Random Posts

Monday, November 21, 2011

വാമൊഴിവഴക്കം മടങ്ങിയെത്തി: മന്ത്രിമാര്‍ മക്കുണാണ്ടന്‍മാരും മരമാക്രികളുമെന്ന് ജി.സുധാകരന്‍


ആലപ്പുഴ: ആവൂ... ആശ്വാസമായി. മന്ത്രിയായ ശേഷം വാമൊഴിവഴക്കത്തിലൂടെ മലയാളിയെ അമ്പരപ്പിച്ച സിപിഎം നേതാവ് ജി.സുധാകരന്‍ എം.എല്‍.എ വീണ്ടും ഫോമിലേക്ക് മടങ്ങിയെത്തി. വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ ആദ്യനാലുവര്‍ഷവും വാമൊഴിവഴക്കംകൊണ്ട് മന്ത്രിസഭയ്ക്കാതെ തലവേദനയുണ്ടാക്കിയ മന്ത്രി ജി.സുധാകരന്‍ ഒരുവര്‍ഷമായി മൗനവൃതത്തിലായിരുന്നു. ഒടുവില്‍ പി.സി ജോര്‍ജും ഗണേഷ് കുമാറും അരങ്ങുതകര്‍ക്കുന്ന വേദിയിലേക്ക് സ്വതസിദ്ധമായ വാഗ്ചാതുരിയോടെ ജി.മടങ്ങിയെത്തി. യു.ഡി.എഫ് സര്‍ക്കാരിന്റെ ഒന്‍പത് മന്ത്രിമാരും മക്കുണാണ്ടന്‍മാരും മരമാക്രികളുമാണെന്നാണ് ജി സുധാകരന്റെ കണ്ടുപിടുത്തം. ഇവരെ മാക്രികളെന്ന് വിളിക്കരുത്. മരമാക്രികള്‍ എന്ന് തന്നെ വിളിക്കണമെന്നും ജി സുധാകരന്‍ പറഞ്ഞു.

ഇപ്പോഴത്തെ ഒന്‍പത് മന്ത്രിമാരില്‍ ആര്‍ക്കും ജനസ്വാധീനമില്ല. അതിനാല്‍ പഴയ മന്ത്രിമാരെത്തന്നെയാണ് ജനങ്ങള്‍ ഇപ്പോഴും മന്ത്രിമാരായി കാണുന്നത്. അതില്‍ അസൂയപ്പെട്ടിട്ട് കാര്യമില്ലെന്നും ജി സുധാകരന്‍ പറഞ്ഞു. യു.ഡി.എഫ്. മന്ത്രിമാര്‍ക്ക് ലഭിക്കാത്ത ജനകീയ അംഗീകാരം ഇപ്പൊഴും ഞങ്ങള്‍ക്ക് ലഭിക്കുന്നതില്‍ 'ഷുക്കൂറന്മാര്‍' അദ്ഭുതപ്പെട്ടിട്ട് കാര്യമില്ല. തന്റെ ഭരണത്തിനു കീഴില്‍ ഒരു വകുപ്പിലും ഒന്നും നടക്കുന്നില്ലെന്നതിന്റെ വിളംബരമാണ് മുഖ്യ മന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി. ഒന്നും രണ്ടും മാസങ്ങള്‍ക്കു മുമ്പ് അനുവദിച്ച ചികിത്സാ സഹായങ്ങള്‍ പോലും വിതരണം ചെയ്യാതെ ജനസമ്പര്‍ക്ക പരിപാടിയില്‍ ആളെക്കൂട്ടാനായി മാത്രം ഇത് മാറ്റി വയ്ക്കുകയാണ്. ജനസമ്പര്‍ക്ക പരിപാടിയില്‍ വന്‍ തിരക്കാണെന്നാണ് പരക്കെ പറയപ്പെടുന്നത്. എന്നാല്‍ ജനങ്ങള്‍ പ്രശ്‌ന പരിഹാരത്തിന് എം.എല്‍.എ. മാരെയാണ് ആശ്രയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു