Random Posts

Saturday, November 12, 2011

സിനിമാ തര്‍ക്കം കയ്യാങ്കളിയിലേയ്ക്ക്: സൂപ്പര്‍സ്റ്റാറുകള്‍ ഫാന്‍സ് അസോസിയേഷനെ ഇറക്കുന്നു


കൊച്ചി: നിര്‍മാതാക്കളും വിതരണക്കാരും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് സ്തംഭനാവസ്ഥയിലായ മലയാള സിനിമയെ രക്ഷിക്കാന്‍ സൂപ്പര്‍താരങ്ങളുടെ നിര്‍ദേശപ്രകാരം ഫാന്‍സ് അസോസിയേഷനുകള്‍ ഇറങ്ങുന്നു. മലയാള സിനിമ പ്രദര്‍ശിപ്പിക്കാത്ത തീയേറ്ററുകള്‍ ഉപരോധിക്കാനാണ് അസോസിയേഷനുകളുടെ തീരുമാനം. കേരളത്തില്‍ മലയാള ചിത്രം റിലീസ് ചെയ്യില്ല എന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നാണ് ഫാന്‍സ് അസോസിയേഷനുകളുടെ നിലപാട്. തമിഴ് ചിത്രം റിലീസ് ചെയ്യില്ലെന്ന് തമിഴ്‌നാട്ടിലോ തെലുങ്ക് ചിത്രം റിലീസ് ചെയ്യില്ലെന്ന് ആന്ധ്രയിലോ പറയാകാനാത്ത സാഹചര്യം അവര്‍ ഉയര്‍ത്തിക്കാട്ടുന്നു. അന്യഭാഷാ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന കേരളത്തിലെ തിയേറ്ററുകള്‍ക്ക് ഉപരോധമേര്‍പ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങള്‍ ഫാന്‍സ് സംഘടനകള്‍ പരിഗണിക്കുന്നുണ്ട്. വെറുതെ താരങ്ങളേയും ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികളെയും മാത്രം കുറ്റംപറയേണ്ട. പ്രശ്‌നത്തില്‍ ഇടപെടാന്‍ കേരളത്തിലെ യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.

മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കാത്ത തിയേറ്ററുകള്‍ ഉപരോധിക്കാനാണ് തീരുമാനമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും എം എല്‍ എയുമായ പി സി വിഷ്ണുനാഥും, വൈസ് പ്രസിഡന്റ് എം ലിജുവും അറിയിച്ചു. വ്യപകമായ റിലീസ് അനുവദിക്കില്ലെന്ന തിയേറ്റര്‍ ഉടമകളുടെ നിലപാട് അംഗീകരിക്കാനാവില്ല. റിലീസ് എഴുപത് തിയേറ്ററുകളിലേ ആകാവൂ എന്ന തിയേറ്റര്‍ ഉടമകളുടെ നിലപാട് ധിക്കാരമാണ്. സൗകര്യങ്ങള്‍ ഒരുക്കാതെ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് ശരിയല്ല. സ്‌കൂളുകളില്‍ മലയാളം ഒന്നാം ഭാഷയാക്കുകയും മലയാള സര്‍വകാലാശാല സ്ഥാപിക്കുകയും ചെയ്ത സംസ്ഥാനത്താണ് തിയേറ്ററുകള്‍ മലയാള സിനിമയെ പുറത്താക്കുന്നത്. ഗ്രാമീണ മേഖലയില്‍ തിയേറ്ററുകള്‍ പൂട്ടുന്നു. തമിഴ്‌നാട്ടില്‍ തമിഴ്‌സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന നിലപാട് തിയേറ്ററുടമകള്‍ സ്വീകരിച്ചാല്‍ എന്താകും സ്ഥിതിയെന്ന് എല്ലാവരും ചിന്തിക്കണമെന്ന് ലിജു പറഞ്ഞു.

അതേസമയം സിനിമാ നിര്‍മാണം നിര്‍ത്തിവെയ്ക്കാന്‍ നിര്‍മാതാക്കളുടെ സംഘടന തീരുമാനിച്ചതോടെ മലയാള സിനിമയിലെ പ്രതിസന്ധി രൂക്ഷമായി. മലയാള സിനിമ റിലീസ് ചെയ്യേണ്ടതില്ലെന്ന എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ തീരുമാനം തന്നെ സര്‍ക്കാരിനു വന്‍ നികുതിനഷ്ടം വരുത്തിവെച്ചിരിക്കുന്ന സാഹചര്യത്തില്‍ പുതിയ നിലപാട് കനത്ത തിരിച്ചടിയാണ്. ഇപ്പോള്‍ റിലീസിങ് നടത്താനാവാതെ ചിത്രങ്ങള്‍ പെട്ടിയിലിരിക്കുന്നതിനാല്‍ മലയാള സിനിമാരംഗത്ത് നിക്ഷേപിക്കപ്പെട്ട 60 കോടിയോളം രൂപയാണ് ത്രിശങ്കുവിലായത്. പ്രിയദര്‍ശന്റെ മോഹന്‍ലാല്‍ ചിത്രം അറബി, ഒട്ടകം, പി.മാധവന്‍ നായര്‍ഒരു മരുഭൂമിക്കഥ, മമ്മൂട്ടിയുടെ വെനീസിലെ വ്യാപാരി, ജയറാമിന്റെ നായിക, കമലിന്റെ സ്വപ്നസഞ്ചാരി തുടങ്ങിയ ചിത്രങ്ങള്‍ ഇതിലുള്‍പ്പെടുന്നു. ഈ ചിത്രങ്ങള്‍ റിലീസ് ചെയ്താല്‍ ഇനിഷ്യല്‍ കളക്ഷനായി മാത്രം എട്ടു കോടിയോളം രൂപ ലഭിക്കുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇതിലൊരു വിഹിതം സര്‍ക്കാരിനുള്ള നികുതിയാണ്.

നവംബര്‍ ഒന്നു മുതലാണ് എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ മലയാള സിനിമയ്ക്ക് റിലീസ് വിലക്ക് ഏര്‍പ്പെടുത്തിയത്. വൈഡ് റിലീസിന്റെ പേരില്‍ പ്രധാന തിയേറ്റര്‍ ഉടമകളും സിനിമാക്കാരും തമ്മില്‍ കുറച്ചുകാലമായി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. അഡ്വാന്‍സ് നല്‍കിയ തിയേറ്ററുകള്‍ക്കു മാത്രമേ സിനിമ റിലീസിന് നല്‍കാന്‍ പാടുള്ളൂവെന്നാണ് എക്‌സിബിറ്റര്‍ സംഘടനയുടെ നിലപാട്. എന്നാല്‍, പരമാവധി തിയേറ്ററുകളില്‍ ഒരേ സമയം റിലീസ് നടക്കുന്നത് മുടക്കുമുതല്‍ എളുപ്പത്തില്‍ തിരിച്ചുപിടിക്കാന്‍ സഹായിക്കുമെന്നതിനാല്‍ നിര്‍മാതാക്കളും വിതരണക്കാരും അതിനു തയ്യാറല്ല. ടിക്കറ്റിനൊപ്പം തിയേറ്ററുകള്‍ വൃത്തിയായി സൂക്ഷിക്കുന്നതിനും അവശ കലാകാരന്മാര്‍ക്കുള്ള ക്ഷേമനിധി വിതരണത്തിനുമായി പൊതുജനങ്ങളില്‍ നിന്നു ശേഖരിക്കുന്ന തുകയുടെ വിനിയോഗം സംബന്ധിച്ചും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ ചര്‍ച്ചയ്ക്കായി തിയേറ്റര്‍ ഉടമകള്‍ സര്‍ക്കാരിനെ സമീപിച്ചിട്ടില്ലെന്ന് പറയപ്പെടുന്നു. സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയ്യാറാണെങ്കിലും തിയേറ്റര്‍ ഉടമകളില്‍ ചിലര്‍ അതില്‍ നിന്നു ബോധപൂര്‍വം മാറിനില്‍ക്കുകയാണെന്ന ആരോപണം ചലച്ചിത്രകാരന്മാര്‍ ഉന്നയിക്കുന്നുണ്ട്. സംഘടനയില്‍ ഒന്നോ രണ്ടോ തിയേറ്റര്‍കാര്‍ക്കു മാത്രമാണ് പിടിവാശിയെന്നും പറയപ്പെടുന്നു. ചില ചിത്രങ്ങള്‍ ചില തിയേറ്ററുകാര്‍ക്കു കിട്ടാത്തതിന്റെ പേരിലാണ് ഈ വിലക്കെന്നും പറയപ്പെടുന്നുണ്ട്.

ചിത്രങ്ങളുടെ റിലീസ് വൈകുന്നത് നിര്‍മാതാക്കളെ അക്ഷരാര്‍ത്ഥത്തില്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ചിത്രം ഇനി റിലീസ് ചെയ്താലും പലിശ കൊടുക്കാന്‍ മാത്രമേ കളക്ഷന്‍ തികയുകയുള്ളൂവെന്ന് പ്രിയദര്‍ശന്റെ മോഹന്‍ലാല്‍ ചിത്രം നിര്‍മിച്ച വി.അശോക് കുമാര്‍ പറഞ്ഞു. നിര്‍മാണം, വിതരണം, പ്രര്‍ശനം സിനിമയുടെ അവിഭാജ്യഘടകങ്ങളായ മൂന്ന് ഘട്ടങ്ങളും സ്തംഭിച്ചതോടെ മലയാള സിനിമയില്‍ നിക്ഷേപിയ്ക്കപ്പെട്ട 60 കോടിയോളം രൂപയാണ് വെള്ളത്തിലായിരിക്കുന്നത്. സിനിമാ നിര്‍മാണത്തില്‍ സാമ്പത്തിക ഭദ്രത ഉറപ്പാക്കിയതിനുശേഷം മാത്രമേ ഇനി പുനരാരംഭിക്കൂ എന്നും നിര്‍മാതാക്കളുടെ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. ഇനിയൊരു ചര്‍ച്ചയ്ക്ക് സംഘടന മുന്‍കൈയെടുക്കില്ല.

സര്‍ക്കാരോ മറ്റു സിനിമാ സംഘടനകളോ മുന്നോട്ടു വന്നാല്‍ ചര്‍ച്ച നടത്തുമെന്നാണ് അവരുടെ നിലപാട്. അതേസമയം, ഫെഫ്കയുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതു മാത്രമല്ല സമരത്തിനു കാരണം. കോള്‍ ഷീറ്റിലെ സമയക്രമത്തില്‍ മാറ്റം വരുത്തണമെന്ന് നിര്‍മാതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറ് വരെയാണ് ഇപ്പോഴത്തെ പ്രവര്‍ത്തന സമയം. ഇതിന് എട്ട് മണിക്കൂര്‍ വീതമുള്ള രണ്ട് കോള്‍ ഷീറ്റിനു പകരം, പന്ത്രണ്ടും നാലും മണിക്കൂറായി വിഭജിച്ച് കൂലി കണക്കാക്കണമെന്നാണ് നിര്‍മാതാക്കളുടെ ആവശ്യം. ഇതു ഫെഫ്ക അംഗീകരിക്കുന്നില്ല. സിനിമനിര്‍മാണവും പ്രദര്‍ശനവും പൂര്‍ണസ്തംഭനത്തിലേക്ക് നീങ്ങുന്നതോടെ ഈ മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം കഴിയ്ക്കുന്ന പതിനായിരങ്ങളാണ് പ്രതിസന്ധിയിലാവുന്നത്. താരങ്ങളെയും മുന്തിയ സാങ്കേതിക പ്രവര്‍ത്തകരെയും തിയറ്ററുടമകളെയുമൊന്നും അത്ര കണ്ട് ബാധിയ്ക്കില്ലെങ്കിലും സമരം തുടരുകയാണെങ്കില്‍ ഈ രംഗത്ത് പ്രവര്‍ത്തിയ്ക്കുന്ന തൊഴിലാളികള്‍ പട്ടിണിയിലാകുമെന്ന് ഉറപ്പാണ്