ന്യൂഡല്‍ഹി: ദക്ഷിണേന്ത്യയില്‍ താമരയ്ക്കു കൂമ്പുചീയല്‍. കേരളത്തില്‍ അക്കൗണ്ട് തുറക്കാനുള്ള കാത്തിരുപ്പ് ഒടുവില്‍ ദിവാസ്വപ്‌നമായതിന്റെ പിന്നാലെ തൊട്ടടുത്ത സംസ്ഥാനമായ കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയെ നേരിടുകയാണ്. ഗ്രൂപ്പുവഴക്കിനെത്തുടര്‍ന്ന് 16 എം.എല്‍.എമാരെ പുറത്താക്കിയ കര്‍ണാടക സ്പീക്കറുടെ നടപടി വെള്ളിയാഴ്ച സുപ്രീംകോടതി റദ്ദാക്കിയതോടെ കര്‍ണാടകയില്‍ വീണ്ടും പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. വിമത എം.എല്‍.എമാര്‍ക്ക് അംഗത്വം തിരിച്ചുകിട്ടിയ സ്ഥിതിക്ക് മുഖ്യമന്ത്രി യെദ്യൂരപ്പ ഒരിക്കല്‍ക്കൂടി വിശ്വാസവോട്ട് തേടണമെന്ന് ഗവര്‍ണര്‍ എച്ച്.ആര്‍. ഭരദ്വാജ് പറഞ്ഞു. 2010ല്‍ വിശ്വാസവോട്ട് നടക്കുന്നതിനിടയിലാണ് വിമത എം.എല്‍.എമാരെ യെദ്യൂരപ്പയുടെ നിര്‍ദേശപ്രകാരം സ്പീക്കര്‍ കെ.ജി. ബൊപ്പയ്യ പുറത്താക്കിയത്. സ്പീക്കറുടെ തീരുമാനം പിന്നീട് കര്‍ണാടക ഹൈക്കോടതി ശരിവെച്ചു. ഈ തീരുമാനമാണ് 'സ്പീക്കര്‍ മുഖ്യമന്ത്രിക്കുവേണ്ടി തിടുക്കത്തില്‍ ൈകക്കൊണ്ട തീരുമാനമായിരുന്നു' എന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി നിരാകരിച്ചത്.
എന്നാല്‍ ശനിയാഴ്ച പ്രധാനമന്ത്രിയുമായി നടത്തിയത് സ്വകാര്യ കൂടിക്കാഴ്ച മാത്രമായിരുന്നുവെന്ന് ഗവര്‍ണര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 'സംസ്ഥാനസര്‍ക്കാര്‍ സഭയില്‍ ശക്തിതെളിയിക്കണമെന്ന എന്റെ വാദം ശരിവെക്കുന്നതാണ് സുപ്രീംകോടതി വിധി. എം.എല്‍.എമാരെ ബലമായി പുറത്താക്കിയല്ല ഭരണമുന്നണി ശക്തിതെളിയിക്കേണ്ടത്. എന്നാല്‍ ബി.ജെ.പി സര്‍ക്കാര്‍ അതാണ് ചെയ്തത്' അദ്ദേഹം പറഞ്ഞു. സുപ്രീംകോടതിയുടെ വിധി വളരെ പ്രധാനപ്പെട്ടതാണ്. മുഖ്യമന്ത്രിയും സ്പീക്കറും ഭരണഘടനയും നടപടിക്രമങ്ങളും ലംഘിച്ചുവെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. വിധി സംസ്ഥാനസര്‍ക്കാറിനെ എങ്ങനെയാണ് ബാധിക്കുക എന്നറിയണമെങ്കില്‍ കൂടുതല്‍ പഠിക്കണം. ബാംഗ്ലൂരില്‍ തിരിച്ചെത്തിയശേഷം മുഖ്യമന്ത്രിയെയും സ്പീക്കറെയും അനന്തരനടപടിയെക്കുറിച്ച് രേഖാമൂലം അറിയിക്കും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുപ്രീംകോടതി വിധിയോടെ കര്‍ണാടകസര്‍ക്കാറിന് തുടരാന്‍ യാതൊരു അര്‍ഹതയുമില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. യെദ്യൂരപ്പ വീണ്ടും കുതിരക്കച്ചവടം നടത്തിക്കൊണ്ടിരിക്കുകയാണെന്നാണ് പ്രതിപക്ഷ ആരോപണം. എന്നാല്‍ പുറത്താക്കപ്പെടുകയും ഇപ്പോള്‍ സുപ്രീംകോടതി വിധിപ്രകാരം തിരിച്ചെത്തുകയും ചെയ്ത 11 ബി.ജെ.പി എം.എല്‍.എമാരും ഒപ്പമുണ്ടെന്നാണ് ബി.ജെ.പിയുടെ അവകാശവാദം. 109 എം.എല്‍.എമാരുടെ പിന്തുണയായിരുന്നു നേരത്തേ ഉണ്ടായിരുന്നത്. ഇപ്പോള്‍ 120 എം.എല്‍.എമാരുടെ പിന്തുണ ബി.ജെ.പിക്കുണ്ട് ബി.ജെ.പി നേതൃത്വം പറഞ്ഞു. ഇതിനിടെ മൂന്ന് നിയമസഭകളിലേക്കുള്ളഉപതിരഞ്ഞെടുപ്പുകളില്‍ വിജയിച്ചതും ബി.ജെ.പിക്ക് ആത്മവിശ്വാസം നല്‍കുന്നു. അതിനിടെ പാര്‍ട്ടിക്കെതിരായി നിലപാട് കൈക്കൊണ്ടിട്ടില്ലെന്ന് സ്ഥാനം തിരിച്ചുകിട്ടിയ എം.എല്‍.എമാരുടെ നേതാവും മുന്‍ ഫിഷറീസ് മന്ത്രിയുമായ ആനന്ദ് അസ്‌നോദ്കര്‍ പറഞ്ഞു. നേതൃമാറ്റംമാത്രമാണ് ഞങ്ങള്‍ ആഗ്രഹിച്ചിരുന്നത്. നീതി തേടിയാണ് പ്രവര്‍ത്തിച്ചത്. തുടര്‍നടപടികള്‍ പാര്‍ട്ടിവൃത്തങ്ങളോടും അനുയായികളോടും ചര്‍ച്ചചെയ്ത് തീരുമാനിക്കും. എന്നാല്‍ യെദ്യൂരപ്പ സ്ഥാനമൊഴിയണം എന്നതില്‍ സംശയമില്ല അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഈ എം.എല്‍.എമാരെ ക്ഷണിച്ചിട്ടുണ്ടെന്ന് സുപ്രീംകോടതി വിധിയോട് പ്രതികരിച്ച് മുഖ്യമന്ത്രി യെദ്യൂരപ്പ വ്യക്തമാക്കി. അവര്‍ തുടര്‍ന്നും ബി.ജെ.പി അംഗങ്ങളായിരിക്കുമെന്നും കോടതിവിധി അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 11 ബി.ജെ.പി. അംഗങ്ങളേയും ബി.ജെ.പിയെ പിന്തുണച്ച അഞ്ച് സ്വതന്ത്രരെയുമാണ് സ്പീക്കര്‍ 2010 ഒക്ടോബര്‍ 29ന് പുറത്താക്കിയിരുന്നത്. ഈ അഞ്ചു സ്വതന്ത്രര്‍ക്കും മന്ത്രിപദവി നല്‍കിയാണ് ബി.ജെ.പി കൂടെനിര്‍ത്തിയത്. ഇവര്‍ 11 ബി.ജെ.പി. എം.എല്‍.എമാര്‍ക്കൊപ്പം മുഖ്യമന്ത്രിയില്‍ അവിശ്വാസം രേഖപ്പെടുത്തി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയതോടെയാണ് കര്‍ണാടകയിലെ പ്രതിസന്ധി ആരംഭിക്കുന്നത്. കര്‍ണാടകയിലെ ഖനി ലോബിയാണ് യെദ്യൂരപ്പക്കെതിരെ കരുനീക്കം നടത്തുന്നത് എന്നാണ് ബി.ജെ.പിയിലെ ഒരു വിഭാഗത്തിന്റെ ആരോപണം.
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിയുടെ തൊട്ടുപിന്നാലെ കര്‍ണാടകയിലും പ്രതിസന്ധിയുണ്ടാകുന്നത് ബി.ജെ.പി. കേന്ദ്രനേതൃത്വത്തിന് തലവേദനയായിട്ടുണ്ട്. കര്‍ണാടകസര്‍ക്കാറിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ നേരിടാന്‍ ബി.ജെ.പി. നേതൃത്വം വളരെ ബുദ്ധിമുട്ടിക്കൊണ്ടിരിക്കുകയാണ്. ഒരോതവണയും കേന്ദ്രസര്‍ക്കാറിനെതിരെ ബി.ജെ.പി അഴിമതി ആരോപണം ഉയര്‍ത്തുമ്പോള്‍ കര്‍ണാടകസര്‍ക്കാറിനെതിരെയുള്ള ആരോപണങ്ങള്‍ മറുചോദ്യമായി ഉയര്‍ന്നുവരികയാണ് പതിവ്. കേന്ദ്രനേതൃത്വത്തെപ്പോലും അവഗണിച്ച് യെദ്യൂരപ്പ എടുത്ത തീരുമാനങ്ങള്‍ക്ക് അവസാനം നിതിന്‍ ഗഡ്കരിയും സംഘവും വഴങ്ങുകയായിരുന്നു.
ഇപ്പോള്‍ കേരളത്തിലും തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഒരു സീറ്റുപോലും നേടാന്‍ കഴിയാതിരുന്നത് ബി.ജെ.പി നേതൃത്വത്തിന് തിരിച്ചടിയായിട്ടുണ്ട്. അസമില്‍ കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടിമറിച്ച് എ.ജി.പിയുമായി ഭരണം പങ്കിടാമെന്ന സ്വപ്നം പൊലിഞ്ഞു എന്നുമാത്രമല്ല, പത്തുസീറ്റുകളുണ്ടായിരുന്നത് അഞ്ചായി ചുരുങ്ങി. ഈ ലക്ഷ്യത്തോടെ ബി.ജെ.പി. കേന്ദ്രനേതൃത്വം ദേശീയനിര്‍വാഹകസമിതിവരെ ഗുഹാവത്തിയില്‍ നടത്തിയതാണ്. ബംഗാളിലും നേട്ടമുണ്ടാക്കാന്‍ ബി.ജെ.പിക്കായില്ല. കേരളത്തിലാകട്ടെ തെരഞ്ഞെടുപ്പു പരാജയത്തോടെ പാര്‍ട്ടി നേതൃത്വം അങ്കലാപ്പിലായിരിക്കുകയാണ്. എന്തുചെയ്യണമെന്ന നിശ്ചയമില്ലാത്ത അവസ്ഥ. മുന്നണി സംവിധാനത്തോട് ചേര്‍ന്നുപോകണമെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ ഒറ്റയ്ക്കു നില്‍ക്കണമെന്നാണ് മറുവിഭാഗം. ഗ്രൂപ്പിസം അവസാനിപ്പിച്ച് പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെന്ന ആവശ്യം ഒരു ചെറുവിഭാഗവും ഉന്നയിക്കുന്നുണ്ട്.
കേരളത്തില്‍ മഞ്ചേശ്വരം, കാസര്‍കോട്, നേമം മണ്ഡലങ്ങളില്‍ വിജയം ഉറപ്പിച്ചുവെന്നു പ്രചരിപ്പിച്ച പാര്‍ട്ടി നേതൃത്വം ഫലം പുറത്തുവന്നതോടെ വിവിധവാദങ്ങളുമായി രംഗത്തുവരികയായിരുന്നു. ബി.ജെ.പി സംസ്ഥാനനേതൃത്വത്തിലെ പടലപ്പിണക്കങ്ങളും തോല്‍വിയോടെ ഒരിക്കല്‍ക്കൂടി മറനീക്കി പുറത്തുവന്നു. വോട്ടെണ്ണലിന്റെ ആദ്യമണിക്കുറുകളില്‍ മുന്നിട്ട് നിന്ന കാസര്‍കോട്ടെ ജയലക്ഷമി ഭട്ട് 9810വോട്ടുകള്‍ക്കാണ് എന്‍.എ നെല്ലിക്കുന്നിനോട് പരാജയപ്പെട്ടത്. മഞ്ചേശ്വരത്ത് 5864വോട്ടുകള്‍ക്ക് പി.ബി അബ്ദുല്‍ റസാഖിനോടാണ് കെ. സുരേന്ദ്രന്‍ പരാജയപ്പെട്ടത്. മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പിയുെട മുതിര്‍ന്ന നേതാവുമായ ഒ. രാജഗോപാല്‍ സി.പി.എമ്മിലെ വി.ശിവന്‍കുട്ടിയോട് 6415 വോട്ടുകള്‍ക്ക് തോല്‍വി സമ്മതിക്കുകയായിരുന്നു. രണ്ട് മണ്ഡലങ്ങളില്‍ വിജയത്തിന്റെ തൊട്ടടുത്തെത്താന്‍ കഴിഞ്ഞുവെന്നതുമാത്രമാണ് പാര്‍ട്ടിയുടെ ഏകനേട്ടം. നേമത്ത് വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ സി. പി. എം സ്ഥാനാര്‍ത്ഥി ശിവന്‍കുട്ടിക്കായിരുന്നു ലീഡെങ്കിലും പിന്നീട് രാജഗോപാല്‍ നേരിയ മാര്‍ജിനില്‍ മുന്നിലെത്തി. പിന്നീടുള്ള ഓരോ കാല്‍ മണിക്കൂറിലും രാജഗോപാലിന്റെ ലീഡ് പതുക്കെ പതുക്കെ ഉയര്‍ന്നുയര്‍ന്ന് വന്നു. എന്നാല്‍ ഒമ്പതേമുക്കാല്‍ ആയതോടെ ശിവന്‍കുട്ടി മുന്നിലെത്തി. പിന്നീട് രാജഗോപാലിന് ശിവന്‍കുട്ടിയെ മറികടക്കാന്‍ കഴിഞ്ഞില്ല. അതേസമയം സീറ്റൊന്നും ലഭിച്ചില്ലെങ്കിലും മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചതില്‍ അഭിമാനിക്കാമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍






