Random Posts

Friday, November 11, 2011

കോടതികളെ വേട്ടയാടുന്നതിലെ രാഷ്ട്രീയം

കോടതിക്കുവരെ പുല്ലുവില കല്‍പ്പിക്കുന്ന കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ അഹങ്കാരത്തെ ഏത് തരത്തില്‍ വിശേഷിപ്പിക്കും...? ഹൈകോടതിക്ക് മുന്നില്‍ പ്രതിഷേധം നടത്താനുള്ള പുതിയ തീരുമാനത്തെ ജനാധിപത്യവിശ്വാസികള്‍ ഏത് വിധത്തില്‍ സ്വീകരിക്കും...? സി.പി.എമ്മിനേറ്റ തിരിച്ചടിയാണ് എം.വി ജയരാജന് ഹൈക്കോടതി നല്‍കിയ ശിക്ഷ എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ ആ വിധിയിലും രാഷ്ട്രീയം കാണുന്നു സി.പി.എം
2010 ജൂണ്‍ 26 നാണ് ഹൈക്കോടതിയേയും ജഡ്ജിമാരേയും പരിഹസിച്ചുകൊണ്ട് ശുംഭന്‍മാര്‍ എന്ന പ്രയോഗം എം.വി ജയരാജന്‍ നടത്തിയത്. കണ്ണൂരില്‍ പൊതുപരിപാടിക്കിടെയാണ് കേരളത്തിന്‍െറ സാംസ്കാരികതയുടെ മുഖത്ത് കരിവാരിത്തേക്കുന്ന പരാമര്‍ശം സി.പി.എം നേതാവ് നടത്തിയത്. ആലുവയില്‍ പാതയോരത്ത് നടന്ന ഒരു പൊതുയോഗത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി വഴിയരികിലെ പൊതുയോഗങ്ങള്‍ നിരോധിച്ച് ഉത്തരവിറക്കിയത്. ഇതില്‍ സി.പി.എമ്മിന് പ്രതിഷേധമുണ്ടെങ്കില്‍ അത് നിയമപരമായി തന്നെ നേരിടണമായിരുന്നു. ഈ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുകയാണ് സി.പി.എമ്മും അതിന്‍െറ നേതാക്കളു ചെയ്യേണ്ടിയിരുന്നത്. പൊതു സമൂഹത്തെ മുഴുവന്‍ ബാധിക്കുന്ന ഒരു പ്രശ്നമായതിനാലാണ് എം.വി ജയരാജന്‍ ഇതില്‍ ഇടപെട്ട് സംസാരിച്ചതെന്ന് കോടതി വിധിക്കെതിരെ രംഗത്തുവന്ന പിണറായി വിജയനും തോമസ് എെസക്കും പി. ജയരാജനും കുറ്റപ്പെടുത്തിയിരിക്കുന്നു. ഒരു ക്രിമിനലിന്‍െറ വാക്കുകളുടെ അടിസ്ഥാനത്തില്‍ പത്തോളം കോടതികളും അവസാനം പരമോന്നത കോടതിയും എഴുതിത്തള്ളിയ കേസ് കുത്തിപ്പൊക്കാന്‍ സി.പി.എമ്മിന്‍െറ സീനിയര്‍ നേതാവ് കാണിക്കുന്ന കഠിനാധ്വാനത്തിന്‍െറ പത്തിലൊന്ന് ശ്രമം നടത്തിയിരുന്നെങ്കില്‍ പൊതുസമൂഹത്തെ ബാധിക്കുന്ന പാതയോര യോഗ നിരോധനത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാമായിരുന്നു. തൊട്ടതിനും പിടിച്ചതിനും കേസ് കൊടുക്കുന്ന കേരളത്തിലെ വ്യവഹാരങ്ങളുടെ വിവാദ തമ്പുരാനായ വി.എസ് നയിക്കുന്ന പാര്‍ട്ടി ഈ പ്രശ്നത്തില്‍ ഇടപെടാന്‍ എന്തുകൊണ്ട് ഉന്നത നീതിപീഠത്തെ സമീപിച്ചില്ല.
പൊതുസമൂഹത്തിലെ ഒരു കുഞ്ഞിനുപോലും ഗുണം ലഭിക്കാത്ത കേസുകള്‍ വാദിക്കാന്‍ മണിക്കൂറുകള്‍ക്ക് ലക്ഷങ്ങള്‍ വാങ്ങുന്ന വക്കീലന്മാരെ എന്തുകൊണ്ട് ഇന്ദ്രപ്രസ്ഥത്തില്‍ നിന്ന് ഇറക്കുമതി ചെയ്തില്ല. കുത്തകമുതലാളിമാരുടെ വക്കീല്‍മാരായ ശാന്തിഭൂഷനേയും പ്രശാന്തിഭൂഷനെയും വെച്ച് പൊതുസമൂഹത്തിന്‍െറ പരമപ്രധാനമായ ഈ പ്രശ്നത്തില്‍ സുപ്രീം കോടതിയെ സമീപിക്കാമായിരുന്നില്ലേ. ഇതൊന്നും ചെയ്യാതെ കോടതിയെയും ജഡ്ജിമാരേയും വെല്ലുവിളിക്കാനാണ് എം.വി ജയരാജന്‍ ശ്രമിച്ചത്. ഖേദം പ്രകടിപ്പിക്കാനും മാപ്പു പറയാനും അവസരങ്ങള്‍ പലതുണ്ടായിട്ടും കോടതികളെ തുടരെ തുടരെ ചീത്ത പറയാനാണ് എം.വി ജയരാജന്‍ ശ്രമിച്ചത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ സഹായികാന്‍ വിധിയുണ്ടാക്കിക്കൊടുത്തവരാണ് ഇവിടത്തെ ജഡ്ജിമാരെന്ന് വരെ ജയരാജന്‍ പറഞ്ഞുവച്ചു. (2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും യു.ഡി.എഫിനെ സഹായിക്കാന്‍ ജഡ്ജിമാരുണ്ടായിരുന്നെന്നും ജയരാജന്‍ കുറ്റപ്പെടുത്തി.)
കോടതികളെ തെറി പറയുന്ന ജയരാജന് മൂക്കുകയറിടണമെന്ന് കേരളത്തിലെ വിവിധ സാമൂഹ്യ സാംസ്കാരിക നേതാക്കള്‍ ഇടതുപക്ഷത്തോടാവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജയരാജനെ കൂടുതല്‍ കൂടുതല്‍ കയറൂരിവിടുകയാണ് പാര്‍ട്ടി ചെയ്തത്. കണ്ണൂരിലെ ഗുണ്ടാരാഷ്ട്രീയം മാത്രം കണ്ട് വളര്‍ന്ന എം.വി ജയരാജന് കോടതിയുടെ പരമോന്നത പദവിയും ബഹുമാന്യതയും തിരിച്ചറിയാന്‍ കഴിഞ്ഞില്ല. കണ്ണൂരിലെ ചില പാര്‍ട്ടി ഗ്രാമങ്ങളില്‍ നിയമമുണ്ടാക്കുന്നതും വിധിക്കുന്നതും നടപ്പാക്കുന്നതും സി.പി.എമ്മാണെന്നിരിക്കെ അത്തരം സംവിധാനം കേരളം മുഴുവനുമാക്കാമെന്ന വ്യാമോഹമാണ് കോടതികളെ പുലഭ്യം പറയാനും ജഡ്ജിമാരെ തൃണവത്ഗണിക്കാനും ജയരാജനെ പ്രേരിപ്പിച്ചതെന്നു വേണം കരുതാന്‍. പ്രശ്നം പാതയോര യോഗനിരോധനമായതിനാല്‍ ഈ വിഷയത്തില്‍ കോടതിക്കും ജഡ്ജിമാര്‍ക്കുമെതിരെ തിരിഞ്ഞാല്‍ പൊതുസമൂഹത്തിന്‍െറ പിന്തുണയുണ്ടാകുമെന്നായിരുന്നു കണക്കുകൂട്ടല്‍. കേരളത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ പൊതുപ്രശ്നമായിരുന്നു അത്. പുലഭ്യം പറയലുമായി ജയരാജന്‍ രംഗത്തു വന്നതോടെ വിധിയുടെ ഗൗരവം കേരളസമൂഹം ചര്‍ച്ച യ്യെപ്പെടാതെ പോകുകയായിരുന്നു.
കോടതിയേയും ജഡ്ജിമാരേയും അവഹേളിച്ചതിന് ഉചിതമായ ശിക്ഷയാണ് എം.വി ജയരാജന് ഹൈക്കോടതി വിധിച്ചത്. അതും പഴുതുകളെല്ലാം അടച്ചുകൊണ്ടുള്ള വിധി. 2000 രൂപ പിഴയും ആറുമാസം തടവും വിധിച്ച കോടതി അപ്പീല്‍ പോകാനുള്ള സാവകാശം പോലും അനുവദിക്കാതെ ജയിലിലേക്ക് വിടുകയായിരുന്നു. ഒരു കോടതിയലക്ഷ്യകേസില്‍ രാജ്യത്ത് നല്‍കിയിട്ടുള്ള ഏറ്റവും വലിയ ശിക്ഷയാണിത്. ഇത്രക്കൊരു തിരിച്ചടി സി.പി.എം പ്രതീക്ഷിച്ചതല്ല. മുന്‍പൊക്കെ നടന്നതുപോലെ പേരിനൊരു ശിക്ഷ അതും അപ്പീല്‍ സമയവും ലഭിക്കുമെന്ന് കരുതി. ഇനി സുപ്രീം കോടതിയെ സമീപിക്കാനാണ് സി.പി.എം തീരുമാനം. കോടതിയലക്ഷ്യ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഒരിക്കല്‍ സുപ്രീം കോടതിയെ സമീപിച്ച അനുഭവം ജയരാജന്‍ മറക്കാതിരിക്കുന്നത് നന്നായിരിക്കും. ജഡ്ജിമാരെ വിമര്‍ശിക്കാന്‍ ധൈര്യമുണ്ടെങ്കില്‍ പിന്നെന്തിനാണ് നടപടികളെ ഭയക്കുന്നതെന്നാണ് പരമോന്നത നീതിപീഠം ചോദിച്ചത്.
തങ്ങള്‍ക്ക് അനുകൂലമല്ല വിധിയെങ്കില്‍ കോടതിയെ തെറിപറയാന്‍ യാതൊരു മടിയു കാണിക്കാത്തവരാണ് സി.പി.എം നേതാക്കള്‍. മന്ത്രിയായിരിക്കെ ജഡ്ജിമാരെ കൊഞ്ഞാളന്‍ എന്നു വിളിച്ച സി.പി.എം നേതാവ് ജി. സുധാകരന്‍, നോട്ടുകെട്ടുകളുടെ വലുപ്പം നോക്കി വിധി പറയുന്ന ജഡ്ജിമാരെന്ന ആക്ഷേപിച്ചു മുന്‍മന്ത്രി പാലൊളി മുഹമ്മദ്കുട്ടി തുടങ്ങിയവര്‍ ഈ പ്രശ്നത്തിനു എം.വി ജയരാജന്‍െറ മുന്‍ഗാമികളാണ്. കൊഞ്ഞാളന്‍ പ്രശ്നത്തില്‍ സുധാകരന്‍ പലതവണ വീണിടത്തുകിടന്നുരുണ്ടെങ്കിലും അവസാനം മാപ്പു പറയുകയായിരുന്നു. പാലൊളിയും മാപ്പ് പറഞ്ഞ് തടിയൂരുകയാണ് ചെയ്തത്. കോടതിയെ ചീത്ത പറഞ്ഞ് ഒരു ദിവസത്തെ തടവ് ശിക്ഷ നേടിയ ഇ.എം.എസ് നമ്പൂതിരിപ്പാടാണ് ഇക്കാര്യത്തില്‍ ഇവരുടെയെല്ലാം വഴികാട്ടി. എന്നാല്‍ മാപ്പു പറയാനുള്ള അവസരങ്ങള്‍ നഷ്ടപ്പെടുത്തിയ എം.വി ജയരാജന്‍ കഴിഞ്ഞ അഞ്ചാം തീയതിയും കോടതിയെ ചീത്ത വിളിച്ചു. കേരളത്തിലെ ജുഡീഷ്യറിയെ ബ്രിട്ടീഷുകാരുടെ പ്രേതം ബാധിച്ചിരിക്കുകയാണെന്നാണ് കഴിഞ്ഞ ദിവസം ജയരാജന്‍ പറഞ്ഞത്.
നിയമം കയ്യിലെടുക്കല്‍ എന്നും എം.വി ജയരാജന്‍െറ ഹോബിയാണ്. യൂണിഫോമിലല്ലാത്തപ്പോള്‍ കോഴിക്കോട് നോര്‍ത്ത് അസിസ്റ്റന്‍റ് കമ്മീഷണര്‍ രാധാകൃഷ്ണപിള്ളയെ കൈകാര്യം ചെയ്യാന്‍ എസ്.എഫ്.എെ പ്രവര്‍ത്തകരോട് പരസ്യമായി ആഹ്വാനം ചെയ്ത എം.വി ജയരാജന്‍ നിയമത്തിനും ജുഡീഷ്യറിക്കും പുല്ലുവിലയാണ് കല്‍പ്പിക്കുന്നതെന്നതിന് ഇതിലും വലിയ തെളിവു വേറെയില്ല. സംയമനം പാലിക്കാന്‍ വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്യേണ്ട നേതാവ് തകര്‍ത്ത് തരിപ്പണമാക്കാന്‍ ഉത്തരവിട്ട സംഭവത്തിനും എം.വി ജയരാജനിലൂടെ കേരളം സാക്ഷ്യം വഹിച്ചു.
ഏതായാലും ഈ കോടതിവിധി സി.പി.എം നേതാക്കളുടെ കണ്ണു തുറപ്പിക്കണം. തങ്ങള്‍ക്കിഷ്ടമില്ലാത്ത വിധി വരുമ്പോള്‍ ജഡ്ജിമാരെ കൊഞ്ഞാളനും ശുംഭനും കോടതികളെ ബ്രിട്ടീഷ് പ്രേതാലയങ്ങളുമാക്കുന്ന സമ്പ്രദായം അവസാനിക്കണം. സുപ്രീം കോടതി പറഞ്ഞതുപോലെ പ്രസ്താവന നടത്തുമ്പോള്‍ പൊതുപ്രവര്‍ത്തകര്‍ രണ്ടുവട്ടം ആലോചിക്കണമെന്നത് ഇവിടെ സി.പി.എം നേതാക്കളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുക.