Random Posts

Wednesday, November 16, 2011

പെട്രോള്‍ വില 1.85 രൂപ കുറച്ചു

പെട്രോള്‍വില കുത്തനെ ഉയര്‍ത്തിയതിനെതിരെ രാജ്യവ്യാപകമായി ഉയര്‍ന്ന കടുത്ത പ്രതിഷേധത്തിനൊടുവില്‍ വില കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ തയ്യാറായി. ലിറ്ററിന് 1.85 രൂപയുടെ ഇളവാണ് വരുത്തിയത്. പുതിയ നിരക്ക് ചൊവ്വാഴ്ച അര്‍ധരാത്രി പ്രാബല്യത്തിലായി.

ഡല്‍ഹിയില്‍ മൂല്യവര്‍ധിതനികുതി (വാറ്റ്) കൂടി കുറഞ്ഞതിനാല്‍ പെട്രോള്‍ ലിറ്ററിന് 2.20 രൂപയോളമാണ് താഴ്ന്നത്. കേരളത്തില്‍ അധികവാറ്റ് സംസ്ഥാനസര്‍ക്കാര്‍ നേരത്തേതന്നെ വേണ്ടെന്നു വെച്ചിരുന്നു. ഈ സാഹചര്യത്തില്‍ 1.85 രൂപ കുറഞ്ഞു. 2009 ജനവരിയില്‍ പെട്രോള്‍ വിലനിര്‍ണയാധികാരം കേന്ദ്രസര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക് കൈമാറിയശേഷം ആദ്യമായാണ് പെട്രോള്‍ വില കുറയുന്നത്.
ആഗോളവിപണിയില്‍ എണ്ണവില ഇടിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് വില കുറച്ചതെന്ന് എണ്ണക്കമ്പനികള്‍ അവകാശപ്പെടുന്നു. ഈ മാസം മൂന്നിന് പെട്രോള്‍വില ലിറ്ററിന് 1.80 രൂപ വര്‍ധിപ്പിച്ചത് പരക്കെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. യു.പി.എ. സഖ്യകക്ഷികള്‍പോലും പരസ്യമായി എതിര്‍പ്പു പ്രകടിപ്പിച്ചു. ഈ സാഹചര്യത്തില്‍ വരുന്ന പാര്‍ലമെന്റ് സമ്മേളനത്തെ നേരിടാന്‍ കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദേശമനുസരിച്ചാണ് വില കുറയ്ക്കുന്നതെന്നാണ് ഉന്നതവൃത്തങ്ങള്‍ പറയുന്നത്. പൊതുമേഖലാകമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവയുടെ ഉന്നതോദ്യോഗസ്ഥര്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ചൊവ്വാഴ്ച ഡല്‍ഹിയില്‍ യോഗം ചേര്‍ന്നു.

പെട്രോള്‍ വിലനിയന്ത്രണം സര്‍ക്കാര്‍ എടുത്തുകളഞ്ഞ ശേഷം കഴിഞ്ഞ 33 മാസത്തിനിടെ 13 തവണ പെട്രോളിന് വിലകൂട്ടിയതല്ലാതെ ഒരിക്കലും കുറച്ചിരുന്നില്ല. പലവട്ടം അന്തരാഷ്ട്രവിപണിയില്‍ അസംസ്‌കൃത എണ്ണവില കുറഞ്ഞിരുന്നുവെങ്കിലും സര്‍ക്കാറും പൊതുമേഖലാ സ്ഥാപനങ്ങളോട് വില കുറയ്ക്കാന്‍ ആവശ്യപ്പെട്ടുമില്ല.

വിലക്കയറ്റം സാധാരണക്കാരുടെ ജീവിതഭാരം കുത്തനെ കൂട്ടിയതിനിടെ പെട്രോള്‍വില വര്‍ധിപ്പിച്ചതിനെതിരെ കോണ്‍ഗ്രസ്സിലെത്തന്നെ ഒരു വലിയ വിഭാഗം രംഗത്തെത്തി. കേന്ദ്ര ഭരണമുന്നണിയായ യു.പി.എ.യിലെ പ്രമുഖ സഖ്യകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും രൂക്ഷമായാണ് പ്രതികരിച്ചത്. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ വിലവര്‍ധനയില്‍ നിന്ന് പിന്നാക്കം പോകാമെന്ന് എണ്ണക്കമ്പനി മേധാവികള്‍ പറഞ്ഞുവെങ്കിലും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും ധനമന്ത്രി പ്രണബ്മുഖര്‍ജിയും വില കൂട്ടിയതിന് അനുകൂലനിലപാടാണ് കൈക്കൊണ്ടത്. പെട്രോളിന്റെ വിലവര്‍ധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് അധികാരമുണ്ടെന്ന് ചൂണ്ടിക്കാണിച്ച പ്രധാനമന്ത്രി ചിലപ്പോള്‍ ഡീസലിന്റെയും പാചകവാതകത്തിന്റെയും വിലനിയന്ത്രണം എടുത്തുകളയേണ്ടി വരുമെന്നും സൂചിപ്പിച്ചു. ഇതോടെ പെട്രോളിന്റെ കൂടിയ വില കുറയുന്ന കാര്യത്തില്‍ സംശയമുയര്‍ന്നുവെങ്കിലും പാര്‍ലമെന്റ് സമ്മേളനം ആസന്നമായ സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഇടപെടലാണ് വില കുറയ്ക്കാന്‍ കാരണമെന്നാണ് സൂചന.

പെട്രോള്‍വില ഒടുവില്‍ വര്‍ധിപ്പിച്ചതിനുശേഷവും അന്താരാഷ്ട്രവിപണിയില്‍ അസംസ്‌കൃതഎണ്ണവില വീപ്പയ്ക്ക് അഞ്ചുഡോളറോളം കുറഞ്ഞിട്ടുണ്ടെന്നാണ് കണക്ക്. ഒക്ടോബര്‍ അവസാനവാരത്തില്‍ അന്താരാഷ്ട്ര എണ്ണവില 120 ഡോളറിനടുത്ത് എത്തുകയും ഡോളറിന്റെ വിനിമയമൂല്യം 49 രൂപയുടെ മുകളില്‍ നില്‍ക്കുകയും ചെയ്ത സാഹചര്യത്തിലാണ് വില വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതമായത് എന്നാണ് പൊതുമേഖലാ കമ്പനികളുടെ വാദം. എന്നാല്‍ നവംബറിലെ ആദ്യ രണ്ട് വാരങ്ങളില്‍ 115 ഡോളറായിരുന്നു ശരാശരി എണ്ണവില. ഡോളര്‍ വിനിമയ നിരക്കും താഴ്ന്നുവന്നു. ഇതാണ് പെട്രോള്‍ വില കുറയ്ക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകാന്‍ കാരണം.

ചൊവ്വാഴ്ച രണ്ടരവര്‍ഷത്തിനിടയില്‍ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതുകൊണ്ട് എണ്ണവില കുറയുമോ എന്ന കാര്യത്തില്‍ വീണ്ടും സംശയമുയര്‍ന്നു. 32 മാസത്തെ ഏറ്റവും വര്‍ധിച്ച വിനിമയനിരക്കായ 50.45 രൂപയാണ് ഡോളറുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബുധനാഴ്ച ഇന്ത്യന്‍ കറന്‍സിയുടെ മൂല്യം. അന്താരാഷ്ട്ര വിപണിയിലെ എണ്ണവിലയാകട്ടെ ഒരു ലിറ്റര്‍ പെട്രോളിന് 1.80 രൂപ വര്‍ധിപ്പിച്ച നവംബര്‍ മൂന്നിലെ അതേനിരക്കായ 111 ഡോളറിന്റെ പരിസരത്താണ്. അതുകൊണ്ട് തന്നെ വില കുറയ്ക്കുന്ന കാര്യത്തില്‍ പൊതുമേഖല എണ്ണക്കമ്പനി മേധാവികള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നു.