Random Posts

Monday, May 2, 2011

ഇടുക്കിയില്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നു; പ്രവാസികള്‍ക്ക് ആശ്വാസം - യൂസേഴ്ഫ് ഫീ ഇല്ലാതാകുന്നു

തൊടുപുഴ: കേരളത്തിലെ ഏറ്റവും പ്രകതിരമണീയമായ ഇടുക്കിയുടെ പച്ചപ്പിലേക്ക് വിമാനം പറന്നുയരുമോ?. പ്രവാസികള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിനു മലയാളികളുടെ ഈ ദീര്‍ഘകാല സ്വപ്‌നം പൂവണിഞ്ഞേക്കുമെന്നാണ് പ്രതീക്ഷ. ഇതോടൊപ്പം പ്രവാസികള്‍ ഉള്‍പ്പെടെ രാജ്യത്തെ വിമാനയാത്രക്കാര്‍ക്ക് സന്തോഷിക്കാന്‍ മറ്റൊരു കാരണം കൂടി. രാജ്യത്തെ രണ്ടുപ്രമുഖ വിമാനത്താവളങ്ങളിലെ യൂസേഴ്‌സ് ഫീസ് എടുത്തുകളയാന്‍ സുപ്രിംകോടതി ഉത്തരവിട്ടിരിക്കുയാണ്. മലയാളിപ്രവാസികള്‍ക്ക് ആഹ്ലാദംപകരുന്ന വാര്‍ത്തയാണ് ഇടുക്കിയില്‍ നിന്നും കേള്‍ക്കുന്നത്. ഇടുക്കി അണക്കരയിലെ നിര്‍ദിഷ്ട ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന്റെ ആദ്യഘട്ട അനുമതിക്ക് കളമൊരുങ്ങുകയാണ്.

കേന്ദ്രവ്യോമയാന മന്ത്രാലയത്തിന്റെ തലപ്പത്ത് മലയാളിയായി വയലാര്‍ രവി എത്തിയതോടെയാണ് വിമാനത്താവളം എന്ന സ്വപ്‌നത്തിന് ഗതിവേഗം കൈവരുന്നത്. വിമാനത്താവളത്തിലൂടെ ജില്ലയുടെ ടൂറിസം വികസനത്തിനൊപ്പം ഇടുക്കിയില്‍ നിന്നുള്ള പതിനായിരക്കണക്കിന് പ്രവാസികള്‍ക്കും പ്രയോജനം ലഭിക്കുമെന്നാണ് പ്രത്യേകത. വിമാനത്താവളത്തിനുള്ള കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതിക്കുള്ള അപേക്ഷ സംസ്ഥാന സര്‍ക്കാര്‍ മാര്‍ച്ച് അവസാനവാരം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനു സമര്‍പ്പിച്ചിരുന്നു. കൊച്ചി നാവികസേനാ വിമാനത്താവളത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് അണക്കരയിലെ നിര്‍ദിഷ്ട വിമാനത്താവളത്തിലേക്കുള്ള വിമാനങ്ങളുടെ വരവും പോക്കും തടസമാകില്ലെന്ന് ഉറപ്പാക്കാനാണ് ഈ നടപടിക്രമം.

ഒരുവര്‍ഷമായി നിര്‍ജീവമായിരുന്ന വിമാനത്താവള പദ്ധതിയാണ് ഇതോടെ സജീവമാകുന്നത്.മംഗലാപുരം വിമാനത്താവളത്തിന്റെ വലുപ്പത്തില്‍ പണിയാനാണ് പദ്ധതി. 900 ഏക്കര്‍ സ്ഥലം വേണ്ടിവരും. എയര്‍ബസ് എ 321, ബോയിങ് 737-800 തുടങ്ങി ഇടത്തരം ജെറ്റ് വിമാനങ്ങള്‍ക്ക് ഇവിടെ ലാന്‍ഡു ചെയ്യാന്‍ കഴിയും. 7500 അടി നീളമുള്ളതാണ് റണ്‍വേ. പദ്ധതിക്ക് കിറ്റ്‌കോ സാങ്കേതിക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിന്റെ സമ്പൂര്‍ണ സാങ്കേതിക കണ്‍സള്‍ട്ടന്‍സി ചുമതല കിറ്റ്‌കോയ്ക്കായിരുന്നു. പ്രതിരോധ മന്ത്രാലയത്തിന്റെ അന്തിമ അനുമതിയും വ്യോമയാന മന്ത്രാലയത്തിന്റെ സൈറ്റ് ക്ലിയറന്‍സും ലഭിച്ചാല്‍ വിമാനത്താവളത്തിനു തത്വാധിഷ്ഠിത അംഗീകാരം ലഭ്യമാക്കുകയാണ് അടുത്ത ഘട്ടം. ഇതിനായി പരിസ്ഥിതി ആഘാത പഠനം, സാങ്കേതിക - സാമ്പത്തിക സാധ്യതാ പഠനം നടത്തണം. വ്യോമയാന മന്ത്രാലയത്തില്‍ നിന്ന് എയ്‌റോഡ്രോം ലൈസന്‍സ് ലഭ്യമാക്കുകയാണ് മൂന്നാമത്തതും അവസാനത്തേതുമായ ഘട്ടം. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ മാനദണ്ഡമനുസരിച്ച് വിമാനത്താവളം പൂര്‍ത്തിയാകുമ്പോള്‍ 1000 കോടിയിലേറെ രൂപ ചെലവാകുമെന്നാണ് കണക്കാക്കുന്നത്.

വിമാനത്താവള പദ്ധതി ഇടുക്കി ജില്ലയിലെ ടൂറിസരംഗത്ത് വന്‍ കുതിച്ചുചാട്ടത്തിനു വഴിതെളിക്കുമെന്നു കരുതുന്നു. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ ഒരുവര്‍ഷത്തിനുള്ളില്‍ നിര്‍മാണം തുടങ്ങാനാകുമെന്നാണു പ്രതീക്ഷ. നേരത്തെ ദ്രുതഗതിയില്‍ മുന്നോട്ടുപോയ വിമാനത്താവളത്തെക്കുറിച്ചുള്ള ആലോചന ഇടക്കാലത്ത് തണുത്തിരുന്നു. കഴിഞ്ഞവര്‍ഷം വലയാര്‍ രവി വ്യോമയാനമന്ത്രാലയത്തിലെത്തിയതോടെയാണ് വീണ്ടും പദ്ധതിയ്ക്കു ജീവന്‍ വച്ചത്. എയര്‍പോര്‍ട്ട് അതോറിറ്റി നടത്തിയ പരിശോധനയില്‍ വിമാനത്താവള പദ്ധതിക്കു തടസങ്ങള്‍ ഇല്ലെന്നും സാമ്പത്തികമായി ലാഭകരമാണെന്നും കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നു പദ്ധതി മുന്നോട്ടു കൊണ്ടുപോകാനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാരും എടുത്തു. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതിക്കായി ജില്ലാ ഭരണകൂടം കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ അപേക്ഷയും സമര്‍പ്പിച്ചിരുന്നു. വ്യോമയാന മന്ത്രാലയത്തിനു പുറമെ വനം പരിസ്ഥിതി, പ്രതിരോധം, ധനം എന്നീ വകുപ്പുകളുടെ അംഗീകാരം കൂടി ലഭിച്ചാല്‍ മാത്രമെ അടുത്ത നടപടി എടുക്കാന്‍ സാധിക്കൂ. കേന്ദ്രാനുമതി നല്‍കുന്ന കേന്ദ്ര കമ്മിറ്റിയില്‍ ഈ വകുപ്പുകളുടെയെല്ലാം പ്രതിനിധികള്‍ അംഗങ്ങളുമാണ്. കേന്ദ്രാനുമതി ലഭിച്ചാല്‍ വിശദമായ പഠനറിപ്പോര്‍ട്ട് തയാറാക്കേണ്ട ചുമതല എയര്‍പോര്‍ട്ട് അതോറിറ്റിക്കാണ്.  എയര്‍പോര്‍ട്ട് അതോറിറ്റിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം ഏറ്റെടുക്കുന്നതിനു ജില്ലാ ഭരണകൂടം സംസ്ഥാന സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. മാസങ്ങളായി ഈ അപേക്ഷയിലും നടപടികളുണ്ടായില്ല. വിമാനത്താവള നിര്‍മാണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നതിനു സംവിധാനമൊരുക്കേണ്ടതും സ്ഥലം ഏറ്റെടുക്കുന്നതിന് ആവശ്യമായ നടപടികള്‍ എടുക്കേണ്ടതും സംസ്ഥാന സര്‍ക്കാരാണ്. ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ടിനു തത്വത്തില്‍ സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു.

അതിനിടെ മുംബൈയ്, ഡല്‍ഹി വിമാനത്താവളങ്ങളില്‍ യൂസേഴ്‌സ് ഫീ പിരിക്കുന്നത് സുപ്രീംകോടതി നിരോധിച്ചു. വിമാനത്താവള വികസനത്തിന്റെ പേരില്‍ ഫീ പിരിക്കുന്നത് യാത്രക്കാര്‍ക്ക് ദുരിതമാണെന്ന് ചൂണ്ടിക്കാട്ടി കണ്‍സ്യൂമര്‍ ഓണ്‍ലൈന്‍ ഫൗണ്ടേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ എ.കെ. പട്‌നായിക്, സിറിയക് ജോസഫ് എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി. മലയാളി പ്രവാസികള്‍ക്കും സുപ്രിംകോടതി വിധി ആശ്വാസമാണ്. ഡല്‍ഹി വിമാനത്താവളത്തില്‍ ആഭ്യന്തര യാത്രക്കാരില്‍ നിന്ന് 200 രൂപയും രാജ്യാന്തര യാത്രക്കാരില്‍ നിന്ന് 1300 രൂപയും യൂസേഴ്‌സ് ഫീ ഈടാക്കിയിരുന്നു. മുംബയ് വിമാനത്താവളത്തില്‍ ആഭ്യന്തര യാത്രക്കാര്‍ നൂറും രാജ്യാന്തര യാത്രക്കാര്‍ 200 രൂപയും നല്‍കണമായിരുന്നു. ഇതിനെതിരെ ഫൗണ്ടേഷന്‍ നേരത്തേ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും ഫീ പിരിക്കുന്നത് തുടരാനായിരുന്നു കോടതിയുടെ ഉത്തരവ്. ഇതേ തുടര്‍ന്നാണ് സുപ്രീംകോടതിയില്‍ പോയത്.

രണ്ട് വിമാനത്താവളങ്ങളും സ്വകാര്യമേഖലയിലായതിനാല്‍ യൂസേഴ്‌സ് ഫീ പിരിക്കുന്നത് ശരിയല്ലെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ഇത്തരം ഫീസ് പിരിക്കാനുള്ള അവകാശം എയര്‍പോര്‍ട്ട് അതോറിട്ടിക്ക് മാത്രമാണെന്നും അവര്‍ ബോധിപ്പിച്ചു. ഇത് ശരിവച്ചുകൊണ്ടാണ് കോടതി വിധി. അതേസമയം തിരുവനന്തപുരം വിമാനത്താവളത്തില്‍ എയര്‍പോര്‍ട്ട് അതോറിട്ടി യൂസേഴ്‌സ് ഫീ പിരിക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി എയര്‍പോര്‍ട്ട് എക്കണോമിക് റെഗുലേറ്ററി അതോറിട്ടി (എ.ഇ.ആര്‍.എ)യുടെ പരിഗണനയിലാണ്. ഗള്‍ഫില്‍ നിന്നും മറ്റുമുള്ള യാത്രക്കാരില്‍ നിന്ന് ഫീ ഈടാക്കുന്നത് ദ്രോഹമാണെന്ന് കാണിച്ചാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.