മുല്ലപ്പെരിയാര്‍ ഡാമിന്റെ ദുര്‍ബലാവസ്ഥ ഭീതി സൃഷ്ടിക്കുന്നതിനിടെ ഇടുക്കിയില്‍ വീണ്ടും ഭൂചലനം. ആളപായമോ നാശനഷ്ടമോ ഇല്ല. ഇടുക്കി ജില്ലയിലെ ഉപ്പുതറ, വളകോട് , മൂലമറ്റം, ചപ്പാത്ത് എന്നിവടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇടുക്കിയോട് ചേര്‍ന്ന് കിടക്കുന്ന കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍ അടക്കമുള്ള മേഖലകളിലും ഭൂചലനമുണ്ടായി. പുലര്‍ച്ചെ 3.14, 3.20, 5.30, 5.55 എന്നീ സമയങ്ങളിലായിരുന്നു ഭൂചലനങ്ങള്‍. ആദ്യ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 2.7 തീവ്രത രേഖപ്പെടുത്തി. പിന്നീട്2.9, 1.4,1.7 തീവ്രതകളിലാണ് ഭൂചലനങ്ങള്‍ ഉണ്ടായത്.
ഒരു മാസത്തിനിടെ ഇടുക്കി ജില്ലയില്‍ പത്തിലധികം ഭൂചലനങ്ങളാണ് ഉണ്ടായിട്ടുള്ളത്. തുടര്‍ ചലനങ്ങളുടെ ഭാഗമായി മുല്ലപ്പെരിയാര്‍ ഡാമിലെ വിള്ളലുകള്‍ കൂടുതല്‍ ശക്തമായിട്ടുണ്ടെന്നാണ് വിദഗ്ദ്ധരുടെ റിപ്പോര്‍ട്ട്.






