Random Posts

Thursday, May 5, 2011

ഇന്‍ഫോപാര്‍ക്ക് കൈവശപ്പെടുത്താന്‍ സിപിഎം തുണയോടെ ഇന്‍ഫോസിസ് രംഗത്ത്


ഇടനിലക്കാരന്‍ മുഖ്യമന്ത്രിയുടെ മകന്‍ അരുണ്‍കുമാര്‍
ഇന്‍ഫോ പാര്‍ക്ക് കൈക്കലാക്കാനുള്ള ഇന്‍ഫോസിസ് നീക്കത്തിന് സിപിഎമ്മിന്റെ രഹസ്യതുണ.
ഇന്‍ഫോസിസ് തിരുവനന്തപുരം യൂണിറ്റ് ഉദ്യോഗസ്ഥനും എറണാകുളം നിയമസഭാ മണ്ഡലത്തില്‍ സിപിഎമ്മിന്റെ
സ്വതന്ത്ര സ്ഥാനാര്‍ഥിയായ അഡ്വ.സെബാസ്റ്റ്യന്‍ പോളിന്റെ മരുമകനുമായ ജിജോ ജോസഫിനെ കൊച്ചി ഇന്‍ഫോപാര്‍ക്ക് സിഇഒ ആയി നിയമിച്ചുകൊണ്ടാണ് സിപിഎം അനധികൃത നിയമനത്തിലൂടെ ഇന്‍ഫോപാര്‍ക്ക് വരുതിയിലാക്കാന്‍ ശ്രമിക്കുന്നത്.
ഇതുസംബന്ധിച്ചുള്ള ഉത്തരവ് മുന്‍കാല പ്രാബല്യത്തോടെ ഇന്നലെ പുറത്തിറങ്ങി.ജനവിധിയറിയാന്‍ പത്തുദിവസം മാത്രം ബാക്കിനില്‍ക്കെ കൃത്യം ഒന്‍പതാം തീയതി തന്നെ സിഇഒയായി ചുമതലയേല്‍ക്കാന്‍ ജിജോ ജോസഫിന് കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. നിലവില്‍ ഇന്‍ഫോസിസിന് കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ഓഫീസോ മറ്റു പ്രവര്‍ത്തനങ്ങളോ ഇല്ല.ഇന്‍ഫോപാര്‍ക്ക് സിഇഒയ്ക്കാണ് സ്ഥാപനത്തിന്റെ വാടക നിശ്ചയിക്കുന്നതിനും മറ്റുമുള്ള ചുമതല. ജിജോ ജോസഫിനെ സിഇഒ ആയി നിയമിക്കുന്നതുവഴി ഇന്‍ഫോസിസിന് ഇന്‍ഫോപാര്‍ക്കിലേക്കുള്ള പ്രവേശനമാണ് ഇന്‍ഫോസിസ് ലക്ഷ്യം വയ്ക്കുന്നത്. ജിജോയ്ക്ക് ഇതിനായി ഇന്‍ഫോസിസില്‍ നിന്നും നീണ്ട അവധിയും നല്‍കി.കുറഞ്ഞ വാടകയില്‍ മെച്ചപ്പെട്ട പ്രവര്‍ത്തനസൗകര്യങ്ങള്‍ കരസ്ഥമാക്കുക എന്നതാണ് ഇന്‍ഫോപാര്‍ക്കിനുമേല്‍ ഇന്‍ഫോസിസിന്റെ കണ്ണുപതിയാന്‍ കാരണം. ഇതിനായി സിപിഎമ്മുമായി വിലപേശിയ ഇന്‍ഫോസിസ് ഇന്‍ഫോപാര്‍ക്ക് സിഇഒസ്ഥാനം ലഭിക്കുന്നതിനായി കോടികളാണ് പാര്‍ട്ടിക്കും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ ചുമതലകൂടി വഹിക്കുന്ന മുഖ്യമന്ത്രിക്കുമായി നല്‍കിയത്.ഇന്‍ഫോസിസിനും സിപിഎമ്മിനും തമ്മില്‍ ഇതുസംബന്ധിച്ച ധാരണയുണ്ടാക്കാന്‍ മുഖ്യമന്ത്രിയുടെ മകന്‍ അരുണ്‍കുമാറാണ് മുന്‍കൈയ്യെടുത്തത്.
മുഖ്യമന്ത്രിക്കുവേണ്ടി ഇന്‍ഫോസിസും അരുണ്‍കുമാറും തമ്മില്‍ ആദ്യം ചര്‍ച്ച നടത്തി.ഇതില്‍ താല്‍ക്കാലിക ധാരണ ഉണ്ടാക്കിയശേഷം മുഖ്യമന്ത്രി വിഷയം പാര്‍ട്ടിയുടെ ശ്രദ്ധയില്‍ പെടുത്തി.ഭരണം പോയാലും ഇന്‍ഫോപാര്‍ക്കില്‍ സ്വന്തം താല്‍പര്യം സംരക്ഷിക്കാന്‍ ജിജോയുടെ നിയമനം വഴി പാര്‍ട്ടിക്കു കഴിയുമെന്ന് മുഖ്യമന്ത്രി ബോധ്യപ്പെടുത്തിയതോടെ സിപിഎം ഇക്കാര്യത്തില്‍ അനുമതി നല്‍കി.പാര്‍ട്ടിക്കാര്‍ക്ക് പ്രഥമ പരിഗണന കൊടുത്തുകൊണ്ടാകണം ഇന്‍ഫോപാര്‍ക്കിലെ നിയമനങ്ങള്‍ എന്നതായിരുന്നു സിപിഎം ഇക്കാര്യത്തില്‍ മുന്നോട്ട് വച്ച നിര്‍ദേശം.ഇതോടൊപ്പം തങ്ങളുടെ സ്വന്തം ചിലരെ ഉപദേശകര്‍ എന്ന തസ്തിക സൃഷ്ടിച്ച് ഉടനടി ഇന്‍ഫോപാര്‍ക്കില്‍ നിയമിക്കണം എന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.പാര്‍ട്ടി ഉന്നതന്‍മാര്‍ക്ക് വേണ്ടി ഇടനിലക്കാര്‍ പണവും കൈപ്പറ്റി.സിപിഎമ്മിന്റെ ആവശ്യങ്ങളെല്ലാം ഇന്‍ഫോസിസ് അംഗീകരിച്ചതോടെയായിരുന്നു പിന്നീട് തിരക്കിട്ട് ഉത്തരവ് തയാറാക്കിയത്. ദൈനംദിന പ്രവര്‍ത്തനങ്ങളും ഭരണവും മാത്രം ഭരണഘടനാപരമായ ആനുകൂല്യത്തോടെ അനുഭവിക്കുന്ന അച്യുതാനന്ദന്‍ സര്‍ക്കാരിന് ഇത്തരത്തില്‍ ഒരു നിയമനം പോലും നടത്താന്‍ അര്‍ഹതയില്ലാതിരിക്കെയാണ് ജിജോയെ ഇന്‍ഫോപാര്‍ക്ക് സിഇഒ ആയി നിയമിച്ചിരിക്കുന്നത്.അരുണ്‍കുമാറാണ് മുഖ്യമന്ത്രിക്കുവേണ്ടി പണം കൈപ്പറ്റിയത്.സിപിഎമ്മിലെ മൂന്ന് ഉന്നത നേതാക്കള്‍ ഇടപെട്ടാണ് കാര്യങ്ങള്‍ വേഗത്തിലാക്കിയത്.