യൂത്ത് കോണ്‍ഗ്രസ് സമ്മേളനത്തില്‍ വേദിയിലും സദസ്സിലും തിളങ്ങിയത് കേരളത്തില്‍ നിന്നുള്ള നേതാക്കള്‍. താഴെത്തട്ടു മുതല്‍ മേല്‍ത്തട്ടു വരെയുള്ള സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നേതാക്കളുടെ ആദ്യ ദേശീയ സമ്മേളനത്തിന്റെ കാര്യപരിപാടികള്‍ നിയന്ത്രിക്കാന്‍ ഒട്ടേറെ മലയാളി നേതാക്കള്‍ക്ക് അവസരം ലഭിച്ചു.
ആദ്യദിനത്തില്‍ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എം. ലിജുവായിരുന്നു സമ്മേളനത്തിലെ താരമെങ്കില്‍ സമാപനദിവസം തിളങ്ങിയത് സംസ്ഥാന പ്രസിഡന്‍റ് പി.സി. വിഷ്ണുനാഥ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും പങ്കെടുത്ത സമാപനസമ്മേളനത്തില്‍ അധ്യക്ഷത വഹിക്കാന്‍ നിയോഗിക്കപ്പെട്ടത് വിഷ്ണുനാഥായിരുന്നു. ലാളിത്യം നിറഞ്ഞ വാക്കുകളില്‍ സോണിയയെയും മന്‍മോഹനെയും വിഷ്ണുനാഥ് പ്രസംഗിക്കാന്‍ ക്ഷണിച്ചതും ഏറെ ശ്രദ്ധേയമായി.
സമ്മേളനത്തിനെത്തിയ പ്രധാനമന്ത്രിയെ മാലയിട്ടു സ്വീകരിക്കാന്‍ എറണാകുളം പെരുമ്പാവൂര്‍ കൂവപ്പടി പഞ്ചായത്തംഗം ഷൈമോള്‍ ഷൈജനാണ് അവസരം ലഭിച്ചത്. നാഷണല്‍ ഇന്നവേഷന്‍ കൗണ്‍സില്‍ അധ്യക്ഷന്‍ സാം പിത്രോഡ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നടത്തിയ പ്രഭാഷണത്തിന് മറുപടി പറഞ്ഞത് യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ അസംബ്ലി പ്രസിഡന്‍റ് ജി. മനോജ്കുമാറാണ്. 'മാറുന്ന ലോകത്തിനനുസരിച്ചു മാറുന്ന ഇന്ത്യ' എന്ന വിഷയത്തിലുള്ള പ്രഭാഷണത്തിലാണ് മനോജ് തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെച്ചത്.
അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എം. ലിജു, ദേശീയ സെക്രട്ടറി മാത്യു കുഴല്‍നാടന്‍ എന്നിവരുള്‍പ്പെട്ട സമിതിയാണ് സമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ-സംഘടന-സാമ്പത്തിക പ്രമേയങ്ങള്‍ തയ്യാറാക്കിയത്. സംഘടനാപ്രമേയം അവതരിപ്പിക്കാന്‍ നേതൃത്വം മാത്യു കുഴല്‍നാടനെ നിയോഗിച്ചു. ജനറല്‍ സെക്രട്ടറിമാരായ വിനോദ് കൃഷ്ണ, മനോജ് മൂത്തേടന്‍, അഖിലേന്ത്യാ സെക്രട്ടറി ജെ. ഷിഹാബുദ്ദീന്‍, എന്‍ക്വയറി കമ്മീഷന്‍ മേധാവി സജീവ് ജോസഫ്, വി.ടി. ബല്‍റാം എം.എല്‍.എ. എന്നിവരും സമ്മേളനത്തില്‍ നേതൃപരമായ പങ്കുവഹിച്ചു. കേരളത്തില്‍ നിന്ന് 700 നേതാക്കളടക്കം ഏഴായിരത്തോളം പേര്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ സമ്മേളനത്തില്‍ പങ്കെടുത്തു.






