കിളിരൂര്‍ കേസ് പുനരന്വേിക്കണമെന്ന പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ ആവശ്യം അഞ്ചുവര്‍ഷത്തെ ഭരണകാലയളവില്‍ ഒന്നും ചെയ്യാന്‍ കഴിയാതെ പോയതിന്റെ ജാള്യത മറച്ചുവെക്കാനാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ ഇതു സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അധികാരത്തില്‍ വന്നാല്‍ ആറുമാസത്തിനുള്ളില്‍ പ്രതികളെ കയ്യാമം വെച്ച് നടത്തിക്കുമെന്നും കേസിലെ വി.എെ.പിയുടെ പേര് വെളിപ്പെടുമെന്നുമൊക്കെയാണ് മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് വി.എസ് പറഞ്ഞത്. എന്നാല്‍ യു.ഡി.എഫിന്റെ ഭരണകാലത്തേതിനപ്പുറം ഒരു പ്രതിയെ കണ്ടെത്താന്‍ പോലും വി.എസിന് കഴിഞ്ഞില്ല. ശാരിയുടെ പിതാവ് നല്‍കിയ പരാതിപോലും കിട്ടിയില്ല എന്നാണ് വി.എസ് പറഞ്ഞത്. ശാരിയുടെ അഞ്ചാം ചരമവാര്‍ഷിക ദിനത്തില്‍ നിവേദനം നല്‍കാന്‍ എത്തിയ ശാരിയുടെ മാതാപിതാക്കളെ അറസ്റ്റു ചെയ്യുകയാണുണ്ടായത്. ഇതിന്റെയെല്ലാം ജാള്യത മറയ്ക്കാനാണ് ഇപ്പോള്‍ പുനരന്വേണം വേണമെന്നാവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കള്ളപ്പണത്തെ സംബന്ധിച്ച കേസന്വേണം എന്‍.എെ.എയെ ഏല്‍പിക്കണമോ എന്ന കാര്യം എല്ലാ വശങ്ങളും വിശദമായി പഠിച്ച ശേഷം തീരുമാനിക്കും. മുഴുവന്‍ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ കുടുംബത്തിനും യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ ഒരു ലക്ഷം രൂപ വീതം നഷ്ടപരിഹാരമായി നല്‍കിയിരുന്നു. മുന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ 50,000 രൂപ വീതമാണ് ഇവര്‍ക്ക് പ്രഖ്യാപിച്ചിരുന്നത്. മാത്രമല്ല, ഇത് എല്ലാവര്‍ക്കും നല്‍കാനും വി.എസ് സര്‍ക്കാര്‍ തയാറായില്ല. മനുഷ്യാവകാശ കമ്മീഷന്‍ അഞ്ചു ലക്ഷം വീതം നഷ്ടപരിഹാരം നല്‍കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇങ്ങിനെ കൊടുക്കണമെങ്കില്‍ 500 കോടി രൂപയെങ്കിലും വേണ്ടി വരും. ഇക്കാര്യം കേന്ദ്ര സര്‍ക്കാറിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും എന്‍ഡോസള്‍ഫാന്‍ പാക്കേജ് നടപ്പാക്കുന്നതിനായി കേന്ദ്ര സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.






