Random Posts

Monday, May 16, 2011

മത്സരിച്ചില്ലെങ്കിലും പിള്ള ജയിച്ചു, കുഞ്ഞാലിക്കുട്ടി വീണ്ടും ജയിക്കുന്നു


തിരുവനന്തപുരം: നിയമസഭയിലേക്കു മത്സരിച്ചില്ലെങ്കിലും ബാലകൃഷ്ണപിള്ള ഇത്തവണ ജയിച്ചു. മത്സരിച്ചു ജയിച്ച മുസ്ലിംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി വീണ്ടും ജയിക്കുന്നു. കേരളത്തില്‍ യുഡിഎഫ് മന്ത്രിസഭ അധികാരമേല്‍ക്കുന്നതോടെ ശുക്രന്‍ തെളിയുന്നത് യഥാര്‍ത്ഥത്തില്‍ ഈ രണ്ടുപേര്‍ക്കുമാണ്. ഈ ആഴ്ച അധികാരമേല്‍ക്കുന്ന യുഡിഎഫ് മന്ത്രിസഭയുടെ പ്രഥമപരിഗണനയിലുള്ള വിഷയം ബാലകൃഷ്ണപിള്ളയുടെ ജയില്‍മോചനമാണ്. വി.എസ് അച്യുതാനന്ദന്റെ പ്രതികാരരാഷ്ട്രീയത്തിന്റെ ഇരയാണ് ബാലകൃഷ്ണപിള്ളയെന്നാണ് യുഡിഎഫ് നേതൃത്വത്തിന്റെ പൊതുവായ വിലയിരുത്തല്‍. ഈ പശ്ചാത്തലത്തില്‍ നിയമത്തിന്റെ തലനാരിഴ കീറി പിള്ളയെ ജയിലില്‍ നിന്നും പുറത്തെത്തിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ശിക്ഷയുടെ മൂന്നിലൊന്ന് കാലാവധി പൂര്‍ത്തിയാക്കിയാല്‍ ജയില്‍ മോചിതനാക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ 433 (എ) വകുപ്പ് മന്ത്രിസഭയ്ക്ക് അധികാരം നല്‍കുന്നുണ്ട്. ഇത് പിള്ളയ്ക്ക് തുണയാകും.

എല്‍.ഡി.എഫ് സര്‍ക്കാര്‍ 427 പേരെയും എ.കെ. ആന്റണി സര്‍ക്കാര്‍ 18 പേരെയും ഈ നിയമപ്രകാരം ശിക്ഷ ഇളവ് ചെയ്ത് ജയിലില്‍ നിന്നും പുറത്തിറക്കിയിട്ടുണ്ട്. കണ്ണൂര്‍ ജയിലില്‍ കഴിയുന്ന 12 പേരുടെ ശിക്ഷ ഇളവ് ചെയ്യാന്‍ ഈ സര്‍ക്കാര്‍ എടുത്ത തീരുമാനത്തില്‍ ഗവര്‍ണര്‍ ഒപ്പ് വച്ചിട്ടുമില്ല. വോട്ടെണ്ണുന്നതിന്റെ തലേദിവസം പരോള്‍ കഴിഞ്ഞ് ജയിലില്‍ തിരിച്ചെത്തിയ പിള്ള തൊട്ടടുത്ത ദിവസം 15 ദിവസത്തേക്ക് വീണ്ടും പരോളിന് അപേക്ഷിച്ചിരിക്കുകയാണ്. ഇതിന്‍മേല്‍ ഇന്ന് ഉച്ചയ്ക്ക് തീരുമാനമെടുക്കും. ഒരു തടവുകാരന് വര്‍ഷത്തില്‍ 45 ദിവസത്തെ പരോളാണ് അനുവദിച്ചിട്ടുള്ളത്. ഇതില്‍ 22 ദിവസത്തെ പരോള്‍ പിള്ള എടുത്തുകഴിഞ്ഞു. ഇനി 23 ദിവസമാണ് ശേഷിക്കുന്നത്. 15 ദിവസംകൂടി ജയിലധികൃതര്‍ അനുവദിച്ചാല്‍ പിന്നെ എട്ട് ദിവസമാണ് ശേഷിക്കുന്നത്. ഒരു വര്‍ഷത്തെ തടവിന്റെ മൂന്നിലൊന്ന് ജൂണ്‍ 18ന് തികയും. ഇന്ന് വീണ്ടും പിള്ള പരോളിലിറങ്ങിയാലും ആഭ്യന്തരമന്ത്രിക്ക് സ്വന്തം നിലയില്‍ 13 ദിവസം പരോള്‍ അനുവദിക്കാന്‍ അധികാരമുണ്ട്. അങ്ങനെ 28 ദിവസത്തെ പരോള്‍ പൂര്‍ത്തിയാകുമ്പോള്‍ ജൂണ്‍ 12 ആകും. പിന്നെ ആറ് ദിവസം കൂടി ജയിലില്‍ കഴിഞ്ഞാല്‍ ജൂണ്‍ 18 ആകും. അതോടെ പിള്ളയ്ക്ക് ശുദ്ധവായു ശ്വസിക്കാനാകുമെന്നാണ് പ്രതീക്ഷ.

പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരേ ഉയര്‍ന്നുവന്ന രണ്ടാം ഐസ്‌ക്രീം കലാപത്തിന്റെ സ്ഥിതിയും വ്യത്യസ്ഥമല്ല. ഐസ്‌ക്രീമില്‍ അലിഞ്ഞില്ലാതായ കുഞ്ഞാലിക്കുട്ടിയുടെ പ്രതിശ്ചായ സര്‍ക്കാരിന് വീണ്ടെടുക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണം മുന്നോട്ടുപോകുമെന്ന് കരുതേണ്ടതില്ല. മാത്രവുമല്ല, കേസ് നിയമപരമായി അവസാനിപ്പിക്കുന്നതിനു ശ്രമം നടത്തുമെന്ന് ലീഗിലെ പ്രമുഖനേതാവായ ഇ.ടി മുഹമ്മദ് ബഷീര്‍ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം ഇക്കാര്യത്തില്‍ ലീഗില്‍ നിന്നും ശക്തമായ സമ്മര്‍ദ്ദം അനിവാര്യമാണ്. കുഞ്ഞാലിക്കുട്ടി അനുകൂലികളെ മന്ത്രിസഭയില്‍ എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഇതിന്റെ ഭാഗമായി തുടങ്ങിക്കഴിഞ്ഞു. ലീഗിന്റെ മന്ത്രിസ്ഥാന ചര്‍ച്ചകളില്‍ നിറഞ്ഞുനില്‍ക്കുന്നത് എട്ടുപേരാണ്. ഇവരില്‍ കുഞ്ഞാലിക്കുട്ടി ഒഴികെ ആരുടെ കാര്യത്തിലും ഇതുവരെ ഉറപ്പായിട്ടില്ല.

ലീഗിന് കൂടുതല്‍ സീറ്റുകള്‍ ലഭിച്ച മലപ്പുറത്ത് നിന്ന് കുഞ്ഞാലിക്കുട്ടിക്ക് പിറകെ സാധ്യതയില്‍ രണ്ടാമനായി നില്‍ക്കുന്നത് തിരൂരങ്ങാടിയില്‍നിന്ന് ജയിച്ച ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ. അബ്ദുറബ്ബാണ്. കോഴിക്കോട് സൗത്തില്‍നിന്ന് ജയിച്ച ഡോ. എം.കെ. മുനീറാണ് പട്ടികയില്‍ വരാന്‍ കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന മറ്റൊരാള്‍. എന്നാല്‍ കുഞ്ഞാലിക്കുട്ടിക്ക് അനുകൂല നിലപാട് മുനീര്‍ എടുക്കുമെന്ന് ഉറപ്പില്ല. മധ്യകേരളത്തില്‍ നിന്നുള്ള പാര്‍ട്ടി പ്രതിനിധിയെന്ന നിലയില്‍ വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ പേരും ഉയര്‍ന്നുകേള്‍ക്കുന്നു. പാര്‍ട്ടിക്കായി പെരിന്തല്‍മണ്ണയില്‍ അഭിമാന പോരാട്ടം നടത്തി വിജയിച്ച മഞ്ഞളാംകുഴി അലിയും സാധ്യതയില്‍ മുന്നിലാണ്. അഖിലേന്ത്യാ സെക്രട്ടറി അബ്ദുസമദ് സമദാനി, സംസ്ഥാന സെക്രട്ടറി ടി.എ. അഹമ്മദ് കബീര്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി എന്നിവരുടെ പേരുകളും ലീഗ് കേന്ദ്രങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. പെരിന്തല്‍മണ്ണയില്‍ മത്സരിക്കാന്‍ അലിക്ക് ലീഗിലെ മുതിര്‍ന്ന നേതാവ് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരുന്നെന്ന പ്രചാരണവും ശക്തമാണ്. മന്ത്രിസഭയില്‍ ലീഗിനുള്ള പ്രാതിനിധ്യം സംബന്ധിച്ച് യു.ഡി.എഫില്‍ ധാരണയായ ശേഷമേ ലീഗ് മന്ത്രിമാരെ നിശ്ചയിക്കൂ.

എം.എല്‍.എമാരുടെ എണ്ണത്തില്‍ ഇത്തവണ ലീഗ് റെക്കോഡ് പ്രകടനമാണ് നടത്തിയത്. മുന്‍കാലങ്ങളില്‍ വാങ്ങിയിരുന്ന നാല് മന്ത്രി പദവിയില്‍ ലീഗ് ഇത്തവണ ഒതുങ്ങിനില്‍ക്കില്ല. കോണ്‍ഗ്രസിന്റെ നിറം മങ്ങിയ പ്രകടനവും ലീഗിന്റെ അവകാശവാദത്തിന് ശക്തി പകരും. ലീഗ് അഞ്ച് മന്ത്രി പദവികള്‍ക്കായിരിക്കും അവകാശവാദമുന്നയിക്കുകയെന്നാണ് സൂചന. വര്‍ധിച്ച പ്രാതിനിധ്യത്തിന് പാര്‍ട്ടിക്ക് അവകാശമുണ്ടെന്ന നിലപാടാണ് സംസ്ഥാന സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ ഉള്‍പ്പെടെയുള്ളവര്‍ വ്യക്തമാക്കിയത്. പാര്‍ട്ടി നിലപാടുകള്‍ ആലോചിക്കാന്‍ സംസ്ഥാന നേതൃയോഗം തിങ്കളാഴ്ച വൈകീട്ട് പാണക്കാട്ട് ചേരുന്നുണ്ട്. നേരത്തെ ലീഗ് കേന്ദ്രങ്ങളില്‍ നടന്ന ചര്‍ച്ചകള്‍ നാല് മന്ത്രി സ്ഥാനവും ഡെപ്യൂട്ടി സ്പീക്കര്‍ പദവിയും എന്നതായിരുന്നു. എന്നാല്‍, മികച്ച പ്രകടനത്തോടെ ലീഗിലെ ചര്‍ച്ചകള്‍ ഡെപ്യൂട്ടി സ്പീക്കര്‍ പദവി വിട്ട് അഞ്ച് മന്ത്രിസ്ഥാനങ്ങള്‍ എന്ന നിലയിലേക്ക് വളര്‍ന്നിട്ടുണ്ട്. നേരത്തെ ലീഗ് കൈകാര്യം ചെയ്തിരുന്ന വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. പൊതുമരാമത്ത് വകുപ്പില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് കണ്ണുണ്ടെങ്കിലും ഈ രണ്ട് ആവശ്യങ്ങള്‍ക്കും ലീഗ് വഴങ്ങില്ലെന്നാണ് സൂചന.

എന്തായാലും കുഞ്ഞാലിക്കുട്ടിയ്ക്കുവേണ്ടി സമ്മര്‍ദ്ദം ചെലത്തുന്ന ഒരു സംഘമായിരിക്കും മന്ത്രിസഭയിലെത്തുക എന്നുറപ്പാണ്. അതോടെ ഐസ്‌ക്രീംകേസിലെ പുനരന്വേഷണവും തണുത്തുറഞ്ഞില്ലാതെയാകും. കുഞ്ഞാലിക്കുട്ടി ഇത്തവണ മത്സരിക്കുന്നത് ലീഗിനും മുന്നണിക്കും ദോഷം ചെയ്യുമെന്ന അഭിപ്രായം യു.ഡി.എഫിലെ ചില ഘടകക്ഷിനേതാക്കന്മാര്‍പോലും അഭിപ്രായപ്പെട്ടിരുന്നു. വി.എസ്. കുരിശുയുദ്ധത്തിന് ഉപയോഗിക്കുന്ന ഏറ്റവും വലിയ ആയുധം ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭമാണെന്നതായിരുന്നു അതിന് കാരണം. എന്നാല്‍ എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ലീഗ് വന്‍ വിജയമാണ് നേടിയത്. 2006 ല്‍ 22 സീറ്റില്‍ മത്സരിച്ചിട്ടും ഒമ്പതുസീറ്റില്‍ മാത്രം ജയിക്കാനായ ലീഗിന് ഇത്തവണ 24 സീറ്റില്‍ മത്സരിച്ച് 20 സീറ്റും നേടിയെടുക്കാനായി. അതില്‍ ഏറ്റവും ശ്രദ്ധേയമായ വിജയം ഐസ്‌ക്രീംപാര്‍ലര്‍ ആരോപണവിധേയനായ പി.കെ. കുഞ്ഞാലിക്കുട്ടിയുടേതു തന്നെ.

ഐസ്‌ക്രീം പാര്‍ലര്‍ ആയുധം ഉപയോഗിച്ച് തങ്ങളുടെ നേതാവിനെ തകര്‍ക്കാന്‍ ശ്രമിച്ചതിനോടുള്ള പ്രതികരണമായി മലബാറില്‍ ചില കേന്ദ്രങ്ങളില്‍ നാട്ടുകാര്‍ക്കെല്ലാം ശരിയായ ഐസ്‌ക്രീം വിതരണം ചെയ്തുകൊണ്ടാണ് ലീഗ് പ്രവര്‍ത്തകര്‍ വിജയം ആഘോഷിച്ചത്. മുസ്‌ലീംലീഗില്‍ തന്റെ രാഷ്ട്രീയശത്രുക്കളായ ഡോ.എം.കെ. മുനീറിനെയും കെ.എം. ഷാജിയെയും പരാജയപ്പെടുത്താന്‍ വേണ്ടിയാണ് കുഞ്ഞാലിക്കുട്ടി അവരെ പരാജയസാധ്യതയുള്ള സീറ്റില്‍ നിര്‍ത്തിയതെന്ന ആരോപണമുണ്ടായിരുന്നു. അതില്‍ സത്യമുണ്ടായാലും ഇല്ലെങ്കിലും ഈ രണ്ടു മണ്ഡലങ്ങളിലെയും വിജയം കുഞ്ഞാലിക്കുട്ടിക്കെതിരെയുണ്ടാകുമായിരുന്ന കടുത്ത വിമര്‍ശനങ്ങള്‍ അലിയിച്ചുകളഞ്ഞു.