Random Posts

Monday, May 30, 2011

വെട്ടുകുട്ടന്‍ നിരസിച്ച ക്വട്ടേഷന്‍ ഏറ്റെടുത്തു: ഹാപ്പി രാജേഷിന് ജീവന്‍പോയി, ജിണ്ട അനി മൃതപ്രായന്‍

കൊല്ലം: മാതൃഭൂമി ലേഖകന്‍ വി.ബി ഉണ്ണിത്താന്‍ കൊലപാതശ്രമക്കേസിലൂടെ പുറത്താകുന്നത് കേരളത്തിലെ ക്വട്ടേഷന്‍ സംഘങ്ങളുടെ അണിയറരഹസ്യങ്ങളും. ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മിലുള്ള മൂപ്പിളമത്തര്‍ക്കങ്ങള്‍ മുതല്‍ ഈ മേഖലയില്‍ നിലനില്‍ക്കുന്ന തൊഴില്‍മാനദണ്ഡങ്ങള്‍വരെ വരുംദിവസങ്ങളില്‍ വെളിച്ചത്തുവരുമെന്നാണ് ഇപ്പോള്‍ ലഭ്യമാകുന്ന സൂചന. ഉണ്ണിത്താനെ കൊലപ്പെടുത്താന്‍ പ്രതിസ്ഥാനത്തുള്ള ഡിവൈഎസ്പി സന്തോഷ് നായര്‍ ആദ്യം സമീപിച്ചത് കൊല്ലത്തെ നമ്പര്‍വണ്‍ ക്വട്ടേഷന്‍ തലവനായ വെട്ടുകുട്ടനെയാണ്. എന്നാല്‍ ക്വട്ടേഷന്‍ സ്വീകരിക്കാന്‍ വെട്ടുകുട്ടന്‍ തയ്യാറായില്ല. വെട്ടുകുട്ടന്‍ നിഷേധിച്ച ക്വട്ടേഷന്‍ പിന്നീട് ഉണ്ണിത്താനെ വെട്ടിപ്പരുക്കേല്‍പ്പിച്ച ഹാപ്പി രാജേഷ് ഏറ്റെടുക്കുകയായിരുന്നു. സംഭവം അറിഞ്ഞ വെട്ടുകുട്ടന്‍ കോപാക്രാന്തനായി. ക്വട്ടേഷന്‍ മേഖലയിലെ മാനംരക്ഷിക്കാന്‍ ഇയാള്‍ ഹാപ്പിരാജേഷിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. ഇതിനുപുറമേ മറ്റൊരു ഗുണ്ടയായ ജിണ്ട അനിയെ മര്‍ദിച്ച് വീഡിയോ ചിത്രീകരിക്കുകയും ചെയ്തു.

ഉണ്ണിത്താന്‍ വധശ്രമക്കേസിലെ ഒന്നാംപ്രതി ഹാപ്പി രാജേഷിന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണം പട്ടത്താനം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വെട്ടുകുട്ടനിലേക്കു നീളുകയാണ്. ആശ്രാമത്തെ ക്വട്ടേഷന്‍ സംഘത്തലവനായ ജിണ്ട അനിയെ കെട്ടിയിട്ട് മര്‍ദ്ദിച്ചതിനുപിന്നിലും വെട്ടുകുട്ടനാണെന്ന് പോലീസ് കരുതുന്നു. ഹാപ്പി രാജേഷിനെ കൊലപ്പെടുത്തിയതിലും ജിണ്ട അനിയെ ആക്രമിച്ചതിലും സാമ്യമുണ്ടെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. ജിണ്ട അനിയെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ചിത്രം അക്രമികള്‍ എടുത്തിരുന്നു. പോലീസിന് ഇത് കിട്ടിയിട്ടുണ്ട്. വീഡിയോ ചിത്രങ്ങള്‍ കാട്ടി മറ്റ് ക്വട്ടേഷന്‍ സംഘക്കാരെ വിരട്ടുകയായിരുന്നുവത്രേ ലക്ഷ്യം. ജിണ്ട അനിയുടെ അനുഭവം അവര്‍ക്കുമുണ്ടാകുമെന്ന് ഭീഷണിപ്പെടുത്താനായിരുന്നു ഇത്. ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് വെട്ടുകുട്ടനും ജിണ്ട അനിയും തമ്മിലുള്ള വിരോധത്തിന് കാരണം.

അതിനിടെ ഉണ്ണിത്താന്‍ വധശ്രമക്കേസില്‍ അറസ്റ്റിലായി ഇപ്പോള്‍ ജയിലില്‍ കഴിയുന്ന ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട പ്രതികളിലൊരാള്‍ക്ക് ഹാപ്പി രാജേഷിന്റെ കൊലപാതകവുമായി ബന്ധമുണ്ടെന്ന് െ്രെകം ബ്രാഞ്ച് സംശയിക്കുന്നു. ഉണ്ണിത്താനെ വധിക്കാന്‍ നടത്തിയ ഗൂഢാലോചനയില്‍ ഡിവൈഎസ്പി സന്തോഷ് നായരുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചതിനെത്തുടര്‍ന്ന് രണ്ടാഴ്ച മുമ്പാണ് ഇയാള്‍ അറസ്റ്റിലായത്. അന്വേഷണസംഘത്തലവനായ െ്രെകംബ്രാഞ്ച് ഡി.ഐ.ജി. എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കണ്ടെയ്‌നര്‍ സന്തോഷിനൊപ്പം ഡിവൈ.എസ്.പി. സന്തോഷിനെയും ചോദ്യംചെയ്തശേഷം അറസ്റ്റുചെയ്യുകയായിരുന്നു. സന്തോഷ് നായര്‍ക്കു വേണ്ടിയാണ് കണ്ടെയ്‌നര്‍ സന്തോഷ് ഉണ്ണിത്താനെ വകവരുത്താന്‍ ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ചത്.

ഉണ്ണിത്താനെഴുതിയ രണ്ട്‌വാര്‍ത്തകളിന്മേലുള്ള പകയാണ് പ്രേരണ. 2009 ഒക്ടോബര്‍ 11ന് രാത്രി സന്തോഷ്‌നായരടക്കം നാല് പോലീസ് ഓഫീസര്‍മാര്‍ കൊല്ലം ഗസ്റ്റ്ഹൗസില്‍ ഒരു കള്ളുഷാപ്പ് കോണ്‍ട്രാക്ടര്‍ ഒരുക്കിയ മദ്യസത്കാരത്തില്‍ പങ്കെടുത്തത് ഉണ്ണിത്താന്‍ വിശദമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. സന്തോഷ് നായര്‍ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റും എഴുകോണ്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുമായിരിക്കെ മറ്റൊരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുമായി ചേര്‍ന്ന് തീരദേശസംരക്ഷണനിയമം ലംഘിച്ച് കാഞ്ഞിരകോട് കായലോരത്ത് ഭൂമി വാങ്ങി നിര്‍മ്മാണപ്രവര്‍ത്തനം നടത്തിയത് സംബന്ധിച്ച വിജിലന്‍സ് അന്വേഷണവും ഉണ്ണിത്താന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ രണ്ട് സംഭവങ്ങളുമാണ് ഉണ്ണിത്താനെ വകവരുത്താന്‍ സന്തോഷ് നായരെ പ്രകോപിപ്പിച്ചതെന്ന് അറിയുന്നു. ക്വട്ടേഷന്‍ സംഘം കൈവശമുള്ള കണ്ടെയ്‌നര്‍ സന്തോഷുമായി സന്തോഷ് നായര്‍ ഇതുസംബന്ധിച്ച് ഗൂഢാലോചന ആരംഭിച്ചിട്ട് ഒരുവര്‍ഷത്തോളമായി.

ഉണ്ണിത്താനെ ആക്രമിക്കുന്നതിന് ഒരുമാസം മുമ്പാണ് കണ്ടെയ്‌നര്‍ സന്തോഷ് ക്വട്ടേഷന്‍ ഉറപ്പിച്ചത്. ജിണ്ട അനിയുള്‍പ്പെടെ പലരോടും ആവശ്യപ്പെട്ടെങ്കിലും പത്രക്കാരനെ ആക്രമിക്കാന്‍ കഴിയില്ലെന്നുപറഞ്ഞ് അവര്‍ ഒഴിഞ്ഞുമാറി. ഒടുവില്‍ ഹാപ്പി രാജേഷാണ് ക്വട്ടേഷന്‍ ഏറ്റെടുത്തത്. ക്വട്ടേഷന്‍ സംഘം ഉണ്ണിത്താന്റെ വീട് പോയി കണ്ടിരുന്നു. മാതൃഭൂമി ഓഫീസ് പരിസരവും നിരീക്ഷിച്ചു. നിയമസഭയിലേക്ക് വോട്ടെടുപ്പ് നടന്ന ഏപ്രില്‍ 13ന് ഉണ്ണിത്താനെ ആക്രമിക്കാനായിരുന്നു പരിപാടിയിട്ടിരുന്നത്. അന്ന് നടക്കാതെ വന്നപ്പോഴാണ് 16ലേക്ക് മാറ്റിയത്. സംഭവം നടന്ന് രണ്ടുദിവസത്തിനുശേഷം, മദ്യപിച്ച സന്തോഷ് നായര്‍ സുഹൃത്തുക്കള്‍ക്കിടയിലിരുന്ന് കണ്ടെയ്‌നര്‍ സന്തോഷിനെ ഫോണ്‍ വിളിച്ച് 'നമ്മുടെ ശത്രുവിന് നല്ല പണി കിട്ടിയെന്നും പണി കൊടുത്തവര്‍ മിടുക്കന്മാരാണെന്നും കിട്ടിയാല്‍ ഉമ്മ കൊടുക്കാമായിരുന്നു'വെന്നും പറഞ്ഞതായി വിവരം ലഭിച്ചിട്ടുണ്ട്.  തനിക്ക് സംഭവത്തില്‍ പങ്കില്ലെന്ന് വരുത്താനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇത്. കേള്‍ക്കുന്നവര്‍ അങ്ങനെ കരുതുമെന്ന് സന്തോഷ്‌നായര്‍ തെറ്റിദ്ധരിച്ചു. ഉണ്ണിത്താന്‍ വധശ്രമത്തിന്റെ ഗൂഢാലോചനയില്‍ ഡിവൈ.എസ്.പി. സന്തോഷ്‌നായര്‍ക്കുള്ള ബന്ധം വ്യക്തമാക്കുന്ന നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. മൊബൈല്‍ കോളുകള്‍, ഇമെയില്‍ സന്ദേശങ്ങള്‍, ട്രെയിന്‍ റിസര്‍വേഷന്‍ വിവരങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

മികച്ച ഉദ്യോഗസ്ഥനെന്നു പേരെടുത്ത സന്തോഷ്‌നായര്‍ എന്ന 43 കാരനായ ഡിവൈഎസ്പി കോണ്‍സ്റ്റബിളായാണ് സര്‍വീസില്‍ പ്രവേശിച്ചത്. തിരുവനന്തപുരം വട്ടപ്പാറ സ്വദേശിയായ സന്തോഷിന് സായുധ പോലീസില്‍ കോണ്‍സ്റ്റബിള്‍ ആയിട്ടായിരുന്നു ആദ്യ നിയമനം. എസ്.ഐ. തസ്തികയിലേക്ക് പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ക്കുള്ള 10 ശതമാനം സംവരണത്തില്‍ ടെസ്റ്റ് എഴുതി കയറിയ സന്തോഷ് നായര്‍ക്ക് ചടയമംഗലം എസ്.ഐ. ആയിട്ടായിരുന്നു ആദ്യ നിയമനം. തുടര്‍ന്ന് കൊല്ലം വെസ്റ്റിലും കിളികൊല്ലൂരിലും എസ്.ഐ. ആയി. ആഭ്യന്തര കലാപം നടക്കുന്ന കൊസോവയില്‍ ഒരുവര്‍ഷം സേവനം അനുഷ്ഠീച്ച സന്തോഷ് തിരികെ എത്തിയ ഉടന്‍ പുനലൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായി നിയമനം ലഭിച്ചു. തുടര്‍ന്ന് എഴുകോണ്‍ സി.ഐ.ആയി. ഈ സമയത്താണ് പോലീസ് ഓഫീസേഴ്‌സ് അസ്സോസിയേഷന്‍ ജില്ലാ പ്രസിഡന്റായത്.

നീണ്ടകര കോസ്റ്റല്‍ പോലീസ് സ്‌റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരിക്കെ കൊല്ലം ഗവ. ഗസ്റ്റ്ഹൗസില്‍ കള്ളുഷാപ്പുകാരന്‍ ഒരുക്കിയ മദ്യസത്കാരത്തില്‍ മറ്റ് മൂന്നു പോലീസുകാര്‍ക്കൊപ്പം പങ്കെടുത്ത സന്തോഷ്‌നായരെ അന്നത്തെ എസ്.പി.യുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട്ടേക്ക് സ്ഥലംമാറ്റി. ഡിവൈ.എസ്.പി. യായി പ്രമോഷന്‍ ലഭിച്ച സന്തോഷിന് പോലീസ് ആസ്ഥാനത്തായിരുന്നു ആദ്യ നിയമനം. അവിടെനിന്നാണ് സ്ഥലംമാറി വന്നത്. കൊല്ലം മനയില്‍ക്കുളങ്ങരയില്‍നിന്ന് വിവാഹം കഴിച്ച എം.സന്തോഷ് നായര്‍ അവിടെ സ്വന്തം വീട്ടിലാണ് താമസം. ഇപ്പോള്‍ സസ്‌പെന്‍ഷനിലും