കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള ജനസമ്പര്‍ക്കപരിപാടി ചരിത്രംകുറിച്ച് മുന്നേറുന്നു. ചുവപ്പുനാടയുടെ പതിവു നിസംഗതയില്‍ നിന്നും ജനഹൃദയങ്ങളിലേക്ക് സര്‍ക്കാരിന്റെ പ്രവര്‍ത്തനം പറിച്ചുനടുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനസര്‍ക്കാര്‍ നടപ്പാക്കുന്ന ജനസമ്പര്‍ക്കപരിപാടിക്ക് ആവേശകരമായ പ്രതികരണമാണ് ജനങ്ങളില്‍ നിന്നും ലഭിക്കുന്നത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പിറവം നിയോജകമണ്ഡലം ഉള്‍പ്പെടുന്ന എറണാകുളം ജില്ലയില്‍ ഇന്നലെ നടന്ന ജനസമ്പര്‍ക്ക പരിപാടി ഇതിനു ഉദാഹരണം. നിസ്സഹായരും നിരാലംബരുമായ മനുഷ്യരുടെ ദൈന്യകഥകളുറങ്ങുന്ന ഫയലുകളുടെ ചുവപ്പുനാടകളഴിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പന്തീരായിരത്തോളം പരാതികള്‍ക്കാണ് ഒറ്റദിവസം കൊണ്ട് തീര്‍പ്പാക്കിയത്. ഒരു പകലും രാത്രിയും നീണ്ട മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി മഹായജ്ഞമായി മാറുകയായിരുന്നു.
കാക്കനാട് കളക്ടറേറ്റില്‍ ശനിയാഴ്ച 9.30നാണ് പരിപാടി തുടങ്ങിയത്. അവസാനത്തെ പരാതിക്കാരനേയും കണ്ട് മുഖ്യമന്ത്രി മടങ്ങുമ്പോള്‍ പാതിരാത്രിയായിരുന്നു. കുറച്ച് കരിക്കിന്‍വെള്ളം മാത്രം കുടിച്ച്, ഒരേ നില്പില്‍ ആയിരങ്ങളെ നേരില്‍ കണ്ട് മുഖ്യമന്ത്രി അവരുടെ പരാതികള്‍ക്ക് പരിഹാരം കണ്ടു. കളക്ടര്‍ അടക്കമുള്ള ജില്ലയിലെ ഉദ്യോഗസ്ഥവൃന്ദം മുഖ്യന്ത്രിയുടെ ഉത്തരവുകള്‍ക്ക് കാതോര്‍ത്തുനിന്നു. 7500 ഓളം പരാതികളാണ് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തിരുന്നത്. ശനിയാഴ്ച മാത്രം 4500 പരാതികള്‍ പുതിയതായി രജിസ്റ്റര്‍ ചെയ്തു. അയ്യായിരത്തോളം പരാതികളില്‍ നേരത്തെ തന്നെ അതത് വകുപ്പുകളില്‍ തീര്‍പ്പാക്കിയിരുന്നു. മറ്റുള്ളവരെയാണ് മുഖ്യമന്ത്രി നേരില്‍ക്കണ്ടത്. എല്ലാ പരാതികളിലും മുഖ്യമന്ത്രി പരിഹാരം നിര്‍ദേശിച്ചു. പരാതിക്കാരും കൂടെ വന്നവരും ഉള്‍പ്പെടെ ഇരുപതിനായിരത്തോളം പേരാണ് കളക്ടറേറ്റ് മൈതാനിയില്‍ തിങ്ങിനിറഞ്ഞത്. എ.പി.എല്‍. കാര്‍ഡുകള്‍ ബി.പി.എല്‍. കാര്‍ഡാക്കാന്‍ ആയിരത്തിലധികം അപേക്ഷകള്‍ മുഖ്യമന്ത്രിക്ക് ലഭിച്ചു. ഇതില്‍ 700 പേര്‍ക്ക് ബി.പി.എല്‍. കാര്‍ഡ് അനുവദിച്ചു.
ജില്ലയിലെ ഏഴ് താലൂക്കുകളില്‍ നിന്നുള്ള 250 പേര്‍ക്ക് പട്ടയം വിതരണംചെയ്തു. 50 ലക്ഷം രൂപയാണ് കുടുംബസഹായ നിധിയില്‍നിന്ന് വിതരണം ചെയ്തത്. മൊത്തം 500 പേര്‍ക്ക് 10,000 രൂപവീതം ഈയിനത്തില്‍ ലഭിച്ചു. ദുരിതാശ്വാസ, ചികിത്സാ ധനസഹായമായി 71 ലക്ഷം രൂപ ജനസമ്പര്‍ക്കവേദിയില്‍ അനുവദിച്ചു. 1400 കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. സ്‌കൂള്‍ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ യൂണിഫോം ഉടക്കിവീണ് മരിച്ച കുന്നത്തുനാട് മഠത്തിപ്പറമ്പില്‍ സാന്ദ്രയുടെ പിതാവ് എം.വി. സാബുവിന് രണ്ട് ലക്ഷം രൂപ ആശ്വാസധനം നല്‍കിയാണ് മുഖ്യമന്ത്രി ജനസമ്പര്‍ക്ക പരിപാടിക്ക് തുടക്കമിട്ടത്. ആംബുലന്‍സിലെത്തിയ നാല് രോഗികള്‍ക്കരികിലെത്തി മുഖ്യമന്ത്രി അവര്‍ക്ക് സഹായം നല്‍കി. പിന്നീട് സദസ്സിന്റെ മുന്‍നിരയിലിരുന്ന അഞ്ഞൂറോളം വികലാംഗര്‍ക്കരികിലേയ്‌ക്കെത്തി. ഓരോരുത്തരേയും കണ്ട് ആശ്വസിപ്പിക്കുകയും പരാതികള്‍ക്ക് തീര്‍പ്പ് കല്പിച്ച് ഫയലില്‍ ഉത്തരവുകളെഴുതുകയും ചെയ്തു. രാവിലെ 9.45ന് വികലാംഗര്‍ക്കിടയിലേയ്ക്ക് നീങ്ങിയ മുഖ്യമന്ത്രി3.40 നാണ് പൊതുപരാതികള്‍ കേള്‍ക്കാന്‍ വേദിയില്‍ തിരിച്ചെത്തിയത്. ഇതിനിടെ ചികിത്സാസഹായം സംബന്ധിച്ച പരാതികള്‍ കേട്ട് എക്‌സൈസ് മന്ത്രി കെ. ബാബു തീര്‍പ്പുകള്‍ നല്‍കി.
കുടുംബസഹായനിധി ആനുകൂല്യം താലൂക്ക് തിരിച്ച് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ വിതരണം ചെയ്തു. സ്‌ട്രെച്ചറിലും ക്രച്ചസ്സിലും വീല്‍ച്ചെയറിലും വന്നവര്‍, ഉറ്റവര്‍ എടുത്തുകൊണ്ടുവന്നവര്‍, അശരണര്‍, ആലംബഹീനര്‍, ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍, കൈകാലുകള്‍ നഷ്ടമായവര്‍, അന്ധര്‍, ബധിരര്‍, മൂകര്‍, അനാഥര്‍, അപകടങ്ങളില്‍ ഉറ്റവരെ നഷ്ടമായവര്‍....ദൈന്യം നിറഞ്ഞ ജനജീവിതത്തിന്റെ ഭിന്നമുഖങ്ങളാണ് ജനസമ്പര്‍ക്ക പരിപാടിയില്‍ നിറഞ്ഞത്. അവസാനത്തെ പരാതിക്കാരനേയും കണ്ട ശേഷമേ താന്‍ ഈ വേദി വിടൂ എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പരിപാടി തുടങ്ങിയത്. ജനകീയ പ്രശ്‌നങ്ങളില്‍ മനുഷ്യത്വപരമായ സമീപനമാണ് വേണ്ടതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ജനകീയപ്രശ്‌ന പരിഹാരത്തിന് രാഷ്ട്രീയനേതൃത്വവും ഉദ്യോഗസ്ഥവൃന്ദവും ഒറ്റക്കെട്ടായി നില്‍ക്കുന്ന കാഴ്ചയാണ് ജനസമ്പര്‍ക്ക പരിപാടിയില്‍ കാണുന്നത്. ഇത് സമൂഹത്തിന് നല്‍കുന്ന ഒരു സന്ദേശമാണ്. കൂട്ടായ്മയുടെ ഈ അന്തരീക്ഷം നിലനിര്‍ത്തണമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ഉദ്ഘാടന ചടങ്ങില്‍ ബെന്നി ബഹനാന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ. ബാബു, വി.കെ.ഇബ്രാഹിംകുഞ്ഞ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എം.പി.മാരായ കെ.പി. ധനപാലന്‍, പി.ടി. തോമസ്, എം.എല്‍.എ.മാരായ ഡൊമിനിക് പ്രസന്‍േറഷന്‍, ജോസ് തെറ്റയില്‍, ടി.യു. കുരുവിള, വി.ഡി. സതീശന്‍, ഹൈബി ഈഡന്‍, ജോസഫ് വാഴയ്ക്കന്‍, അന്‍വര്‍ സാദത്ത്, വി.പി. സജീന്ദ്രന്‍, സാജു പോള്‍, ലൂഡി ലൂയീസ്, കൊച്ചി മേയര്‍ ടോണി ചമ്മണി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എല്‍ദോസ് കുന്നപ്പിള്ളി, തൃക്കാക്കര നഗരസഭാ ചെയര്‍മാന്‍ പി.ഐ. മുഹമ്മദാലി, മുനിസിപ്പല്‍ ചെയര്‍മാന്‍സ് ചേംബര്‍ ചെയര്‍മാന്‍ ജമാല്‍ മണക്കാടന്‍, ഡിവിഷന്‍ കൗണ്‍സിലര്‍ വര്‍ഗീസ് പൗലോസ് തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത് സ്വാഗതവും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേട്ട് ഇ.കെ. സുജാത നന്ദിയും പറഞ്ഞു.
അതേസമയം ജനസമ്പര്‍ക്കപരിപാടിക്കെതിരേ ചില കോണുകളില്‍ നിന്നും ഉയര്‍ന്ന വിമര്‍ശനത്തിനു വ്യക്തമായ മറുപടിയും മന്ത്രി നല്‍കി. ജനസമ്പര്‍ക്ക പരിപാടിയില്‍ ചട്ടങ്ങളും വ്യവസ്ഥകളും പാലിക്കാതെ പണം വാരിയെറിയുകയാണെന്ന ധനവകുപ്പിന്റെ മുന്നറിയിപ്പിനെതിരെയാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. സാങ്കേതികത്വം പറഞ്ഞ് ഉത്തരവാദിത്തില്‍നിന്ന് ഒഴിഞ്ഞുമാറുന്നത് ഭരണാധികാരികള്‍ക്ക് ചേര്‍ന്നതല്ല. ജനസമ്പര്‍ക്ക പരിപാടിയില്‍ തല്‍സമയം തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനാല്‍ എല്ലാ റെക്കോഡുകളും ശരിയാണെന്ന് പറയാനാകില്ല. നൂറു പേര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുമ്പോള്‍ ഒന്നോ രണ്ടോ തെറ്റ് വന്നേക്കാം. തെറ്റുകള്‍ വരുമെന്ന് സംശയിച്ച് നൂറുപേര്‍ക്കും സഹായം നല്‍കേണ്ടെന്ന തീരുമാനം ശരിയാണെന്ന് താന്‍ കരുതുന്നില്‌ളെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
എറണാകുളം ജില്ലയിലെ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് ധനവകുപ്പിന്റെ മുന്നറിയിപ്പിനെ പരാമര്‍ശിച്ച് മുഖ്യമന്ത്രി ഇങ്ങനെ സംസാരിച്ചത്. താന്‍ ചെയ്യുന്നത് മുഴുവന്‍ ശരിയാണെന്ന് കരുതുന്നില്ല. എന്നാല്‍, തെറ്റ് ആരെങ്കിലും ചൂണ്ടിക്കാണിച്ചാല്‍ തിരുത്താതിരിക്കില്ല. തെറ്റുകളും കുറവുകളുമുണ്ടെങ്കില്‍ അത് നിശ്ചയമായും ഉള്‍ക്കൊള്ളും. ജനസമ്പര്‍ക്ക പരിപാടിയുമായി ബന്ധപ്പെട്ട് ധനവകുപ്പ് ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ ചിലപ്പോള്‍ ശരിയാകാം. ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധ ചെലുത്തണം. ചട്ടം വിട്ട് എന്തെങ്കിലും ഉണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍ അത് ചൂണ്ടിക്കാട്ടണം. ഏതൊക്കെ കാര്യങ്ങളിലാണ് ജനസമ്പര്‍ക്ക പരിപാടിയില്‍ ധനവകുപ്പ് തെറ്റ് ചൂണ്ടിക്കാട്ടിയിരിക്കുന്നതെന്ന് പരിശോധിക്കും. ധനവകുപ്പിന്റെ റിപ്പോര്‍ട്ട് പരിശോധിച്ച് സ്വതന്ത്രമായ അഭിപ്രായമെഴുതി ബുധനാഴ്ച രാവിലെ സമര്‍പ്പിക്കാന്‍ റവന്യൂ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. തെറ്റുകള്‍ ഉണ്ടെങ്കില്‍ ചൂണ്ടിക്കാട്ടാന്‍ ഉദ്യോഗസ്ഥര്‍ക്ക് കടമയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്തെല്ലാം വിവദങ്ങളുണ്ടാക്കിയാലും ഉമ്മന്‍ചാണ്ടി എന്ന വാക്കിന് ഇന്നലെ ആശ്വാസം എന്നായിരുന്നു അര്‍ഥം. ആയിരങ്ങളുടെ സങ്കടങ്ങളെ നീലയും വെള്ളയും കലര്‍ന്ന നിറമുള്ള ഒരു പേനകൊണ്ട് കേരളത്തിന്റെ മുഖ്യമന്ത്രി മാറ്റിയെഴുതി. ഒരു ഒപ്പ് ഒപ്പിയത് എത്രയോ മുഖങ്ങളിലെ കണ്ണീര്‍. സിംഹാസനങ്ങള്‍ വിട്ട് അധികാരം ആള്‍ക്കൂട്ടത്തെത്തേടി വരികയും അവരിലൊരാളാകുകയും ചെയ്തപ്പോള്‍ സഞ്ചരിക്കുന്ന സര്‍ക്കാരായി മാറി ഉമ്മന്‍ചാണ്ടി. ഏകാന്തത എന്നെ ശ്വാസം മുട്ടിക്കും എന്നു പറഞ്ഞ മനുഷ്യന് ഇന്നലെ അത്യാഹ്ലാദത്തിന്റെ ദിനമായിരുന്നിരിക്കണം. ജനസമ്പര്‍ക്കം എന്ന വാക്കിനെ അക്ഷരാര്‍ഥത്തില്‍ സത്യമാക്കിക്കൊണ്ട് അദ്ദേഹം ആളുകളിലലിഞ്ഞു. വേദനയിലും വിയര്‍പ്പിലും നനഞ്ഞ കടലാസുകള്‍ക്ക് നീലമഷികൊണ്ട് ജീവന്‍ നല്‍കുകയായിരുന്നു ഉമ്മന്‍ചാണ്ടി. അപ്പോള്‍ മുഖ്യമന്ത്രി ആര്‍ക്കും തൊടാവുന്ന ഒരാളായി മാറി. കണ്ണുനട്ടിരുന്നവര്‍ക്കും, കാണാന്‍കഴിയാത്തതിനാല്‍ കാതോര്‍ത്തിരുന്നവര്‍ക്കുമരികിലേക്കാണ് മുഖ്യമന്ത്രി പിന്നെ നടന്നുചെന്നത്.
വികലാംഗരെത്തേടിച്ചെല്ലുമ്പോള്‍ കേരളത്തിന്റെ ഭരണാധികാരി ഉത്തരവുകളേയും ഒപ്പം കൂട്ടി. പരിക്കേറ്റ് കിടപ്പിലായ ഭര്‍ത്താവ് സേവ്യറിനേയും കൊണ്ട് പുത്തന്‍വേലിക്കരയില്‍ നിന്ന് വന്ന റാണിയെയാണ് അദ്ദേഹം ആദ്യം കണ്ടത്. പിന്നെ, ജീവിതം കസേരകളിലും കിടക്കയിലുമായിപ്പോയ അനേകര്‍ക്കരികിലേയ്ക്ക്. ഇരിക്കുന്നില്ല, നടക്കുകയാണ് മുഖ്യമന്ത്രി. വിവശതയില്‍ നനഞ്ഞത് ഖദര്‍കുപ്പായം മാത്രമാണ്. ഉമ്മന്‍ചാണ്ടി അപ്പോഴും ഉന്മേഷവാന്‍. 'സിവില്‍ സപ്ലൈസ്‌വകുപ്പിന്റെ ആരെങ്കിലും ഉണ്ടോ?' ഒരു പരാതി സ്വീകരിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ ചോദ്യം. ഉടന്‍വന്നു ഓഫീസ് മേധാവി. കല്‍പ്പനകള്‍ കല്ലേപ്പിളര്‍ക്കുന്നതല്ല, സര്‍ക്കാര്‍വകുപ്പുകളെ മുഴുവന്‍ തനിക്കൊപ്പം ജനങ്ങളിലേയ്ക്കിറക്കുകയെന്ന ശൈലി. വികസനത്തിലേയ്ക്ക് കരുതലിനെ ചേര്‍ത്തുവെയ്ക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അപ്പോള്‍ തന്നെ നടപ്പാക്കാന്‍ ഒപ്പം ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത്. ധനസഹായം അനുവദിച്ചാലുടന്‍ എഴുതാനായി ചെക്ക്ബുക്കുമായി ഒരാള്‍. ഉദ്യോഗസ്ഥന്മാരെ വിളിച്ചുവരുത്താനും ആള്‍ക്കൂട്ടത്തിന്റെ ആവേശം നിയന്ത്രിക്കാനുംമൈക്കുമായി എപ്പോഴത്തേയുംപോല ഉമ്മന്‍ചാണ്ടിയുടെ വലംകൈയായി ബെന്നി ബഹനാന്‍. 'ആ ജോയിന്റ് രജിസ്ട്രാര്‍ ഇതുവരെ വന്നില്ല കെട്ടോ...'എന്നു പറയുമ്പോള്‍ ശബ്ദത്തിന് അല്‍പ്പം കാര്‍ക്കശ്യം വന്നപോലെ. അതു മനസ്സിലാക്കിയാവണം കാതോടുകാതോരം പടര്‍ന്നു ആ ഉദ്യോഗസ്ഥനായുള്ള തിരച്ചില്‍.
അഴിഞ്ഞുതുടങ്ങുന്ന സര്‍ക്കാര്‍സംവിധാനത്തിന്റെ പ്രതീകമായി, അപ്പോള്‍ മുഖ്യമന്ത്രിക്കരികെ സാബുവര്‍ഗ്ഗീസ് എന്ന സിവില്‍ പോലീസ് ഓഫീസറുടെ കയ്യില്‍ ഒരു ഫയലും അതിനെ സ്വതന്ത്രമാക്കി വെളുത്ത ചരടും. ഇതിനിടയില്‍ കേട്ടു ഇരുപത്തയ്യായിരം രൂപയും അഞ്ചുസെന്റ് സ്ഥലത്തിനുള്ള രേഖകളും ഏറ്റുവാങ്ങാന്‍ മൂവാറ്റുപുഴയിലെ ഗിരീഷ്‌കുമാറിന്റെ അച്ഛന്‍ ഗോപാലകൃഷ്ണനെ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ്. പത്തുമണി കഴിഞ്ഞ് പത്തുനിമിഷമായപ്പോള്‍ വികലാംഗര്‍ക്കിടയിലേയ്ക്കിറങ്ങിയ ഉമ്മന്‍ചാണ്ടി ആദ്യമായി ഇരുന്നത് ഉച്ചയ്ക്ക് ഒന്നരയായപ്പോഴാണ്. അത്രയും നേരം നില്‍ക്കുകയായിരുന്നു അദ്ദേഹം. ഉള്ളില്‍ച്ചെന്നത് വെറും മൂന്ന് ഇളനീര്‍ മാത്രം. ഇടയ്‌ക്കെപ്പോഴോ മുന്നിലെത്തിയ ആപ്പിളിനെ, പരാതിയൊന്നുമില്ലാത്തതിനാല്‍ ഉമ്മന്‍ചാണ്ടി വേണ്ടായെന്നു പറഞ്ഞ് സ്‌നേഹപൂര്‍വ്വം മടക്കിയയച്ചു.
ഒന്നിനോടും ഒരിക്കലും ഇല്ല എന്നു പറയാനാകാത്ത ഉമ്മന്‍ചാണ്ടി സ്‌റ്റൈല്‍ ആയിരുന്നു ജനസമ്പര്‍ക്കപരിപാടിയുടേയും മുഖമുദ്ര. മുന്നിലേയ്ക്കു വന്നതെന്തിനേയും അനുഭാവപൂര്‍വ്വം പരിഗണിക്കുമ്പോള്‍ പണ്ട്‌വൈറ്റ്ഹൗസിലേയ്ക്കു വരെ ശുപാര്‍ശക്കത്തെഴുതിയെന്ന കഥയെ ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിച്ചു ഒ.സി. മുഖ്യമന്ത്രിയുടെ കൈകള്‍ക്കും താങ്ങാനാകാതെ ചികിത്സാസഹായത്തിനുള്ള അപേക്ഷകള്‍ വളര്‍ന്നപ്പോള്‍ പ്രതിനിധിയായി മന്ത്രി കെ.ബാബു എത്തി. പിന്നെ അദ്ദേഹമായി രോഗങ്ങളുടെ ദുരിതം നിറഞ്ഞ കടലാസുകള്‍ സ്വീകരിച്ചതും നിര്‍ദ്ദേശങ്ങള്‍ നല്‍കിയതും. ഇടയ്ക്ക് കാത്തിരിക്കുന്നവരുടെ പ്രതിഷേധങ്ങള്‍ ഉയരുമ്പോള്‍ ബെന്നിയുടെ നയതന്ത്രം. വിശക്കുന്നവര്‍ക്ക് ആശ്വാസമായി ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്റെ ഭക്ഷണപ്പൊതികള്‍. മൂന്നരയായി വികലാംഗര്‍ക്കിടയില്‍നിന്ന് മുഖ്യമന്ത്രി വേദിയിലേയ്ക്ക് തിരിച്ചെത്തിയപ്പോള്‍. അതോടെ അവിടെയായി സെക്രട്ടേറിയറ്റും മുഖ്യമന്ത്രിക്കസേരയും. ക്യാമറകളില്‍ പെടാനായി തിക്കിത്തിരക്കിയവര്‍ക്കും തേനീച്ചകളെപ്പോലെ ചുറ്റിനും മൂളിവന്ന പരാതിക്കാര്‍ക്കും നടുവിലിരുന്ന് ഉമ്മന്‍ചാണ്ടിയുടെ ഒപ്പുകള്‍ ആയിരങ്ങളിലേയ്ക്ക് വളര്‍ന്നു.
വൈകീട്ട് അത്താണിയില്‍ ജുഡീഷ്യല്‍ അക്കാദമിയുടെ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുമെന്നും അര മണിക്കൂര്‍ ലീവ് വേണമെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞിരുന്നു. പക്ഷേ, കളക്ടറേറ്റിലെ പന്തലിലെ ജനസാഗരം കണ്ട് ആ യാത്രയും അദ്ദേഹം ഉപേക്ഷിച്ചു. പിന്നെ കൂടുതല്‍ കരുത്തോടെ ഉമ്മന്‍ചാണ്ടി ജനങ്ങളെ കണ്ടു, കേട്ടു, ആശ്വസിപ്പിച്ചു. അവസാനത്തെ പരാതിക്കാരനേയും കണ്ടേ ഞാന്‍ മടങ്ങൂ എന്ന വാക്കും പാലിച്ച് അദ്ദേഹം ഒന്നാം നമ്പര്‍ സ്‌റ്റേറ്റ് കാറിലേയ്ക്ക് കയറുമ്പോള്‍ ഒരു ദിവസം ഉറങ്ങിക്കഴിഞ്ഞിരുന്നു.






