Random Posts

Wednesday, May 18, 2011

സ്ക്കൈപ്പ് കഴിഞ്ഞു, ഇനി നോക്കിയയെ സ്വന്തമാക്കാന്‍ മൈക്രോസോഫ്റ്റ്


ഫിന്‍ലന്‍ഡ് ആസ്ഥാനമായ ലോകോത്തര മൊബൈല്‍ കമ്പനി നോക്കിയയെ മൈക്രോസോഫ്റ്റ് വാങ്ങാനൊരുങ്ങുന്നു. ബിസിനസ് സാങ്കേതിക രംഗത്തെ പ്രമുഖന്‍ എല്‍ദാര്‍ മുര്‍ത്താസിന്റെ ബ്ലോഗിലാണ് വെളിപ്പെടുത്തല്‍. മൊബൈല്‍ റിവ്യുവിന്റെ എഡിറ്ററാണ് എല്‍ദാര്‍. കഴിഞ്ഞ വാരത്തില്‍ 850 കോടി ഡോളറിനു സ്‌കൈപ്പിനെ മൈക്രോസോഫ്റ്റ് ഏറ്റെടുത്തിരുന്നു. അതുകൊണ്ടുതന്നെ ബിസിനസ് ലോകം വളരെ പ്രതീക്ഷയോടെയാണ് ഇതിനെ കാണുന്നത്.

2011 അവസാനത്തോടെ നോക്കിയയുടെ മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ യുണിറ്റ് സ്വന്തമാക്കാനാണു മെക്രോസോഫ്റ്റ് ശ്രമിക്കുന്നതെന്നും എല്‍ദാര്‍ ബ്ലോഗില്‍ വ്യക്തമാക്കുന്നു. സോഫ്റ്റ്‌വെയര്‍ നിര്‍മാണ രംഗത്തെ ഭീമന്‍മാരായ മെക്രോസോഫ്റ്റ് നോക്കിയയെ ഏറ്റെടുക്കുകയാണെങ്കില്‍ ഹാര്‍ഡ്‌വെയര്‍ രംഗത്തും അതൊരു വമ്പന്‍ നേട്ടമായി വളരുമെന്നു വിദ്ഗധര്‍. നോക്കിയയോട് മത്സരിക്കുന്ന മറ്റു കമ്പനികള്‍ക്ക് ഇതൊരു വെല്ലുവിളിയുമാകും.

ഫിന്‍ലന്‍ഡിലെ 2000 ജീവനക്കാരെയുള്‍പ്പെടെ ആഗോളതലത്തില്‍ 7000 തൊഴിലവസരങ്ങള്‍ വെട്ടിക്കുറച്ചു പുനഃസംഘടനക്കൊരുങ്ങുകയാണ് നോക്കിയ. നേരത്തെ സ്മാര്‍ട്ട് ഫോണ്‍ വിപണി ലക്ഷ്യമിട്ടു നോക്കിയ ഇറക്കിയ വിന്‍ഡോസ് 7 വേണ്‍ടത്ര വിപണിവിജയം നേടിയിരുന്നില്ല. ഇതൊക്കെ ഏറ്റെടുക്കല്‍ വാര്‍ത്തകളെ ഉറപ്പുവരുത്തുന്നു. എന്നാല്‍, നിലവില്‍ വന്‍ പ്രതിസന്ധിയെ അഭിമുഖികരിക്കുന്ന നോക്കിയ ഈ വാര്‍ത്തകള്‍ തള്ളി.

850 കോടി ഡോളറിനു സ്‌കൈപ്പ് ഏറ്റെടുത്തതു വഴി ഓഹരിയുടമകളുടെ വന്‍ പ്രതിഷേധം ഏറ്റുവാങ്ങിയ മൈക്രോസോഫ്റ്റിന്റെ കൈ വിട്ട കളിയായിരിക്കാം ഇതെന്നും അഭിപ്രായമുണ്‍ട്. ആപ്പിളും ഗൂഗിളും വിപണിയില്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ മറികടക്കാനാണ് മൈക്രോസോഫ്റ്റിന്റെ ഏറ്റെടുക്കല്‍ നീക്കങ്ങള്‍. ഇതിനുമുന്‍പു 600 കോടി ഡോളര്‍ മുടക്കി 2007ല്‍ പരസ്യ സ്ഥാപനം അക്വാന്റീവിന്റെ ഓഹരികള്‍ വാങ്ങിയതാണ് മൈക്രോസോഫ്റ്റിന്റെ ഇതിനു മുന്‍പുള്ള ഏറ്റവും വലിയ ഏറ്റെടുക്കല്‍