സംസ്ഥാന സര്‍ക്കാരിനും ദേശീയപാത അതോറിറ്റിക്കും ദേശീയപാതാ വികസനത്തിനുള്ള സ്ഥലമെടുപ്പ് നടപടി തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ദേശീയപാത 47, 17 എന്നിവയുടെ വീതി കൂട്ടാന്‍ സ്ഥലമെടുക്കാനുള്ള നടപടി നിര്‍ത്തിവെച്ചുകൊണ്ട് മുന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് പിന്‍വലിക്കാന്‍ തീരുമാനിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായരും ജസ്റ്റിസ് പി.എസ്. ഗോപിനാഥനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം.
ദേശീയപാതാ വികസനത്തിന്‍ സ്ഥലം വിട്ടുനല്‍കുന്നവര്‍ക്കുള്ള നഷ്ടപരിഹാരവും പുനരധിവാസവും സംബന്ധിച്ച് ഇടതുമുന്നണി സര്‍ക്കാര്‍ സമര്‍പ്പിച്ച പദ്ധതിക്ക് കേന്ദ്രാനുമതിക്കാര്യത്തില്‍ തീരുമാനമായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ നവംബര്‍ 9-ന് അന്നത്തെ സര്‍ക്കാര്‍ സ്ഥലമെടുപ്പ് നടപടി നിര്‍ത്തിവെക്കാന്‍ ഉത്തരവിറക്കിയത്. മാസങ്ങളായി സ്ഥലമെടുപ്പ് നടപടി തടസ്സപ്പെട്ടതോടെ ദേശീയപാതാ അതോറിറ്റി കേരളത്തിലെ ഓഫീസുകള്‍ അടച്ചുപൂട്ടാന്‍ നീക്കം നടത്തുന്നതായി പത്രവാര്‍ത്തകളുണ്ടായിരുന്നു. ഇത് സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങളെ സ്തംഭിപ്പിക്കുമെന്നും അതിനാല്‍ മുന്‍ സര്‍ക്കാരിന്റെ ഉത്തരവിലെ തുടര്‍ നടപടി നിര്‍ത്തിവെക്കാന്‍ നിര്‍ദേശിക്കണമെന്നും കാണിച്ച് തൊടുപുഴയിലെ അഭിഭാഷകനായ സണ്ണി മാത്യു പാലക്കാട്ടുകുന്നേല്‍ നല്‍കിയ ഹര്‍ജിയിലാണിത്. സ്ഥലമെടുപ്പ് നടപടി നിര്‍ത്തിവെക്കാനുള്ള എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ ഉത്തരവ് പിന്‍വലിക്കാന്‍ യു.ഡി.എഫ്. സര്‍ക്കാര്‍ തീരുമാനിച്ചതായി അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ കെ.എ. ജലീല്‍ കോടതിയെ ഈ ഹര്‍ജി പരിഗണിക്കവേ അറിയിക്കുകയായിരുന്നു.
ദേശീയപാതാ വികസന പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായാണ് 10,000 കിലോമീറ്റര്‍ ദേശീയപാത നാലുവരിയും ആറുവരിയുമാക്കി വികസിപ്പിക്കല്‍ ദേശീയപാതാ വികസന അതോറിറ്റിയുടെ ചുമതലയായത്. കര്‍ണാടക അതിര്‍ത്തിയില്‍ തലപ്പാടി മുതല്‍ ഇടപ്പള്ളി വരെയുള്ള 438.6 കിലോമീറ്റര്‍ 45 മീറ്റര്‍ വീതിയില്‍ നാലുവരിയാക്കലാണ് ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ വരുന്ന ഒരു പദ്ധതി. 2010 ആഗസ്ത് 17-ലെ സര്‍വകക്ഷി യോഗത്തില്‍ ദേശീയപാത 45 മീറ്റര്‍ വീതിയില്‍ ബി.ഒ.ടി. അടിസ്ഥാനത്തില്‍ വികസിപ്പിക്കാന്‍ അഭിപ്രായ സമന്വയമുണ്ടായതായി ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. ഇതുപ്രകാരം ദേശീയപാത 47, 17എന്നിവയുടെ വീതി 45 മീറ്ററാക്കാനുള്ള സ്ഥലമെടുക്കാന്‍ 2010 ഒക്ടോബര്‍ 26-ന് അന്നത്തെ സര്‍ക്കാര്‍ ജില്ലാ കളക്ടര്‍മാര്‍ക്കും ദേശീയപാത ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കുകയും ചെയ്തു. എന്നാല്‍ പുനരധിവാസ പാക്കേജിന് കേന്ദ്ര അനുമതിയായില്ലെന്ന കാരണത്താല്‍ പ്രസ്തുത ഉത്തരവിലെ തുടര്‍ നടപടി നിര്‍ത്തിവെക്കാന്‍ 2010 നവംബര്‍ 9-ന് സര്‍ക്കാര്‍ മറ്റൊരു ഉത്തരവും ഇറക്കി. ഈ ഉത്തരവ് റദ്ദാക്കി സ്ഥലമെടുപ്പ് പുനരാരംഭിക്കാന്‍ ഉത്തരവിടണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.






