കോണ്‍ഗ്രസിന്റെ 38 എം.എല്‍.എമാര്‍ ഉമ്മന്‍ചാണ്ടിയെ ഏകകണ്ഠമായി പാര്‍ട്ടിയുടെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തതോടെ ഉമ്മന്‍ചാണ്ടി രണ്ടാംവട്ടവും കേരളത്തിന്റെ മുഖ്യമന്ത്രിയാകും. എം.എല്‍.എമാരുടെ ശുപാര്‍ശ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി അംഗീകരിച്ചു. മന്ത്രിസഭ ബുധനാഴ്ച്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഹൈക്കമാന്‍ഡ് പ്രതിനിധികളായ മധുസൂദന്‍ മിസ്ത്രി, മൊഹ്‌സീന കിദ്വായി എന്നിവര്‍ മുഴുവന്‍ എം.എല്‍.എ.മാരോടും സംസാരിച്ചതിനുശേഷമാണ് ഉമ്മന്‍ചാണ്ടിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്. കോണ്‍ഗ്രസ്-യു.ഡി.എഫ് തീരുമാനത്തെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടി ഗവര്‍ണര്‍ ആര്‍.എസ്.ഗവായിയെ സന്ദര്‍ശിച്ച് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ആവശ്യം അറിയിച്ചു. ഇത് സംബന്ധിച്ച കത്ത് ഉമ്മന്‍ചാണ്ടി ഗവര്‍ണര്‍ക്ക് കൈമാറി. ഘടകക്ഷികളുടെ പിന്തുണ അറിയിച്ചുള്ള ആറ് കത്തുകളും ഇതിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.
കേരളത്തിന്റെ ഇരുപത്തിയൊന്നാമത് മുഖ്യമന്ത്രിയാവുകയാണ് ഉമ്മന്‍ ചാണ്ടി. 1970 മുതല്‍ കോട്ടയം ജില്ലയിലെ പുതുപ്പള്ളി നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചുവരുന്ന ഉമ്മന്‍ചാണ്ടി ഇക്കുറി 33225 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. കരോട്ട് വള്ളക്കാലില്‍ എന്ന മിഡില്‍ ക്ലാസ് കുടുംബത്തില്‍ 1943 ഒക്ടോബര്‍ 31ന് ജനിച്ച ഉമ്മന്‍ ചാണ്ടി, പുതുപ്പളളി എം.ഡി സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഹൈസ്കൂള്‍ വിദ്യാഭ്യാസം പുതുപ്പള്ളി സെന്‍റ് ജോര്‍ജ് സ്കൂളിലായിരുന്നു. കോളജ് വിദ്യാഭ്യാസം തുടങ്ങിയത് കോട്ടയം സി.എം.എസ്. കോളജിലും. ചങ്ങനാശേരി എസ്.ബി. കോളജില്‍നിന്നും ബി.എ. ബിരുദവും എറണാകുളം ലോ കോളജില്‍നിന്നും നിയമ ബിരുദവും നേടി.
1959-60 കാലയളവില്‍ പുതുപ്പള്ളി ഹൈസ്കൂളിലെ കെ.എസ്.യു യൂണിറ്റ് സെക്രട്ടറിയായി രാഷ്ട്രീയ ജീവിതത്തിന് തുടക്കമിട്ട ഉമ്മന്‍ചാണ്ടിക്ക് തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. സി.എം.എസ് കോളജില്‍ പ്രീഡിഗ്രിക്ക് പടിക്കുമ്പോള്‍ കെ.എസ്.യു. ജില്ലാ സെക്രട്ടറിയായി. എസ്.ബി.കോളജില്‍ പഠിക്കുമ്പോള്‍ കെ.എസ്.യു. സംസ്ഥാന പ്രസിഡന്‍റായി. എ.കെ.ആന്‍റണി യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റായപ്പോള്‍ ഉമ്മന്‍ചാണ്ടി വൈസ് പ്രസിഡന്‍റായി. ആന്‍റണി കെ.പി.സി.സി. മെമ്പറായപ്പോള്‍ യൂത്ത് കോണ്‍ഗ്രസ്സ് ആക്ടിംഗ് പ്രസിഡന്‍റായി. 1970ല്‍ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
ഉമ്മന്‍ചാണ്ടി ആദ്യമായി നിയമസഭയിലേക്ക് മല്‍സരിച്ചത് 1970ലായിരുന്നു. സെപ്റ്റംബര്‍ 17നായിരുന്നു വോട്ടെടുപ്പ്. പിറ്റേന്ന് ഫലപ്രഖ്യാപനം. അന്ന് മുതല്‍ പുതുപ്പള്ളി നിയമസഭാമണ്ഡലം ഉമ്മന്‍ചാണ്ടിക്ക് സ്വന്തം. അല്ലെങ്കില്‍ പുതുപ്പള്ളിക്ക് ഉമ്മന്‍ചാണ്ടി സ്വന്തം. അതോടെ ഉമ്മന്‍ചാണ്ടിയുടെ ജഗതിയിലെ വീട്ട്‌പേരും പുതുപ്പള്ളിയെന്നായി. മന്ത്രിയായും മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും ജനങ്ങള്‍ക്കിടയില്‍ കഴിയുമ്പോഴും കരോട്ട് വള്ളക്കാലില്‍ കുഞ്ഞൂഞ്ഞ് എന്ന ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയെ മറക്കാറില്ല. ഞായറാഴ്ച എന്നൊരു ദിവസമുണ്ടെങ്കില്‍ അന്ന് കുഞ്ഞൂഞ്ഞ് പുതുപ്പള്ളിയില്‍ ഉണ്ടാകും. പുതുപ്പള്ളി മണ്ഡലത്തെ ഉമ്മന്‍ചാണ്ടിയുമായി ബന്ധിപ്പിക്കുന്നതും ഞായറാഴ്ചകളാണ്. പുതുപ്പള്ളിക്കാര്‍ക്ക് സന്തോഷമുണ്ടായാലും ദുഃഖമുണ്ടായാലും അവര്‍ക്കൊപ്പം അവരുടെ കുഞ്ഞൂഞ്ഞുണ്ടാകും.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊരുതി വാങ്ങിയതായിരുന്നു 1970ല്‍ ഉമ്മന്‍ ചാണ്ടി അടക്കമുള്ളവരുടെ സ്ഥാനാര്‍ഥിത്വം. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്ക് സീറ്റ് കൊടുക്കുമ്പോള്‍ ജയിച്ച് വരുമെന്ന പ്രതീക്ഷ നേതാക്കള്‍ക്കുണ്ടായിരുന്നില്ല. കേരള കോണ്‍ഗ്രസിന്റെ പിറവിയോടെ കൈവിട്ടുപോയ മണ്ഡലം തിരിച്ച് പിടിക്കുകയെന്ന ദൗത്യമാണ് ഉമ്മന്‍ചാണ്ടിയെ ഏല്‍പ്പിച്ചത്. 1965ലും 1967ലും കൈവിട്ട മണ്ഡലം ഉമ്മന്‍ചാണ്ടിയിലൂടെ കോണ്‍ഗ്രസ് തിരിച്ച് പിടിച്ചു. ആദ്യ തെരഞ്ഞെടുപ്പ് മുതല്‍ പ്രധാന എതിരാളി സി. പി. എമ്മാണെങ്കിലും 1980ലെ തെരഞ്ഞെടുപ്പില്‍ അവര്‍ കൂടി ഉള്‍പ്പെടുന്ന മുന്നണിയുടെ സ്ഥാനാര്‍ഥിയായിരുന്നു ഉമ്മന്‍ചാണ്ടി. എങ്കിലും ഉമ്മന്‍ചാണ്ടിയുടെ തന്ത്രം മാത്രം സി. പി.എമ്മിന് പിടികിട്ടിയില്ല. പല പരീക്ഷണങ്ങള്‍ നടത്തിയെങ്കിലും ഉമ്മന്‍ചാണ്ടിയെ പരാജയപ്പെടുത്താന്‍ കഴിയുന്നില്ല. ഇതേ സമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പഴയ പുതുപ്പള്ളി മണ്ഡലത്തില്‍ ലീഡ് നേടാനും ഇടത് മുന്നണിക്ക് പല വട്ടം കഴിഞ്ഞിട്ടുണ്ട്. പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയമില്ല, ഉമ്മന്‍ചാണ്ടി മാത്രമാണുള്ളത്.
പാര്‍ലമെന്ററി രംഗത്തേയ്ക്ക് കടക്കുന്നതിന് മുന്‍പ് തന്നെ വിദ്യാര്‍ത്ഥി-യുവജന നേതാവ് എന്നനിലയില്‍ കേരളമാകെ ഉമ്മന്‍ചാണ്ടി സഞ്ചരിച്ചു. ചെല്ലുന്ന സ്ഥലങ്ങളില്‍ പ്രവര്‍ത്തകരുടെ വീടുകളില്‍ താമസിക്കാനും അവിടെ നിന്ന് ഭക്ഷണം കഴിക്കാനും പഴയകാല കെ. എസ്. യു, യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പഠിപ്പിച്ചതും ഉമ്മന്‍ചാണ്ടിയാണ്. മുഷിഞ്ഞ മുണ്ടും ഷര്‍ട്ടും അവിടെ ഉപേക്ഷിച്ച് പ്രവര്‍ത്തകരുടെ വസ്ത്രം ധരിക്കുന്ന ശൈലി കൊണ്ടുവന്നതും ഉമ്മന്‍ചാണ്ടിയാണ്. ഷര്‍ട്ടിന്റെ വലിപ്പവും കീറലുമൊന്നും ഉമ്മന്‍ചാണ്ടിക്ക് പ്രശ്‌നമായിരുന്നില്ല. കീറിയ ഷര്‍ട്ടിടാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പ്രേരണയായതും ഉമ്മന്‍ചാണ്ടി. ബസിലും കുടിയേറ്റ മേഖലയില്‍ ജീപ്പില്‍ തൂങ്ങിയും യാത്ര ചെയ്യാന്‍ മടിയില്ലാത്ത ഉമ്മന്‍ചാണ്ടിക്ക് യാത്ര ഒരിക്കലും മടുപ്പ് സമ്മാനിച്ചിട്ടുമില്ല. ഇപ്പോഴും കേരളം മുഴുവന്‍ ഓടി നടക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഒ.സിയുണ്ട്. ആള്‍ക്കൂട്ടത്തിന് ഒപ്പമാണ് എന്നും ഇദ്ദേഹം. ആര്‍ക്കും എന്താവശ്യത്തിനും ശിപാര്‍ശക്കത്ത് നല്‍കാനും പിശുക്കില്ല.
1965-ല്‍ നിലവില്‍വന്ന പുതുപ്പള്ളി നിയോജകമണ്ഡലത്തില്‍ രണ്ടുതവണയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തിയ സിറ്റിംഗ് എം.എല്‍.എ ഇ.എം. ജോര്‍ജിനെ കന്നിയങ്കത്തില്‍ 7,288 വോട്ടിന് തോല്‍പ്പിച്ചാണ് ''കരോട്ടെ കുഞ്ഞൂഞ്ഞ്'' ചരിത്രത്തിലേക്ക് നടന്നുകയറിയത്. 78.88 ശതമാനം പോളിംഗ് നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ 7,288 വോട്ടുകള്‍ക്കാണ് ഉമ്മന്‍ ചാണ്ടി എതിരാളിയായിരുന്ന ഇ.എം. ജോര്‍ജിനെ പരാജയപ്പെടുത്തിയത്. 77 ലാകട്ടെ പി.സി ചെറിയാനെതിരേ 15,910 ആയിരുന്നു ഭൂരിപക്ഷം. 64.36 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ 80-ല്‍ എം. ആര്‍.ജി പണിക്കര്‍ക്കെതിരേ നേടിയ ഭൂരിപക്ഷം 13,659. 82-ലാകട്ടെ 76.24 ശതമാനം വോട്ടെടുപ്പ് നടന്ന തെരഞ്ഞെടുപ്പില്‍ തോമസ് രാജനെതിരേ 15,983 വോട്ടുകളുടെ ഭൂരിപക്ഷം നേടിയായിരുന്നു വിജയം ആവര്‍ത്തിച്ചത്. 87-ല്‍ പോളിംഗ് ശതമാനം 85.09 ഉം ആയപ്പോള്‍ സി.പി.എം യുവനേതാവ് വി.എന്‍ വാസവനെതിരേ ഭൂരിപക്ഷം 9,164-ഉം ആയിരുന്നു. വാസവന്‍ തന്നെ വീണ്ടും മത്സരിക്കാനെത്തിയ 91-ല്‍ 76.99 ശതമാനം പോളിംഗ് നടന്നപ്പോള്‍ ഭൂരിപക്ഷം 13,811 ആയി. 96-ല്‍ സി.പി.എമ്മിന്റെ യുവനേതാവ് റെജി സഖറിയയെ നേരിട്ടപ്പോള്‍ പോളിംഗ് ശതമാനം 73.50, ഭൂരിപക്ഷം 10,155. 2001-ല്‍ ശിഷ്യനായ ചെറിയാന്‍ ഫിലിപ്പ് എതിരിട്ടപ്പോള്‍ 75.37 ശതമാനം പോളിംഗില്‍ ഭൂരിപക്ഷം 12,575. കഴിഞ്ഞതവണയാകട്ടെ ഇടതുമുന്നണി തുറുപ്പുചീട്ടായി ഗോദയിലിറക്കിയ സിന്ധു ജോയിയുടെ പരാജയം ഇടതുമുന്നണിയ്ക്ക് സ്വാധീനമുള്ള പഞ്ചായത്തുകള്‍ പോലും ചീട്ടുകൊട്ടാരം പോലെ തകര്‍ത്തു കൊണ്ടായിരുന്നു. ഉമ്മന്‍ ചാണ്ടി അന്നും ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ റിക്കാര്‍ഡ് സൃഷ്ടിച്ചു - 19,863. ഇത്തവണ മത്സരിച്ചത് മണ്ഡല പുനഃസംഘടന അനുസരിച്ച് ചെറിയ മാറ്റങ്ങള്‍ വന്ന പുതുപ്പള്ളിയിലാണ്.
ഉമ്മന്‍ചാണ്ടി, 1977 മുതല്‍ 1978 വരെ തൊഴില്‍ വകുപ്പ് മന്ത്രി,1981 മുതല്‍ 1982 വരെ അഭ്യന്തര വകുപ്പ് മന്ത്രി, 1991 മുതല്‍ 1994 വരെ ധനകാര്യ വകുപ്പ് മന്ത്രി,2004 മുതല്‍ 2006 വരെ മുഖ്യമന്ത്രി, 2006 മുതല്‍ 2011 വരെ പ്രതിപക്ഷനേതാവായും പ്രവര്‍ത്തിച്ചശേഷമാണ് വീണ്ടും മുഖ്യമന്ത്രി പദത്തിലേയ്ക്ക്ക്കെത്തുന്നത്. യു.കെ അമേരിക്ക, റഷ്യ, ജര്‍മനി, ഇറ്റലി, ഓസ്ട്രിയ, ഹോളണ്ട്, സ്വിറ്റ്‌സര്‍ലാന്റ്, കുവൈറ്റ്, ദുബായ്, ഖത്തര്‍, മാലിദ്വീപുകള്‍, തുടങ്ങിയ പല വിദേശ രാജ്യങ്ങളും അദ്ദേഹം സന്ദര്‍ശിച്ചിട്ടുണ്ട്.
മന്ത്രിയുടെ ഓഫിസും മന്ദിരവും ജനങ്ങളുടേതാണെന്ന് തെളിയിച്ചതും ഉമ്മന്‍ചാണ്ടിയാണ്. 1977ല്‍ മന്ത്രിയായതോടെ, ഓഫിസും വീടും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ താവളമായി മാറുകയായിരുന്നു. 1978ലാണ് മന്ത്രി സ്ഥാനം ഒഴിഞ്ഞ് കോണ്‍ഗ്രസ് സംഘടനാ പ്രവര്‍ത്തന രംഗത്ത് സജീവമായത്. പിന്നീട് പലതവണ മന്ത്രിയായപ്പോഴും മുഖ്യമന്ത്രിയായപ്പോഴും ഓഫിസ് ജനങ്ങള്‍ക്കായി തുറന്നിട്ടു. മുഖ്യമന്ത്രിയുടെ ഓഫിസ് 24 മണിക്കൂറും ജനങ്ങള്‍ക്ക് വീക്ഷിക്കാന്‍ കഴിയുന്നതരത്തില്‍ വെബ്‌സൈറ്റ് തുറന്നതും ഇദ്ദേഹമാണ്.
പരേതനായ കെ.ഒ.ചാണ്ടിയുടെയും ബേബിയുടെയും മകനാണ് പുതുപ്പള്ളിയുടെ ഈ കുഞ്ഞൂഞ്ഞ്. കാനറാ ബാങ്ക് ഉദ്യോഗസ്ഥയായ മറിയാമ്മയാണ് ഭാര്യ. ചാണ്ടി ഉമ്മന്‍ മകനാണ്. ഉമ്മന്‍ ചാണ്ടിയുടെ മൂത്ത മകള്‍ മറിയം, രണ്ടാമത്തെ മകള്‍ അച്ചു ഉമ്മന്‍.






