ലിറ്ററിന് ഇപ്പോള്‍ 10 രൂപ നിരക്കില്‍ ലഭിക്കുന്ന കുടിവെള്ളം 25 പൈസ ചെലവില്‍ ജനങ്ങള്‍ക്ക് എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിലവില്‍ കുടിവെള്ള വിതരണത്തിന്റെ ചുമതലയുള്ള ഒരു ഏജന്‍സിയേയും ഒഴിവാക്കില്ല.
തിരുവനന്തപുരം: സേവനമേഖലകള്‍ സ്വകാര്യമേഖലയ്ക്കു വിട്ടുകൊടുക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഒരുവര്‍ഷ കര്‍മ്മപരിപാടിയില്‍ പ്രഖ്യാപിച്ച സിയാല്‍ മോഡല്‍ കമ്പനികള്‍ക്കെതിരായ വിമര്‍ശനം തെറ്റിദ്ധാരണമൂലമാണെന്നും അദ്ദേഹം പറഞ്ഞു. കേസരി സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിസ്ഥാന സൗകര്യ വികസനം സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നുവെന്ന വിമര്‍ശനം തെറ്റിദ്ധാരണ കൊണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് ആവശ്യമുള്ള സേവനങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കുന്നതിനാണ് സിയാല്‍ മാതൃകയിലുള്ള നാല് പുതിയ കമ്പനികള്‍ രൂപീകരിക്കുന്നത്. ലിറ്ററിന് ഇപ്പോള്‍ 10 രൂപ നിരക്കില്‍ ലഭിക്കുന്ന കുടിവെള്ളം 25 പൈസ ചെലവില്‍ ജനങ്ങള്‍ക്ക് എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിലവില്‍ കുടിവെള്ള വിതരണത്തിന്റെ ചുമതലയുള്ള ഒരു ഏജന്‍സിയേയും ഒഴിവാക്കില്ല. നിര്‍ദിഷ്ട കമ്പനികളില്‍ 26 ശതമാനം ഓഹരികള്‍ സര്‍ക്കാരിന്റേതായിരിക്കും. ബസ് ഷെല്‍ട്ടര്‍ നിര്‍മ്മാണം ഉള്‍പ്പടെ ആരും മുന്നോട്ടുവരാത്ത മേഖലകളില്‍ കുറഞ്ഞ ചിലവില്‍ സേവനം നല്‍കാനാണ് കമ്പനികള്‍ രൂപീകരിക്കുന്നത്. വികസനത്തിന്റേയും കരുതലിന്റേയും ഒരു മുഖമാണ് ഇത്-മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഒരു വര്‍ഷ കര്‍മപരിപാടിയില്‍ അടിസ്ഥാന സൗകര്യവികസനത്തിനാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്.
മംഗലാപുരം- തിരവനന്തപുരം അതിവേഗ റെയില്‍വേ ഇടനാഴി പോലെ ഒരു ലക്ഷം കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന് ഒപ്പം സാധാരണക്കാരന്റെ കാര്യങ്ങളിലും സര്‍ക്കാര്‍ താല്‍പര്യം കാണിക്കുകയാണ്. ഈ സര്‍ക്കാരിന്റെ കാലത്ത് ഒരു തരത്തിലുള്ള ഭൂമികയ്യേറ്റവും അനുവദിക്കില്ല. 100 ദിന കര്‍മപരിപാടിയിലും ഇക്കാര്യത്തിന് മുന്‍ഗണന നല്‍കിയിരുന്നു. ഭൂമിയുമായ ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വളരെ പ്രാധാന്യത്തോടെയാണ് സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കുന്നതിലും പാവപ്പെട്ടവര്‍ക്ക് അനുവദിച്ച ഭൂമി കയ്യേറിയവരില്‍ നിന്നും തിരിച്ചെടുക്കുന്നതിലും സര്‍ക്കാരിന്റെ ഭൂമി കയ്യേറുന്നത് തടയുന്നതിലും മുന്‍ഗണന നല്‍കും. വിവരവകാശനിയമത്തിന്റെ അടിസ്ഥാനത്തില്‍ വിവരങ്ങള്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും. വിവരം അറിയുന്നതിന് കാത്തിരിക്കേണ്ട അവസ്ഥ ഒഴിവാക്കി ആവശ്യക്കാര്‍ക്ക് അങ്ങോട്ട് വിവരം നല്‍കാനുള്ള സംവിധാനം നടപ്പാക്കും. ജനങ്ങള്‍ സര്‍ക്കാരിന് നല്‍കുന്ന നിവേദനങ്ങളുടെ പ്രതിദിന പുരോഗതി വീട്ടിലിരുന്ന് മനസിലാക്കാനുള്ള സംവിധാനവും നടപ്പാക്കും. 250 കോടിക്ക് മുകളില്‍ ചെലവ് വരുന്ന പദ്ധതികളെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ജനങ്ങളെ അറിയിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഡാറ്റാ അഡ്വാന്‍സ്ഡ് സംവിധാനം എല്ലാ വകുപ്പുകളിലും നടപ്പാക്കും.
ചില വകുപ്പുകളില്‍ ഇത് ഇതിനോടകം പ്രാവര്‍ത്തികമായിക്കഴിഞ്ഞു.മറ്റിടങ്ങളില്‍ ഇത് ഉടനടി നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പരാതികള്‍ക്ക് പരിഹാരം കാണാന്‍ മാത്രമല്ല ചില യാഥാര്‍ഥ്യങ്ങള്‍ കൂടി മനസിലാക്കാനാണ് പൊതുജന സമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കുന്നത്. തീരുമാനമെടുക്കാന്‍ ഉദ്യോഗസ്ഥര്‍ വിമുഖത കാണിക്കുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം വൈകുന്നത്. നമ്മുടെ സമ്പ്രദായങ്ങളിലുള്ള തകരാറാണ് ഇതിന് കാരണം. ഉദ്യോഗസ്ഥരെ മാത്രം ഇക്കാര്യത്തില്‍ താന്‍ കുറ്റം പറയില്ല. ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ നടപ്പാക്കുന്നതില്‍ ശുഷ്‌കാന്തി കാണിക്കുമ്പോഴുണ്ടാകുന്ന ചെറിയ വീഴ്ചകള്‍ക്ക് വിജിലന്‍സ് അന്വേഷണം ഒഴിവാക്കും. അവര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം മാത്രം മതിയെന്നാണ് സര്‍ക്കാര്‍ തീരുമാനം. 1977 ജനുവരി ഒന്നിന് മുമ്പുള്ള എല്ലാ കര്‍ഷകര്‍ക്കും ഉപാധിരഹിത പട്ടയം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു






