന ഇയാള്‍ ചാര്‍ളിയെന്ന പേരില്‍ ക്രിസ്ത്യാനിയായതായും പറയപ്പെടുന്നു. ഇവരുടെ കൊച്ചി കേന്ദ്രത്തിലെ വനിതാ അംഗങ്ങള്‍ ചെറുതുരുത്തിയിലെ സൗമ്യയുടെ വീട്ടിലെത്തി പ്രാര്‍ഥനായജ്ഞം നടത്തിയിരുന്നു. ഇവരുടെ പ്രസിദ്ധീകരണത്തില്‍ ഗോവിന്ദചാമിയെ നാം വെറുക്കരുതെന്നും എല്ലാവരുടെ ഉളളിലും ഗോവിന്ദചാമിയുണ്ടെന്നും പറയുന്ന എഡിറ്റോറിയലും പ്രത്യക്ഷപ്പെട്ടു. എന്നാല്‍ ഈ വഴിയില്‍ അന്വേഷണം ഉണ്ടായില്ല. ഗോവിന്ദചാമിയും ആകാശപ്പറവകളും തമ്മിലുളള ബന്ധം പുറത്തുവന്നതോടെയാണു സൗമ്യയുടെ വീട്ടിലെ പ്രാര്‍ഥനായജ്ഞം അവസാനിച്ചത്.
നാലു സംസ്ഥാനങ്ങളിലെ വന്‍ കവര്‍ച്ചാ സംഘങ്ങള്‍ ഗോവിന്ദചാമിക്കു വേണ്ടി രംഗത്തുവന്നുവെന്ന സൂചനകളും ലഭിച്ചിട്ടുണ്ട്. കേസിന്റെ തുടക്കം മുതല്‍ ഇത്തരം ഗുരുതരമായ സംശയങ്ങള്‍ ഉയര്‍ന്നിട്ടും ആ നിലയ്ക്ക് ഗൗരവതരമായ അന്വേഷണം നടത്താന്‍ പോലിസ് തയ്യാറായില്ല. വിചാരണയുടെ അവസാന നാളുകളിലാണ് രഹസ്യ അന്വേഷ ഏജന്‍സികള്‍ പോലും ഇക്കാര്യത്തില്‍ ശ്രദ്ധപുലര്‍ത്തിയത്. കേസിന്റെ തുടക്കംമുതല്‍ പോലീസ് അന്വേഷണം കാര്യക്ഷമമല്ലായിരുന്നുവെന്ന ആക്ഷേപം ശക്തമാണ്. അന്വേഷണസംഘത്തിന്റെ മികവല്ല മറിച്ച് കോടതിക്കു പുറത്തു ഡോക്ടറോടു നടത്തിയ കുറ്റസമ്മതമാണ് ഗോവിന്ദച്ചാമിയുടെ കഴുത്തില്‍ കുരുക്ക് ഉറപ്പാക്കിയെന്നതാണ് വസ്തുത.
സൗമ്യ വധക്കേസില്‍ ലൈംഗികശേഷി പരിശോധിക്കാനാണു പ്രതി ഗോവിന്ദച്ചാമിയെ പൊലീസ് മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗത്തിലെത്തിച്ചത്. ഫൊറന്‍സിക് വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ. ഹിതേഷ് ശങ്കറിനോടു ചികില്‍സയ്ക്കിടയില്‍ ഗോവിന്ദച്ചാമി സൗമ്യയെ ജീവനോടെ പിച്ചിച്ചീന്തിയ കൃത്യങ്ങള്‍ ഒന്നൊന്നായി വിവരിച്ചു. കോടതിക്കു മുന്നിലെത്തിയ ഡോ. ഹിതേഷ് ശങ്കറിന്റെ പരിശോധനാ റിപ്പോര്‍ട്ട് അന്തിമ വിധിയില്‍ നിര്‍ണായകമായി. ഒറ്റക്കയ്യനെന്ന നിയമത്തിന്റെ ആനുകൂല്യത്തിലൂടെ പ്രതി രക്ഷപ്പെടാനുള്ള പഴുതടയ്ക്കുംവിധമാണു റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍. പ്രതി പരപ്രേരണയോ ബലപ്രയോഗമോ കൂടാതെ തന്നോടു പറഞ്ഞ കാര്യങ്ങള്‍ വള്ളി, പുള്ളി തെറ്റാതെ ഡോ. ഹിതേഷ് കോടതിക്കു മുന്നിലെത്തി വെളിപ്പെടുത്തി. ശാസ്ത്രീയ തെളിവുകളെ ഏറെ ആശ്രയിക്കേണ്ടിവന്ന കോടതിക്കു ഡോ. ഹിതേഷ് ശങ്കറിന്റെ പരിശോധനാഫലവും മൊഴികളും വിലപ്പെട്ട തെളിവുകളായി.
അറസ്റ്റിലായ അന്നുമുതല്‍ ശിക്ഷവിധിക്കുംവരെ നിയമത്തിന്റെ കുരുക്കില്‍ നിന്നും രക്ഷപെടാമെന്ന ആത്മവിശ്വാസമായിരുന്നു പ്രതി പ്രകടിപ്പിച്ചിരുന്നത്. അറസ്റ്റിലായ അതേനിമിഷം ഷര്‍ട്ടിലെ രക്തക്കറകള്‍ മറച്ചുപിടിക്കാന്‍ വെപ്രാളപ്പെടുകയായിരുന്നു ഗോവിന്ദച്ചാമി. സൗമ്യയുമായുളള പിടിവലിയില്‍ ബട്ടണുകള്‍പൊട്ടിയ ഭാഗം നൂലിട്ടുകെട്ടാന്‍ അയാള്‍ ശ്രമിച്ചിരുന്നു. ചോദ്യം ചെയ്തപ്പോള്‍ പതുങ്ങി, ശാന്തമായുള്ള വര്‍ത്തമാനം പിന്നീട് കുരയ്ക്കുന്നതു പോലെയായി-പ്രതിയെ അന്ന് അറസ്റ്റുചെയ്ത റയില്‍വേ ഡിവൈഎസ്പി എംഎല്‍ സുനില്‍ ഓര്‍മിക്കുന്നു. ഒരു സാധാരണ കാര്യം ചെയ്ത പോലെയായിരുന്നു ചോദ്യങ്ങള്‍ക്ക് പ്രതിയുടെ മറുപടി. പശ്ചാത്തലം ജന്മനാകുറ്റവാളിയുടേതായിരുന്നു. ചാമിക്ക് വധശിക്ഷ നല്‍കിയതില്‍ തൃപ്തരാണ് അന്വേഷണസംഘം. അതിലും കൂടുതല്‍ ശിക്ഷയുണ്ടെങ്കില്‍ കൊടുക്കാവുന്ന ക്രൂരതയാണ് അയാള്‍ ചെയ്തതെന്നായിരുന്നു ഒരു ഉന്നത ഉദ്യോഗസ്ഥന്റെ പ്രതികരണം. റയില്‍വേ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്.
സൗമ്യയോട് ചെയ്ത ഓരോ കുറ്റത്തിനും കോടതി ശിക്ഷ നല്‍കിയത് അദ്ദേഹം ചൂണ്ടിക്കാട്ടി. കേസ് അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചത് അന്നത്തെ തൃശൂര്‍ എസ്പിയും ഇപ്പോള്‍ പാലക്കാട് ജില്ലാ പൊലീസ് ചീഫുമായ എം.പി.ദിനേശാണ്. മേഴത്തൂര്‍ ത്രാങ്ങാലിയിലെ വെടിക്കെട്ട് അപകടത്തിലെ രക്ഷാപ്രവര്‍ത്തനവും നടപടികളുമായി പൊലീസ് നെട്ടോട്ടമോടുന്ന രാത്രിയിലായിരുന്നു സൗമ്യയുടെ ദയനീയ ദുരന്തം. രാത്രി പന്ത്രണ്ടരയോടെയാണ് സംഭവത്തെക്കുറിച്ച് വിവരം കിട്ടിയതെന്ന് ഡിവൈഎസ്പി സുനില്‍ പറഞ്ഞു. ഉടന്‍ ചേലക്കര, ഷൊര്‍ണൂര്‍ എസ്‌ഐ, സിഐ എന്നിവരുടെ നേതൃത്വത്തില്‍ ടീമിനെ ഇറക്കി. ടൗണ്‍ റയില്‍വേ സ്‌റ്റേഷനും മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിനും സമീപത്തായി തലങ്ങും വിലങ്ങും പരിശോധിക്കുന്നതിനിടെ സ്റ്റാന്‍ഡിന്റെ ഭാഗത്തേക്ക് കൈ ഒതുക്കിപ്പിടിച്ച് അതിവേഗം നടക്കുന്നയാളെ മിന്നായംപോലെ കണ്ടു. പിന്‍തുടര്‍ന്ന് പിടികൂടിയപ്പോള്‍ കുതറി ഓടാനായിരുന്നു ശ്രമം. പൊലീസുകാരടക്കം നാലുപേര്‍ ചേര്‍ന്ന് പിടിച്ചൊതുക്കിയാണ് ജീപ്പില്‍ കയറ്റിയത്. മെലിഞ്ഞ ശരീരപ്രകൃതിയാണെങ്കിലും കരുത്തനാണ് ഗോവിന്ദച്ചാമിയെന്ന് ഡിവൈഎസ്പി പറഞ്ഞു.
യേട്ടാ, യെന്തിന് പിടിക്കുന്നു, യെന്ത് കാര്യം എന്നായിരുന്നു തമിഴ്കലര്‍ന്ന ചോദ്യം. ആദ്യം എല്ലാം നിഷേധിച്ചു. പിന്നീട് വണ്ടിയില്‍ ഒന്നര മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലില്‍ ചെയ്ത കാര്യങ്ങള്‍ കുറെ പറഞ്ഞു.കൂടെ വേറെയാളുണ്ടെന്നായിരുന്നു ആദ്യമൊഴി. പഠിച്ചകള്ളനാണ് അയാള്‍. താമസം കോയമ്പത്തൂരിലാണെന്നും പേര് ചാര്‍ളിയെന്നുമാണ് ആദ്യം പറഞ്ഞത്. അതനുസരിച്ച് കോയമ്പത്തൂര്‍ പൊലീസുമായി ബന്ധപ്പെട്ട് അന്വേഷിച്ചെങ്കിലും കാര്യമുണ്ടായില്ല. മേഖലയില്‍ അന്വേഷണം വ്യാപിപ്പിച്ചു. ഫോട്ടോ കണ്ടയുടന്‍ സേലം പൊലീസ് ഗോവിന്ദച്ചാമിയെ തിരിച്ചറിയുകയായിരുന്നു.
തുടര്‍ന്ന് ഇന്നലെ രാവിലെ ശിക്ഷവിധിക്കുംവരെ ഏറെ നാടകീയത നിറഞ്ഞതായിരുന്നു ഓരോ നിമിഷവും. സമയം രാവിലെ 10.35. ഗോവിന്ദച്ചാമിയെയും കൊണ്ടു പൊലീസ് വാഹനം തൃശൂര്‍ ഒന്നാം ക്ലാസ് അതിവേഗ കോടതിവളപ്പിലെത്തി. കനത്ത സുരക്ഷാ സംവിധാനത്തില്‍ ഗോവിന്ദച്ചാമിയെ കോടതിമുറിയിലേക്കു കൊണ്ടു പോകുന്നു. 10.40നു പബ്ലിക് പ്രോസിക്യൂട്ടര്‍ എ. സുരേശന്‍ കോടതിയിലെത്തി. തൊട്ടുപിറകെ കറുത്ത കാറില്‍ വെള്ള കോട്ടണിഞ്ഞു പ്രതിഭാഗം വക്കീല്‍ ബി.എ. ആളൂരും എത്തി. സൗമ്യയുടെ അമ്മ സുമതിയും സഹോദരന്‍ സന്തോഷും വൈകാതെ കോടതിയിലേക്കു വന്നു. ഇവര്‍ക്കൊപ്പം ഷൊര്‍ണൂര്‍ നഗരസഭാ ചെയര്‍മാന്‍ എം.ആര്‍. മുരളിയും കൗണ്‍സിലര്‍മാരായ അഡ്വ. ജയ, കെ. സരള, വിമല എന്നിവരുമുണ്ടായിരുന്നു. പിറകെ അച്ഛന്‍ ഗണേഷും എത്തി. 10.55നു ജഡ്ജി ചേംബറില്‍ കയറി.
ഒടുവില്‍ ആ വിധി കേള്‍ക്കാന്‍ കേരളം കാതോര്‍ത്തു. കോടതിവളപ്പില്‍ രാവിലെ മുതല്‍തന്നെ തടിച്ചുകൂടിയ ജനം ഗോവിന്ദച്ചാമിക്കെതിരെ മുദ്രാവാക്യം വിളികളുമായി കോടതിക്കു പുറത്തു തമ്പടിച്ചു. ഇന്നലെ രാവിലെ പത്തോടെ നൂറുകണക്കിന് ആളുകളാണു കോടതിവളപ്പിലേക്കെത്തിയത്. എന്നാല്‍ ഇവരെയാരെയും കോടതിയിലേക്കു കടത്തിവിടാതെ പൊലീസ് കനത്ത സുരക്ഷയൊരുക്കി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും ഗോവിന്ദച്ചാമിക്കെതിരെ മുദ്രാവാക്യം വിളിച്ചു പ്രധാന കവാടത്തില്‍ കാത്തുനിന്നു. കോടതിക്കു പുറത്ത് ആകാംക്ഷയുടെ നിമിഷങ്ങള്‍. ജഡ്ജിയുടെ ആദ്യ ചോദ്യം ഗോവിന്ദച്ചാമിയോടായിരുന്നു. ചെറിയ ശിക്ഷ തരണമെന്നും ഇനി തെറ്റു ചെയ്യില്ലെന്നും ഗോവിന്ദച്ചാമി മറുപടി നല്‍കി.
എന്നാല്‍, എന്തുകൊണ്ടു ഗോവിന്ദച്ചാമിക്കു ശിക്ഷ നല്‍കണമെന്ന കാര്യം ജഡ്ജി വിശദീകരിച്ചു. സ്ത്രീസമൂഹത്തിനു ഭീഷണിയാണു ഗോവിന്ദച്ചാമിയെന്നും ക്രൂരമായ കുറ്റകൃത്യമാണു ചെയ്തിരിക്കുന്നതെന്നും കോടതി വിശദീകരിച്ചു. ട്രെയിനില്‍നിന്നു തള്ളി പുറത്തേക്കിട്ടു കല്ലുകൊണ്ടു തലയ്ക്കടിച്ചു ക്രൂരമായ കൊലനടത്തി മാനഭംഗപ്പെടുത്തിയ കാര്യവും കോടതി വിശദീകരിച്ചു. എട്ടു കേസുകളില്‍ നേരത്തെ ഗോവിന്ദച്ചാമി ശിക്ഷ അനുഭവിച്ച കാര്യവും ഓര്‍മിപ്പിച്ചു. അതിനാല്‍ ശിക്ഷയുടെ കാഠിന്യം കുറയ്ക്കാനാവില്ലെന്നു ജഡ്ജി വ്യക്തമാക്കി. ഒടുവില്‍ 11.18നു കേരളം കാതോര്‍ത്ത ആ വിധി വന്നു. ഇതോടെ ഒരിക്കല്‍കൂടി കോടതിമുറ്റം വികാരഭരിതമായ രംഗങ്ങള്‍ക്കു സാക്ഷിയായി.
വിധിയെക്കുറിച്ചു പ്രതികരിക്കുമ്പോഴെല്ലാം സൗമ്യയുടെ അമ്മ സുമതിയുടെ വാക്കുകള്‍ മുറിഞ്ഞു. ശബ്ദം ഇടറി... കണ്ണുകള്‍ കലങ്ങി... കണ്ണീര്‍ തുടച്ചുകൊണ്ട് ആ അമ്മ ആശ്വാസമായി എന്നു മാത്രമാണ് ആദ്യം പ്രതികരിച്ചത്. പിന്നീട് അവര്‍ കൂടെനിന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞു. കഴിഞ്ഞ അഞ്ചു മാസത്തോളം കോടതിവളപ്പും മുറികളും കോടതി ജീവനക്കാരും മുഴുവന്‍ സമയം ഈ കേസിനു പിറകെയായിരുന്നു. ഫാസ്റ്റ് ട്രാക്ക് കോടതി ഒന്നിന്റെ ചുമരുകള്‍ക്കുപോലും മനഃപ്പാഠമായിരുന്നു സൗമ്യ എന്ന പെണ്‍കുട്ടിയും കേസും. കോടതിയുടെ വാദവും വിസ്താരവും കേട്ടു കോടതിവളപ്പു മുഴുവന്‍ സൗമ്യകേസില്‍ ലയിച്ചിരിക്കയായിരുന്നു അഞ്ചു മാസം. ജീവനക്കാര്‍ പലരും മാസങ്ങളായി ഈ കേസിന്റെ പിറകെയായിരുന്നു.
വാദിഭാഗവും പ്രതിഭാഗവും ഹാജരാക്കിയ രേഖകള്‍ സൂക്ഷിച്ചും പരിശോധിച്ചും അഞ്ചുമാസം നീണ്ട പരിശ്രമത്തിന്റെ അവസാനംകൂടിയായിരുന്നു കോടതി ജീവനക്കാര്‍ക്ക് ഇന്നലെ. വിധി അറിഞ്ഞയുടന്‍ പുറത്തു ജനങ്ങളുടെ ആഹ്ലാദപ്രകടനങ്ങളായിരുന്നു. പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ജനം ആഘോഷിച്ചു. സൗമ്യയുടെ അമ്മ വന്നു പബ്ലിക് പ്രോസിക്യൂട്ടറോടു നന്ദി പറഞ്ഞു. കനത്ത സുരക്ഷയെ മറികടന്നു ജനങ്ങള്‍ കോടതിവളപ്പിലേക്കു പാഞ്ഞു കയറി. പബ്ലിക് പ്രോസിക്യൂട്ടര്‍ക്കും അഭിഭാഷകര്‍ക്കും മാലയിട്ടും ലഡു വിതരണം ചെയ്തും ആഹ്ലാദം പങ്കുവച്ചു. ഗോവിന്ദച്ചാമിക്ക് അര്‍ഹമായ ശിക്ഷതന്നെയാണു ലഭിച്ചതെന്നു പുറത്തു തടിച്ചുകൂടിയ ആള്‍ക്കൂട്ടം വിളിച്ചു പറഞ്ഞു. പിന്നീടു ഗോവിന്ദച്ചാമിയെ കോടതിമുറിയില്‍നിന്നു പുറത്തു കൊണ്ടുവരുന്നതും നോക്കി അരമണിക്കൂര്‍ കാത്തിരിപ്പ്. 12.15നു ഗോവിന്ദച്ചാമിയെ കനത്ത സുരക്ഷയോടെ പുറത്തേക്കു കൊണ്ടുവന്നു. പൊലീസ് വാഹനം പുറത്തു കാത്തുകിടപ്പുണ്ടായിരുന്നു.
പൊലീസ് സുരക്ഷയോടെ ബസിലേക്കു കയറ്റുംമുന്‍പു ഗോവിന്ദച്ചാമിക്കുനേരെ ചെരുപ്പേറു വന്നു. ആക്രമണത്തില്‍നിന്നു രക്ഷിച്ചു പൊലീസ് ഗോവിന്ദച്ചാമിയെ ബസില്‍ കയറ്റി. ആള്‍ക്കൂട്ടം കാരണം കോടതിയുടെ പ്രധാന കവാടത്തിലൂടെ പൊലീസ് ബസിനു പുറത്തു പോകാനാവാതിരുന്നതിനാല്‍ സിവില്‍ സ്‌റ്റേഷന്‍ ഗേറ്റ് വഴിയാണു ബസ് കോടതിയില്‍നിന്നു പുറത്തു കടന്നത്. ഈ സമയത്തു ബസിനു നേരെ തുരു തുരാ കല്ലേറുകള്‍... വിധിക്കുശേഷം എല്ലാവരും മടങ്ങുമ്പോള്‍ കോടതിവളപ്പില്‍ മറ്റൊരു വാര്‍ത്ത പരന്നു. പ്രതിക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ ബി.എ. ആളൂരിനെ ചിലര്‍ ആക്രമിച്ചേക്കുമെന്നായിരുന്നു പ്രചാരണം. അതോടെ പൊലീസ് വീണ്ടും സുരക്ഷ ശക്തമാക്കി. പക്ഷേ, ആളൂരിനെതിരെ അക്രമമൊന്നുമുണ്ടായില്ല. ഇനി ഹൈക്കോടതിയില്‍ കാണാം എന്നു പറഞ്ഞു കറുത്ത അംബാസിഡര്‍ കാറില്‍ കയറി ആളൂര്‍ മടങ്ങി. ഇതോടെ ജനരോഷത്തിനും പ്രതിഷേധത്തിനും സൗമ്യയുടെ അമ്മയുടെ കണ്ണീരിനും സാക്ഷിയായ സൗമ്യ കേസിന്റെ നടപടിക്രമങ്ങള്‍ക്ക് ഒന്നാം ക്ലാസ് അതിവേഗ കോടതിയില്‍ സമാപനമായി.






