കൊച്ചി: മലയാളികളുടെ ദൃശ്യസംസ്‌കാരത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ അണിയിച്ചൊരുക്കിയ മലയാള മനോരമ കുടുംബത്തിന്റെ മഴവില്‍ മനോരമയ്ക്കു തെളിച്ചംപോരെന്നു വിലയിരുത്തല്‍. സംപ്രേഷണം ചെയ്യുന്ന പരിപാടികളൊന്നും പ്രക്ഷേകനെ ടി.വിക്കു മുന്നില്‍ പിടിച്ചുനിര്‍ത്താന്‍ ശേഷിയുള്ളവയല്ലെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍. ചാനലിന് ഉദ്ദേശിച്ച പ്രതികരണം ലഭിച്ചില്ലെന്ന് ടാം റിപ്പോര്‍ട്ടും വന്നുകഴിഞ്ഞു. വന്‍ തോതില്‍ ജനശ്രദ്ധയാകര്‍ഷിക്കാന്‍ സാധ്യതയുണ്ടെന്ന് ചാനല്‍ വിലയിരുത്തിയിരുന്ന റിയാലിറ്റി ഷോയ്ക്കും സീരിയലുകള്‍ക്കുമൊന്നും വേണ്ട വിധത്തില്‍ പ്രേക്ഷകരെ ലഭിച്ചില്ല എന്നാണു വ്യക്തമാകുന്നത്.
ഏഷ്യാനെറ്റ്, സൂര്യ, ഏഷ്യാനെറ്റ് പ്ലസ്, കിരണ്‍ എന്നീ ജനപ്രിയ ചാനലുകള്‍ക്കെല്ലാം താഴെയാണ് ആദ്യവാരത്തില്‍ മഴവില്‍ മനോരമയുടെ സ്ഥാനമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. റിയാലിറ്റി ഷോകളില്‍ ഒന്നാം സ്ഥാനത്ത് ഏഷ്യാനെറ്റിലെ ഐഡിയാ സ്റ്റാര്‍ സിംഗര്‍ തന്നെ. ശങ്കര്‍ മഹാദേവന്‍, സുജാത, ശ്രീനിവാസ് എന്നിവരവതരിപ്പിച്ച മഴവില്ലിന്റെ പ്രെസ്റ്റീജ് റിയാലിറ്റി ഷോ ഇന്ത്യന്‍ വോയിസിന് ആദ്യവാരം റേറ്റിംഗ് 2.5 പോയിന്റുകള്‍ മാത്രമാണ്. മഴവില്ലില്‍ ഏറ്റവുമധികം റേറ്റിംഗുള്ളതും മൂക്കില്ലാ രാജ്യത്തെ മുറിമൂക്കന്‍ രാജാവായ ഈ പ്രോഗ്രാമിനാണ്. ഏഷ്യാനെറ്റിലെ കുങ്കുമപ്പൂവാണ് സീരിയലുകളില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നത്. രണ്ടാം സ്ഥാനത്ത് സൂര്യയിലെ ആകാശദൂതാണ്.
ആദ്യ പത്തു സീരിയലുകളില്‍ മഴവില്ലിന്റെ ഒരെണ്ണം പോലും സ്ഥാനം പിടിച്ചിട്ടില്ല. കെ.കെ.രാജീവ് സംവിധാനം നിര്‍വ്വഹിച്ച കഥയിലെ രാജകുമാരി രണ്ടു പോയിന്റു നേടി മഴവില്ലില്‍ ഒന്നാം സ്ഥാനം നേടി. കലാധരന്റെ മാനസവീണയ്ക്ക് 1.9 ആണു റേറ്റിംഗ്. എ.എം.നസീറിന്റെ പരിണയത്തിന് 1.3 പോയിന്റു കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഈ മൂന്നു സംവിധായകരും മുമ്പ് ഏഷ്യാനെറ്റിനും സൂര്യയ്ക്കും വേണ്ടി സീരിയലുകളൊരുക്കിയിരുന്നവരാണ്. തങ്ങളുടെ പേരുകള്‍ കൊണ്ട് കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ കഴിവുള്ള ഇവരുടെ സീരിയലുകള്‍ ആദ്യ ആഴ്ചകളില്‍ സാധാരണ ഉയര്‍ന്ന റേറ്റിംഗായിരുന്നു മുമ്പ് നേടിയിരുന്നത്. പുതിയ സിനിമകള്‍ വന്‍തുകയ്ക്കു വാങ്ങി പ്രക്ഷേകരെ ആകര്‍ഷിക്കാന്‍ ചാനല്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഒരു പുതിയ ചാനല്‍ എന്നു മാത്രം കണക്കുകൂട്ടിയാല്‍ ആദ്യവാരത്തില്‍ മറ്റാര്‍ക്കും ലഭിക്കാത്ത വിധം മഴവില്ലിന്റെ പ്രോഗ്രാമുകള്‍ ടാം റേറ്റിംഗിലെത്തി എന്നു പറയാമെങ്കിലും നല്‍കിയ പരസ്യങ്ങള്‍ വെച്ചു നോക്കിയാല്‍ പ്രകടനം തീരെ പോര എന്നു വിലയിരുത്തേണ്ടി വരും.
മലയാളത്തില്‍ ഏറ്റവും പ്രചാരമുള്ള പത്രത്തിലൂടെ ആഴ്ചകളോളം പരിപാടികളുടെ പരസ്യങ്ങള്‍ നല്‍കി, മലയാളത്തിലെ ഏറ്റവുമധികം കോപ്പികള്‍ വില്‍ക്കുന്ന വാരികയിലൂടെ പ്രചരണം നടത്തി, നാടൊട്ടുക്കും ഫ്‌ലക്‌സ് ബോര്‍ഡുകള്‍ നിരത്തി, സമ്മാന പദ്ധതികള്‍ പ്രഖ്യാപിച്ച് വിളംബരം നടത്തിയായിരുന്നു മനോരമ മഴവില്ലിനെ മലയാളിയുടെ വീടുകളിലേയ്ക്കയച്ചത്. വാര്‍ത്താ ചാനലിലൂടെ നല്‍കിയ പബഌസിറ്റി ഇതിനു പുറമേയാണ്. ഇത്രയൊന്നും പരസ്യ കോലാഹലങ്ങളില്ലാതെ കഴിഞ്ഞ മാസം സൂര്യ ആരംഭിച്ച കൊച്ചു ടി.വി.യ്ക്ക് ലഭിച്ച പ്രതികരണം പോലും മഴവില്ലിനു കിട്ടിയില്ല എന്നാണിപ്പോള്‍ ടാം കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇനി ഇതിനൊരു മറുവശം കൂടിയുണ്ട്.
ടാം റേറ്റിംഗിനാധാരമായി എടുക്കുന്ന വീടുകള്‍ ഭൂരിഭാഗവും തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിലാണ്. ഇതില്‍ കോഴിക്കോട്ട് ആഴ്ചകളായി മനോരമയുടെ വിതരണം സമരം മൂലം മുടങ്ങിയിരിക്കുകയാണ്. സ്വാഭാവികമായും മഴവില്ലിനെക്കുറിച്ചുള്ള പ്രചരണങ്ങള്‍ മലബാറില്‍ വേണ്ടവിധത്തില്‍ എത്തിച്ചേര്‍ന്നിരിക്കില്ല. അതുപോലെതന്നെ ഭൂരിഭാഗം ഡിഷ്, സെറ്റപ്പ് ബോക്‌സുകളിലും മഴവില്ല് ലഭിച്ചു തുടങ്ങിയിട്ടില്ല. പരമ്പരാഗത രീതിയിലുള്ള കേബിള്‍ നെറ്റ് വര്‍ക്കുകളില്‍ മാത്രമാണ് ചാനല്‍ ലഭിക്കുന്നത്. നഗര പ്രദേശങ്ങളിലെ ജനങ്ങള്‍ മുഴുവന്‍ പിക്ചര്‍ ക്വാളിറ്റി കൂടുതല്‍ ലഭിക്കുന്ന മാര്‍ഗ്ഗങ്ങളിലേക്ക് തിരിഞ്ഞതുകൊണ്ട് അത്തരക്കാര്‍ക്ക് കാണണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ പോലും മഴവില്ല് കാണാന്‍ സാധിക്കാത്ത അവസ്ഥയുണ്ട്. ഇതിന് പരിഹാരം കാണാന്‍ മനോരമ ഊര്‍ജ്ജിതമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ചില വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നറിയുന്നു.
മഴവില്ലിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ആദ്യ ആഴ്ചയില്‍ വളരെ ഉയര്‍ന്ന ഒരു റേറ്റിംഗാണ് പ്രതീക്ഷിച്ചത്. ആദ്യം സൂര്യയെ തളച്ച് ആ സ്ഥാനം നേടാനുള്ള ശ്രമത്തിന് വിലങ്ങു തടിയായി വന്നിരിക്കുന്നത് രണ്ടാഴ്ച മുമ്പ് സൂര്യയില്‍ ആരംഭിച്ച ആകാശദൂത് എന്ന സീരിയലാണ്. റേറ്റിംഗില്‍ സൂര്യയുടെ എല്ലാ പരിപാടികളും വളരെ പിന്നിലായിരുന്നെങ്കിലും സംപ്രേഷണം തുടങ്ങിയ ആദ്യ ആഴ്ച തന്നെ ആകാശദൂത് സീരിയലുകളില്‍ രണ്ടാം സ്ഥാനത്തെത്തി. കഴിഞ്ഞ രണ്ടാഴ്ചയായി സൂര്യയുടെ പരിപാടികള്‍ പലതും റേറ്റിംഗില്‍ മുന്നോട്ടു വന്നിട്ടുമുണ്ട്. മഴവില്ലിന്റെ വരവിനോടനുബന്ധിച്ച് സീരിയലുകളുടെയും മറ്റും നിലവാരം വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ ഉടന്‍ എല്ലാം നിര്‍ത്തലാക്കുമെന്ന് സൂര്യാ അധികൃതര്‍ സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു. അത് ഫലിച്ചു തുടങ്ങി എന്നു വേണം കരുതാന്‍.
പുതുതായി ആരംഭിക്കുന്ന ചാനല്‍ എങ്ങനെയുണ്ടെന്നറിയാന്‍ പ്രേക്ഷകര്‍ക്കുള്ള ആകാംക്ഷ പലപ്പോഴും ആദ്യ ആഴ്ചയില്‍ അത്തരം ചാനലുകളുടെ റേറ്റിംഗ് ഉയര്‍ത്താറുണ്ട്. പിന്നെ അതു കുറഞ്ഞു വരുന്നതായാണ് കണ്ടു വരുന്നത്. പക്‌ഷെ ഔട്ട്സ്റ്റാന്‍ഡിംഗ് എന്നു വിളിക്കാവുന്ന പരിപാടികളുണ്ടെങ്കില്‍ റേറ്റിംഗ് നിലനില്‍ക്കും. ക്രമേണ അതു വര്‍ദ്ധിച്ചു വരികയും ചെയ്യും. അത്തരത്തിലൊന്ന് മഴവില്ലിന് നല്‍കാന്‍ കഴിഞ്ഞിട്ടുണ്ടോ എന്നറിയണമെങ്കില്‍ ഏതാനും ആഴ്ചകള്‍ കൂടി കാത്തിരിക്കേണ്ടി വരും







