Random Posts

Thursday, November 17, 2011

യുവരക്തമെന്ന ആവശ്യം സിപിഎം അവഗണിച്ചു: പിറവത്ത് എം.ജെ ജേക്കബ് തന്നെ, അണികള്‍ക്ക് അമര്‍ഷം


കൊച്ചി: മന്ത്രി ടി.എം ജേക്കബിന്റെ നിര്യാണത്തെത്തുടര്‍ന്ന് പിറവം നിയമസഭാമണ്ഡലത്തിലേക്കു നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് ഇരുമുന്നികളും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ കേരളം ഉറ്റുനോക്കുന്ന പോരാട്ടത്തിനു അരങ്ങൊരുങ്ങി. ടി.എം ജേക്കബിന്റെ മകന്‍ അനൂപ് ജേക്കബിനെ സ്ഥാനാര്‍ഥിയാക്കി യുഡിഎഫ് ഒരുമുഴം മുമ്പേ എറിഞ്ഞതോടെ തങ്ങളുടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ സിപിഎം നിര്‍ബന്ധിതരാവുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് മുന്‍ എംഎല്‍എ എം.ജെ ജേക്കബിനെ വീണ്ടും സ്ഥാനാര്‍തിയാക്കാന്‍ സി.പി.എം ജില്ലാ നേതൃയോഗം തീരുമാനിച്ചത്.

അനൂപ് ജേക്കബിനെ നേരിടാന്‍ യുവസ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്ന് പാര്‍ട്ടിയുടേയും മുന്നണിയുടേയും വിവിധകോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നെങ്കിലും ചര്‍ച്ച എം.ജെ ജേക്കബില്‍ അവസാനിക്കുകയായിരുന്നു. മെച്ചപ്പെട്ട പ്രതിശ്ചായയുള്ള യുവനേതാക്കള്‍ ഇല്ലായെന്നതാണ് നേതൃത്വം ഇതിനു കാരണമായിപ്പറയുന്നു. എങ്കിലും കടുത്ത ഗ്രൂപ്പുപോരു മുറുകുന്ന സാഹചര്യത്തില്‍ പരിഗണനയിലുണ്ടായിരുന്ന ചില നേതാക്കളുടെ പേര് പാര്‍ട്ടി ജില്ലാകമ്മിറ്റി ഇടപെട്ട് വെട്ടുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്. എന്തായാലും ബുധനാഴ്ച പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഐകകണ്‌ഠ്യേനയാണ് എം.ജെ ജേക്കബിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനമെടുത്തത്.

തുടര്‍ന്ന് നടന്ന ജില്ലാ കമ്മിറ്റി സെക്രട്ടേറിയറ്റ് തീരുമാനം അംഗീകരിച്ചു. ഇതിന് പിന്നാലെ സി.പി.എം ജില്ലാ കമ്മിറ്റി ആസ്ഥാനമായ ലെനിന്‍ സെന്ററില്‍ ചേര്‍ന്ന ഇടതുമുന്നണി ജില്ലാ കമ്മിറ്റി യോഗവും പാര്‍ട്ടി തീരുമാനം അംഗീകരിക്കുകയായിരുന്നു.ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവും. ഇടതുമുന്നണി പിറവം നിയോജക മണ്ഡലം കമ്മിറ്റി യോഗം വ്യാഴാഴ്ച പിറവത്ത് സി.പി.എം ഓഫിസില്‍ ചേരും. 24 ന് പിറവത്ത് നടക്കുന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ വി.എസ്. അച്യുതാനന്ദനെ പങ്കെടുപ്പിക്കാനും തീരുമാനമായി.

അതേസമയം ടി.എം ജേക്കബിന്റെ പാരമ്പര്യത്തെ ഏറ്റെടുക്കാനും മുന്നോട്ട് കൊണ്ടുപോകാനും കഴിഞ്ഞാല്‍ അനൂപ് ജേക്കബിന് സുഗമമായി വിജയിക്കാനാകുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. പിറവം ഉപതെരഞ്ഞെടുപ്പ് ഭരണപക്ഷത്തിന്റെ മാത്രമല്ല, പ്രതിപക്ഷത്തിന്റെയും പ്രവര്‍ത്തന വിലയിരുത്തലാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുറന്നുപറഞ്ഞുകഴിഞ്ഞു. പിറവത്ത് യു.ഡി.എഫ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ടി.എം. ജേക്കബ് ജനങ്ങള്‍ക്ക്മുന്നില്‍ വച്ച പ്രകടനപത്രികയിലെ വികസനപദ്ധതികള്‍ നടപ്പാക്കി പിറവം ഉപതിരഞ്ഞെടുപ്പിനെ നേരിടു എന്ന തന്ത്രമാണ് മുഖ്യമന്ത്രി പയറ്റുന്നത്.

കഴിഞ്ഞയാഴ്ച തൃപ്പൂണിത്തുറയില്‍ രഹസ്യമായി കൂടിയ കോണ്‍ഗ്രസ് ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടാവുകയും ചെയ്തു. പിറവം നിയമസഭാ മണ്ഡലത്തെ യുഡിഎഫ് പാളയത്തില്‍തന്നെ ഉറപ്പിക്കുന്നതിനായി രണ്ട് രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നത്. കഴിഞ്ഞ ആറുമാസത്തിനിടയില്‍ തുടങ്ങിവച്ച പദ്ധതികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുക, ഉടന്‍ തുടങ്ങിയേക്കാവുന്ന പദ്ധതികള്‍ നിര്‍മാണോദ്ഘാടനം നടത്തി ആരംഭിക്കുക, പദ്ധതി നടത്തിപ്പിന് മേല്‍നോട്ടം നല്‍കാന്‍ ഓരോ പഞ്ചായത്തിലും ഓരോ മന്ത്രിമാരെ തന്നെ നിയോഗിക്കുക എന്നിവയാണ് തീരുമാനങ്ങള്‍.

നിയോജകമണ്ഡലത്തിലെ പതിനൊന്നില്‍ പത്ത് പഞ്ചായത്തുകളിലെയും പ്രസിഡന്റുമാരും മണ്ഡലം പ്രസിഡന്റുമാരും ഡി.സി.സി അംഗങ്ങളുമാണ് യോഗത്തില്‍ പങ്കെടുത്തത്. യോഗത്തിലേക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ പ്രകടനപത്രികയുമായെത്തിയ മന്ത്രി കെ.ബാബുവാണ് വികസന പദ്ധതികള്‍ സംബന്ധിച്ച ചര്‍ച്ചക്ക് തുടക്കമിട്ടത്. പത്രികയിലെ നിര്‍ദേശങ്ങള്‍ യോഗം പരിശോധിച്ച് ചര്‍ച്ച ചെയ്തു. കൂത്താട്ടുകുളത്ത് ഫയര്‍സ്‌റ്റേഷന്‍ സ്ഥാപിക്കുമെന്ന വാഗ്ദാനം ഉടന്‍ നടപ്പിലാക്കാന്‍ യോഗത്തില്‍ തീരുമാനമായി. എടക്കാട്ടുവയല്‍വെള്ളൂര്‍ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചെറുകര പാലം, കളമ്പൂരിലെ തൂക്കുപാലം എന്നിവയുടെയും നിര്‍മാണം ഉടന്‍ ആരംഭിക്കും.

നിയോജകമണ്ഡലത്തിലെ വിവിധ റോഡുകള്‍ വെള്ളപ്പൊക്ക ദുരിതാശ്വാസപദ്ധതിയില്‍പ്പെടുത്തി ഉടനെ സഞ്ചാരയോഗ്യമാക്കും. ആമ്പല്ലൂര്‍ഉദയംപേരൂര്‍ ശുദ്ധജലപദ്ധതിയടക്കം നിയോജകമണ്ഡലത്തിലെ വിവിധ ശുദ്ധജലവിതരണ പദ്ധതികള്‍ കാര്യക്ഷമമാക്കും. സിവില്‍ സപ്ലൈസ് വകുപ്പിന് കീഴില്‍ ഇലഞ്ഞിയില്‍ സൂപ്പര്‍മാര്‍ക്കറ്റ് തുറക്കുമെന്ന വാഗ്ദാനവും ഉടന്‍ നടപ്പാക്കും. ഉപതിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തകരെ സജ്ജരാക്കാന്‍മണ്ഡലം തലത്തില്‍ യുഡിഎഫ് യോഗങ്ങള്‍ ഉടന്‍ ആരംഭിക്കും. അതിനെ തുടര്‍ന്ന് ഈമാസം 30ന് മുന്‍പുതന്നെ ബൂത്ത്തലത്തിലും യോഗങ്ങള്‍ ഉണ്ടാകും. ഏറ്റവും താഴെതട്ടിലുള്ള ബൂത്തുതല യുഡിഎഫ് സമിതികളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രതിശ്ചായയിലൂന്നിയായിരിക്കും ഇത്തവണ പിറവം ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ പോരാട്ടം. സെക്രട്ടേറിയറ്റില്‍ ഉമ്മന്‍ചാണ്ടിയുടെ ഓഫിസ് സജീവമാണ്.24 മണിക്കൂറും അത് പ്രവര്‍ത്തിക്കുന്നു. അത് മുഖ്യമന്ത്രിയുടെ വെബ്‌പോര്‍ട്ടലിലൂടെ ലോകമെങ്ങും തത്സമയം ജനം കാണുന്നു. ആരൊക്കെ അവിടെ വന്നുപോകുന്നു എന്ന് ജനം കണ്ടുകൊണ്ടേയിരിക്കുന്നു. മുഖ്യമന്ത്രി മിക്കവാറും ഓഫിസില്‍തന്നെ കര്‍മനിരതനാണ്.ജനങ്ങളാല്‍ ചുറ്റപ്പെട്ട് ജലാശയത്തിലെ തുരുത്തുപോലെ ഉമ്മന്‍ചാണ്ടിയുടെ പ്രസരിപ്പുള്ള മുഖം നിവേദകരെ ആശ്വസിപ്പിച്ചുകൊണ്ടേ ഇരിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിനു മുന്നിലെ കോറിഡോറും ജനത്തിരക്കിനാല്‍ സജീവമാണ്.

ഓഫിസിലെ അപേക്ഷകള്‍ പോരാഞ്ഞിട്ടാകാം മുഖ്യമന്ത്രി ജനസമ്പര്‍ക്ക പരിപാടിയിലൂടെയും അപേക്ഷകള്‍ ഓടിനടന്ന് സ്വീകരിക്കുകയാണ്. സ്വീകരിക്കുന്ന അപേക്ഷകള്‍ അപ്പോള്‍തന്നെ ബന്ധപ്പെട്ട മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അയച്ചുകൊടുക്കുന്നുമുണ്ട്. അപേക്ഷ സ്വീകരിച്ച് സാന്ത്വനവചനങ്ങളുമായി അസാധാരണമായി പെരുമാറുന്ന ഒരു മുഖ്യമന്ത്രി അവര്‍ക്കൊരു പുതിയ അനുഭവമാണ്. അപേക്ഷകര്‍ക്ക് ഉടനടി സഹായം ലഭിക്കുന്നു എന്നത് ഈ പരിപാടിയെ കൂടുതല്‍ ജനകീയമാക്കുന്നു. ചെറിയ തുകകളാണ് നല്‍കുന്നതെങ്കിലും അത് പതിനായിരങ്ങളെ പരിപാടിയിലേക്ക് ആകൃഷ്ടരാക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നാണ് സഹായം നല്‍കുക. ആയിരവും രണ്ടായിരവുമായി മണിക്കൂറുകള്‍ കൊണ്ട് 40 ലക്ഷം രൂപ വിതരണം ചെയ്തതുവഴി ഗിന്നസ് റെക്കോഡിനുവരെ അര്‍ഹതനേടിയിട്ടുണ്ട് മുഖ്യമന്ത്രി. യുഡിഎഫ് മന്ത്രിസഭയുടെ അമരക്കാരന്റെ ജനപ്രീതി പരമാവധി മുതലെടുത്തായിരിക്കും യുഡിഎഫ് വരുംദിവസങ്ങളില്‍ പിറവത്ത് രാഷ്ട്രീയതന്ത്രങ്ങള്‍ മെനയുക