Random Posts

Sunday, November 6, 2011

ഉമ്മന്‍ചാണ്ടിയുടെ മാജിക് വീണ്ടും: ജനസമ്പര്‍ക്കപരിപാടിക്ക് ആവേശത്തുടക്കം


കോഴിക്കോട്: വിവാദങ്ങള്‍ ശക്തമാകുമ്പോള്‍ കൂടുതല്‍ ശക്തിയോടെ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പതിവ് വീണ്ടും. ഘടകകക്ഷികളിലെ ചിലനേതാക്കളുള്‍പ്പെടെ സൃഷ്ടിച്ച അനാവശ്യവിവാദത്തില്‍ നിന്നും ആശ്വാസം തേടി മുഖ്യമന്ത്രി ജനസമക്ഷം എത്തുകയാണ്. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമായി ആയിരംപേര്‍ക്ക് പട്ടയവും ദുരിതാശ്വാസസഹായവും നല്‍കിയാണ് കോഴിക്കോട് ജനസമ്പര്‍ക്കപരിപാടിയുടെ ഉദ്ഘാടനദിവസം മുഖ്യമന്ത്രി ശ്രദ്ധേയനായത്. രോഗം തളര്‍ത്തിയ ശരീരവുമായി നിരാലംബരായി കഴിയുന്നവരുള്‍പ്പെടെ കണ്ണീരും പരിഭവവുമായി സഹായത്തിന്റെ കൈത്താങ്ങിനായി എത്തിയവരെ ആദ്യം സദസ്സിലേക്ക് ഇറങ്ങിവന്നുകണ്ട് മുഖ്യമന്ത്രി ആശ്വാസം പകര്‍ന്നു.

ഭരണവും ജനങ്ങളും തമ്മിലുള്ള അകലം കുറയ്ക്കുകയാണ് ജനസമ്പര്‍ക്കപരിപാടികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. പണിമുടക്കായിട്ടും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് രാവിലെത്തന്നെ ക്രിസ്ത്യന്‍കോളേജ് ഗ്രൗണ്ടില്‍ പരാതിയും നിവേദനവുമായി സ്ത്രീകളുള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ എത്തിയതോടെ ജനസമ്പര്‍ക്കപരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം 11,000 പരാതികള്‍ക്ക് പരിഹാരവേദിയായി. 2008 മുതല്‍ അപേക്ഷ സമര്‍പ്പിച്ച് കാത്തിരിക്കുന്ന ആയിരംപേര്‍ക്ക് ലാന്‍ഡ് ട്രിബ്യൂണല്‍ പട്ടയവും 25 പേര്‍ക്ക് കൈവശരേഖയും കുന്ദമംഗലം നാല് സെന്റ് കോളനിയില്‍ 30 പേര്‍ക്കും വടകരയില്‍ 14 പേര്‍ക്കും പട്ടയവും നല്‍കി. ഈയ്യപ്പടി കോളനിയിലെ സോഫിയസക്കറിയയ്ക്ക് പട്ടയം നല്‍കി മുഖ്യമന്ത്രി പരിപാടിക്ക് തുടക്കമിട്ടു.

ദേശീയ കുടുംബസഹായ പദ്ധതിയുടെ ധനസഹായവിതരണം, ദുരിതാശ്വാസധനസഹായം, പ്രൊഫഷണല്‍ കോഴ്‌സിന് പ്രവേശനം ലഭിച്ച 24 പട്ടികജാതി, പട്ടികവര്‍ഗവിദ്യാര്‍ഥികള്‍ക്ക് കമ്പ്യൂട്ടര്‍, മരംകയറ്റ തൊഴിലാളി ക്ഷേമനിധി ധനസഹായം തുടങ്ങിയ വിവിധ ആനുകൂല്യങ്ങള്‍ ചടങ്ങില്‍വെച്ച് വിതരണം ചെയ്തു. ആകെ ലഭിച്ച 10,000 പരാതികളില്‍ മൂവായിരത്തില്‍ നേരത്തേതന്നെ ഉദ്യോഗസ്ഥര്‍ പരിഹാരം കണ്ടിരുന്നു. ഇത് വിവിധ വകുപ്പുകളുടെ ഏഴ് കൗണ്ടറുകളിലൂടെ വിതരണം ചെയ്തു. ചികിത്സാസഹായം ഉള്‍പ്പെടെ വിവിധ ധനസഹായത്തിന് അപേക്ഷ സമര്‍പ്പിച്ചവരുടെ, നേരിട്ട് മുഖ്യമന്ത്രിയെ കണ്ട് പരാതി പറയാനുള്ള നീണ്ട നിര വൈകുന്നേരം വരെ തുടര്‍ന്നു. പണിമുടക്കായതിനാല്‍ ശനിയാഴ്ച നേരിട്ടെത്താന്‍ കഴിയാതിരുന്നവരുടെ പരാതികള്‍ ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടില്‍ ഒമ്പതിന് ബുധനാഴ്ച പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രാവിലെ പത്ത് മണിക്കു തുടങ്ങി അര്‍ധരാത്രിവരെ തുടര്‍ന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്കപരിപാടിയില്‍ പരിഗണിച്ചത് 11,000ത്തിലധികം പരാതികള്‍. വെള്ളിയാഴ്ച വരെ രജിസ്റ്റര്‍ ചെയ്ത 7,800 അപേക്ഷകളിലും ശനിയാഴ്ച നേരിട്ടെത്തിയ 3,500 അപേക്ഷകളിലുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് ഒരു കോടി രൂപയോളം അനുവദിച്ചു. എത്ര രൂപയാണ് നല്‍കിയതെന്ന് കൃത്യമായി തിട്ടപ്പെടുത്താനായിട്ടില്ല. രാവിലെ പത്ത് മണി മുതല്‍ മുഖ്യമന്ത്രി ഓരോരുത്തരുടെയും പരാതി നേരിട്ട് കേട്ട് തീരുമാനം പറഞ്ഞു. ആയിരം മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് സഹായമായി അനുവദിച്ചത്. മുഖ്യമന്ത്രി പരാതിയില്‍ തീര്‍പ്പാക്കി അപേക്ഷയ്ക്ക് മുകളില്‍ അനുവദിച്ച തുക എഴുതും. ഈ തുകയ്ക്കുള്ള ചെക്ക് ബന്ധപ്പെട്ട താലൂക്ക് അധികൃതര്‍ അപ്പോള്‍ത്തന്നെ കൗണ്ടറില്‍നിന്ന് നല്‍കും. വൈകുന്നേരം നാല് മണിയായപ്പോഴാണ് മുഖ്യമന്ത്രി ലഘുഭക്ഷണം കഴിച്ചത്.

ഇടതടവില്ലാതെ രാത്രി എട്ട് മണിവരെ വേദിയിലിരുന്ന് പരാതികേട്ട മുഖ്യമന്ത്രി ഇടയ്ക്ക് അരമണിക്കൂര്‍കൊണ്ട് മുന്‍ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണന്റെ മകളുടെ വിവാഹസല്‍ക്കാരച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങി. ചികില്‍സാ സഹായത്തിനുള്ള അപേക്ഷ കൈപ്പറ്റാന്‍ രക്ഷിതാക്കളും ബന്ധുക്കളും രോഗികളോടൊപ്പം എത്തിയപ്പോള്‍ വികാരനിര്‍ഭരമായ രംഗങ്ങളാണ് മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടിലുണ്ടായത്. കൊയിലാണ്ടി പാതിരിക്കാട് കോളനിയിലെ സഫിയയുടെ മകന്‍ നിഷാഹിന്റെ ജീവിതം 16ാം വയസ്സിലാണ് മാറിമറിഞ്ഞത്. ജന്മനായുള്ള കാഴ്ചക്കുറവു പരിഹരിക്കാന്‍ കോയമ്പത്തൂരില്‍ നടത്തിയ ശസ്ത്രക്രിയയോടെ നിഷാഹിന്റെ കാഴ്ചശേഷി പൂര്‍ണമായി നഷ്ടപ്പെട്ടു. ഒപ്പം ശരീരവും മനസ്സും തളര്‍ന്നു. സംസാര ശേഷിയും നഷ്ടമായി. ഭര്‍ത്താവ് വിട പറഞ്ഞപ്പോള്‍ സഫിയയും മൂന്നു മക്കളും മാത്രമായി. ആരോ നിശ്ചയിച്ച മാനദണ്ഡത്തിന്റെ ബലത്തില്‍ ഇവരുടെ റേഷന്‍ കാര്‍ഡ് എപിഎല്‍ ആവുക കൂടി ചെയ്തതോടെ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാത്ത അവസ്ഥയും വന്നു. ചികില്‍സ സ്വപ്നം കാണാന്‍ പോലുമാവാതെ നാളുകള്‍ തള്ളിനീക്കുന്നതിനിടെയാണ് പൊതുജന സമ്പര്‍ക്ക പരിപാടി എത്തുന്നത്. സഫിയയുടെ വിഷമം കേട്ട മുഖ്യമന്ത്രി ചികില്‍സാ ചെലവു സര്‍ക്കാര്‍ വഹിക്കാന്‍ നിര്‍ദേശം നല്‍കി. മെഡിക്കല്‍ കോളജില്‍ നിഷാഹിന് വിദഗ്ധചികില്‍സ ലഭ്യമാക്കും. ഒപ്പം റേഷന്‍ കാര്‍ഡ് ബിപിഎല്‍ ആക്കാന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.

കടലുണ്ടി ചാലിയം കുടുംബാരത്ത് ഖദീജയുടെ മകള്‍ അനീഷ (31)യ്ക്കും പൊതുജന സമ്പര്‍ക്ക പരിപാടി അനുഗ്രഹമായി. വയറു വേദനയുമായി ആശുപത്രിയിലെത്തിയ അനീഷയ്ക്ക് കാന്‍സറാണെന്നു കണ്ടെത്തുകയായിരുന്നു. ചികില്‍സയ്ക്കിടെ സംസാരശേഷിയും ഒരു കണ്ണിന്റെ കാഴ്ചയും നഷ്ടമായി. മൂന്നു വര്‍ഷത്തിനുള്ളില്‍ മൂന്ന് ശസ്ത്രക്രിയകള്‍ കൂടി ആയതോടെ കുടുംബം സാമ്പത്തികമായി തളര്‍ന്നു. അനീഷയ്ക്ക് രോഗം സങ്കീര്‍ണമായപ്പോള്‍ വീട്ടുപണിക്കു പോയി മരുന്നിന്റെ ചെലവു കണ്ടെത്താന്‍ പോലും വയ്യാത്ത അവസ്ഥയിലാണ് ഖദീജ. 'ഒരു വീടു വേണം, മകളെ ചികില്‍സിക്കാന്‍ സഹായിക്കണം- അപേക്ഷ മുഖ്യമന്ത്രി കേട്ടു. സൂനാമി പുനരധിവാസ പദ്ധതിയില്‍ പെടുത്തി ഖദീജയ്ക്ക് വീട് അനുവദിച്ചു. ദുരിതാശ്വാസ നിധിയില്‍ നിന്ന് തുക അനുവദിച്ചു. മെഡിക്കല്‍ കോളജില്‍ വിദഗ്ധ ചികില്‍സ ലഭ്യമാക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

സംസ്ഥാനത്ത് ഏറ്റവും ദുരിതമനുഭവിക്കുന്നവരെ എപിഎല്‍ കാര്‍ഡില്‍ നിന്ന് ബിപിഎല്‍ കാര്‍ഡിലേക്ക് മാറ്റുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പതിനൊന്നായിരത്തി മുന്നൂറോളം അപേക്ഷകളാണ് പരിഹാരം തേടി മുഖ്യമന്ത്രിക്ക് മുന്‍പിലെത്തിയത്. കോഴിക്കോട് നടപ്പാക്കിയ പല തീരുമാനങ്ങളും സംസ്ഥാനത്താകെ വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. താലൂക്ക് തലത്തില്‍ ജനസമ്പര്‍ക്ക പരിപാടികള്‍ സംഘടിപ്പിക്കുന്ന കാര്യം പരിഗണനയിലാണ്. വായ്പ എടുത്ത് ഗൃഹനാഥന്‍ മരിച്ച സംഭവങ്ങളില്‍ ഉദാരസമീപനം സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്